‘ഹൈറേഞ്ചി’ലാകുന്ന കയ്യേറ്റങ്ങൾ

 ഈ ഒറ്റമുറിയിലാണ് ഞങ്ങളുടെ ജീവിതം. ഈ വീടൊഴിഞ്ഞാൽ എങ്ങോട്ട്പോകുമെന്നറിയില്ല. വയസ്സ് 45 കഴിഞ്ഞു. കമ്പനിയിൽ നിന്ന് വിരമിക്കാൻ ഇനി അധികകാലം ഇല്ല. സർക്കാർ വല്ല സ്ഥലവും തരുമെന്ന് പ്രതീക്ഷിച്ച് ഇങ്ങനെ കഴിയുകയാണ്. പക്ഷെ വോട്ട് വാങ്ങിപോയാൽ പിന്നെ ഒന്നുമില്ല...

വിജയലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞുതുടങ്ങി. മൂന്നാറിലെ ടാറ്റയുടെ നല്ലതണ്ണി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ ഭർത്താവും ഇവിടത്തെ തൊഴിലാളി തന്നെ. കമ്പനി നൽകിയ ഒറ്റമുറി ലായത്തിലാണ് മകനും ഭർത്താവും വിജയലക്ഷമിയും താമസിക്കുന്നത്. നാല് മാസം മുമ്പ് വിവാഹം കഴിപ്പിച്ചയച്ച മകളും മരുമകനും വരുമ്പോൾ അവരും തങ്ങുന്നതും ഈ ഇടുങ്ങിയ മുറിയിൽ തന്നെ. കമ്പനിയിൽ നിന്ന് വിരമിക്കാറായി വിജയലക്ഷമിയും ഭർത്താവും. ഇവിടെ നിന്ന് ഇറങ്ങിയാൽ തങ്ങാൻ വേറെയിടമില്ല. ഒരു തുണ്ട് ഭൂമിപോലും യഥാർത്ഥ മൂന്നാറുകാരായ ഇവർക്ക് കിട്ടിയിട്ടില്ല. ഇവിടെ നിന്ന് ഇറങ്ങാതിരിക്കാൻ ഇപ്പോൾ ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് വിജയലക്ഷ്മി. മകൻറെ പഠിപ്പ് നിർത്തി കമ്പനിയിൽ പണിക്ക് വിട്ടു. ഇനി മകൻ വിരമിക്കുംവരെ ഇവിടെ കഴിയാം.

 മകന് ഇപ്പോ 20 വയസ്സായി. പ്ല്സ് 2 പഠിച്ച് കഴിഞ്ഞയുടനെ കമ്പനിയിൽ ജോലിക്കുവിട്ടു. ഇപ്പോൽ ടെംപററിയാണ്. അവൻറെ ജോലിയുടെ പേരിൽ കമ്പനി വീട് ഒഴിപ്പിക്കില്ലായിരിക്കും

ഇത്തരത്തിൽ ആയിരക്കണക്കിന് വിജയലക്ഷമിമാരുണ്ട് കണ്ണൻ ദേവനിലെ ഓരോ ലായങ്ങളിലും. സർക്കാരിൻറെ പട്ടയമോ സീറോ ലാൻറ് പദ്ധതിയുടേയോ പരിധിയിലോ പട്ടികയിലോ ഇടം കാണാതെ പോയവർ. വോട്ട് വാങ്ങിയ രാഷ്ട്രീയപാർട്ടികൾ ഭൂമിയെന്ന സ്വപ്നം മാത്രം അവശേഷിപ്പിച്ച് കടന്നുകളഞ്ഞു. ഇനി ഭൂമിക്ക് പട്ടയം ലഭിച്ചവരുണ്ട്. ആവരുടെ അവസ്ഥ ഇതാ ഇങ്ങനെയും.

 വിഎസ് അച്യുതാന്ദൻ സാറ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിട്ടിയ പട്ടയമാ..പക്ഷെ ഈ ഭൂമി ഇതുവരേയും എവിടെയാണെന്ന് ഞങ്ങൾ കണ്ടിട്ടില്ല. സർക്കാരുകള് കാണിച്ചുതന്നിട്ടുമില്ല. വർഷം 10 കഴിഞ്ഞില്ലേ...

