ലോ അക്കാദമിയിലേത് എസ്എഫ്ഐയുടെ വിജയം തന്നെ

ലോ അക്കാദമിയിലേത് ഏതെങ്കിലും ഒരു നേതാവിന്‍റെ വിജയമല്ല. മറിച്ച് വിദ്യാര്‍ത്ഥിസംഘടനകളുടെ പോരാട്ടവിജയം തന്നെയാണ്. സ്വന്തം മാതൃസംഘടനയുടെ നീരസം മറികടന്ന് തന്നെയാണ് എസ്എഫ്ഐ സമരം നടത്തിയത്, തുടര്‍ന്നത്. അതിനാല്‍ തന്നെ ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി, ക്യാപസിന് പുറത്തേക്ക് 5 വര്‍ഷത്തേക്കെങ്കിലും അകറ്റി നിര്‍ത്തിയ ഉറപ്പ് നേടിയെടുത്തത് അവരുടെ വിജയം തന്നെയാണ്. പ്രിന്‍സിപ്പല്‍ രാജിവെച്ചില്ലല്ലോ എന്ന് സങ്കടപ്പെടുന്നവര്‍ അങ്ങനയേ ചെയ്യു. ഇനി ഇപ്പോ ലക്ഷ്മി നായര്‍ രാജിവെച്ചിരുന്നെങ്കില്‍ എസ്എഫ്ഐ ഭീഷണിപ്പെടുത്തി രാജിവെപ്പിച്ചെന്ന് ഇവര്‍ പറഞ്ഞേനെ. അതല്ല മാറി നില്‍ക്കാം എന്നുപറഞ്ഞിട്ട് പിന്നെയും എസ്എഫ്ഐ സമരം തുടര്‍ന്നിരുന്നുവെങ്കില്‍ എസ്എഫ്ഐ സമരം നടത്തുന്നത് അനാവശ്യമാണെന്നും പറഞ്ഞ് ഭീകരസംഘടനയാണ് എന്നൊക്കെ ഇവരില്‍ നിന്ന് കേള്‍ക്കമായിരുന്നു. മുന്‍കാലങ്ങളില്‍ ഇത്തരത്തില്‍ പലതും കേട്ടിട്ടുണ്ട്.
ഭൂമി സംബന്ധിച്ച വിഷയത്തില്‍ മുഖ്യമായും സമരം നടത്തേണ്ടത് വിദ്യാര്‍ത്ഥിസംഘടനയല്ല. പൊതുസമൂഹവും രാഷ്ട്രീയ പാര്‍ട്ടികളുമാണ്. വി.എസ് അതിനുള്ള തീ കത്തിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇനി ആ ആവശ്യവും പറഞ്ഞ് പഠിപ്പ് മുടക്കി എസ്എഫ്ഐ സമരം തുടര്‍ന്നാല്‍ ഇവന്‍മാരൊട്ട് പഠിക്കത്തുമില്ല് മറ്റുള്ളവരെ പഠിക്കാനൊട്ട് സമ്മതിക്കത്തുമില്ലെന്ന പതിവ് പല്ലവി കേള്‍ക്കേണ്ടിവരും. എസ്എഫ്ഐ എഴുതിവാങ്ങിയ ഉറപ്പുകളുടെ ലിസ്റ്റ് പരിശോധിക്കുക. ലക്ഷ്മി നായരുടെ കാര്യം മാത്രമല്ല, ഇന്‍റേണല്‍ മാര്‍ക്ക്. അറ്റന്‍റന്‍സ്, തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ഒട്ടുമിക്ക കാര്യങ്ങളും അതിലുണ്ട്. നിരീക്ഷണ ക്യാമറ, മിക്കയിടത്തും തുല്യ പ്രാതിനിധ്യം, തുടങ്ങി വേറെയും. ഇവയെല്ലാം നേടിയെടുത്ത് വിദ്യാര്‍ത്ഥിസംഘടനകളുടെ കൂട്ടായ സമരത്തിനൊടുവില്‍ തന്നെയാണ്. പക്ഷെ എഴുതി വാങ്ങിക്കാനായത് എസ്എഫ്ഐക്ക് മാത്രം. അതൊരുപക്ഷെ അവരുടെ മാതൃസംഘടനയുടെ ഇടപെടല്‍കൊണ്ട് തന്നെയാകാം. 
പക്ഷെ ഒരുകാര്യം ഓര്‍ക്കുക, അക്കാദമി ഡയറക്ടര്‍ സിപിഐ ക്കാരനാണ് - അതായത് എഐഎസ്എഫ് ന്‍റെ മാതൃസംഘടന. പ്രസിഡന്‍റ് ബിജെപിക്കാരനാണ് - എബിവിപിയുടെ മാതൃസംഘടന. എന്തുകൊണ്ട് അവര്‍‌ക്കാര്‍ക്കും ഇത്രയെങ്കിലുമോ അല്ലെങ്കില്‍ അവരാവശ്യപ്പെടുന്ന രാജിതന്നെ സമ്മതിപ്പിച്ചെടുക്കാനോ തീരുമാനമുണ്ടാക്കാനോ സാധിച്ചില്ലെന്ന് സ്വയം വിലയിരുത്താവുന്നതാണ്.
ഇനി അഫിലിയേഷന്‍ സംബന്ധിച്ച് സര്‍വ്വകലാശാല ഉടന്‍ തീരുമാനമെടുക്കണം. അത് നിരവധി കുട്ടികളുടെ ഭാവിയുടെ പ്രശ്നമാണ്. ഒപ്പം തന്നെ കോളേജിന്‍റെ ഭരണസമിതി ആരാകണം എന്നതും നിയമസഭയില്‍ പണ്ട് പറഞ്ഞത് എങ്ങനെ മാറിമറിഞ്ഞുവെന്നതും സര്‍ക്കാര്‍ അടിയന്തരമായി പരിശോധിക്കണം. തെറ്റ് തിരുത്തണം.  
വിദ്യാര്‍ത്ഥികളെ ജാതിപേര് വിളിച്ച് അപമാനിച്ചകേസില്‍ കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രം പോര, അറസ്റ്റ് വൈകുന്നത് അംഗീകരിക്കാനാവാത്തതാണ്. ഇരട്ടചങ്കന്‍ (!) ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന് കീഴില്‍ ഉത്തരവാദിത്വത്തോടെ (ചുമ്മാതെ അഴകിന് പറഞ്ഞതാണ്) പ്രവര്‍ത്തിക്കുന്ന പൊലീസുമാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്. നാരായണന്‍നായരേയും കോലിയങ്കോടിനേയും എന്തായാലും ജനത്തിന് പേടിയില്ല. അതിനാല്‍ തന്നെ പൊതുസമൂഹം ഇതിനുവേണ്ടി സമരരംഗത്തിറങ്ങണം. ഒരു ശുദ്ധികലശം തന്നെ നടക്കട്ടെ.
വീട്ടിലെ ടിവിക്കുമുന്നിലിരുന്ന് എഫ്.ബി പോസ്റ്റിട്ട് വിശ്രമിച്ചവരൊക്കെ ചുമ്മാതെ വിമര്‍ശിക്കുന്നതിന് മുമ്പ് നിങ്ങള്‍ എന്ത് ചെയ്തുവെന്ന് പരിശോധിക്കണം. ഈ വിദ്യാര്‍ത്ഥിസമരം വിജയം തന്നെയാണ്. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നേടിയെടുക്കാനാണ് സമരം, നേടിയെടുത്തവ സംരക്ഷിക്കാനും.

Comments