Friday, 4 August 2017

ഇത് കേരളമാണ്, നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല ഇന്ത്യ ടുഡേക്കാരേ..

ഇന്ത്യ ടുഡെ ചാനല്‍ കേരളത്തിലെ രാഷ്ട്രീയകൊലപാതകങ്ങള്‍ സംബന്ധിച്ച് "കേരള കില്ലിങ്സ്" എന്ന നെടുനീളന്‍ പ്രോഗ്രാമുകളും പരന്പര വാര്‍ത്തകളുമായി ഇന്ന് വായുവില്‍ നിറയുന്നതാണ്
കണ്ടത്.  കേരളത്തെ പാക്കിസ്ഥാനായി ചിത്രീകരിച്ച് അവഹേളിക്കുന്ന ദേശിയമാധ്യമങ്ങള്‍ കേരളത്തിലെ വാര്‍ത്തകള്‍ക്കായി സമയം നീക്കിവെക്കുന്നുവെന്നുവെന്നത് നല്ലകാര്യം. കേരളത്തില്‍ രാഷ്ട്രീയകൊലപതാകങ്ങളുണ്ട്. കാലങ്ങളായി കണ്ണൂരിലും കാസര്‍കോടും
ആലപ്പുഴയിലും തൃശ്ശൂരും ഇടുക്കിയിലുമെല്ലാം രാഷ്ട്രീയകൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്സംഘര്‍ഷങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. അതില്‍ ബിജെപി-ആര്‍എസ്എസ്പ്രവര്‍ത്തകരും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ലീഗ് പ്രവര്‍ത്തകരും മാത്രമല്ല കൊല്ലപ്പെട്ടിട്ടുള്ളത്. സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമുണ്ട്.
ഇന്ത്യ ടുഡെയടെ വാര്‍ത്തയില്‍ പക്ഷെ കൊല്ലപ്പെട്ട സിപിഎമ്മുകാരെ പറ്റി കണ്ടില്ല. കണ്ടത് ആര്‍എസ്എസുകാരെ മാത്രം. അതായത് സിപിഎം മാത്രമാണ് കൊലനടത്തുന്നതെന്ന ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വാദം ഏകപക്ഷീയമായി അവതരിപ്പിക്കാനാണ് ഇന്ത്യ ടുഡെ ശ്രമിച്ചത്, അല്ലെങ്കില്‍ ശ്രമിക്കുന്നത്. അതെങ്ങനെ നിക്ഷ്പക്ഷ മാധ്യമപ്രവ‍ര്‍ത്തനമാകും?
തിരുവനന്തപുരത്ത് കൊല്ലപ്പെട്ട രാജേഷിന്‍റെ പടം മാത്രമാണ് ചാനലില്‍ കാണിക്കുന്നത്.എന്തുകൊണ്ട് ധനരാജിന്‍റെ പടം കാണിക്കുന്നില്ല? എന്തുകൊണ്ട് ആര്‍എസ്എസുകാര്‍ കൊന്ന അവരുടെ തന്നെ അനുഭാവിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയായ അനന്തുവിന്‍റെ പടം
കാണിക്കുന്നില്ല? എന്തുകൊണ്ട് തൃശ്ശൂരിലെ ലാല്‍ജിയും ഹനീഫയുമില്ല? എന്തുകൊണ്ട് രാമചന്ദ്രന്‍റെ വീട്ടില് പോയ അവരുടെ വാ‍ര്‍ത്താസംഘം ധനരാജിന്‍റെ വീട്ടിലോ അനന്തുവിന്‍റെ വീട്ടിലോ ചാവക്കാട്ടെ ഹനീഫയുടെ വീട്ടിലോ പോകുന്നില്ല
നിങ്ങള്‍ക്ക് സുധീഷിനെ അറിയുമോ?കണ്ണൂരിലെ എസ് എഫ് ഐ യുടെ നേതാവായിരുന്നു സുധീഷ്. വീട്ടില്‍ കയറി അമ്മയുടെ മുന്നിലിട്ടാണ് വെട്ടികൊലപ്പെടുത്തിയത്.
ആലപ്പുഴയിലെ ഉത്സവത്തിനിടെയാണ് ആര്‍എസ്എസ് ശാഖയില്‍ പോകുന്ന അനന്തുവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തല്ലിക്കൊന്നത്. അനന്തുവിനുമുണ്ട് അമ്മയും അച്ചനും സഹോദരങ്ങളുമെല്ലാം. അനന്തുവിന്‍റെ വീട്ടില്‍ പോകുമോ നിങ്ങള്‍? ഇല്ല
കണ്ണൂരിലെ സവോയ് ഹോട്ടിലിലെ ബോംബേറില്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലും നിങ്ങള്‍ പോകില്ല.
തൃശ്ശൂരിലെ ലല്‍ജിയുടേയോ മധുവിന്‍റേയോ ഹനീഫയുടേയോ പെരുന്പിലാവിലെ ബിജീഷിന്‍റെ വീട്ടിലോ നിങ്ങള്‍ പോകില്ല, കാരണം അവിടെയൊക്കെ ഇരയാക്കപ്പെട്ടവര്‍ കോണ്‍ഗ്രസ്കാരോ
സിപിഎമ്മുകാരോ ആണ്. ഇവരെയൊന്നും കൊലപ്പെടുത്തിയത് സിപിഎം അല്ല, മറിച്ച് കോണ്‍ഗ്രസ്കാരോ ആര്‍എസ്എസ്കാരോ ആണ്.
നിങ്ങള്‍ക്കാവശ്യം രാഷ്ട്രീയസംഘര്‍ഷങ്ങളുടെ സത്യാവസ്ഥയല്ല, മറിച്ച് സിപിഎമ്മിനെ കൊലപാതകസംഘമായി ചിത്രീകരിക്കലാണ്. അതിന് ആര്‍എസ്എസ് നേതാക്കള്‍പറയുന്നത്പോലെ നിങ്ങള്‍ക്ക് തിരക്കഥകള്‍ രചിക്കേണ്ടിവരും, ആ തിരക്കഥയ്ക്കനുസരിച്ച് നിങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് വേഷമിടേണ്ടിവരും. അപ്പോള്‍ അത് വാര്‍ത്തയാകില്ല മറിച്ച് പി.ആര്‍ പണിയാണ്.
കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്നുണ്ട്, എന്‍ഡിഎഫും കൊന്നിട്ടുണ്ട്കോണ്‍ഗ്രസും കൊന്നിട്ടുണ്ട്, ആര്‍എസ്എസുകാരും കൊന്നിട്ടുണ്ട്, അല്ലാതെ സിപിഎം മാത്രമല്ല കൊന്നത്.
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷത്തിന്‍റെ പേരില്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പ്രോഗ്രാമുകളും പരന്പരകളും നടത്തുന്ന ഇന്ത്യ ടുഡെയെ ഷഹറാന്‍പൂരില്‍ ദളിതരെ ആക്രമിച്ച് തുരത്തിയോടിച്ചപ്പോള്‍ കണ്ടില്ല, ഉനയിലും ജാര്‍ഖണ്ഡിലുമെല്ലാം പശുവിന്‍റെ പേരിലും മറ്റും സംഘപരിവാരങ്ങള്‍ ദളിതരേയും മുസ്ലീങ്ങളേയും തല്ലിക്കൊന്നപ്പോള്‍
സംഘപരിവാരങ്ങളെ ഭീകരരാക്കി ചിത്രീകരിക്കാന്‍ രാഹുല്‍ കന്‍വാളിനേയും സംഘത്തേയും എന്തേ കണ്ടില്ല?
അപ്പോള്‍ ഉദ്ദേശം വ്യക്തം. സിപിഎമ്മിനെ ഭീകരസംഘടനയാക്കി പ്രഖ്യാപിച്ച് ആര്‍എസ്എസ്സിന്‍റെ വര്‍ഗ്ഗീയവത്ക്കരണത്തിന് കേരളത്തില്‍ വഴിവെട്ടികൊടുക്കുക. കേരളത്തെ ഐസ്സ്എസ്സിന്‍റെ കേന്ദ്രമായി അവതരിപ്പിക്കാനും പാക്കിസ്ഥാനായുമെല്ലാം നിങ്ങള്‍ ചിത്രീകരിക്കുന്നതിന് പിന്നിലും കേരളത്തില്‍ വര്‍ഗീയധ്രുവീകരണം നടത്താനുള്ള സംഘപരിവാരശക്തികളുടെ താല്‍പര്യസംരക്ഷണം തന്നെയാണ്. 
പക്ഷെ, നിങ്ങള്‍ക്ക് തെറ്റുപറ്റി ഇന്ത്യ ടുഡേയിലെ സുഹൃത്തുക്കളെ. ഇത് കേരളമാണ്. എല്ലാമതവിഭാഗക്കാരും ഒന്നായി കഴിയുന്ന കേരളം. നിങ്ങളുടെ പരിപ്പ് ഇവിടെ വേവില്ല


Tuesday, 1 August 2017

കുഞ്ഞമ്മാമയ്ക്ക്...

ഖാദിയുടെ ഒറ്റമുണ്ടുടുത്ത്, വെളുത്ത ഖദർ ഷർട്ടുമിട്ട്, ചെരിപ്പിടാത്ത കാലുകളുമായി ചിരിച്ചുകൊണ്ട് വരുന്ന സ്നേഹമായിരുന്നു താങ്കൾ ഞങ്ങൾക്ക്. നാരങ്ങാമിഠായിയും ജീരകമിഠായിയും കടലമിഠായിയുമെല്ലാം മറക്കാതെ കൊണ്ടുവരുമായിരുന്ന താങ്കൾ . അമ്മയുടെ അമ്മാവൻമാരിൽ ഇളയവനായത് കൊണ്ടാണോ താങ്കളിങ്ങനെ സൌമ്യനും സ്നേഹനിധിയുമായി മാറിയതെന്ന് പലകുറി ചിന്തിച്ചിട്ടുണ്ട്. ഒരിക്കലും ആരോടും ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ല, പരിഭവം പറയുന്നതും കേട്ടിട്ടില്ല. ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും വീട്ടിൽ വിശേഷങ്ങളുണ്ടെങ്കിലും അവിടെയെല്ലാം എത്രദൂരെയാണെങ്കിലും ഓടിയെത്തും. തറവാട്ട് കാരണവരെ പോലെ നിർദേശങ്ങൾ കൽപനകളായി പുറപ്പെടുവിച്ചവരിൽ നിന്ന് വ്യത്യസ്ഥനായിരുന്നു താങ്കൾ.
'ഓപ്പോളും ഓപ്പ'യുമെന്ന് പറഞ്ഞ് നിങ്ങൾ സഹോദരങ്ങളെ ഞങ്ങൾ കൊച്ചുമക്കൾ കളിയാക്കുമ്പോളും നിങ്ങൾ ചിരിക്കും. ഒരിക്കലും നിങ്ങൾ  തമാശയ്ക്ക് പോലും തല്ലുകൂടുന്നത് കണ്ടിട്ടില്ല.
രാഷ്ട്രീയപ്രവർത്തനവും സാമുദായിക പ്രവർത്തനവുമെല്ലാം ജീവിതത്തിൻറെ ഭാഗമായികൊണ്ടുനടന്ന താങ്കളായിരുന്നു ഞാൻ കണ്ട ഏറ്റവും ആദർശവാനായ രാഷ്ട്രീയക്കാരൻ.
പട്ടാമ്പി ഓങ്ങല്ലൂരിലെ വീട് വേനലവധിക്കാലത്തെ ഒരു സങ്കേതമായിരുന്നു. വരുന്ന അന്ന് അക്ഷമനായി പാടവരമ്പത്തോ ജംങ്ഷനിലോ വന്ന് കാത്ത് നിൽക്കും. മയിൽ വാഹനം ബസ്സിറങ്ങിയാലുടനെ   നാരങ്ങാവെള്ളവും കൈനിറയെ കടലമിഠായിയും വാങ്ങിതരും. എന്നിട്ട് കൈപിടിച്ച് പാടവരമ്പിലൂടെ വീട്ടിലേക്ക്. പോകുമ്പോളെ വീട്ടിലെ കുളത്തിൽ കുളിപ്പിക്കണമെന്നൊക്കെയുള്ള ഞങ്ങളുടെ ആവശ്യങ്ങളെല്ലാം സമ്മതിക്കും. രാവിലെ ഞങ്ങളുണരുമുമ്പേ രാത്രിയിൽ കാറ്റത്തും മഴയത്തും കൊഴിഞ്ഞുവീണ മാങ്ങയെല്ലാം പെറുക്കി സഞ്ചിയിലാക്കി, ഞങ്ങൾക്ക് തന്നിരുന്നതും വായിക്കാൻ പുസ്തകങ്ങളുടെ കെട്ടുകൾ തന്നെ തട്ടിൻപുറത്തെ പെട്ടിയിൽ നിന്ന് ചുമന്ന് താഴെ കൊണ്ടുത്തന്നതുമൊക്കെ ഒരു വിങ്ങലായി മനസിൽ നിറയുന്നു.
നേരിൽ കണ്ടിട്ട് കുറേകാലമായെന്ന് പറഞ്ഞ് എപ്പോഴും ടി.വി നോക്കിയിരിക്കുമെന്ന അമ്മ പറഞ്ഞപ്പോഴും അതൊരുപരിഭവമായല്ല,മ റിച്ച് സ്നേഹപ്രകടനമായാണ് തോന്നിയത്. അസുഖക്കിടക്കയിൽ എന്നെ കാണണമെന്ന്  ആഗ്രഹിച്ചവരെ ഒന്നും ഒരിക്കലും പോയി കാണാറില്ല എന്ന ആക്ഷേപം ഇക്കാര്യത്തിലുണ്ടാവരുതെന്നുണ്ടായിരുന്നു. അസുഖം മൂർച്ചിച്ചതും തീര വയ്യാതായതും അറിഞ്ഞപ്പോൾ കാണണമെന്ന് തോന്നിയപ്പോഴെ മനസിൽ ഭയമുണ്ടായിരുന്നു, എന്നെന്ന്.  ഡൽഹിക്ക് വരുന്നതിന് രണ്ട് നാൾ മുമ്പ് ചെന്ന് കാണുമ്പോളും അസുഖത്തിൻറെ വേദന മറന്ന് ചിരിച്ചതും കൈപിടിച്ച് നടന്നതും കോലായിലിരുന്ന വിശേഷങ്ങൾ ചോദിച്ചപ്പോഴുമെല്ലാം വലിയ സന്തോഷമുണ്ടായിരുന്നു ആ മുഖത്ത്. ടി.വിയിലെന്നും ശബ്ദം കേൾക്കാറുണ്ടെന്ന് പറഞ്ഞ് ചിരിച്ചു, എന്നത്തേയുംപോലെ കണ്ണുകൾ വിടർത്തി. ഖദറിൻറെ മുണ്ട് കൈയ്യിൽ വെച്ചുകൊടുത്തപ്പോഴും അതേ ചിരി. കണ്ണ് ചെറുതായി നനഞ്ഞത് പോലെ... ഇടക്ക് വിളിക്കണമെന്ന് എന്നോട് പറഞ്ഞെങ്കിലും അതിനായില്ല.
പലപ്പോഴും ഒറ്റപ്പെട്ടപ്പോളും പ്രതിസന്ധികളുണ്ടായപ്പോഴും താങ്ങും തണലുമായിരുന്നു താങ്കൾ. പക്ഷെ ആ തണൽ മരമിനിയില്ല...
ബുധനാഴ്ച്ച ഐവർമഠത്തിൽ ചിതയെരിയുമ്പോൾ ഒരുപക്ഷെ ഞാൻ പതിവുപോലെ തിരക്കിലായിരിക്കാം, ഒന്നും മറന്നിട്ടല്ല, മറക്കാനുള്ള ശ്രമത്തിലായിരിക്കാം. അല്ലെങ്കിലും താങ്കൾ കടന്നുപോകുന്ന സമയം വല്ലാത്ത ഒരു സമയമല്ലേ എനിക്ക്...