ഫോട്ടോപതിച്ച പട്ടയത്തിലേക്കും കരമടച്ച രശീതിയിലേക്കും പ്രതീക്ഷയോടെ നോക്കി നല്ലതണ്ണി എസ്റ്റേറ്റിലെ ജീവനക്കാരിയും പെൺപിളൈ ഒരുമൈയുടെ പ്രസിഡൻറുമായ ലിസി സണ്ണി സങ്കടപ്പെട്ടു.
2400 പേർക്കാണ് വിഎസ് സർക്കാർ മൂന്നാറിൽ പട്ടയം നൽകിയത്. ഇതിൽ നൂറിനടുത്ത്മാത്രമാണ് ഭൂമി ലഭിച്ചത്. ശേഷിക്കുന്നവർക്ക് ലഭിച്ചത് സർവ്വേ നമ്പർ രേഖപ്പെടുത്തിയ പട്ടയകടലാസ് മാത്രം. ഇതനുസരിച്ച് കരവുമടച്ച് ഭൂമിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇനി ഭൂമി ലഭിച്ച നൂറോളം പേരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ആനശല്യമുള്ളിടങ്ങളിലാണ് ഭൂമി ലഭിച്ചത്. ഇവിടെ വെച്ച വീടെല്ലാം ഇടയ്ക്കിടയക്ക് ആനകൾ ആക്രമിക്കാൻ തുടങ്ങിയതോടെ പലരും പ്രദേശത്തുനിന്നുള്ള താമസം തന്നെ മാറ്റി. ശേഷിക്കുന്നവർക്ക് ചൂണ്ടികാണിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല.
വീടെന്ന സ്വപ്നം കണ്ട് യഥാർത്ഥ മൂന്നാറുകാരിങ്ങനെ ചോർന്നൊലിക്കുന്നതും അല്ലാത്തതുമായ ലായങ്ങളിലെ ഒറ്റമുറിവീട്ടിൽ കഴിയുമ്പോളാണ് മലകയറിയെത്തുന്നവർക്ക് റിസോർട്ട് പണിയാൻ മൂന്നാറിൽ ഭൂമി ലഭിക്കുന്നതെന്നതാണ് വിചിത്രം. ഭൂരഹിതർക്ക് നൽകാൻ ഭൂമികണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ വിഷമിക്കുമ്പോൾ അത് കണ്ടെത്താൻ പക്ഷെ കയ്യേറ്റക്കാർക്ക് സംവിധാനങ്ങളുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തി ഭൂമി സ്വന്തമാക്കി പിന്നീട് മറിച്ച് വിൽക്കുന്ന ലോബികളും അവർക്ക് ഒത്താശചെയ്യുന്ന രാഷ്ട്രീയനേതൃത്വവും സജീവമാണ് മൂന്നാറിൽ.

 ഹൈക്കോടതിയിൽ കുറേ ഹർജികൾ വന്നു. തങ്ങളുടെകൈവശമുള്ള സ്ഥലത്തിന് പട്ടയം തരണമെന്നാവശ്യപ്പെട്ട്. 99 മുതൽ കൈവശമുള്ള ഭൂമിയാണത്രേ. രേഖകൾ പരിശോധിച്ചപ്പോളാണ് മനസിലായത് 2012 ൽ സ്വന്തമാക്കിയ റേഷൻ കാർഡിൻറെ മാത്രം അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയവർ പട്ടയം ആവശ്യപ്പെട്ട് ഹർജികൾ നൽകിയിരിക്കുന്നത്. ഹർജികൾ ലഭിക്കുമ്പോൾ ഹൈക്കോടതി പട്ടയം നൽകുമ്പോൾ ഇവരുടെ കാര്യം പരിഗണിക്കണം എന്ന് നിർദ്ദേശം നൽകും. അതുവരെ ഇറക്കിവിടരുതെന്ന് സ്റ്റേയും നൽകും. ഇത് സംബന്ധിച്ച് അതേസമയത്ത് തന്നെ ക്രൈം ബ്രാഞ്ച് എഡിജിപിയും ഒരു റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. ഇതിൻമേൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയെങ്കിലും എന്തുസംഭവിച്ചുവെന്നറിയില്ല

ഹൈക്കോടതിയിൽ മൂന്നാർ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി സർക്കാർ നിയോഗിച്ച അഭിഭാഷക സുശീല ആർ ഭട്ട് ഭൂമി കയ്യേറ്റത്തിന് പിന്നിലെ മാഫിയകളെ കുറിച്ച് പറയുന്നു.

