Tuesday, 1 August 2017

കുഞ്ഞമ്മാമയ്ക്ക്...

ഖാദിയുടെ ഒറ്റമുണ്ടുടുത്ത്, വെളുത്ത ഖദർ ഷർട്ടുമിട്ട്, ചെരിപ്പിടാത്ത കാലുകളുമായി ചിരിച്ചുകൊണ്ട് വരുന്ന സ്നേഹമായിരുന്നു താങ്കൾ ഞങ്ങൾക്ക്. നാരങ്ങാമിഠായിയും ജീരകമിഠായിയും കടലമിഠായിയുമെല്ലാം മറക്കാതെ കൊണ്ടുവരുമായിരുന്ന താങ്കൾ . അമ്മയുടെ അമ്മാവൻമാരിൽ ഇളയവനായത് കൊണ്ടാണോ താങ്കളിങ്ങനെ സൌമ്യനും സ്നേഹനിധിയുമായി മാറിയതെന്ന് പലകുറി ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, പരിഭവം പറയുന്നതും കേട്ടിട്ടില്ല. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വീട്ടിൽ വിശേഷങ്ങളുണ്ടെങ്കിലും അവിടെയെല്ലാം എത്രദൂരെയാണെങ്കിലും ഓടിയെത്തും. തറവാട്ട് കാരണവരെ പോലെ നിർദേശങ്ങൾ കൽപനകളായി പുറപ്പെടുവിച്ചവരിൽ നിന്ന് വ്യത്യസ്ഥനായിരുന്നു താങ്കൾ.
'ഓപ്പോളും ഓപ്പ'യുമെന്ന് പറഞ്ഞ് നിങ്ങൾ സഹോദരങ്ങളെ ഞങ്ങൾ കൊച്ചുമക്കൾ കളിയാക്കുമ്പോളും നിങ്ങൾ ചിരിക്കും. ഒരിക്കലും നിങ്ങൾ  തമാശയ്ക്ക് പോലും തല്ലുകൂടുന്നത് കണ്ടിട്ടില്ല.
രാഷ്ട്രീയപ്രവർത്തനവും സാമുദായിക പ്രവർത്തനവുമെല്ലാം ജീവിതത്തിൻറെ ഭാഗമായികൊണ്ടുനടന്ന താങ്കളായിരുന്നു ഞാൻ കണ്ട ഏറ്റവും ആദർശവാനായ രാഷ്ട്രീയക്കാരൻ.
പട്ടാമ്പി ഓങ്ങല്ലൂരിലെ വീട് വേനലവധിക്കാലത്തെ ഒരു സങ്കേതമായിരുന്നു. വരുന്ന അന്ന് അക്ഷമനായി പാടവരമ്പത്തോ ജംങ്ഷനിലോ വന്ന് കാത്ത് നിൽക്കും. മയിൽ വാഹനം ബസ്സിറങ്ങിയാലുടനെ   നാരങ്ങാവെള്ളവും കൈനിറയെ കടലമിഠായിയും വാങ്ങിതരും. എന്നിട്ട് കൈപിടിച്ച് പാടവരമ്പിലൂടെ വീട്ടിലേക്ക്. പോകുമ്പോളെ വീട്ടിലെ കുളത്തിൽ കുളിപ്പിക്കണമെന്നൊക്കെയുള്ള ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സമ്മതിക്കും. രാവിലെ ഞങ്ങളുണരുമുമ്പേ രാത്രിയിൽ കാറ്റത്തും മഴയത്തും കൊഴിഞ്ഞുവീണ മാങ്ങയെല്ലാം പെറുക്കി സഞ്ചിയിലാക്കി, ഞങ്ങൾക്ക് തന്നിരുന്നതും വായിക്കാൻ പുസ്തകങ്ങളുടെ കെട്ടുകൾ തന്നെ തട്ടിൻപുറത്തെ പെട്ടിയിൽ നിന്ന് ചുമന്ന് താഴെ കൊണ്ടുത്തന്നതുമൊക്കെ ഒരു വിങ്ങലായി മനസിൽ നിറയുന്നു.
നേരിൽ കണ്ടിട്ട് കുറേകാലമായെന്ന് പറഞ്ഞ് എപ്പോഴും ടി.വി നോക്കിയിരിക്കുമെന്ന അമ്മ പറഞ്ഞപ്പോഴും അതൊരുപരിഭവമായല്ല,മ റിച്ച് സ്നേഹപ്രകടനമായാണ് തോന്നിയത്. അസുഖക്കിടക്കയിൽ എന്നെ കാണണമെന്ന്  ആഗ്രഹിച്ചവരെ ഒന്നും ഒരിക്കലും പോയി കാണാറില്ല എന്ന ആക്ഷേപം ഇക്കാര്യത്തിലുണ്ടാവരുതെന്നുണ്ടായിരുന്നു. അസുഖം മൂർച്ചിച്ചതും തീര വയ്യാതായതും അറിഞ്ഞപ്പോൾ കാണണമെന്ന് തോന്നിയപ്പോഴെ മനസിൽ ഭയമുണ്ടായിരുന്നു, എന്നെന്ന്.  ഡൽഹിക്ക് വരുന്നതിന് രണ്ട് നാൾ മുമ്പ് ചെന്ന് കാണുമ്പോളും അസുഖത്തിൻറെ വേദന മറന്ന് ചിരിച്ചതും കൈപിടിച്ച് നടന്നതും കോലായിലിരുന്ന വിശേഷങ്ങൾ ചോദിച്ചപ്പോഴുമെല്ലാം വലിയ സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്. ടി.വിയിലെന്നും ശബ്ദം കേൾക്കാറുണ്ടെന്ന് പറഞ്ഞ് ചിരിച്ചു, എന്നത്തേയുംപോലെ കണ്ണുകൾ വിടർത്തി. ഖദറിൻറെ മുണ്ട് കൈയ്യിൽ വെച്ചുകൊടുത്തപ്പോഴും അതേ ചിരി. കണ്ണ് ചെറുതായി നനഞ്ഞത് പോലെ... ഇടക്ക് വിളിക്കണമെന്ന് എന്നോട് പറഞ്ഞെങ്കിലും അതിനായില്ല.
പലപ്പോഴും ഒറ്റപ്പെട്ടപ്പോളും പ്രതിസന്ധികളുണ്ടായപ്പോഴും താങ്ങും തണലുമായിരുന്നു താങ്കൾ. പക്ഷെ ആ തണൽ മരമിനിയില്ല...
ബുധനാഴ്ച്ച ഐവർമഠത്തിൽ ചിതയെരിയുമ്പോൾ ഒരുപക്ഷെ ഞാൻ പതിവുപോലെ തിരക്കിലായിരിക്കാം, ഒന്നും മറന്നിട്ടല്ല, മറക്കാനുള്ള ശ്രമത്തിലായിരിക്കാം. അല്ലെങ്കിലും താങ്കൾ കടന്നുപോകുന്ന സമയം വല്ലാത്ത ഒരു സമയമല്ലേ എനിക്ക്...

ഏറ്റവും സൌമ്യനും സിനേഹനിധിയുമായ കുഞ്ഞമ്മാമയ്ക്ക് ആദരാഞ്ജലികൾ....

No comments:

Post a Comment