ഏറ്റവും സൌമ്യനും സിനേഹനിധിയുമായ കുഞ്ഞമ്മാമയ്ക്ക് ആദരാഞ്ജലികൾ....

Sunday, 30 July 2017

ട്രാക്കിലെ ശകുനികൾ

ഭുവനേശ്വരില്‍ വെച്ച് പി യു ചിത്രയും അനസിനൊന്നും ഏഷ്യന്‍ അത്ലറ്റിക്ക്സില്‍ മെഡല്‍ പ്രതീക്ഷയില്ലെന്ന് പങ്കുവെച്ച ഒളിംപ്യനേറ്റ തിരിച്ചടിയായിരുന്നു 1500 ലെ ചിത്രയുടെ സ്വര്‍ണവും 400 മീറ്ററിലെ അനസിന്‍റെ സ്വര്‍ണവും. സ്വര്‍ണമെഡലോടെ ചിത്രയും അനസും ലണ്ടനിലേക്ക് യോഗ്യതനേടുകയും ചെയ്തു. ട്രാക്കില്‍ നിന്ന് സ്വര്‍ണം ടിന്‍റുവിനുമാത്രമാണെന്നായിരുന്നു ഉറച്ച വാദം, അല്ല അഹങ്കാരം പറച്ചില്‍. ഒടുവില്‍ ടിന്‍റുവിന് ട്രാക്കില്‍ വെച്ച് പെട്ടെന്ന് പിടിപെട്ട വയറല്‍ ഫീവറിനെ തുടര്‍ന്ന് മെഡലുമില്ലാണ്ടയപ്പോള്‍ വല്ല്യേ സങ്കടം. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ടിന്‍റു നമ്പറിറക്കിയതാണെന്ന് വളരെ വ്യക്തമായിരുന്നു. ആദ്യലാപ്പ് കഴിഞ്ഞപ്പോള്‍ ശ്രീലങ്കന്‍ താരം കട്ടക്ക് കട്ടക്ക് ഒപ്പം പിടിച്ചപ്പോള്‍ 500 മീറ്റര്‍ കഴിഞ്ഞപ്പോള്‍ 'നാടകീയം' തന്നെയായിരുന്നു പിന്‍മാറ്റം. ഒടുവില്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പെടുത്തപ്പോഴും വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്കുപകരം ഒളിപ്യന്‍മാരും കൂട്ടരുമായിരുന്നു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ കിരീടം വാങ്ങാനെത്തിയത്.

ഇതേ ഒളിംപ്യന്‍മാരാണ് ഓടി സ്വര്‍ണമണിഞ്ഞ ചിത്രയെ പുറത്താക്കിയത്. ചിത്രയുടെ മെഡല്‍ നേടാനുള്ള കഴിവ് നേരത്തെ അളന്ന് പരാജയപ്പെട്ട മഹാന്‍മാരായ അത്ലറ്റുകളാണ് ഇപ്പോള്‍ ലണ്ടനില്‍ ചിത്രയ്ക്ക് മെഡല്‍ സാധ്യതയില്ലെന്ന് പറഞ്ഞ് പുറത്താക്കിയത്. പോകുന്ന ബാക്കിയെല്ലാതാരങ്ങളും സ്വര്‍ണം കൊണ്ടേ മടങ്ങുവല്ലോ, ഇല്ലെങ്കിലും ഒഫീഷ്യലായി ടൂര്‍ പോകുന്ന ഞങ്ങള്‍ ലണ്ടനില്‍ നിന്ന് ഷോപ്പിങ് നടത്തി സ്വര്‍ണം വാങ്ങി വരാമെന്നായിരിക്കും. ‌

ഉഷയെന്ന ഓട്ടക്കാരിയേയും അഞ്ജു ബോബി ജോര്‍ജെന്ന ചാട്ടക്കാരിയേയും ഏറ്റവും ആരാധനയോടെ കണ്ടവരാണ് മലയാളികള്‍, പക്ഷെ ഒട്ടും സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാതെ സ്വന്തം കുട്ടികള്‍ മാത്രമാണ്, അല്ലെങ്കില്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ മാത്രമാണ് മെഡല്‍ നേടാന്‍ യോഗ്യരെന്ന അഹങ്കാരം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്ലാത്തതിന്‍റെ തെളിവാണ്. മെഡലിനായി സ്വന്തം കുട്ടികള്‍ മാത്രമല്ല, കഴിവ് തെളിയിച്ച മറ്റ് കുട്ടികളും ഓടട്ടെ മുന്‍ താരങ്ങളെ.....

പി.യു ചിത്രയ്ക്കൊപ്പം ലോകചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ നിന്ന് പറിച്ചെറിയപ്പെട്ട ഒരാൾ കൂടിയുണ്ട്. ട്രാക്കിൽ വിയർപ്പ് ചീന്തി സ്വർണം ഓടിയെടുത്തവൻ, പുരുഷവിഭാഗം 1500 മീറ്ററിൽ അജയ് കുമാർ സരോജ്.

പി.യു ചിത്രയ്ക്ക് വേണ്ടി കേരളത്തിലെ സ്പോർട്സ് മാധ്യമപ്രവർത്തകർ ശക്തമായി നിലകൊണ്ടപ്പോൾ സർക്കാരും കോടതിയും നീതിക്കായി ഒപ്പം നിന്നു. കേന്ദ്രമന്ത്രിയും അത്ലറ്റിക്ക് ഫെഡറേഷനും ഇടപെടാൻ നിർബന്ധിതരായി.

അപ്പോഴും പക്ഷെ അജയ് കുമാറിനുവേണ്ടി ആരേയും കണ്ടില്ല. കേരളത്തിലെ പോലെ സർക്കാരോ മാധ്യമങ്ങളോ അവരുടെ നഷ്ടം തിരിച്ചറിഞ്ഞില്ല. ദേശിയ മാധ്യമങ്ങൾക്ക് പക്ഷെ പണ്ടേ ക്രിക്കറ്റ് മാത്രമാണ് മതവും ഭരണഘടനയും.

ഇരുവരും ഭുവനേശ്വരിലെ ട്രാക്കിൽ മഴയത്തും ചൂടത്തുമോടിയത് ഇന്ത്യയുടെ മെഡൽ പട്ടികയിൽ ഒരു സ്വർണം അധികം ചേർക്കാൻ വേണ്ടിമാത്രമല്ല, സ്വന്തം കഴിവ് ലോക അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിലും കാഴ്ച്ചവെക്കാനാണ്, ലോകോത്തര താരങ്ങളോട് പൊരുതാനാണ്.

കുശുമ്പും കുന്നായ്മയും മത്രം കൈമുതലായ നമ്മുടെ ഇതിഹാസ താരങ്ങൾ നിരീക്ഷിച്ച് നിരീക്ഷിച്ച് ഇല്ലാതാക്കിയത് ഇവരുടെ സ്വപ്നങ്ങളാണ്, മായ്ക്കാൻ ശ്രമിച്ചത് ഇവർ ട്രാക്കിലൊഴുക്കിയ വിയർപ്പുകണങ്ങളാണ്...

ഈ കുറിപ്പെഴുതി അവസാനിപ്പിക്കുമ്പോളാണ്  ലോകചാമ്പ്യൻഷിപ്പിലെ മത്സരയിനങ്ങളുടെ എൻട്രി പട്ടിക ഫെഡറേഷൻ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിൽ പി.യു ചിത്രയില്ല, അജയ് കുമാറുമില്ല. ഭാഗ്യത്തിന് ഇന്ത്യയുടെ  ആദ്യ പട്ടികയിൽ നിന്ന് പുറത്തായിരുന്ന സുധാസിങ് വനിതകളുടെ 3000 മീറ്റർ സ്റ്റീപിൾ ചെയ്സില്ർ ഇടം നേടി, ദ്യുതി ചന്ദിന് 100 മീറ്ററിലും പ്രവേശനം ലഭിച്ചു. ഇനി ശനിയാഴ്ച്ച വൈകുന്നേരം മാത്രം ചിത്രയ്ക്കായി ഇന്ത്യൻ അത്ലറ്റിക്ക് ഫെഡറേഷൻ അയച്ചകത്ത് അന്താരാഷ്ട്ര അത്ലറ്റിക്ക് ഫെഡറേഷൻ പരിഗണിക്കുമോയെന്നത് സംശയമാണ്.

ബന്ധുക്കളേയും വീട്ടുകാരേയും വിട്ട് നിങ്ങളെത്ര ന്യായീകരിച്ചാലും മാധ്യമങ്ങളെ ബഹിഷ്ക്കരിച്ചാലും നിങ്ങളുടെ തെറ്റിന് കാലം പോലും മാപ്പ് തരില്ല. പിടി ഉഷേയയും അഞ്ജു ബോബിജോർജിനേയും വലിയതാരങ്ങളാക്കിയതിൽ കലർപ്പില്ലാത്ത സ്പോർട്സ്മാൻ സ്പിരിറ്റോടെ നിങ്ങളെെയെല്ലാം പരിശീലിപ്പിച്ച കോച്ചുമാർക്കുമുണ്ട് പങ്ക്.... ഇവിടുത്തെ കായിക പ്രേമികൾക്കുമുണ്ട് പങ്ക്... മാധ്യമങ്ങൾക്കുമുണ്ട് പങ്ക്...
ട്രാക്കിൽ നിങ്ങൾ പൊരുതിവീണപ്പോഴെല്ലാം കണ്ണുനിറച്ച പഴയ തലമുറയും ആ വീരഗാഥകൾ കേട്ട് കോരിത്തരിച്ച്, നിങ്ങളെയോർത്ത് ആവേശം കൊണ്ട ഇപ്പോഴത്തെ തലമുറകളും നിങ്ങളെയോർത്ത് ഇനി ഒരുപക്ഷെ ലജ്ജിക്കും.... മറക്കരുത്.

Tuesday, 20 June 2017

അയാൾ ഇനിയുറങ്ങട്ടെ...


എഴുതാൻ ബാക്കിവെച്ച
നിരവധി കഥകൾ
അയാളുടെ മനസിലുണ്ടായിരുന്നു
പറയാൻ ബാക്കിവെച്ച കുറേ വിശേഷങ്ങളും
പങ്കുവെക്കാൻ ആഗ്രഹിച്ച കുറേ അനുഭവങ്ങളും
അവ എഴുതാതെ, പറയാതെ, പങ്കുവെക്കാതെ
അയാൾ പോവുകയാണ്.

ശേഷിച്ച എല്ലായാത്രയും ചേർത്ത് ഒന്നാക്കി
കണ്ണടച്ച് കാഴ്ച്ചകൾ കാണാതെ....
ഇനി അയാൾ ഉറങ്ങട്ടെ.....(150617)

Sunday, 18 June 2017

മുഖം നഷ്ടപ്പെട്ടവർ....


കുട്ടിക്കാലത്തെ ചിത്രമാണ് 
ഇപ്പോൾ അയാളുടെ മുഖപടം.
പക്ഷെ കുട്ടിത്തം, അത് 
ഇല്ലാതായിരിക്കുന്നു.
ആ ചിത്രത്തിനു പിന്നിൽ
മുഖംമറച്ചിരിക്കുന്നത്
മനസിലെ നിഷ്കളങ്കത ചോർന്ന്,
ചിന്താശേഷി പണയംവെച്ച്,
വെറുമൊരു പാവയാണ്. 
ഭൂതവും ഭാവിയും വർത്തമാനവും
നഷ്ടപ്പെടുത്തിയ വെറും പാവ...

(180617)

Tuesday, 30 May 2017

വിസ്മൃതി
എത്രവേഗത്തിലാണ്
നിങ്ങൾ ഒരാളെ
മറവിയുടെ
പടുകുഴിയിലേക്ക്
ചവിട്ടിതാഴ്ത്തുന്നത്....!!!

(290517)

Monday, 29 May 2017

ചൂണ്ട

.
.
.
.
.
ഒറ്റപ്പെടലിൻറെ
തുരുത്തിലിരുന്ന്
മരണത്തിനപ്പുറത്തേക്ക്
ചൂണ്ടയെറിയുകയാണ്
ഞാൻ....!
.
.
(250517)
                            ***************


Friday, 19 May 2017

ജനയുഗം വിജയേട്ടനെന്ന വഴികാട്ടി

വയനാട്ടിലെ വിജി വിജയൻ അന്തരിച്ചു.
മൊബൈൽ സന്ദേശം വായിച്ച് വിശ്വസിക്കാൻ സമയമെടുത്തു.
പെട്ടെന്ന്....?
ജെയിംസേട്ടനെ വിളിച്ചപ്പോൾ സ്ഥിരീകരണമായി.
ക്യാൻസർ ബാധിതനായിരുന്നുവത്രേ. രോഗവിവരം അറിയാൻ വൈകിപ്പോയി.  

വയനാട്ടിലെ മറക്കാനാവാത്ത ഓർമകളുടെ ഭാഗമാണ് വി ജി വിജയനെന്നും മനോരമ വിജയനെന്നുമെല്ലാം അറിയപ്പെടുന്ന വിജയേട്ടൻ.
വയനാട് എനിക്ക് രണ്ടാമത്തെ വീട് തന്നെയാണ്. കേരളത്തിൻറെ തെക്കുമുതൽ ഏതാണ്ട് വടക്കറ്റംവരെ പല ജില്ലകളിലും ദീർഘകാലവും ഹ്രസ്വകാലുവുമെല്ലാം ജോലിചെയ്തിട്ടുണ്ടെങ്കിലും വയനാട് നൽകിയ സ്നേഹവും തണലും മറ്റൊരു നാടും നൽകിയതായി തോന്നിയിട്ടില്ല. ഒരു പക്ഷെ സ്വന്തം നാടുപോലും.