 മൂന്നാറിൽ എപ്പോഴും പട്ടയമേളകൾ നടക്കേണ്ടത് രാഷ്ട്രീയപാർട്ടികളുടെ ആവശ്യമാണ്. ഭൂമിലഭിക്കാതെ, ഭൂമിക്കായി മുറവിളികൂട്ടുന്നവർ എന്നുമുണ്ടായാൽ മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് മൂന്നാറിൽ നിലനിൽപ്പുള്ളു. കാരണം അത്തരക്കാരെ മാത്രമേ പറ്റിച്ച് വേട്ട് നേടാനാകു. അതിനാൽ തന്നെ ഭൂരഹിതരായ യഥാർത്ഥ മൂന്നാറുകാർ കൂടികൊണ്ടേയിരിക്കും

യഥാർത്ഥമൂന്നാറുകാർ ഭൂരഹിതരായി തുടരുന്നതിൻറെ പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടുന്നു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

മൂന്നാർ - കയ്യേറ്റക്കാരുടെ പറുദീസ

മൂന്ന് ആറുകളുടെ സംഗമസ്ഥാനം. മഞ്ഞിൽ പുതച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾ. ഏലമലക്കാടുകൾ. മനോഹരിയായിരുന്നു മൂന്നാർ. വിദേശികളുടെ ഇഷ്ടസഞ്ചാരകേന്ദ്രവും. ലോകത്തിലെ ഒട്ടുമിക്ക എയർലെൻസും ലോകത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത ഭൂപ്രദേശം കൂടിയാണ് മൂന്നാർ.
പക്ഷെ, ഇപ്പോഴത്തെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും മൂന്നാറിൻറെ പാരിസ്ഥിതിയേയും വ്യാപകമായി നശിപ്പിച്ചു. ചുരം കയറിയെത്തിയവർ മൂന്നാറിലെ ഓരോ തുണ്ട് ഭൂമിയും കയ്യേറിയപ്പോൾ ഈ ഭംഗി മാത്രമല്ല ഇല്ലാതാക്കിയത്. യഥാർത്ഥ മൂന്നാറുകാർക്ക് തലചായ്ക്കാൻ സ്വന്തമായ ഭൂമിയെന്ന സ്വപ്നം കൂടിയാണ്. മൂന്നാറിലെ കയ്യേറ്റങ്ങൾ കേരളരാഷ്ട്രീയത്തിലും വലിയ പെട്ടിത്തെറികളാണുണ്ടാക്കിയത്.

നല്ലതണ്ണിയാറ്, മാട്ടുപെട്ടിയാറ്, കന്യാറ്... ഈ മൂന്ന് ആറുകളും ചേരുന്നിടമാണ് മൂന്നാർ. കണ്ണൻ ദേവൻ മലനിരകളും ഏലമലക്കാടുകളും നിറഞ്ഞ് പ്രകൃതിരമണീയമായ ഭൂപ്രദേശം. ഏലമലക്കാട്ടുകളിലും തേയിലതോട്ടങ്ങളിലും പണിയെടുക്കാനായി പുറമേ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുവന്നവരാണ് മൂന്നാറിലെ ജനം. കണ്ണെത്താദൂരത്ത് മഞ്ഞണിഞ്ഞ് കിടക്കുന്ന തേയിലതോട്ടങ്ങളും മലകളുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നകാഴ്ച്ചകളാണ്. അതിനാൽ തന്നെ ലോകടൂറിസം ഭൂപടത്തിൽ തന്നെ മൂന്നാറിന് വലിയഇടമുണ്ട്. ഏത് കാലാവസ്ഥയിലും മഞ്ഞ് പെയ്യുന്ന മൂന്നാറിൻറെ തണുപ്പ് ആസ്വദിക്കാനായി രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ഇവിടെയെത്തുന്നത്. പക്ഷെ ഇന്ന് മൂന്നാറിലെ തണുപ്പ് മെല്ലെ കുറഞ്ഞുതുടങ്ങി. ഭൂമികയ്യേറി കുന്നുകൾ ഇടിച്ചിറക്കി ബഹുനിലകെട്ടിടങ്ങളും റിസോർട്ടുകളും പണിതതോടെ ഇല്ലാതായത് മൂന്നാറിൻറെ സൌന്ദര്യം മാത്രമല്ല പരിസ്ഥിതികൂടിയാണ്. 