2010 ൽ വയനാട്ടിലേക്ക് ട്രാൻസ്ഫറായി പോകുമ്പോൾ അന്ന് ഏഷ്യാനെറ്റ് എക്സിക്യൂട്ടിവ് എഡിറ്ററായ തോമസേട്ടനും അസോസിയേറ്റ് എഡിറ്ററായിരുന്ന എൻ കെയെന്ന രവിയേട്ടനും ആദ്യം നൽകിയ ഉപദേശം വയനാട്ടിൽ ചെന്നാൽ വിജയനെവേണം ആദ്യം പരിചയപ്പെടാനെന്നായിരുന്നു. വി ജി വിജയേട്ടൻ എന്ന ജനയുഗത്തിൻറെ കണ്ണൂർ റസിഡൻറ് എഡിറ്ററെ. അന്ന് കൽപറ്റയിലെ ഒരു ഷോപ്പിങ് കോംപ്ലക്സിൻറെ മുകളിലത്തെ നിലയിലായിരുന്നു ഏഷ്യാനെറ്റിൻറെ ബ്യൂറോ. നേരെ എതിർവശത്ത് ജനയുഗത്തിൻറെ ബ്യൂറോയും. ചാർജെടുത്ത അന്നുതന്നെ വിജയേട്ടനെ കണ്ടു, പരിചയപ്പെട്ടു. എത്രയോ ജൂനിയറായ എന്നെ ആ മനുഷ്യൻ മുതിർന്ന മാധ്യമപ്രവർത്തകൻറെ ഒരു ജാഡയുമില്ലാത സ്വീകരിച്ചു. താഴത്തെ ബേക്കറിയിൽ നിന്ന് ചായയും പഴംപൊരിയും വിജയേട്ടൻറെ വക. 
അന്ന് സിപിഐ സംസ്ഥാന കൌൺസിലംഗമായ സുരേഷ് ബാബുവിനേയും ഇപ്പോൾ സിപിഐ വയനാട് ജില്ലാസെക്രട്ടറിയായ വിജയൻ ചെറുകരയേയുമെല്ലാം പരിചയപ്പെടുത്തി തന്നു. നല്ല പയ്യനാണ്, നമ്മുടെ പയ്യനാണ് എന്ന ആമുഖത്തോടെ മാത്രമേ വിജയേട്ടൻ ആരെയും പരിചയപ്പെടുത്തിയിട്ടുള്ളു. ഏത് സംശയവും എപ്പോൾ വേണമെങ്കിലും ഓടി പോയിചോദിക്കാൻ അപ്പുറത്ത് വിജയേട്ടനുണ്ടായിരുന്നുവെന്നത് പലപ്പോഴും ആശ്വാസമായിരുന്നു. അതിൽ രാഷ്ട്രീയം മാത്രമല്ല വയനാടുമായി ബന്ധപ്പെട്ട എന്തുമാകാം. ആരെ വിശദാംശങ്ങൾക്കായി സമീപിക്കണമെന്നതും കൃത്യമായി പറഞ്ഞുതരും, വിജയേട്ടൻ തന്നെ അവരെ ഫോണിൽ വിളിച്ച് അറേഞ്ച് ചെയ്യുകയും ചെയ്യും.
ഓഫീസ് മാറിയശേഷവും വിജയേട്ടൻറെ വിളി ഒട്ടുമിക്കദിവസവും വരും. വയനാട്ടിൽ വ്യാജ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട് ഞാൻ ചെയ്ത വാർത്തകൾ സിപിഐയുടെ ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൌൺസിലിനെ വിറളിപിടിപ്പിച്ചപ്പോഴും പിണങ്ങാതെ പരിഭവം കാണിക്കാതിരുന്ന വയനാട്ടിലെ ഏക സിപിഐക്കാരനും വിജയേട്ടനായിരുന്നു. നല്ല വ്യക്തിബന്ധമുണ്ടായിരുന്ന, ഇപ്പോഴുമുള്ള, അന്നത്തെ റവന്യൂമന്ത്രി കെപി രാജേന്ദ്രൻപോലും ഇതേതുടർന്ന് പിണങ്ങിയപ്പോൾ വിജയേട്ടൻ ആയിരുന്നു റവന്യുമന്ത്രിയുടെ ഓഫീസിൽ നിന്ന് ഭൂമി സംബന്ധമായ എൻറെ വാർത്തകൾക്കുള്ള രേഖകളും വിവരങ്ങളും എടുത്തുതന്നിരുന്നത്. എളമ്പിലേരി എസ്റ്റേറ്റ് സംബന്ധിച്ച രേഖകളും ബ്രഹ്മഗിരി എസ്റ്റേറ്റിനറെ രേഖകളുമെല്ലാം എനിക്ക് കൃത്യമായി എടുത്തുതരികയും അതിലെ ഭൂമിപ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പറഞ്ഞുതന്നതും വിജയേട്ടനായിരുന്നു. ഭൂമി കയ്യേറ്റങ്ങൾ സംബന്ധിച്ചും തട്ടിപ്പുകൾ സംബന്ധിച്ചും പിന്നീട് നിരവധി വാർത്തകൾ ചെയ്തതിനെല്ലാം അടിത്തറ പാകിയത് വിജയേട്ടൻ പറഞ്ഞുതന്ന ഭൂമി സംബന്ധിച്ച അടിസ്ഥാന വിവരങ്ങളും നിയമവശങ്ങളും തന്നെയാണ്.

വയനാട് വിട്ട് കണ്ണൂരിലേക്ക് പോയപ്പോഴും ഒടുവിൽ ഏഷ്യാനെറ്റ് വിട്ട് മാതൃഭൂമിയിൽ പോയപ്പോഴും മീഡിയ വണ്ണിലേക്ക് ചേക്കേറിയപ്പോഴുമെല്ലാം വിജയട്ടേനുമായുള്ള ബന്ധം തുടർന്നു. മാതൃഭൂമിയിലേക്കുള്ള ചാട്ടം വേണമായിരുന്നോ എന്ന ആശങ്ക പങ്കുവെച്ച 3 വ്യക്തികളിൽ ഒരാൾ വിജയേട്ടനായിരുന്നു. KUWJ  യുടെ പ്രവർത്തനങ്ങളമുയി ബന്ധപ്പെട്ടും അല്ലാതെയും ഇടയ്ക്കൊക്കെ പിന്നെയും വിളിച്ചു. വീട് പണിതുടങ്ങാനുള്ള പദ്ധതിയെകുറിച്ച് പറഞ്ഞപ്പോൾ സംഘടന വഴി 1 ലക്ഷം രൂപ ലോണിൽ സബ്സിഡി കിട്ടുമെന്നും അതിന് ചെയ്യേണ്ടുന്ന കാര്യങ്ങളുമെല്ലാം പറഞ്ഞുതന്നതും വിജയേട്ടനാണ്.

നിയമസഭാതിരഞ്ഞെടുപ്പ് കാലത്ത് കൽപറ്റയിൽ ശശിയേട്ടൻറെ പ്രചാരണത്തിന് പോയപ്പോൾ കാണാനായില്ല. അത്യാവശ്യമായി പുറത്ത് പോയതിനാൽ ഇനി അടുത്തതവണവരുമ്പോൾ കാണാമെന്ന് പറഞ്ഞു. സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ വെച്ചാണ് അവസാനമായി കണ്ടത്. ഒരിക്കലും മായാത്ത ചിരിയുമായി ദൂരേനിന്നെ കൈവീശി കാണിച്ച് വന്ന് കുശലം പറഞ്ഞ് മടങ്ങിയ വിജയേട്ടൻ...


ജനയുഗത്ത് നിന്ന് വിജയനാണ്... വി ജി വിജയൻ....
ആ വിളി ഇനി ഉണ്ടാകില്ല. 
പക്ഷെ സ്ഥലംമാറി ആശങ്കയോടെയും ആവേശത്തോടെയും ചുരം കയറിയെത്തിയവർക്ക് വിജയേട്ടൻ തെളിച്ചുനൽകിയ വെളിച്ചം കെടാതെ കത്തും.... 

എന്നെ സ്മരിക്കാൻ സ്തൂപമല്ല, മരം നടുക...

ഡൽഹിയിലെത്തിയിട്ട് മൂന്നാഴ്ച്ചപിന്നിട്ടപ്പോളാണ് ഒരു വാർത്തയ്ക്ക് പിടിസി (പീസ് ടു ക്യാമറ - റിപ്പോർട്ടർ വാർത്തയ്ക്കിടെ നേരിട്ട് ക്യാമറയ്ക്ക മുന്നിൽ പ്രത്യക്ഷപ്പെട്ട് അവതരിപ്പിക്കുക) എടുത്തത്. കുറച്ചുദിവസമായി ചെയ്യണമെന്നാഗ്രഹിച്ച് വിവരങ്ങൾ ശേഖരിച്ചെങ്കിലും തിരക്കുമൂലം ചെയ്യാൻ സാധിക്കാത്ത വാർത്തയായിരുന്നു ജനിതകമാറ്റം വരുത്തിയ കടുകിൻറെ ഉത്പാദനം സംബന്ധിച്ചുള്ളത്. 

വാണീജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ അനുമതി തേടിയുള്ള ഡൽഹി സർവ്വകലാശാലയിലെ ഗവേഷകരുടെ പ്രൊപ്പോസലിന് ജനറ്റിക്കൽ എഞ്ചിനീയറിങ് അപ്രൈസൽ കമ്മിറ്റി അംഗീകാരം നൽകിയത് കഴിഞ്ഞ ആഴ്ച്ചയിലാണ്. പദ്ധതിക്ക് അനുമതി നൽകണമെന്ന ജി.ഇ.എ.സിയുടെ ശുപാർശ പരിസ്ഥിതി വകുപ്പ് മന്ത്രി അനിൽ മാധവ് ദവെയുടെ മേശപ്പുറത്തെത്തിയെന്നതായിരുന്നു വാർത്ത. മന്ത്രി ഒരു ഒപ്പ് ചാർത്തിയാൽ ജി എം കടുക് എന്നത് ഇന്ത്യയിലെ പാടങ്ങളിൽ വിതയ്ക്കാൻ തുടങ്ങും. പക്ഷെ ആ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പേ അതിനെതിരെയുള്ള പ്രതിഷേധം ആയിപ്പോയി റിപ്പോർട്ട് ചെയ്യേണ്ടി വന്നത്. തൃശ്ശൂരിൽ നിന്ന് വിജയൻ മാഷാണ് പരിസ്ഥിതി മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധം നടത്തുന്നുവെന്ന കാര്യം അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും സാമൂഹ്യപ്രവർത്തകരും വിദ്യാർത്ഥികളുമടക്കം ധാരാളംപേർ പ്രതിഷേധവുമായെത്തിയിരുന്നു. ചെറിയകുട്ടികളും വിദേശത്തുനിന്നുള്ള ഗവേഷകവിദ്യാർത്ഥികളുമെല്ലാം സമരമുഖത്ത്.

പിടിസി എടുത്തുവേണം വാർത്ത റിപ്പോർട്ട് ചെയ്യേണ്ടത് എന്ന് തീരുമാനിച്ചിരുന്നു. ജി.ഇ.എ.സിയുടെ ശുപാർശ തള്ളി കർഷകരുടെ ചെറുത്തുനിൽപ്പിനൊടുവിൽ ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയുടെ ഉത്പാദനം രാജ്യത്ത് തന്നെ നിരോധിച്ച മുൻ പരിസ്ഥിതി വകുപ്പ് മന്ത്രി ജയറാം രമേശിൻറെ വഴി അനിൽ ദവേയും പിന്തുടരുമോ എന്നതായിരുന്നു മനസിലെ ചിന്ത. പ്രത്യേകിച്ച് ബിജെപി അനുകൂല കർഷക സംഘടനകളെല്ലാം തന്നെ ഇതിനെതിരെ ശക്തമായി രംഗത്തുള്ളപ്പോൾ. പക്ഷെ പ്രധാനമന്ത്രി മോദി നേരത്തെ ഗുജറാത്തിൽ ജനിതകമാറ്റം വരുത്തിയ പരുത്തികൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ച ചരിത്രമുള്ളതുകൊണ്ട് അനിൽ ദവേക്ക് ജയറാം രമേശ് കാണിച്ച ധീരത പ്രകടിപ്പിക്കാനാവുമോയെന്ന ചിന്തയും നിറഞ്ഞു. ബിജെപി ഭരിക്കുന്ന 8 സംസ്ഥാനങ്ങൾ ഇതുവരേയും ജനിതകമാറ്റം വരുത്തിയ കടുകിൻറെ പരീക്ഷണാർത്ഥമുള്ള ഉത്പാദനത്തിനോട് അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്യുമ്പോൾ. (രാജസ്ഥാനും മധ്യപ്രദേശും കേന്ദ്രത്തിന് വിയോജിപ്പ് വ്യക്തമാക്കികൊണ്ട് കത്ത് നേരത്തെ തന്നെ അയച്ചിട്ടുണ്ട്).
ദൃശ്യങ്ങളെല്ലാം പകർത്തിയതിനൊടുവിൽ പിടിസി യും എടുത്തു. വാർത്ത സൈൻ ഓഫ് ചെയ്തത് ഏതാണ്ടിങ്ങനെ

പ്രതിഷേധങ്ങളെ തുടർന്ന് ജനിതകമാറ്റം വരുത്തിയ വഴുതനങ്ങയക്ക് നിരോധനം നടപ്പാക്കിയ നാടാണ് ഇന്ത്യ. മുന്‍ പരിസ്ഥിതി മന്ത്രിയുടെ അതേ പാത അനില്‍ ദവേയും ഇപ്പോള്‍ സ്വീകരിക്കുമോയെന്നാണ് കർഷകർ ഉറ്റുനോക്കുന്നത് ...“

(വാര്‍ത്ത  താഴത്തെ  ലിങ്കില്‍ കാണാം)

https://www.youtube.com/watch?v=mDvIJ3GdaG0

മൂന്നാറിലെ പരിസ്ഥിതി പ്രശ്നം പഠിക്കാൻ നേരിട്ടെത്തിയ അനിൽ ദവേ മൂന്നാറിനെ കുറിച്ച് നന്നായറിയാവുന്ന സുഹൃത്ത് ഹരീഷ് വാസുദേവനിൽ നിന്ന് നേരിട്ട് കാര്യങ്ങൾ മനസിലാക്കിയിരുന്നു. ദവേക്ക് പരിസ്ഥിതി കാര്യങ്ങളിൽ കൃത്യമായ നിലപാട് ഉള്ളതായി തോന്നിയതായി ഹരീഷ് പറയുകയും ചെയ്തിരുന്നു. എന്നിരുന്നാൽ കൂടി ജനിതകമാറ്റം വരുത്തിയ കടുകിൻറെ കാര്യത്തിൽ വാണീജ്യതാൽപര്യംകൂടിയുള്ളതിനാൽ എന്തായിരിക്കും നിലപാടെന്ന് സംബന്ധിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷെ രാവിലെ ഓഫീസിലെത്തിയപ്പോൾ ആദ്യം കേട്ടവാർത്ത അനിൽ മാധവ് ദവെയെന്ന മന്ത്രി അന്തരിച്ചുവെന്നതാണ്. മനസിലേക്ക് ആദ്യം ഓടിയെത്തിയത് തലേന്നാളത്തെ പിടിസി ആയത് ഒരുപക്ഷെ യാദൃശ്ചികമാവാം.

ഡിസംബറിൽ ന്യുമോണിയ ബാധിച്ച അദ്ദേഹത്തിൻറെ ആരോഗ്യം പിന്നീട് മെച്ചപ്പെട്ടിരുന്നില്ലെങ്കിലും അദ്ദേഹം കൃത്യമായി കാര്യങ്ങൾ പഠിച്ചിരുന്നുവെന്ന് പലരും പിന്നീട് പറഞ്ഞു. മൂന്നാർ മലനിരകളിലെ പരിസ്ഥിതിനാശം നേരിട്ട് കണ്ട് മനസിലാക്കാൻ അദ്ദേഹമെത്തിയതെന്നതും പൂർണആരോഗ്യവാനല്ലാതെയായിരുന്നു. മൂന്നാർ സംരക്ഷണത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ അവസാന വാർത്താസമ്മേളനമെന്നാണ് തോന്നുന്നത്.

ആഗോളതാപനത്തെകുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമെല്ലാം പഠിക്കാനുള്ള വിവിധ സമിതികളിൽ അദ്ദേഹം അംഗമായിരുന്നുവെന്നും ബിയോണ്ട് കോപ്പൻഹേഗൻ എന്നപേരിൽ പരിസ്ഥിതി സംബന്ധിയായ പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ടെന്നുമെല്ലാം അറിഞ്ഞപ്പോൾ ഒരുപക്ഷെ അദ്ദേഹം  മണ്ണിനെ നശിപ്പിക്കുന്ന, കർഷകനെ നശിപ്പിക്കുന്ന, ഭക്ഷ്യസുരക്ഷയെ തകർക്കുന്ന ആ ശുപാർശയിൽ ഒപ്പുവെക്കില്ലായിരുന്നുവെന്ന് തോന്നി.

നർമദയുടെ കാവൽക്കാരനായിരുന്നു എന്നും അനിൽ ദവെ. മനുഷ്യൻ മാറിയില്ലെങ്കിൽ നർമദ ഒരു ക്രിക്കറ്റ് പിച്ചായി മാറുമെന്ന് ഭയന്നിരുന്ന നർമദയുടെ കാമുകൻ. നർമദ സംരക്ഷിക്കാൻ 19 ദിവസം റാഫ്റ്റിങ് നടത്തുകയും തീരത്ത് ചെറുവിമാനം പറത്തുകയും ചെയ്തിട്ടുണ്ട് ദവെ. നർമദയുടെ ഉത്ഭവം മുതൽ ബംഗാൾ ഉൾക്കടൽവരെയുള്ള പ്രയാണത്തെ കുറിച്ച് പുസ്തകവുമെഴുതി.


തൻറെ ഓർമയ്ക്ക് സ്തൂപങ്ങളോ സ്മൃതിമണ്ഡപങ്ങളോ അല്ല പണിയേണ്ടത്, മറിച്ച് ഒരു മരം നട്ടാൽ മതിയെന്നായിരുന്നുവത്രേ നർമദയുടെ കാമുകനെന്ന് വിശേഷിപ്പിക്കാവുന്ന അനിൽ മാധവ് ദവേയുടെ അന്ത്യാഭിലാഷം....

Thursday, 11 May 2017

ബുർഹൻ വാനിയല്ല, ഉമർ ഫായിസാണ് കശ്മീരിൻറെ ഹീറോ....

ഡിസംബർ പത്ത്

ലോക മനുഷ്യാവകാശ ദിനം

2016 ലെ ലോകമനുഷ്യാവകാശദിനത്തിലാണ് ഉമർ ഫായിസ് എന്ന കുൽഗാം സ്വദേശി ഇന്ത്യൻ കരസേനയിൽ ഉദ്യോഗസ്ഥനായി ചേർന്നത്. കരസേനയിൽ ലെഫ്റ്റനൻറായി ജോലിക്ക് കയറുമ്പോൾ എന്തെല്ലാം പ്രതീക്ഷകളായിരിക്കണം കശ്മീരിയായ ഉമർ ഫായിസ് മനസിൽ കരുതികാണുക. അശാന്തമായ തൻറെ താഴ്വരയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് അയാൾ കരുതികാണണം. പക്ഷെ ജോലിക്ക്
കയറി ആറ് മാസം കഴിയുമ്പോളേക്കും സ്വന്തം നാടിനുവേണ്ടി മരിക്കാനായിരുന്നു ഉമറിൻറെ വിധി. അമ്മാവൻറെ മകളുടെ വിവാഹത്തിനായി ഷോപ്പിയാനിലെ വീട്ടിലെത്തിയ പാവത്തെ തട്ടികൊണ്ടുപോയി വധിച്ചത് സ്വന്തം ദാരുണമായി കൊലപ്പെടുത്തിയത്
സ്വന്തം നാട്ടുകാർ തന്നെയാണ്. പ്രാദേശികസഹായത്തോടെ പ്രവർത്തിക്കുന്ന ആ തീവ്രവാദികളുടെ പേരാണ് ആസാദികൾ. ആരുടെ ആസാദിയാണ് അവരപ്പോൾ ആഗ്രഹിക്കുന്നത്? 

കഴിഞ്ഞ കുറേ നാളായ തെക്കൻ കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ തീവ്രവാദികൾ സ്വതന്ത്രമായി തന്നെ വിഹരിക്കാൻ തുടങ്ങിയിട്ട്. സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദിയുടെ ശവസംസ്ക്കാരത്തിൽ പരസ്യമായി ആയുധങ്ങളുമായെത്തി അന്ത്യോപചാരമർപ്പിക്കുന്നതിന് വരെ കഴിഞ്ഞദിവസങ്ങൾ സാക്ഷ്യം വഹിച്ചു. ഇത്രപരസ്യമായി തീവ്രവാദികൾ സ്വൈര്യവിഹാരം നടത്തുന്നത് പ്രദേശവാസികളുടെ സഹായത്തോടെയാണ് എന്നതിൽ സംശയിക്കേണ്ടകാര്യമില്ല. ഇതേ പ്രദേശവാസികൾ തന്നെയാണ് ഉമറിനെ തീവ്രവാദികൾക്ക് കാട്ടികൊടുത്തതെന്നതിലും സംശയം വേണ്ട.
23 കാരനായ ഉമർ ഫായിസ് നാഷണൽ ഡിഫൻസ് അക്കാദമിയിലെ മികച്ച വിദ്യാർത്ഥിയായിരുന്നു ഉമർ ഫായിസ്. കുൽഗാമിലെ ഒരു ആപ്പിൾ കർഷകൻറെ മകനായ ഉമർ  നാഷണൽ ഡിഫൻസ് അക്കാദമിയിലെ ഹോക്കി ടീമിലും വോളിബോൾ ടീമിലുമെല്ലാം അംഗമായിരുന്നു. അക്നൂരിലെ രജ്പുത്ന റെജിമെൻറിൽ ആദ്യപോസ്റ്റിങ് ലഭിച്ച് ജൻമനാട്ടിലെത്തിയപ്പോൾ തോന്നിയ ആ സന്തോഷം തീവ്രവാദികൾ തട്ടികൊണ്ടുപോയ ചെവ്വാഴ്ച്ചയിലെ ആ രാത്രിയിൽ ഒരുപക്ഷെ ഉമറിന് തോന്നികാണുമോ?

ഹർമൻ നദീയുടെ തീരത്ത് തീവ്രവാദികളുടെ വെടിയേറ്റും ദേഹമാംസകലും മുറിവുകളുമായി നിശ്ചലനായി കിടന്ന ഫയാസിനേക്കാൾ വലുതാണ് കശ്മീരികൾക്ക് തീവ്രവാദികൾ എന്നത് ചിന്തിക്കേണ്ടവിഷയമാണ്. കശ്മീരികളോട് സർക്കാരുകൾ കാലാകാലങ്ങളായി നടത്തിയ നെറികേടുകളുടെ ഫലമാണത് എന്ന്  വാദിക്കുന്നവരുണ്ടാകാം. കശ്മീരിന് ആസാദിവേണമെന്ന് വാദിക്കുന്നവരുണ്ടാകാം. കശ്മീരിനെ പാക്കിസ്ഥാനൊപ്പം ചേർക്കണമെന്ന് വാദിക്കുന്നവരുമുണ്ടാകാം. അല്ല, കശ്മീർ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്ന് വാദിക്കുന്നവരും ഉണ്ട്. ബുർഹാനിക്കൊപ്പം ഉമറിനൊപ്പം താരതമ്യം ചെയ്യുന്നവരുമുണ്ട്. ബുർഹൻ വാനിയുടെ ശവസംസ്ക്കാര ചടങ്ങിനെത്തിയതിൻറെ നാലിലൊന്നുപോലും ഉമറിൻറെ സംസ്ക്കാരചടങ്ങിനെത്തിയതില്ല എന്നത് തീവ്രവാദികൾക്ക് എത്രമാത്രം പിന്തുണ കശ്മീരിൽ ലഭിക്കുന്നുവെന്നതിൻറെ തെളിവാണ്. ബുർഹൻ വാനി കശ്മീരിൻറെ ആസാദിക്കുവേണ്ടിയാണ് പോരാടിയതെന്ന് വാദിക്കുന്നവർ എവിടെനിന്നാണ് ബുർഹൻ വാനി ആയുധാഭ്യാസം നേടിയതെന്ന് പരിശോധിക്കണം. ആരാണ് ബുർഹനും സംഘത്തിനും ആയുധങ്ങളും പണവും പരിശീലനവും നൽകുന്നതെന്ന് പരിശോധിക്കണം. ഉത്തരം പാക്കിസ്ഥാനിൽ നിന്ന്  എന്ന് തന്നെയാണ്. പാക്കിസ്ഥാൻ എന്തിനാണ് കശ്മീരിലെ യുവാക്കൾക്ക് പണവും ആയുധവും പരിശീലനവും നൽകുന്നത് എന്ന് ചിന്തിച്ചാൽ തീരാവുന്നആയുസേ ആ സംശയത്തിനുള്ളു. ഇന്ത്യയിൽ ആഭ്യന്തരകലാപം – പ്രത്യേകിച്ച് കശ്മീരിൽ - നിരന്തരം സൃഷ്ടിക്കുക എന്ന ഏകലക്ഷ്യം. ഇപ്പോൾ കശ്മീരിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ശ്രദ്ധിച്ചാൽ ഇക്കാര്യം വ്യക്തമാണ്. അതായത് കല്ലെറിയുന്ന പ്രക്ഷോഭകാരികളെല്ലാം അവകാശപ്പെടുന്നത് ആസാദിക്കുവേണ്ടിയാണ് തങ്ങളെറിയുന്ന ഓരോ കല്ലുകളുമെന്നാണ്, പക്ഷെ അവരുടെയെല്ലാം കയ്യിലുള്ളത് പാക്കിസ്ഥാൻ പതാകകളാണ്, പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെല്ലാം കോളേജിൽ കെട്ടുന്നത് പാക്ക് പതാകകളാണ്. അപ്പോൾ അതാണോ ആസാദി? പാക്കിസ്ഥാനിലേക്കുമില്ല, ഇന്ത്യയിലേക്കുമില്ല എന്നവാദം പൊള്ളയാണന്നല്ലേ ഇത് തെളിയിക്കുന്നത്.  പാക്കിസ്ഥാനിലെ തീവ്രവാദികളും പാക്ക് സൈന്യത്തിൻറെ ബോർഡർ ആക്ഷൻ ട്രൂപ്പും പിന്നെ തീവ്രവാദസംഘടനകളും തന്നെയാണ് ഇത്തരം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നതെന്നതിൻറെ വ്യക്തമായ തെളിവുതന്നെയാണ് ഇതെല്ലാം. 

കഴിഞ്ഞയാഴ്ച്ച കെജി സെക്ടറിൽ രണ്ട് ഇന്ത്യൻ പട്ടാളക്കാരെ വധിച്ച് തലയറുത്ത് മാറ്റിയപ്പോളടക്കം എത്രതവണ ജനീവ കൺവെൻഷൻ കരാർ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി തെളിയിച്ചവരാണ് പാക്കിസ്ഥാൻ. കശ്മീർ തങ്ങളുടേതാണ് അവിടുത്തെ പ്രശ്നം പരിഹരിക്കാൻ ഇടപെടുമെന്ന് പരസ്യമായി എത്രതവണ പാക്ക് അധികൃതർ പറഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ കശ്മീരിലെ ആഭ്യന്തരസംഘർഷത്തിൽ പാക്കിസ്ഥാന് പങ്കില്ല, കശ്മീരികൾ സ്വയം നടത്തുന്ന സ്വാതന്ത്രയപോരാട്ടമാണെന്ന വാദം വെറും പൊള്ളയാണ്.
ഇന്ത്യ ബലൂചിസ്ഥാൻ ആസാദികൾക്ക് നൽകുന്ന പിന്തുണയും ഇങ്ങനെതന്നെയാണ് കാണേണ്ടത്. ബലൂചിസ്ഥാനിനെ സ്വാതന്ത്ര്യപോരാളികൾക്ക് പിന്തുണ നൽകുന്നതരത്തിൽ ഇന്ത്യൻ അധികാരത്തിലേക്കുള്ള, അവകാശത്തിലേക്കുള്ള കടന്നുകയറ്റമാണ്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിനോട് കശ്മീരി ജനത കാണിച്ച വിമുഖത നല്ല പ്രവണതയല്ല. ഇന്ത്യൻ ജനാധിപത്യത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന കശ്മീരി ആസാദികളുടെ പ്രതിനിധികൾ മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രക്രിയയില്ർ സജീവമായി തന്നെ ഇടപെട്ടിട്ടുണ്ട്. തൊട്ടുമുമ്പത്തെ അസബ്ലിതിരഞ്ഞെടുപ്പിൽ പോലും സാമാന്യം ബേധപ്പെട്ട പോളിങ് തന്നെയാണ് നടന്നിട്ടുള്ളത്. അപ്പോൾ അതിൽ നിന്ന് ഉപതിരഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എന്തുകൊണ്ട് ജനം വിമുഖത പ്രകടിപ്പിക്കുന്നുവെന്നത് പരിശോധിക്കണം.
ബിജെപിയുമായി ചേർന്ന് പിഡിപി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചത് ഒരുമുഖ്യകാരണമാകണം. ഹിന്ദുത്വ അജണ്ടയുള്ള ബിജെപിയുമായി ചേർന്ന് പിഡിപി സർക്കാർ രപീകരിച്ചത് മുസ്ലീം ഭരിപക്ഷപ്രദേശമായ കശ്മീരിൽ ചില്ലറയൊന്നുമല്ല ആശങ്ക സൃഷ്ടിച്ചിരിക്കുക. ഇത് നന്നായി തന്നെ തീവ്രവാദികൾ ഉപയോഗിച്ചുവെന്ന് വേണം കരുതാൻ. വർഗ്ഗീയധ്രുവീകരണത്തിന് ഇത് നല്ലതുപോലെ വിനിയോഗിച്ചുവെന്നത് തന്നെയാണ് ബുർഹൻ വാനിയുടെ മരണത്തിന് ശേഷം നടന്ന സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. മാത്രവുമല്ല, കേന്ദ്രത്തിൽ ബിജെപി സർക്കാരാണെന്നതും പാക്കിസ്ഥാനോട് കടുത്തവിരോധം വെച്ചുപുലർത്തുന്ന ബിജെപിക്കാർ കശ്മീരിനെ അടിച്ചമർത്തുമെന്ന ഭീതിയും ഒരുപക്ഷെ ജനങ്ങളെ വ്യാകുലരാക്കിയിരിക്കാം. ഈ ആശങ്കയെല്ലാം യുവാക്കളിൽ ശക്തമായസമയത്ത് തന്നെ പണവും ആയുധവും പരിശീലനവും നൽകി പാക്ക് തീവ്രവാദകേന്ദ്രങ്ങളും പാക്ക് സൈന്യവും മുതലെടുത്തുവെന്നതിൻറെ ഫലമാണ് പിന്നീടുണ്ടായ സംഭവങ്ങൾ. താഴ്വര അതിനുമുമ്പ് സമാധാനത്തിലേക്ക് മടങ്ങിപോകുകയും വിനോദസഞ്ചാരമടക്കമുള്ളവ വലിയതോതിൽ തിരിച്ചുവരുകയും ചെയ്തതാണെന്നത് മറക്കരുത്. 

കശ്മീരിൽ നടന്ന ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളും സുതാര്യവും നീതിപൂർവ്വമായിരുന്നില്ലെന്നും ഹിതപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്നവരുമുണ്ട് സമൂഹത്തിൽ. പക്ഷെ തിരഞ്ഞെടുപ്പ് തന്നെ നീതിപൂർവ്വമായിരുന്നില്ലെങ്കിൽ പിന്നെ ഹിതപരിശോധന മാത്രം എങ്ങനെ സുതാര്യവും നീതിപൂർവ്വമായിരിക്കും?

കശ്മീരിലെ പ്രശ്നങ്ങൾക്ക് ചർച്ചകൾ അനിവാര്യമാണ്. വിഘടനവാദികളോട് ചർച്ചയില്ലെന്ന ഇന്ത്യൻ സർക്കാരിൻറെ നിലപാട് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കാനേ വഴിവെക്കു. സൈന്യം ധാരാളം അതിക്രമങ്ങൾ കശ്മീരികളോട് ചെയ്തിട്ടുണ്ട്, ഭരണകൂടവും. സംശയമില്ല. ചർച്ചകൾ തുടരണം. സൈന്യം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങൾ സംബന്ധിച്ച് പരിശോധനവേണം, നടപടി വേണം. ഒപ്പം തന്നെ സമാധാനം കെടുത്താൻ മനപ്പൂർവ്വം ശ്രമിക്കുന്ന തീവ്രവാദികൾക്കെതിരെ ശക്തമായ പോരാട്ടവും. അതിന് കശ്മീരികളുടെ പിന്തുണയും വിശ്വാസവും ആർജ്ജിക്കാനാവണം. പ്രശ്നക്കാരെ ഒറ്റപ്പെടുത്താനും അകറ്റിനിർത്താനും ഇത് സഹായിക്കും. കശ്മീരിൽ നിന്ന് പലായനം ചെയ്ത് കശ്മീർ പണ്ഡിറ്റുകളേയും ചർച്ചയുടെ ഭാഗമാക്കണം.