ഏറെക്കാലത്തിനുശേഷം വീണ്ടും മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരേയുള്ള നടപടികളും അതിനെതിരെയുള്ള പ്രതിഷേധങ്ങളും പുകയുകയാണ്. അനധികൃത നിർമാണങ്ങൾക്കെതിരെ ദേവികുളം സബ് കളക്ടർ ശ്രീം റാം വെങ്കിട്ടരാമൻ നടപടികൾ സ്വീകരിച്ചതോടെയാണ് വീണ്ടും മൂന്നാർ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. നിയമസഭ ഉപസമിതിയും മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയതോടെ ഭരണപക്ഷത്തെ സിപിഎമ്മും സിപിഐയും പിന്തുണച്ചും എതിർത്തും രംഗത്തെത്തി.
വിഎസ് അച്യുതാനന്ദനും ഇടുക്കിയിലെ സിപിഎമ്മും പരസ്പരം പോർമുഖം തുറന്നതോടെ മൂന്നാർ കയ്യേറ്റങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളായി.

കയ്യേറ്റങ്ങളെ കുറിച്ച് പറയുമ്പോൾ മൂന്നാറിലെ ഭൂമിയെ കുറിച്ചും ഉടമസ്ഥാവകാശത്തെകുറിച്ചും പറയേണ്ടതുണ്ട്. 1877 ലാണ് ജോൺ ഡാനിയൽ മൺറോക്ക്  തിരുവിതാംകൂർ മഹാരാജാവ് തേയില കൃഷിക്കായി കണ്ണൻ ദേവൻ ഹിൽസ് ഉൾപ്പെട്ട റവന്യു വില്ലേജ് മൊത്തമായും നൽകിയത്. പിന്നീട് തേയില കൃഷി നടത്താത്ത പ്രദേശങ്ങൾ തിരിച്ചെടുക്കാനായി സംസ്ഥാന സർക്കാർ 1971 ൽ കെ ഡി എച്ച് ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നു. ഇതിലൂടെ കണ്ണൻ ദേവൻ കൃഷിക്കായി ഉപയോഗിക്കാത്ത പ്രദേശങ്ങൾ തിരിച്ചെടുത്ത് പൂർണമായും സർക്കാരിന് അധികാരമുള്ള കെഡിഎച്ച് വില്ലേജ് രൂപീകരിച്ചു. ഇതിനുമുമ്പ് തന്നെ ആയിരക്കണക്കിന് ഏക്കർ ഭൂമി ടാറ്റ മറിച്ച് വിറ്റിരുന്നു. ഇതിന് ശേഷവും ടാറ്റയുടെ നേതൃത്വത്തിൽ നടന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എങ്കിലും നടപടികൾ മാത്രമുണ്ടായില്ല. മാത്രവുമല്ല വിദേശ കമ്പനി ടാറ്റയ്ക്ക് ഭൂമി കൈമാറിയതിനെതിരേയും കേസുകൾ നിലനിൽക്കുന്നുണ്ട്.

മൂന്നാറിലെ കയ്യേറ്റങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല എന്ന് സാരം. മൂന്നാറിലെ ടൂറിസത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞ അന്നുമുതലുണ്ട് കയ്യേറ്റങ്ങളും. രാജൻ മധേക്കറും നിവേദിത പി ഹരനുമെല്ലാം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ചും വ്യാജപട്ടയങ്ങളെകുറിച്ചുമെല്ലാം വിശദമായ റിപ്പോർട്ട് തന്നെ സർക്കാരിനും കോടതിൾക്കുമെല്ലാം നൽകിയിട്ടുണ്ട്. കയ്യേറിയവരിൽ സാധാരണക്കാരേക്കാൾ കൂടുതൽ വൻകിടക്കാരാണ്. ഇവരിൽ രാഷ്ട്രീയനേതാക്കളും പെടും.

ഇൻറലിജൻസ് എഡിജിപിയായിരുന്ന രാജൻ മധേക്കർ നൽകിയ റിപ്പോർട്ട് കയ്യേറ്റക്കാരായ വമ്പൻമാരുടെ പേര് വിവരങ്ങൾ സുപ്രീംകോടതിയിൽ തന്നെ സമർപ്പിച്ചു. രാജ്യസഭ എംപി അടക്കമുള്ള ഉന്നതനേതാക്കളുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് ഉന്നതാധികാര സമിതിയെ സുപ്രീംകോടതി നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവരുടെ കയ്യേറ്റങ്ങൾക്കെതിരെയൊന്നും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.