മകൻറെ മൃതദേഹത്തിൽ ദേശിയപതാക പുതപ്പിച്ച് സൈനിക ബഹുമതികൾ നൽകിയ പട്ടാളക്കാരോടോ ഉദ്യോഗസ്ഥരോടോ ഉമറിൻറെ ബാപ്പ ഒന്നുമിണ്ടിയില്ല. വാവിട്ട് കരഞ്ഞ് ഉമറിൻറെ തലഭാഗത്ത് ഉമ്മയിരുന്നു. പരസ്പരം ഒന്ന് ആശ്വസിപ്പിക്കാൻപോലുമാവാതെ സഹോദരിയും ബന്ധുക്കളും കൂട്ടുകാരുമെല്ലാം. ആസാദികൾ എന്നവകാശപ്പെടുന്നവരപ്പോഴും കശ്മീരിലെ ഏതൊക്കെയോ തെരുവോരങ്ങളിൽ കല്ലെറിഞ്ഞുകൊണ്ടിരുന്നു. മൌനമായി ഇരുന്ന ആ വൃദ്ധൻറെ മനസിൻറെ വേദന ആർക്കളക്കാനാവും? ഈ ആസാദികൾക്ക് കശ്മീരിയായ ഉമർ ഫയാസിൻറെ ഉമ്മയുടെ കണ്ണീരിന് മറുപടി നൽകാനാവുമോ? ഉമറിൻറെ ബാപ്പയുടെ മൌനത്തിന് മറുപടി നൽകാനാവുമോ? ബുർഹൻ വാനിക്ക് മാത്രമല്ല, ഉമറിനുമുണ്ട് ഉമ്മയും ബാപ്പയും. 

കശ്മീരികളെല്ലാം ഇന്ത്യക്കെതിരെ സമരത്തിലാണെന്ന വാദങ്ങൾ അടിസ്ഥാനരഹിതമാണ്. കശ്മീരിൽ സമാധാനകാംക്ഷികളായ നിരവധിപേരിപ്പോഴുമുണ്ട്. അവരുടെ പ്രതിനിധിയാണ് ഉമർ ഫയാസ്. കലാപങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ പ്രതിനിധിയാണ് ബുർഹൻ വാനി. ഇവരിൽ തീർച്ചയായും ഉമർ ഫായിസായിരിക്കും കശ്മീരിൻറെ യഥാർത്ഥ ഹീറോ.
Wednesday, 3 May 2017

മാധ്യമസ്വാതന്ത്ര്യം കറുപ്പടിക്കലല്ല, ഭയക്കാതെ പറയലാണ്

മാധ്യമസ്വാതന്ത്ര്യസൂചിക വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു. നോർവെ ഒന്നാമതുണ്ട്. അവസാനം ഉത്തര കൊറിയയും. 
ലോകത്തിലെ മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിൻറെ അടയാളപ്പെടുത്തൽ. ഒരുകാലത്തും അത്രമികച്ച ജോലിയായി ആരും കരുതുന്നില്ലെങ്കിലും മാധ്യമസ്വാതന്ത്ര്യമെന്നത് വിമർശകരും അല്ലാത്തവരുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നതാണ്. പക്ഷെ മാധ്യമസ്വാതന്ത്ര്യമെന്നത് വാക്കിൽ മാത്രമാണ് പലയിടത്തുമെന്നതാണ് വസ്തുത. അതിൻറെ ഏറ്റവും വലിയ തെളിവാണ് മേൽ പറഞ്ഞ സൂചിക. വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും പട്ടിണിരാജ്യങ്ങളിലുമെല്ലാം മാധ്യമപ്രവർത്തകർക്കെതിരെയുള്ള, മാധ്യമസ്ഥാപനങ്ങൾക്കതിരെയുള്ള അതിക്രമം രൂക്ഷമായി തുടരുന്നു.
world press freedom index 2017
കയ്യൂക്കുകൊണ്ട് മാത്രമല്ല, കാടൻ നിയമങ്ങൾക്കൊണ്ടും മാധ്യമങ്ങളേയും മാധ്യമപ്രവർത്തകരേയും അടിച്ചമർത്തുകയാണ് സർക്കാരുകളും മാഫിയസംഘങ്ങളും. ഇതിനെല്ലാം പുറമെയാണ് ലോകമാധ്യമരംഗം കുത്തകകൾ കയ്യടക്കുന്നതിലൂടെ നഷ്ടമാകുന്ന അറിയാനുള്ള സ്വാതന്ത്ര്യം. ജനത്തിൻറെ അറിയാനുള്ള അവകാശം കൂടി സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ മാധ്യമസ്വാതന്ത്ര്യവും യാഥാർത്ഥ്യമാകുന്നുള്ളു. അതിനാൽ തന്നെ  അമേരിക്കയിലടക്കം വൻകിട കോർപറേറ്റുകൾ മാധ്യമങ്ങളെ വിഴുങ്ങുമ്പോൾ ഹനിക്കപ്പെടുന്നത് മാധ്യമസ്വാതന്ത്ര്യമാണ്. വസ്തുതകൾ മറച്ചുവെച്ച് തങ്ങൾക്കനുകൂലമായ വാർത്തൾ മാത്രം റിപ്പോർട്ട് ചെയ്യുകയോ വക്രീകരിക്കുകയോ ചെയ്യുന്നതും കൊല്ലുന്നത് മാധ്യമസ്വാതന്ത്ര്യത്തെയാണ്. 
മാധ്യമസ്വാതന്ത്ര്യമെന്നത് തങ്ങള്‍ക്കിഷ്ടപ്പെട്ട വാര്‍ത്തകള്‍മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതിനു ള്ള സ്വാതന്ത്ര്യമാണെന്നും തങ്ങളുടെമാത്രം പി ആര്‍ ഓ മാരായി വര്‍ത്തിക്കുന്നവര്‍ക്കുള്ള പാരിതോഷികമാണെന്നും ഇതിലൂടെ ചിലമാധ്യമമുതലാളിമാരെങ്കിലും സാക്ഷ്യപ്പെടുത്തുന്നു. 
നമ്മുടെ രാജ്യത്ത് തന്നെ എത്രമാധ്യമപ്രവർത്തകരാണ് വേട്ടയാടപ്പെടുന്നത്, ആക്രമിക്കപ്പെടുന്നത്. അതിനെകുറിച്ച് നാം എന്നാണ് ബോധവാൻമാരാകുക. ലോകമാധ്യമസ്വാതന്ത്ര്യസൂചികിയില്‍ 136 ആം സ്ഥാനത്തുള്ള ഇന്ത്യയെ മറന്ന് നമുക്ക് ഇംഗ്ലണ്ടിലേയും ആഫ്രിക്കയിലേയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേയും അസ്വാതന്ത്ര്യത്തെ കുറിച്ച് മാത്രം വാചാലരായാൽ മതിയോ? നമ്മുടെ ചുറ്റും നടക്കുന്നത് നാം സൌകര്യപൂർവ്വം മറന്നുകൊണ്ട് മറ്റ് രാജ്യങ്ങളിലെ കുറ്റങ്ങളെ കുറിച്ച് പരദൂഷണം പറയുന്നതിൽ അർത്ഥമില്ല. നല്ലസമൂഹത്തെ വാർത്തെടുക്കലാണ് മാധ്യമപ്രവർത്തനംകൊണ്ട് ലക്ഷ്യമിടുന്നതെങ്കിലും മാധ്യമങ്ങൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സാഹചര്യം നാം തീർക്കണം. അല്ലെങ്കിൽ അഴിമതിയും ചുവപ്പുനാട സംസ്ക്കാരവും മുത്തലാളിത്ത ചൂഷണവും വിഐപി ധാർഷ്ട്യവുമെല്ലാം നാം ഇനിയും സഹിക്കേണ്ടിവരും. മറ്റൊരു അടിമത്വത്തിന് നാം വഴങ്ങേണ്ടിവരും. ഒന്നുകുതറാനുള്ള ശക്തിപോലുമില്ലാതെ.
ജോലിയുടെ പേരിൽ കേരള ഹൈക്കോടതിയിലും ഡല്‍ഹി പട്യാലകോടതിയിലും മൂന്നാറിലും ഉത്തരേന്ത്യയിലെ മുക്കിലും മൂലയിലുമെല്ലാം തല്ലുകൊള്ളുന്നവരും സിറിയയിലും അഫ്ഘാനിസ്ഥാനിലുമെല്ലാം ബന്ദികളാക്കപ്പെട്ടവരും എടുത്ത പണിക്ക് കൂലി ചോദിക്കുന്നവനും ജിവിത ചിലവേറുമ്പോള്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെടുന്നവനും അര്‍ഹമായ അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുന്നവന് സ്വാതന്ത്ര്യമെന്ന വാക്ക് പോലും ഉച്ഛരിക്കാന്‍ അര്‍ഹതയില്ലാത്തവനാണെന്നും ഇതേ ദിവസം നമ്മെ ഓര്‍മിപ്പിക്കുന്നു. ആദ്യപേജില്‍ വാര്‍ത്തകളും ചിത്രങ്ങളും കറുപ്പടിച്ചാല്‍ അത് മാധ്യമസ്വാതന്ത്ര്യത്തെയല്ല, ജനത്തിന്‍റെ അറിയാനുള്ള അവകാശത്തെയാണ് മാതൃഭൂമി നിങ്ങൾ നിഷേധിക്കുന്നത്. എതിര്‍പ്പിനെ മറികടന്നും വാ‍ര്‍ത്തകള്‍ നല്‍കുന്നതാണ് ഹീറോയിസം, അല്ലാതെ കറുപ്പടിച്ച് മറക്കലല്ല.
മാധ്യമപ്രവര്‍ത്തകന് ഭീതികൂടാതെ റിപ്പോര്‍ട്ട് ചെയ്യാനും ചെയ്യുന്നപണിക്ക് കൂലി ലഭിക്കുകയും ചെയ്യുന്ന സുവര്‍ണകാലഘട്ടം എന്നുവരുന്നോ അന്നേ മാധ്യമസ്വാതന്ത്ര്യം പുലരു. അതേജാഗ്രത മാധ്യമപ്രവര്‍ത്തകനും പുലര്‍ത്തിയാലേ മാധ്യമധര്‍മ്മവും വിജയിക്കു.
അഫ്ഘാനിസ്ഥാനിൽ താലിബാൻ തലവെട്ടിയ വാൾ സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവർത്തകനായ ഡാനിയൽ പേളിനെ ഓർക്കുക, സർക്കാരുകൾ തടവിലാക്കിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നീതിന്യായപീഠങ്ങളുടെ വാതിൽക്കൽ അടികൊണ്ടുവീണ മാധ്യമപ്രവർത്തകരെ ഓർക്കുക, പ്രതികരിച്ചതിൻറെ പേരിൽ മുതലാളികൾ വേട്ടയാടിയ മാധ്യമപ്രവർത്തകരെ ഓർക്കുക, നാലാം ലിംഗക്കാരെന്ന് അധിക്ഷേപം കേട്ട് പണിയെടുക്കുന്നവരെ ഓർക്കുക.... അവരുടെ സ്വാതന്ത്ര്യവും കൂടിയാണ് മാധ്യമസ്വാതന്ത്ര്യമെന്നത്.... 

Monday, 1 May 2017

റോഡ് ഒരു സർക്കസ് കൂടാരം

ഡൽഹിയിലെ റോഡുകൾ എന്നത് കാണാൻ മനോഹരമാണ്. പ്രത്യേകിച്ച് നഗരഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന പാർലമെൻറിനും ഇന്ത്യാഗേറ്റിനുമെല്ലാം ചുറ്റുമള്ള വീഥികൾ. നല്ല വീതിയേറിയ, ഇരുവശവും മരങ്ങൾ തണൽ വിരിച്ച് നിൽക്കുന്ന വീഥികൾ. രാജവീഥികൾ എന്ന് തന്നെ വിശേഷിപ്പിക്കാം. പക്ഷെ ഈ നിരത്തുകളിലൂടെ വാഹനമോടിക്കുന്നവരുടെ ലൈസൻസ് ആദ്യം റദ്ദാക്കണം. അത്രയേറെ അസഹനീയമാണ് അശ്രദ്ധയോടെയുള്ള വാഹനമോടിക്കൽ. ഡൽഹിയിലെ ഡ്രൈവർമാരെ കുറിച്ച് ഓഫീസിലെ ഡ്രൈവർ റിസ്വാൻ പറഞ്ഞത് വസ്തുതയാണ്. ഇവിടെ 95 ശതമാനം പേരും ട്രാഫിക്ക് നിയമം പാലിക്കില്ല. അതിൽ 90 ശതമാനം പേർ നിയമം അറിഞ്ഞിട്ടും തെറ്റിക്കുന്നവരാണ്. ശേഷിക്കുന്നവരിൽ 80 ശതമാനം പേരും നിയമം തങ്ങൾക്ക് ബാധകമേയല്ല എന്നപക്ഷക്കാരാണ്. 70 ശതമാനത്തിനാകട്ടെ ഇങ്ങനെയൊക്കെ നിയമമുണ്ടെന്ന് അറിയാനേവഴിയില്ല. ഇനി നിയമം പാലിച്ച് വാഹനമോടിക്കുന്ന 5 ശതമാനത്തെയാകട്ടെ ശേഷിക്കുന്നവർ ചേർന്ന് നിയമം പാലിക്കാൻ അനുവദിക്കത്തുമില്ല, അവരൊട്ട് എവിടേയും നേരത്തിന് എത്തത്തുമില്ല. റിസ്വാൻ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. ഇങ്ങനാണ് ഡൽഹിയിലെ ഡ്രൈവർമാർ. എല്ലാവർക്കും തിരക്കാണ്, അതിനാൽ തന്നെ രെജിസ്റ്റേർഡ് ബിഎംഡബ്യൂ കാറിലും ഫെരാരി കാറിലുമെല്ലാം നിരവധി സ്ക്രാച്ചുകളും ഇടിച്ചപാടുകളുമെല്ലാം കാണാം. പിന്നെ വണ്ടിയിടിച്ചാലും ഈ തിരക്കിൽ പലപ്പോഴും ഇവരാരും ഇറങ്ങി തർക്കിക്കാനൊട്ടും നിൽക്കത്തുമില്ല. പിന്നെ ഒന്നുണ്ട്, ബൈക്ക് യാത്രക്കാർ നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണം. അത് പിന്നിലിരിക്കുന്നവർക്കും നിർബന്ധമാണ്. അതുപോലെ തന്നെ സീറ്റ് ബെൽറ്റും. ഡ്രൈവർമാത്രമല്ല, ഫ്രണ്ട് സീറ്റിലിരിക്കുന്നയാളും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം. ഇല്ലെങ്കിൽ നിയമം ലംഘിച്ച ആൾ തന്നെ ഫൈനടക്കണം. നാട്ടിൽ ഈ ശീലമില്ലാത്തതിനാൽ പലപ്പോഴും വണ്ടിയിൽ കയറുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാൻ മറന്നുപോകും.

ഗല്ലികളിലെ ഇടുങ്ങിയതും തിരക്കേറിയതുമായ നിരത്തുകളിലൂടെയും അമിതവേഗതയിൽ തന്നെയാണ് ഇരുചക്രവാഹനങ്ങളും ഉച്ചത്തിൽ ഹോണടിച്ചുകൊണ്ട് പായുന്നത്. ആർക്കും യാതൊരുപരാതിയുമില്ല, ദേഷ്യവുമില്ല. നാട്ടിലായിരുന്നുവെങ്കിൽ വീട്ടിലിരുന്നവരേയും മരിച്ചുപോയ ബന്ധുക്കളേയുമെല്ലാം പലകുറി അഭിസംബോധന ചെയ്തിട്ടുണ്ടാകും. പലപ്പോഴും നേരിയവ്യത്യാസത്തിനാണ് ഇടിക്കാതെയും ഉരയ്ക്കാതെയും വാഹനങ്ങൾ കടന്നുപോകുക. അതിനിടയിലൂടെ ശബ്ദമില്ലാതെ കടന്നുവരുന്ന ഇലക്ട്രിക്ക് റിക്ഷകളും സൈക്കിൾ റിക്ഷകളും വേറെ. ഇതിനിടുയിലൂടെ ഒട്ടും ക്ഷമയില്ലാതെ സർക്കസുകാരുടെ മെയ് വഴക്കത്തോടെ റോഡ് മുറിച്ച് കടക്കുന്ന കാൽനടക്കാരും. ഇതിനെല്ലാം പുറമെ റോഡിൻറെ വീതി വെട്ടികുറച്ച് ഇരുവശത്തും അണിനിരക്കുന്ന കച്ചവടക്കാരും യാജകരും. എല്ലാം ചേർന്ന് ആകെ മൊത്തം ഒരു പൂരപ്പറമ്പാണ് ഇന്ദ്രപ്രസ്ഥത്തിലെ റോഡുകൾ.

വെളിനാട്ടിൽ നിന്നെത്തുന്നവർ സ്വാഭാവികമായും ഇന്ത്യൻ നിരത്തുകളിലെ വാഹനശല്യം കണ്ട് അന്തം വിട്ടുപോകുമെന്നുറപ്പ്. ഇത് കണ്ട് അവർ വിമർശിച്ചാൽ അവരെ കുറ്റം പറയേണ്ട, കുറ്റംപറയേണ്ടത് നമ്മുടെ ഡ്രൈവിങ്ങ് സംസ്ക്കാരത്തെയാണ്, സംവിധാനങ്ങളെയാണ്.Saturday, 29 April 2017

മന്ത്രിയുടെ കൂടിക്കാഴ്ച്ചയും രാഷ്ട്രീയവും

കഴിഞ്ഞദിവസം കേന്ദ്ര കായിക മന്ത്രി വിജയ്ഗോയൽ ഔദ്യോഗിക വസതിയിൽ ഒരു വാർത്താസമ്മേളനം വിളിച്ചു. ഫിഫ അണ്ടർ 17 ലോകക്കപ്പിനുള്ള കൊച്ചിയിലെ ഒരുക്കങ്ങൾ വിലിയിരുത്തുന്നതിനായി കേരളത്തിലേക്ക് പോകുന്നതിന് മുന്നോടിയായി ഒരു കൂടിക്കാഴ്ച്ചയെന്നായിരുന്നു സന്ദേശം. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ആ സന്ദേശം ലഭിച്ചപ്പോൾ അവിടെ മറ്റ് സംസ്ഥാനത്തിലെ മാധ്യമപ്രവർത്തകരേയും പ്രതീക്ഷിച്ചു. പക്ഷെ എത്തിയപ്പോൾ കേരളത്തിൽ നിന്നുള്ള മാധ്യമപ്രവർത്തകർ മാത്രം.
രണ്ടരക്കായിരുന്നു വാർത്താസമ്മേളനം പറഞ്ഞിരുന്നത്. പക്ഷെ നേരത്തിന് തുടങ്ങിയില്ല. പക്ഷെ നമ്മളെ ഞെട്ടിച്ചുകളഞ്ഞ സ്വീകരണമായിരുന്നു അദ്ദേഹത്തിൻറെ ഓഫീസിൽ നിന്ന് ലഭിച്ചത്. ജൂസിന് വലിയ പാത്രങ്ങളിൽ പിന്നാലെ രസഗുളയും ചാട്ടുമെല്ലാം കഴിക്കാനായി മുന്നിൽ നിരന്നു. ഉത്തരേന്ത്യക്കാർ നമ്മുടെ കോഴിക്കോട്ടുകാരെ പോലെ സ്വീകരണപ്രിയരാണോയെന്ന് സംശയിച്ചുപോയി. ഒരുപക്ഷെ ആയിരിക്കാം. ഉത്തരേന്ത്യൻ ഭക്ഷണങ്ങൾക്കെല്ലാം വല്ലാത ഒരു രുചിയാണ്. ചിലത് നല്ല രൂചി, ചിലതിനാണെങ്കിൽ ഒരു വികാരവുമില്ല. മധുരവും ചവർപ്പും പുളിയും എരിവുമെല്ലാം കലർന്ന വിഭവങ്ങൾ.
ചാട്ടും ജ്യൂസുമെല്ലാം കഴിച്ചങ്ങനെയിരിക്കുമ്പോൾ വൈകിയതിനെ ക്ഷമാപണവുമായി മന്ത്രിയെത്തി. സാധാരണ ഗോസായി മന്ത്രിമാരെ പോലെയല്ലെന്ന് തോന്നി. വന്നയുടനെ വന്ന് ഓരോരുത്തരേയും നേരിൽ പരിചയപ്പെട്ടു. പിന്നെ ഒരു കസേരയും വലിച്ചിട്ട് കുറച്ചുനേരം കുശലം പറഞ്ഞിരുന്നു. പിന്നെ വാർത്താസമ്മേളനത്തിനുശേഷം വീണ്ടും ഏറെ തിരക്കുണ്ടായിട്ടും പഴയ കസേരയിൽ വന്നിരുന്ന് സ്പോർട്സ് മന്ത്രാലയം അത്ലറ്റുകളെ ചെറുപ്പത്തിലെ കണ്ടെടുക്കുന്നത് സംബന്ധിച്ചുള്ള പദ്ധതികളെ കുറിച്ച് വാചാലനായി. കൃത്യമായ ലക്ഷ്യത്തോടെയെന്നപോലെയുള്ള പെരുമാറ്റം. കേരളത്തിലെ മാധ്യമപ്രവർത്തകരുമായി അടുത്തബന്ധം സ്ഥാപിക്കുന്നതും പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം കൂടിക്കാഴ്ച്ചകൾ എന്നതിൽ സംശയംവേണ്ട.
കേരളമെന്നത് ബിജെപിയുടെ അടുത്ത വലിയ ലക്ഷ്യങ്ങളിലൊന്നാണ്. സംശയമില്ല. അത് ലക്ഷ്യംവെച്ചുള്ള പ്രവർത്തനം തന്നെയാണ് ഡൽഹി കേന്ദ്രീകരിച്ച് ബിജെപി നടത്തുന്നതും. എത്രകാലം ബിജെപിയുടെ കടന്നുവരവിനെ മതേതരകേരളത്തിന് ചെറുത്തുനിൽക്കാമെന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. പറഞ്ഞുവന്നത് കേരളത്തിനെ തങ്ങൾ എത്രമാത്രം കെയർ ചെയ്യുന്നുവെന്നത് വ്യക്തമാക്കുന്ന പ്രവർത്തനമാണ് കേന്ദ്രമന്ത്രിമാരും ദില്ലിയിൽ ചെയ്യുന്നത്. അടിക്കടി കേരളത്തിലേക്ക് ചെറുതും വലുതുമായ പരിപാടികൾക്കായി ഓടിയെത്തുന്ന കേന്ദ്രമന്ത്രിമാർ ഒരു സൂചനയാണ്.
ഇവയെല്ലാം കൃത്യമായി ഗ്രാസ് റൂട്ട് ലെവലിലെത്തിക്കാനുള്ള പലപദ്ധതികളും ബിജെപി നടത്തുന്നുണ്ട്. അത് എത്രമാത്രം പ്രത്യക്ഷത്തിൽ  പ്രകടമാണെന്നത് സംബന്ധിച്ച് തർക്കമുണ്ടാകാം. പക്ഷെ വളരെ ഭയക്കേണ്ടുന്ന നീക്കം തന്നെയാണത്. വർഗ്ഗീയത പറഞ്ഞുകൊണ്ട് കേരളത്തിലെ മതേതരമനസിൽ വിള്ളൽ വീഴ്ത്താമെന്ന് ബിജെപി ഇപ്പോൾ അങ്ങനെ കരുതുന്നില്ല. അതിന് പകരം കേന്ദ്രത്തിലെ ബിജെപി സർക്കാർ എന്തൊക്കെയോ ചെയ്യുന്നുണ്ടെന്ന് ജനത്തിൽ ഒരു ധാരണയുണ്ടാക്കുക വഴി സ്പെയിസ് കണ്ടെത്താൻ തന്നെയാണ് ഇവരുടെ ശ്രമം. കേരളത്തിലെ മുന്നണികളിലെ ഐക്യമില്ലായിമയും അസ്വാരസ്യങ്ങളും ഗുണം ചെയ്യുമെന്നും ഇവർ പ്രതീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ട് ശതമാന വർദ്ധന ബിജെപിയ്ക്ക് ആത്മവിശ്വാസം നൽകുന്നുമുണ്ട്. അതിനാൽ തന്നെ ഇത്തരം പി ആർ വർക്കുകൾ മന്ത്രിമാർ നേരിട്ടും ചെയ്യും.
മോഡി അവരെ കൊണ്ട് ഒന്നും ചെയ്യിക്കാത്തത് കൊണ്ടാണ് ഇത്തരം ഗിമ്മിക്കുകൾ മന്ത്രിമാർ ചെയ്യുന്നതെന്ന് കളിയാക്കി ഇനിയും ഇരുന്നാൽ മണ്ടത്തരമാകുമെന്നുറപ്പ്. തങ്ങളുടേതായ ഒരു സ്പേസ് കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ സ്വത്വം പുറത്തെടുക്കുക എന്ന കുതന്ത്രം തന്നെയാകും കേരളത്തിലും സംഘപരിവാരശക്തികൾ പ്രയോഗിക്കുക.


Thursday, 27 April 2017

ഡൽഹി തെരുവിലെ മുംബൈ കുൽഫി

പഹാഡ് ഗഞ്ചിലെ റെക്സ് ഹോട്ടലിലാണ് താൽക്കാലിക താമസം. ആർ കെ ആശ്രമം മെട്രോ സ്റ്റേഷനുസമീപത്ത്. ഹോട്ടലിന് നേരെ മുന്നിൽ ഒരു ബാറാണ്. ഗ്രീൻ ചില്ലീസ്. കളർ ഗ്ലാസുകളും ലൈറ്റുകളും കൊണ്ട് അലങ്കരിച്ച ഒരു ലൈവ് മ്യൂസിക്ക് ബാർ. എൻറെ 115 ആം നമ്പർ മുറിയും ബാറിന് നേരെ മുന്നിലാണ്. രാത്രിയിൽ ബാറിൽ നിന്നുള്ള പഞ്ചാബി സംഗീതവും വെസ്റ്റേൺ മ്യൂസിക്കും കേൾക്കാം. ഡാൻസ് ഫ്ലോറും ഉണ്ടെന്ന് തോന്നുന്നു. സർദാർജിമാരാണ് ഏറെയും ആ ബാറിലെ കസ്റ്റമേഴ്സ് എന്നുതോന്നുന്നു. ബാറിലെ സംഗീതവും ബഹളവുമെല്ലാം കേട്ടപ്പോൾ ഡിഫൻസ് കോഴ്സ് കാലത്തെ ആർമിയുടെ ഡിജെ പാർട്ടികളും ആട്ടവും മനസിലേക്ക് ഓടിവന്നു. സിലിഗുരിയിലും സിക്കീമിലുമെല്ലാം എത്രയെത്ര ബറാഖാനകൾ... ഏറെ വൈകിയും പാട്ടിനൊപ്പം ആടിതിമിർത്ത രാത്രികൾ...ആഘോഷങ്ങൾ...

രാത്രിയിൽ ഭക്ഷണം കഴിക്കാനായി വേണമെങ്കിൽ കേരള ഹോട്ടൽ അടുത്ത് തന്നെ ഉണ്ടെന്ന് പറഞ്ഞുതന്നത് ഹോട്ടലിലെ മാനേജരായ രഞ്ജിത്താണ്. എറണാകുളം കാക്കനാട് സ്വദേശിയാണ് രഞ്ജിത്ത്. വർഷങ്ങളായി ഡൽഹിയിൽ ഹോട്ടൽ നടത്തുന്നു.

പഹാഡ് ഗഞ്ചിലെ മാർക്കറ്റിലൂടെ 10 മിനുട്ട് നടക്കണം കേരള ഹോട്ടലിലെത്താൻ. തിരക്കേറിയ മാർക്കറ്റ്. റോഡിന് വീതിയുണ്ടെങ്കിലും സർക്കാസുകാരൻറെ മെയ് വഴക്കമുണ്ടെങ്കിലേ നടക്കാൻ പറ്റു. റോഡിൽ നിറയെ കച്ചവടക്കാരാണ്. അതിനിടയിലൂടെ ലക്കും ലഗാനുമില്ലാതെ ഓടികൊണ്ടേയിരിക്കുന്ന വാഹനങ്ങളും സൈക്കിൾ റിക്ഷകളും വേറെ. ഉന്തുവണ്ടിയിലും ചെറിയ കടകളിലും മാത്രമല്ല റോഡിൽ തുണിവിരിച്ചും മറ്റും കച്ചവടം നടത്തുന്നവരും നിരവധി. പക്ഷെ ഒരു വ്യത്യാസമുണ്ട്. വേണമെങ്കിൽ വാങ്ങിയാൽ മതി. നമ്മുടെ നാട്ടിലെ പോലെ വിളിച്ചുപറയലൊന്നുമില്ല. പഴക്കച്ചവടക്കാരും പലഹാരകച്ചവടക്കാരും അടുക്കളയിലേക്ക് വേണ്ട ചെറിയ ചെറിയ വസ്തുക്കളുടെ വിൽപ്പനക്കാരുമെല്ലാമുണ്ട്. മിക്കയിടത്തും ലൈവ് ജിലേബി നിർമാതാക്കൾ. വാങ്ങാനെത്തുന്നവരും നിരവധി. പഹാഡ് ഗഞ്ചിലെ ഈ മാർക്കറ്റിൽ ലെതർ ബാഗുകളുടെ കട ധാരാളമുണ്ട്. വിദേശികളും സ്വദേശികളുമടക്കം നിരവധി പേർ ബസാറിലൂടെ എന്തൊക്കെയോ തിരക്കി നടക്കുന്നു.

വഴിയിൽ മദൻ എന്ന കോഫി ഷോപ്പിന് മുന്നിൽ വലിയതിരക്ക്. വിദേശികളാണ് ഭൂരിഭാഗവും. കോഫിയും കബാബുമായി അവർ വഴിയരികിലെ ബെഞ്ചിലിരിക്കുന്നു. ദേഹം മുഴുവൻ റ്റാറ്റു പതിച്ച് ഹിപ്പികളെ പോലെ ജഢകയറിയ മുടിയും വസ്ത്രധാരണവുമായി നിരവധി പേർ. വിരലുകൾക്കിടയിൽ പുകയുന്ന സിഗരറ്റും കയ്യിൽ കോഫി മഗ്ഗും. പുറമേ നിന്ന് നോക്കുമ്പോൾ തന്നെ അത്രകണ്ട് വൃത്തി തോന്നാത്ത ഈ കടയിലേക്ക് വിദേശികളെ ആകർഷിക്കുന്നതെന്താകും ? പുറത്ത് കിടക്കുന്ന രണ്ട് ടേബിളിലും ആളുകളുണ്ട്. പോരാത്തതിന് സീറ്റൊഴിയുന്നതും കാത്ത് നിൽക്കുന്ന വേറെയും ചിലർ.എന്തായാലും അവിടുത്ത കോഫി ഒരിക്കൽ ടേസ്റ്റ് ചെയ്യണം.

റോഡരികിലെ ചാട്ട് സെൻററിലെത്തിയ ഭക്ഷണപ്രേമികളോട് എന്തോ തമാശയും പറഞ്ഞിരിക്കുകയാണ് സർദ്ദാർജി. വേറെ ആരും പാനിപൂരിയും ഗോലിഗപ്പയുമെല്ലാം കഴിക്കാനെത്തിയിട്ടില്ല. അതിൻറെ ആശങ്കയൊന്നുമില്ലാതെ തമാശയും പറഞ്ഞ് ആസ്വദിച്ച് ചിരിക്കുകയാണ് സർദാർജി. തൊട്ടപ്പുറത്തെ പഴകച്ചവടക്കാരനും വലിയ ഭാവമാറ്റമൊന്നുമില്ല. ചിലരാകട്ടെ കടകൾ മെല്ലെ അടച്ചുതുടങ്ങി.