ഏലമലക്കാടുകളിലും കയ്യേറ്റങ്ങൾ സജീവമാണ്. ഏലമലക്കാടുകൾ ഏലകൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥകൾ അട്ടിമറിച്ചാണ് ഏലതോട്ടങ്ങളിൽ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം ഉയരുന്നത്.

2006 ലെ വിഎസ് അച്യുതാന്ദൻ സർക്കരാണ് മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ആദ്യമായി സ്വീകരിച്ചത്. കയ്യേറ്റങ്ങളൊഴിപ്പിക്കാൻ പൂച്ചകളെന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെയായിരുന്നു വിഎസ് ജെസിബിയുമായി ചുരം കയറ്റിയത്. സുരേഷ് കുമാറും ഋഷിരാജ് സിങും രാജു നാരായണസ്വാമിയും. ഈ ദൌത്യസംഘം മൂന്നാറിലെ അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. വൻകിട റിസോർട്ടുകൾക്കുപുറമെ പാർട്ടി ഓഫീസുകളുടെ കയ്യേറ്റങ്ങളേയും സംഘം തൊട്ടതോടെ കഥമാറി. ഒടുവിൽ സ്വന്തം പാർട്ടി തന്നെ വിഎസ്സിനെതിരെ തിരിഞ്ഞു. ദൌത്യംപാതിവഴിയിൽ അവസാനിപ്പിച്ച് പൂച്ചകൾക്ക് മലയിറങ്ങേണ്ടിവന്നു. പക്ഷെ പതിനായിരം ഏക്കറോളം സർക്കാർ ഭൂമിയായിരുന്നു ആദ്യദൌത്യസംഘം മൂന്നാറിൽ നിന്ന് വീണ്ടെടുത്തത്. പിന്നീടും പല ദൌത്യസംഘങ്ങൾ മൂന്നാർ മലനിരകളിലെത്തിയെങ്കിലും എല്ലാം പേരിന് മാത്രമായിരുന്നു. എന്നാൽ കോടതി കയറിയ ആദ്യ ദൌത്യസംഘത്തിൻറെ കയ്യേറ്റമൊഴിപ്പിക്കൽ കേസുകളിൽ സർക്കാരിന് വലിയ തിരിച്ചടി തന്നെ നേരിട്ടു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചതെന്ന് കണ്ടെത്തിയ ഹൈക്കോടതി റിസോർട്ട് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
നോട്ടീസ് നൽകുകയോ വിശദീകരണം നൽകാൻ വേണ്ടത്ര അവസരങ്ങൾ നൽകാതിരിക്കുകയോ ചെയ്തതാണ് കേസുകൾക്ക് തിരിച്ചടിയായത്. ഏലമലക്കാടുകളിലെ റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിടാൻ ജില്ലാകളക്ടർക്ക് അധികാരമില്ലെന്നവാദം അംഗീകരിച്ചാണ് ഹൈക്കോടതി റിസോർട്ട് ഉടമകൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

പിന്നീട് ഏറെ കുറെ നിലച്ചുപോയ മൂന്നാർ തിരിച്ചുപിടിക്കൽ ദൌത്യത്തിന് ഇപ്പോൾ വീണ്ടും ജീവൻ വെക്കുകയാണ്. ദേവികുളം സബ് കളക്ടറായ ശ്രീറാം വെങ്കിട്ടരമാൻ അനധികൃത  കെട്ടിടങ്ങൾക്കെതിരെ തുടങ്ങിയ നടപടികളാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. നടപടിയെ എതിർത്ത് രംഗത്തെത്തിയ സിപിഎം സബ്കളക്ടറുടെ ഓഫീസിനുമുന്നിൽ സമരവും ആരംഭിച്ചു. പക്ഷെ സിപിഐ സബ് കളക്ടർക്ക് പിന്തുണപ്രഖ്യാപിച്ചതോടെ പ്രശ്നം ഭരണപക്ഷത്തെ പോരായി മാറി. പിന്നാലെ വിഎസ് അച്യുതാനന്ദൻ മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയതോടെ വിവാദത്തിനും ചൂടേറി. ഇടുക്കിയിലെ സിപിഎം നേതൃത്വവും വിഎസ്സും വീണ്ടുമൊരിക്കൽ പോർമുഖം തുറക്കുന്നതിനിടെ കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റികൊണ്ട് ദേവികുളം സബ് കളക്ടർ നടപടികളും ആരംഭിച്ചു. അതിനെ കയ്യൂക്കുകൊണ്ട് നേരിടാനാണ് സിപിഎമ്മിൻറെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ചിത്തിരപുരത്തും ചൊക്രമുടിയിലുമെല്ലാം കയ്യേറ്റമൊഴിപ്പിക്കാനായി എത്തിയ റവന്യുസംഘത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കൾ കയ്യേറ്റത്തിന് മുതിർന്നതും ഇതിന് പിന്തുണയുമായി എസ് രാജേന്ദ്രൻ എംഎൽഎ യും മന്ത്രി എംഎം മണിയുമൊക്കെ രംഗത്തെത്തുന്നതും ഇതിൻറെ തെളിവാണ്. സബ് കളക്ടറുടെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പ്രാദേശിക പൊലീസ് നേതൃത്വവും കയ്യേറ്റക്കാരോടുള്ള കൂറ് അനുദിനം വെളിപ്പെടുത്തുകയാണ്.