കാഴ്ച്ചകളും കണ്ട് പക്ഷെ മതിമറന്ന് നടക്കാൻ പറ്റില്ല. എപ്പോഴും ഒരു പിടിച്ചുപറിക്കാരനെ ഡൽഹിയിലെ നിരത്തുകളിൽ കരുതിയിരിക്കണം. മൊബൈലോ വിലപ്പെട്ട മറ്റെന്തെങ്കിലുമോ അപഹരിക്കാനായി എപ്പോൾ വേണമെങ്കിലും അവർ എത്താം. അതിനാൽ തന്നെ വലിയ കരുതലോടെയാണ് കാഴ്ച്ചകൾ ആസ്വദിക്കുന്നതും നടക്കുന്നതും. പോരാത്തതിന് ഭാഷയും വലിയ വശമില്ല.

കേരള ഹോട്ടലിലെത്തി ചപ്പാത്തിയും മീൻകറിയും കഴിച്ചു. പേരിൽ മാത്രമാണ് കേരളമുള്ളത്. ഹോട്ടൽ നടത്തുന്നത് തമിഴ്നാട്ടുകാരാണ്. ഭക്ഷത്തിൻറെ രൂചിയും തനി തമിഴ് രുചി കലർത്തിയ ഉത്തരേന്ത്യനും.
സർദാർജിയുടെ ചാട്ട് സെൻററിൽ ഇപ്പോൾ തിരക്ക് ആയിതുടങ്ങി. ഇടറോഡുകളിലെ ബാറുകളിലേക്ക് ആളുകളെത്തുന്നു. മിക്കതിലും ലൈവ് മ്യൂസിക്കമുണ്ട്. ഡാൻസ് ബാറുകളാണെന്ന് തോന്നുന്നു. പിന്നെ ഹാപ്പി അവറും. ഒരു പെഗ്ഗ് വാങ്ങിയാൽ ഒരെണ്ണം ഫ്രീ, 50 ശതമാനം ഓഫ് തുടങ്ങി നിരവധി ഓഫറുകളുണ്ട് ഹാപ്പി അവറിൽ. ഇതെങ്ങാനും നമ്മുടെ കേരളത്തിലായിരുന്നെങ്കിൽ തൃശ്ശൂർ പൂരത്തിൻറെ തിരക്കൊന്നും ഒരു തിരക്കല്ലെന്ന് നമ്മൾ പറഞ്ഞേനേ..!!!

തിരക്കിലൂടെ ഇങ്ങനെ നടക്കുമ്പോളാണ് റോഡരികിലെ ബോംബെ കുൽഫി
കച്ചവടക്കാരനെ കണ്ടത്. കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട്. പിന്നീട് നാട്ടിൽ അങ്ങനെ ബോംബെ കുൽഫി കച്ചവടക്കാരെ കണ്ടിട്ടില്ല. നീളത്തിൽ ഒരു കമ്പിൽ കോർത്തെടുത്ത മധുരമൂറുന്ന കുൽഫി. നല്ല മധുരമുള്ള കുൽഫിയുടെ ഓർമ നാവിൽ വെള്ളമൂറിച്ചു. വാങ്ങി കഴിക്കാൻ കൊതിതോന്നിയെങ്കിലും ആദ്യം നിയന്ത്രിച്ചു. നീണ്ടനാളത്തെ അസുഖത്തിനുശേഷം ഡൽഹിയിലെ ഇത്തരം ഭക്ഷണങ്ങൾ എത്രമാത്രം ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമായിരുന്നു. അവസാനം ആരോഗ്യസംരക്ഷണബോധത്തെ കൊതി പരാജയപ്പെടുത്തി. ത്രികോണത്തിൻറെ ഷേപ്പിലുള്ള ട്രേകളിൽ നിരവധി കുൽഫികൾ എന്നെപോലെ കൊതിമൂത്ത് എത്തുന്നവരെ കാത്തിരിക്കുന്നു. 20 രൂപയാണ് വില. കുൽഫിയും നുണഞ്ഞ് ഗൃഹാതുരസ്മരണകളുംപേറി തിരികെ ഹോട്ടൽ മുറിയിലേക്ക് നടന്നു.


മദൻ കഫേയിലെ തിരക്കിന് ഇപ്പോഴും ശമനമില്ല. ഡാൻസ് ബാറുകളിൽ നിന്നുള്ള സംഗീതം ഉച്ചത്തിലായിതുടങ്ങി. ബാറിലേക്ക് യുവാക്കളും കപ്പിൾസും വന്നും പോയുമിരിക്കുന്നു. വഴിയരികിൽ അപ്പോഴും ജിലേബികൾ എണ്ണയിൽ കിടന്ന് തിളക്കുകയാണ്. 

Wednesday, 26 April 2017

ആദ്യസൌഹൃദം

ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ പൂനെയിൽ നിന്നാണ് വിമാനത്തിലെ അടുത്ത സീറ്റിൽ ആ സ്ത്രീ വന്നിരുന്നത്. മകനുമൊത്ത്. വേഷത്തിലും രൂപത്തിലുമെല്ലാം തനി വടക്കേ ഇന്ത്യക്കാരി.
കൊച്ചിയിൽ നിന്ന് പൂനെവരെ വേറെ രണ്ടുപേർ അടുത്തിരുന്നെങ്കിലും ശ്രദ്ധിക്കേണ്ട സാഹചര്യം ഉണ്ടായില്ല. പക്ഷെ ഇവർ വന്നപ്പോൾ മുതൽ ഇവരെ ശ്രദ്ധിക്കാൻ കാരണമുണ്ട്. വിമാനത്തിലേറിയശേഷവും ചെറിയ ആശങ്ക അവരുടെ മുഖത്തുണ്ടായിരുന്നു.

ഇത് സ്പൈസ് 184 ഫ്ലൈറ്റ് തന്നെയല്ലേ എന്ന് ചോദിച്ചാണ് അവർ സംസാരിച്ച് തുടങ്ങിയത്. അതേ എന്ന് പറഞ്ഞപ്പോളാണ് അവരുടെ മുഖത്ത് ആശ്വാസം നിഴലിച്ചത്. മിക്കപ്പോഴും തീവണ്ടിയിലേക്ക് ഓടികയറിയശേഷം എറണാകുളത്തേക്കുള്ള തീവണ്ടിതന്നെയല്ലേയെന്ന് സഹയാത്രക്കാരോട് ചോദിച്ചിരുന്നത് പെട്ടെന്ന് ഓർമവന്നു.

രേണു അതാണ് അവരുടെ പേര്. മകൻ അർണബ്, രണ്ടരവയസ്സുകാരൻ.
രവിമേനോൻ രചിച്ച പൂർണേന്ദുമുഖി എന്ന പുസ്തകം വായിച്ചിരിക്കുകയായിരുന്നു ഞാൻ. മെല്ലെ വിമാനം നീങ്ങിതുടങ്ങിയപ്പോളാണ് വീണ്ടും അവരെ ശ്രദ്ധിച്ചത്. മകൻറെ ഓരോ നീക്കവും മൊബൈലിൽ പകർത്തുന്നു. വീഡീയോ എടുക്കുന്നു. അർണബിൻറെ ആദ്യ വിമാനയാത്രയാണെന്നു തോന്നി. പിന്നെ യാത്രയ്ക്കിടെ സംസാരിച്ചു. ഡൽഹി സ്വദേശിയാണ് രേണു. പൂനെ യൂണിവേഴ്സിറ്റിയിലെ മാനേജ്മെൻറ് ഫാക്കൽറ്റി. ഞാൻ വായിക്കുന്നത് ഏത് ഭാഷയാണെന്ന് ചോദിച്ചായിരുന്നു സംസാരം ആരംഭിച്ചത്. തമിഴ് ആണോയെന്നായിരുന്നു സംശയം. സിനിമയും വായനയുമായി നടക്കുന്ന യൂണിവേഴ്സിറ്റിയിലെ ദക്ഷിണേന്ത്യക്കാരായ അധ്യാപകരെ കുറിച്ചുമെല്ലാം രേണു സംസാരിച്ചു. പിന്നെ കന്നഡയും തെലുങ്കും തമ്മിലുള്ള സാദൃശ്യത്തെകുറിച്ചായി. മാധ്യമപ്രവർത്തകനാണെന്നു പറഞ്ഞപ്പോൾ ഡൽഹിയിലെ മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾ കണ്ടിട്ടുണ്ടെന്നതല്ലാതെ ആ മേഖലയുമായി വലിയബന്ധമൊന്നുമില്ലെന്ന് പറഞ്ഞ് രേണു ചിരിച്ചു.

അപ്പോഴേക്കും അർണബ് ഉറക്കാമായികഴിഞ്ഞു. അപ്പോഴും രേണു പടം എടുത്തു. അർണബിൻറെ ആദ്യവിമാനയാത്രയല്ലയിരുന്നു. അമ്മയ്ക്കൊപ്പം ഡൽഹി പൂനെ വിമാനയാത്ര നിരവധിയായി കുഞ്ഞ് അർണബ് നടത്തുന്നു. എന്നാലും ആദ്യമായി പറക്കുന്നതിൻറെ ആശ്ചര്യവും കൌതുകവുമായിരുന്നു ആ കുഞ്ഞുമുഖത്ത്. എന്നാലും മകൻ നടത്തുന്ന ഓരോ യാത്രയും ആ അമ്മ രേഖപ്പെടുത്തി സൂക്ഷിക്കുന്നുണ്ട്.
അപ്പോൾ ഞാനോർത്തത് എൻറെ കുട്ടിക്കാലത്തെ എത്രപടങ്ങൾ ഉണ്ടെന്നാണ്. ആകെ ഒരെണ്ണം മാത്രം. അന്നൊക്കെ മൊബൈൽ ക്യാമറകൾ ഇല്ലാത്തതിൻറെ നഷ്ടം. ഫിലീമിൽ പടമെടുത്ത് അത് ഡെവലെപ്പ് ചെയ്ത് എടുത്ത് സൂക്ഷിക്കുന്നത് ചിലവേറിയതുമായിരുന്നല്ലോ. ഇന്ന് സ്ഥിതിമാറി. എന്തായാലും കുഞ്ഞ് അർണബിന് വലുതാകുമ്പോൾ കാണാൻ അവൻറെ ആയിരക്കണക്കിന് പടങ്ങൾ ഉണ്ടാകും. പടങ്ങൾ കണ്ട് സന്തോഷിക്കാനും ചമ്മലോടെ അയ്യേ..ഇങ്ങനെയൊക്കെ ഞാനന്ന് ചെയ്ത്വോ എന്നൊക്കെ ആശ്ചര്യപ്പെടാനുമെല്ലാമായി രേഖപ്പെടുത്തുന്ന നിമിഷങ്ങൾ....

സംസാരം ഒടുവിൽ ഡൽഹിയിലേയും പൂനെയിലേയും കൊച്ചിയിലേയും ബാംഗ്ലൂരിലേയുമെല്ലാം കാലാവസ്ഥയെകുറിച്ചായി. ചൂടുകാരണം വീട്ടിലെത്തിയാലും പുറത്ത് ഇറങ്ങില്ല. വീട്ടിലെ കൂളറിൻറെ തണുപ്പിൽ ഇരിക്കും. അന്തരീക്ഷമലിനീകരണം നമ്മളെ എത്രമാത്രം സ്വന്തം വീട്ടിലെ ചുമരിനകത്ത് അവധിദിവസങ്ങളിലും അടച്ചിടുന്നുവെന്നുവെന്നതിന് തെളിവായിരുന്നു രേണുവിൻറെ വാക്കുകൾ.

പരിസ്ഥിതിയെ കുറിച്ച് സംസാരിച്ചിരിക്കുമ്പോളാണ് വിമാനം യമുനയുടെ മുകളിലൂടെ പറന്നു തുടങ്ങിയത്. യമുന നദിയും അക്ഷർധാം ക്ഷേത്രവുമെല്ലാം ചൂണ്ടികാണിച്ചുതന്നു രേണു. മലിനമായ പുണ്യനദിയെന്ന് യമുനയെ ഞാൻ വിശേഷിപ്പിച്ചപ്പോൾ രേണു പൊട്ടിച്ചിരിച്ചു. അത് സത്യമാണെന്ന് തലകുലുക്കി.
പുറത്ത് ചൂട് 39 ഡിഗ്രിയാണെന്ന ഫ്ലൈറ്റിലെ അനൌൺസ്മെൻറ് കേട്ടപ്പോൾ എൻറെ മുഖത്തെ അസ്വസ്ഥത വായിച്ചറിഞ്ഞാകണം രേണു പറഞ്ഞു, ഇതൊക്കെ കുറവ്. ഒരു മാസം കൂടികഴിയട്ടെ 45 ഒക്കെ കടക്കും. ഇനിയത് തണുപ്പാണെങ്കിൽ ചിലയിടത്ത് പൂജ്യം ഡിഗ്രിവരെയാകും. ആസ്വദിക്കാനും അനുഭവിക്കാനും സമയമുണ്ടല്ലോയെന്നും പറഞ്ഞ് ആശംസയും പറഞ്ഞാണ് രേണുവും കുഞ്ഞ് അർണബും യാത്രപറഞ്ഞത്.

ഡൽഹിയിലെ ആദ്യസൌഹൃദമായി ഇതിനെ കാണാം. ചാനലിൻറെ പേരെഴുതിയെടുത്തിട്ട് ടിവിയിൽ കണ്ടോളാമെന്നൊക്കെ പറഞ്ഞാണ് യാത്രയായതെങ്കിലും ഇനി ഒരിക്കലും കാണാനിടയില്ലെന്നുറപ്പാണ്. യാത്രകൾക്കിടയിലെ ചില സഹയാത്രികർ നമ്മെ ചിന്തിപ്പിച്ചുകളയും. പരിസ്ഥിതിയെകുറിച്ചുമാത്രമല്ല രേണു ചിന്തിപ്പിച്ചത്, കുഞ്ഞുങ്ങളെ കുറിച്ചുമാണ്, അവരുടെ സന്തോഷത്തെകുറിച്ചാണ്. അവർക്കുവേണ്ടി നാം കരുതിവെക്കുന്ന അവരുടെ നിമിഷങ്ങളാണ്....

(ഡൽഹിയിലേക്കുള്ള ഔദ്യോഗികയാത്ര 25.04.17)


Sunday, 16 April 2017

‘ഹൈറേഞ്ചി’ലാകുന്ന കയ്യേറ്റങ്ങൾ

 ഈ ഒറ്റമുറിയിലാണ് ഞങ്ങളുടെ ജീവിതം. ഈ വീടൊഴിഞ്ഞാൽ എങ്ങോട്ട്പോകുമെന്നറിയില്ല. വയസ്സ് 45 കഴിഞ്ഞു. കമ്പനിയിൽ നിന്ന് വിരമിക്കാൻ ഇനി അധികകാലം ഇല്ല. സർക്കാർ വല്ല സ്ഥലവും തരുമെന്ന് പ്രതീക്ഷിച്ച് ഇങ്ങനെ കഴിയുകയാണ്. പക്ഷെ വോട്ട് വാങ്ങിപോയാൽ പിന്നെ ഒന്നുമില്ല...