കയ്യേറ്റങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം

മൂന്നാറിൽ കയ്യേറ്റങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ച് വലിയ തർക്കമാണ് നിലനിൽക്കുന്നത്. മൂന്നാറിൽ കയ്യേറ്റങ്ങളിലില്ലെന്നാണ് ഇടുക്കിയിലെ സിപിഎമ്മിൻറെ നിലപാട്. ഏറെകുറെ ജില്ലയിലെ കോൺഗ്രസും ഇതിനോട് അടുത്തുനിൽക്കുന്ന നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. 2007 ലെ വിഎസ് സർക്കാർ മൂന്നാറിലേക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി ദൌത്യസംഘത്തെ അയച്ചപ്പോൾ ശക്തമായ എതിർപ്പുമായെത്തിയത് ഇതേ രാഷ്ട്രീയകക്ഷികൾ തന്നെയാണ്.

 മൂന്നാറിൽ വലിയ കയ്യേറ്റങ്ങളൊന്നുമില്ല. രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പണിയാനൊന്നും തോട്ടം തൊഴിലാളികളായ മൂന്നാറുകാരുടെ കയ്യിൽ എവിടെന്നാ പണം?. പിന്നെ തോട്ടം തൊഴിലാളിയുടെ മക്കൾ ടൂറിസവുമായി ബന്ധപ്പെട്ട് ഇവിടെ ഓട്ടോ ഓടിച്ചും ഹോട്ടലുകളിൽ ജോലിചെയ്തുമൊക്കെ പുതിയ തൊഴിൽ മേഖല കണ്ടെത്തുകയാണ്
കയ്യേറ്റങ്ങളെ കുറിച്ച് എസ് രാജേന്ദ്രൻ എംഎൽഎയുടെ പ്രതികരണം ഇങ്ങനെയാണ്. അതേസമയം തോട്ടം തൊഴിലാളികളുടെ കയ്യിൽ പണമില്ലെങ്കിൽ ആരാണ് ബഹുനിലകെട്ടിടങ്ങൾ പണിതുയർത്തിയതെന്ന ചോദ്യത്തിനോട് ഒരിക്കലും കൃത്യമായി പ്രതികരിക്കില്ല ജനപ്രതിനിധി. മാത്രവുമല്ല, സർക്കാർ ഭൂമി കയ്യേറി വ്യാജപട്ടയം ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന നേതാവ് കൂടിയാണ് രാജേന്ദ്രൻ. ഭൂമാഫിയയുടെ സ്വന്തം ആളാണ് രാജേന്ദ്രനെന്ന് തുറന്ന് പറഞ്ഞത് രാജേന്ദ്രൻറെ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ വിഎസ്സുമാണ്.
സമാനമായ നിലപാട് തന്നെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും. സ്വന്തമായി ഭൂമിയല്ലാതെ കടത്തിണ്ണയിൽ കിടക്കേണ്ടിവന്ന പാവങ്ങളാണ് 5 ഉം പത്തും സെൻറ് കയ്യേറിയതെന്നാണ് കെപിസിസി വൈസ് പ്രസിഡൻറായ എ കെ മണിയുടെ വാദം.

മൂന്നാറിൽ വൻകിട കയ്യേറ്റങ്ങളൊന്നുമില്ല. മൂന്നാറിന് പുറത്താണ് എല്ലാം. പറയുമ്പോൾ എല്ലാവരും മൂന്നാറെന്ന് പറയുന്നതാണ്. ഇവിടെ റിസോർട്ടുകളോ വൻകിടകെട്ടിടങ്ങളോയില്ല. ടാറ്റയുടെ കാലത്ത് നൽകിയ ഭൂമിയിലാണ് കെട്ടിടങ്ങളുള്ളത്. ശേഷിക്കുന്ന യഥാർത്ഥ മൂന്നാറുകാർക്കിപ്പോഴും ഭൂമി ലഭിച്ചിട്ടില്ല.

മുൻ ദേവികുളം എംഎൽഎ കൂടിയായ എ കെ മണി പറയുന്നു.
മൂന്നാറിലെത് വൻകിട കയ്യേറ്റങ്ങൾ അല്ല എന്ന് ഇരുപക്ഷവും വാദിക്കുന്നത് ഒറ്റവാദം ഉയർത്തിയാണ്. അതായത് ഏക്കറുക്കണക്കിന് ഭൂമിയൊന്നും കയ്യേറാൻ മൂന്നാറിലില്ല എന്ന്. എന്നാൽ 2 ഉം 3 ഉം സെൻറുകളിൽ ബഹുനില കെട്ടിടങ്ങൾ ഉയർത്തിയ റിസോർട്ട് മാഫിയകളുടെ കയ്യേറ്റങ്ങളെ സംബന്ധിച്ച് ഇരുപക്ഷവും മൌനം പാലിക്കുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് 2 ഉം 3 ഉം നിലകളുള്ള കെട്ടിടം പണിയാൻ ആസ്ഥിയില്ലെന്ന് ആവർത്തിക്കുമ്പോളാണ് ഈ ബഹുനില കെട്ടിടങ്ങൾ കയ്യേറ്റങ്ങളല്ല എന്ന ഇവരുടെ വിചിത്രമായനവാദം. 2007 ലെ കയ്യേറ്റമൊഴിപ്പിക്കൽ കാലത്ത് ദൌത്യസംഘവും അതിനെ അനുകൂലിച്ചിരുന്നവരും ചൂണ്ടികാണിച്ചതും ഇത് തന്നെയാണ്.

കയ്യേറ്റക്കാരും കുടിയേറ്റക്കാരും

മൂന്നാറിലെ കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും രണ്ടായി തന്നെ കാണണം. കണ്ണൻ ദേവൻറെ തോട്ടത്തിലും ഏലക്കാടുകളിലും പണിയെടുപ്പിക്കാനായി പുറമേ നിന്ന് കൊണ്ടുവന്നവരാണ് യഥാർത്ഥ മൂന്നാറുകാർ. ഇവരാണ് യഥാർത്ഥ കുടിയേറ്റക്കാർ. എന്നാൽ എത്ര കുടിയേറ്റക്കാർക്ക് സ്വന്തമായി ഭൂമി ലഭിച്ചിട്ടുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഒപ്പം തന്നെ കയ്യേറിയെത്തിയവർക്ക് എത്ര ഭൂമി ലഭിച്ചുവെന്നും.
മൂന്നാറിൽ ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് വീണ്ടും കയ്യേറ്റങ്ങൾ ഉയർന്നതെന്നും കഴിഞ്ഞ സർക്കാർ നടപടിയെടുക്കാത്തതാണ് കയ്യേറ്റങ്ങൾ വ്യാപകമായതിന് പിന്നിലെന്നുമാണ് ആരോപണങ്ങളെ പ്രതിരോധിക്കാനായി സിപിഎം ഉയർത്തുന്ന വാദങ്ങൾ.
2014 ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെ കയ്യേറ്റങ്ങൾ­ സംബന്ധിച്ചും പട്ടയങ്ങളെ കുറിച്ചും വിദഗ്ധമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2016 ൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ദേവികുളം ആർഡിഓ ഓഫീസിൻറെ വരാന്തവരേയുള്ള ഭൂമിക്കുവരെ സ്വകാര്യവ്യക്തികൾ പട്ടയം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു ! സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ആൽബിയുടെ വീട്ടിൽ വെച്ച് വരെ പട്ടയം ഉണ്ടാക്കി നൽകുന്നു. തഹസിൽദാറുടെ സീലും തണ്ടപേർ രജിസ്റ്ററുമെല്ലാം ആൽബിയെന്ന സിപിഎം പ്രാദേശിക നേതാവിൻറെ വീട്ടിലുണ്ട്. പട്ടയങ്ങൾ സംബന്ധിച്ച രേഖകൾ കെഡിഎച്ച് വില്ലേജിൽ നിന്നും താലൂക്ക് ഓഫീസിൽ നിന്നും നഷ്ടപ്പെട്ടത് പോലെ ഈ റിപ്പോർട്ടെന്തായാലും നഷ്ടമായിട്ടില്ല. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ നടത്തിയ റിപ്പോർട്ട് സർക്കാരിൻറെ മേശയ്ക്കകത്ത് ഇപ്പോഴും ഭദ്രമാണ്.

കയ്യേറ്റം കഴുവേറ്റിയ പരിസ്ഥിതി

ഇത്തരം കയ്യേറ്റങ്ങൾ മൂന്നാറിൻറെ പരിസ്ഥിതിയെ ചെറുതായൊന്നുമല്ല മാറ്റിമറിച്ചത്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തന്നെ മൂന്നാർ വിധേയമായി. ദുർബലമായ പ്രതലങ്ങളിൽ അനുമതിയില്ലാതെ ഉയർന്നുപൊങ്ങുന്നത് ബഹുനില കെട്ടിടങ്ങളാണ്. മണ്ണിടിച്ചിലടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് പലവട്ടം ഇരയായിട്ടുള്ള ഈ പ്രദേശത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ഈ വൻകിടകെട്ടിടങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2009 ലെ ഊട്ടിയിലുണ്ടായ പ്രകൃതിദുരന്തം മൂന്നാറിലും സംഭവിച്ചേക്കാം.

മൂന്നാറിൻറെ ഭൂപ്രകൃതിക്ക് തന്നെ വലിയ മാറ്റങ്ങളാണ് അനധികൃത നിർമാണങ്ങൾ വരുത്തിവെച്ചത്. കുന്നായ കുന്നെല്ലാം ഇടിച്ചിറക്കി ബഹുനിലകെട്ടിടങ്ങൾ പടുത്തുയർത്തി. ടൂറിസത്തിൻറെ പേരിൽ മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഉയർന്നുപൊന്തിയത് ആയിരക്കണക്കിന് റിസോർട്ടുകളാണ്. ചെങ്കുത്തായപ്രദേശങ്ങളിലും കെട്ടിടങ്ങൾ ഉയർന്നുകഴിഞ്ഞു. നികത്തൽ വ്യാപകമായതോടെ ആറുകളും ശോഷിച്ചു. ശേഷിക്കുന്ന ആറിലെ വെള്ളമെല്ലാം റിസോർട്ടുകളിൽ നിന്നുള്ള വിസർജ്യങ്ങളാൽ മാലിനമായി കഴിഞ്ഞു. ബലമില്ലാത്ത പ്രതലങ്ങളിൽ ഉയരുന്ന ബഹുനിലകെട്ടിടങ്ങൾക്കെല്ലാം അധികൃതർ കെട്ടിടനമ്പറും വൈദ്യുതികണക്ഷനുമെല്ലാം നൽകുകയും ചെയ്യുന്നു. ഇത്തരം വൻകിട നിർമാണങ്ങൾ ഭൂമിക്ക് ഉണ്ടാക്കുന്ന സമ്മർദ്ദം ചില്ലറയൊന്നുമല്ല. ഊട്ടിയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ 2009 ൽ ഇത്തരത്തിൽ കെട്ടിപ്പൊക്കിയ വൻകിട നിർമാണങ്ങൾ തകർന്നിടിഞ്ഞത് മൂന്നാറിന് ഒരു മുന്നറിയിപ്പാണ്. വലിയ മണ്ണിടിച്ചിലിനും പ്രകൃതിക്ഷോഭത്തിൻറേയും ചരിത്രം മൂന്നാറിനുമുണ്ടെന്നത് മറക്കരുത്.

മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് അറുതിവരുത്തിയേപറ്റു. ടൂറിസത്തിൻറെ മറവിൽ നടക്കുന്ന ഈ കയ്യേറ്റങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ടൂറിസം മാത്രമല്ല മൂന്നാർ തന്നെ ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞേപറ്റു. സർക്കാർ സംവിധാനങ്ങൾ മാത്രമല്ല, നമ്മുടെ രാഷ്ട്രീയപാർട്ടികളും നാട്ടുകാരും ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം. അല്ലെങ്കിൽ ഊട്ടിക്ക് സംഭവിച്ചത് മൂന്നാറിനും സംഭവിച്ചേക്കാം.

..........
മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് മീഡിയ വൺ നേർക്കാഴ്ച്ച  പ്രോഗ്രാം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക







Comments