വിജയലക്ഷ്മിയുടെ കണ്ണുകൾ ഈറനണിഞ്ഞുതുടങ്ങി. മൂന്നാറിലെ ടാറ്റയുടെ നല്ലതണ്ണി എസ്റ്റേറ്റിലെ തൊഴിലാളിയാണ് വിജയലക്ഷ്മി. വിജയലക്ഷ്മിയുടെ ഭർത്താവും ഇവിടത്തെ തൊഴിലാളി തന്നെ. കമ്പനി നൽകിയ ഒറ്റമുറി ലായത്തിലാണ് മകനും ഭർത്താവും വിജയലക്ഷമിയും താമസിക്കുന്നത്. നാല് മാസം മുമ്പ് വിവാഹം കഴിപ്പിച്ചയച്ച മകളും മരുമകനും വരുമ്പോൾ അവരും തങ്ങുന്നതും ഈ ഇടുങ്ങിയ മുറിയിൽ തന്നെ. കമ്പനിയിൽ നിന്ന് വിരമിക്കാറായി വിജയലക്ഷമിയും ഭർത്താവും. ഇവിടെ നിന്ന് ഇറങ്ങിയാൽ തങ്ങാൻ വേറെയിടമില്ല. ഒരു തുണ്ട് ഭൂമിപോലും യഥാർത്ഥ മൂന്നാറുകാരായ ഇവർക്ക് കിട്ടിയിട്ടില്ല. ഇവിടെ നിന്ന് ഇറങ്ങാതിരിക്കാൻ ഇപ്പോൾ ഒരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് വിജയലക്ഷ്മി. മകൻറെ പഠിപ്പ് നിർത്തി കമ്പനിയിൽ പണിക്ക് വിട്ടു. ഇനി മകൻ വിരമിക്കുംവരെ ഇവിടെ കഴിയാം.

 മകന് ഇപ്പോ 20 വയസ്സായി. പ്ല്സ് 2 പഠിച്ച് കഴിഞ്ഞയുടനെ കമ്പനിയിൽ ജോലിക്കുവിട്ടു. ഇപ്പോൽ ടെംപററിയാണ്. അവൻറെ ജോലിയുടെ പേരിൽ കമ്പനി വീട് ഒഴിപ്പിക്കില്ലായിരിക്കും

ഇത്തരത്തിൽ ആയിരക്കണക്കിന് വിജയലക്ഷമിമാരുണ്ട് കണ്ണൻ ദേവനിലെ ഓരോ ലായങ്ങളിലും. സർക്കാരിൻറെ പട്ടയമോ സീറോ ലാൻറ് പദ്ധതിയുടേയോ പരിധിയിലോ പട്ടികയിലോ ഇടം കാണാതെ പോയവർ. വോട്ട് വാങ്ങിയ രാഷ്ട്രീയപാർട്ടികൾ ഭൂമിയെന്ന സ്വപ്നം മാത്രം അവശേഷിപ്പിച്ച് കടന്നുകളഞ്ഞു. ഇനി ഭൂമിക്ക് പട്ടയം ലഭിച്ചവരുണ്ട്. ആവരുടെ അവസ്ഥ ഇതാ ഇങ്ങനെയും.

 വിഎസ് അച്യുതാന്ദൻ സാറ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കിട്ടിയ പട്ടയമാ..പക്ഷെ ഈ ഭൂമി ഇതുവരേയും എവിടെയാണെന്ന് ഞങ്ങൾ കണ്ടിട്ടില്ല. സർക്കാരുകള് കാണിച്ചുതന്നിട്ടുമില്ല. വർഷം 10 കഴിഞ്ഞില്ലേ...

ഫോട്ടോപതിച്ച പട്ടയത്തിലേക്കും കരമടച്ച രശീതിയിലേക്കും പ്രതീക്ഷയോടെ നോക്കി നല്ലതണ്ണി എസ്റ്റേറ്റിലെ ജീവനക്കാരിയും പെൺപിളൈ ഒരുമൈയുടെ പ്രസിഡൻറുമായ ലിസി സണ്ണി സങ്കടപ്പെട്ടു.
2400 പേർക്കാണ് വിഎസ് സർക്കാർ മൂന്നാറിൽ പട്ടയം നൽകിയത്. ഇതിൽ നൂറിനടുത്ത്മാത്രമാണ് ഭൂമി ലഭിച്ചത്. ശേഷിക്കുന്നവർക്ക് ലഭിച്ചത് സർവ്വേ നമ്പർ രേഖപ്പെടുത്തിയ പട്ടയകടലാസ് മാത്രം. ഇതനുസരിച്ച് കരവുമടച്ച് ഭൂമിക്കായുള്ള കാത്തിരിപ്പ് തുടരുകയാണ്. ഇനി ഭൂമി ലഭിച്ച നൂറോളം പേരുടെ അവസ്ഥ ഇതിലും പരിതാപകരമാണ്. ആനശല്യമുള്ളിടങ്ങളിലാണ് ഭൂമി ലഭിച്ചത്. ഇവിടെ വെച്ച വീടെല്ലാം ഇടയ്ക്കിടയക്ക് ആനകൾ ആക്രമിക്കാൻ തുടങ്ങിയതോടെ പലരും പ്രദേശത്തുനിന്നുള്ള താമസം തന്നെ മാറ്റി. ശേഷിക്കുന്നവർക്ക് ചൂണ്ടികാണിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ല.
വീടെന്ന സ്വപ്നം കണ്ട് യഥാർത്ഥ മൂന്നാറുകാരിങ്ങനെ ചോർന്നൊലിക്കുന്നതും അല്ലാത്തതുമായ ലായങ്ങളിലെ ഒറ്റമുറിവീട്ടിൽ കഴിയുമ്പോളാണ് മലകയറിയെത്തുന്നവർക്ക് റിസോർട്ട് പണിയാൻ മൂന്നാറിൽ ഭൂമി ലഭിക്കുന്നതെന്നതാണ് വിചിത്രം. ഭൂരഹിതർക്ക് നൽകാൻ ഭൂമികണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾ വിഷമിക്കുമ്പോൾ അത് കണ്ടെത്താൻ പക്ഷെ കയ്യേറ്റക്കാർക്ക് സംവിധാനങ്ങളുണ്ട്. തമിഴ്നാട്ടിൽ നിന്നെത്തി ഭൂമി സ്വന്തമാക്കി പിന്നീട് മറിച്ച് വിൽക്കുന്ന ലോബികളും അവർക്ക് ഒത്താശചെയ്യുന്ന രാഷ്ട്രീയനേതൃത്വവും സജീവമാണ് മൂന്നാറിൽ.

 ഹൈക്കോടതിയിൽ കുറേ ഹർജികൾ വന്നു. തങ്ങളുടെകൈവശമുള്ള സ്ഥലത്തിന് പട്ടയം തരണമെന്നാവശ്യപ്പെട്ട്. 99 മുതൽ കൈവശമുള്ള ഭൂമിയാണത്രേ. രേഖകൾ പരിശോധിച്ചപ്പോളാണ് മനസിലായത് 2012 ൽ സ്വന്തമാക്കിയ റേഷൻ കാർഡിൻറെ മാത്രം അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്നെത്തിയവർ പട്ടയം ആവശ്യപ്പെട്ട് ഹർജികൾ നൽകിയിരിക്കുന്നത്. ഹർജികൾ ലഭിക്കുമ്പോൾ ഹൈക്കോടതി പട്ടയം നൽകുമ്പോൾ ഇവരുടെ കാര്യം പരിഗണിക്കണം എന്ന് നിർദ്ദേശം നൽകും. അതുവരെ ഇറക്കിവിടരുതെന്ന് സ്റ്റേയും നൽകും. ഇത് സംബന്ധിച്ച് അതേസമയത്ത് തന്നെ ക്രൈം ബ്രാഞ്ച് എഡിജിപിയും ഒരു റിപ്പോർട്ട് സർക്കാരിന് നൽകിയിരുന്നു. ഇതിൻമേൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയെങ്കിലും എന്തുസംഭവിച്ചുവെന്നറിയില്ല

ഹൈക്കോടതിയിൽ മൂന്നാർ കേസുകൾ കൈകാര്യം ചെയ്യാൻ മാത്രമായി സർക്കാർ നിയോഗിച്ച അഭിഭാഷക സുശീല ആർ ഭട്ട് ഭൂമി കയ്യേറ്റത്തിന് പിന്നിലെ മാഫിയകളെ കുറിച്ച് പറയുന്നു.

 മൂന്നാറിൽ എപ്പോഴും പട്ടയമേളകൾ നടക്കേണ്ടത് രാഷ്ട്രീയപാർട്ടികളുടെ ആവശ്യമാണ്. ഭൂമിലഭിക്കാതെ, ഭൂമിക്കായി മുറവിളികൂട്ടുന്നവർ എന്നുമുണ്ടായാൽ മാത്രമേ രാഷ്ട്രീയപാർട്ടികൾക്ക് മൂന്നാറിൽ നിലനിൽപ്പുള്ളു. കാരണം അത്തരക്കാരെ മാത്രമേ പറ്റിച്ച് വേട്ട് നേടാനാകു. അതിനാൽ തന്നെ ഭൂരഹിതരായ യഥാർത്ഥ മൂന്നാറുകാർ കൂടികൊണ്ടേയിരിക്കും

യഥാർത്ഥമൂന്നാറുകാർ ഭൂരഹിതരായി തുടരുന്നതിൻറെ പിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാട്ടുന്നു പരിസ്ഥിതി പ്രവർത്തകൻ കൂടിയായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ.

മൂന്നാർ - കയ്യേറ്റക്കാരുടെ പറുദീസ

മൂന്ന് ആറുകളുടെ സംഗമസ്ഥാനം. മഞ്ഞിൽ പുതച്ചുനിൽക്കുന്ന തേയിലത്തോട്ടങ്ങൾ. ഏലമലക്കാടുകൾ. മനോഹരിയായിരുന്നു മൂന്നാർ. വിദേശികളുടെ ഇഷ്ടസഞ്ചാരകേന്ദ്രവും. ലോകത്തിലെ ഒട്ടുമിക്ക എയർലെൻസും ലോകത്തിൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത ഭൂപ്രദേശം കൂടിയാണ് മൂന്നാർ.
പക്ഷെ, ഇപ്പോഴത്തെ കയ്യേറ്റങ്ങളും അനധികൃത നിർമാണങ്ങളും മൂന്നാറിൻറെ പാരിസ്ഥിതിയേയും വ്യാപകമായി നശിപ്പിച്ചു. ചുരം കയറിയെത്തിയവർ മൂന്നാറിലെ ഓരോ തുണ്ട് ഭൂമിയും കയ്യേറിയപ്പോൾ ഈ ഭംഗി മാത്രമല്ല ഇല്ലാതാക്കിയത്. യഥാർത്ഥ മൂന്നാറുകാർക്ക് തലചായ്ക്കാൻ സ്വന്തമായ ഭൂമിയെന്ന സ്വപ്നം കൂടിയാണ്. മൂന്നാറിലെ കയ്യേറ്റങ്ങൾ കേരളരാഷ്ട്രീയത്തിലും വലിയ പെട്ടിത്തെറികളാണുണ്ടാക്കിയത്.

നല്ലതണ്ണിയാറ്, മാട്ടുപെട്ടിയാറ്, കന്യാറ്... ഈ മൂന്ന് ആറുകളും ചേരുന്നിടമാണ് മൂന്നാർ. കണ്ണൻ ദേവൻ മലനിരകളും ഏലമലക്കാടുകളും നിറഞ്ഞ് പ്രകൃതിരമണീയമായ ഭൂപ്രദേശം. ഏലമലക്കാട്ടുകളിലും തേയിലതോട്ടങ്ങളിലും പണിയെടുക്കാനായി പുറമേ നിന്ന് ബ്രിട്ടീഷുകാർ കൊണ്ടുവന്നവരാണ് മൂന്നാറിലെ ജനം. കണ്ണെത്താദൂരത്ത് മഞ്ഞണിഞ്ഞ് കിടക്കുന്ന തേയിലതോട്ടങ്ങളും മലകളുമെല്ലാം സഞ്ചാരികളുടെ മനം കവരുന്നകാഴ്ച്ചകളാണ്. അതിനാൽ തന്നെ ലോകടൂറിസം ഭൂപടത്തിൽ തന്നെ മൂന്നാറിന് വലിയഇടമുണ്ട്. ഏത് കാലാവസ്ഥയിലും മഞ്ഞ് പെയ്യുന്ന മൂന്നാറിൻറെ തണുപ്പ് ആസ്വദിക്കാനായി രാജ്യത്തിനകത്ത് നിന്നും വിദേശത്ത് നിന്നുമായി ആയിരക്കണക്കിന് സഞ്ചാരികളാണ് ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ ഇവിടെയെത്തുന്നത്. പക്ഷെ ഇന്ന് മൂന്നാറിലെ തണുപ്പ് മെല്ലെ കുറഞ്ഞുതുടങ്ങി. ഭൂമികയ്യേറി കുന്നുകൾ ഇടിച്ചിറക്കി ബഹുനിലകെട്ടിടങ്ങളും റിസോർട്ടുകളും പണിതതോടെ ഇല്ലാതായത് മൂന്നാറിൻറെ സൌന്ദര്യം മാത്രമല്ല പരിസ്ഥിതികൂടിയാണ്. 


ഏറെക്കാലത്തിനുശേഷം വീണ്ടും മൂന്നാറിൽ കയ്യേറ്റങ്ങൾക്കെതിരേയുള്ള നടപടികളും അതിനെതിരെയുള്ള പ്രതിഷേധങ്ങളും പുകയുകയാണ്. അനധികൃത നിർമാണങ്ങൾക്കെതിരെ ദേവികുളം സബ് കളക്ടർ ശ്രീം റാം വെങ്കിട്ടരാമൻ നടപടികൾ സ്വീകരിച്ചതോടെയാണ് വീണ്ടും മൂന്നാർ ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. നിയമസഭ ഉപസമിതിയും മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ റിപ്പോർട്ട് നൽകിയതോടെ ഭരണപക്ഷത്തെ സിപിഎമ്മും സിപിഐയും പിന്തുണച്ചും എതിർത്തും രംഗത്തെത്തി.
വിഎസ് അച്യുതാനന്ദനും ഇടുക്കിയിലെ സിപിഎമ്മും പരസ്പരം പോർമുഖം തുറന്നതോടെ മൂന്നാർ കയ്യേറ്റങ്ങൾ വീണ്ടും ശ്രദ്ധാകേന്ദ്രങ്ങളായി.

കയ്യേറ്റങ്ങളെ കുറിച്ച് പറയുമ്പോൾ മൂന്നാറിലെ ഭൂമിയെ കുറിച്ചും ഉടമസ്ഥാവകാശത്തെകുറിച്ചും പറയേണ്ടതുണ്ട്. 1877 ലാണ് ജോൺ ഡാനിയൽ മൺറോക്ക്  തിരുവിതാംകൂർ മഹാരാജാവ് തേയില കൃഷിക്കായി കണ്ണൻ ദേവൻ ഹിൽസ് ഉൾപ്പെട്ട റവന്യു വില്ലേജ് മൊത്തമായും നൽകിയത്. പിന്നീട് തേയില കൃഷി നടത്താത്ത പ്രദേശങ്ങൾ തിരിച്ചെടുക്കാനായി സംസ്ഥാന സർക്കാർ 1971 ൽ കെ ഡി എച്ച് ഏറ്റെടുക്കൽ നിയമം കൊണ്ടുവന്നു. ഇതിലൂടെ കണ്ണൻ ദേവൻ കൃഷിക്കായി ഉപയോഗിക്കാത്ത പ്രദേശങ്ങൾ തിരിച്ചെടുത്ത് പൂർണമായും സർക്കാരിന് അധികാരമുള്ള കെഡിഎച്ച് വില്ലേജ് രൂപീകരിച്ചു. ഇതിനുമുമ്പ് തന്നെ ആയിരക്കണക്കിന് ഏക്കർ ഭൂമി ടാറ്റ മറിച്ച് വിറ്റിരുന്നു. ഇതിന് ശേഷവും ടാറ്റയുടെ നേതൃത്വത്തിൽ നടന്ന നിയമലംഘനങ്ങൾ സംബന്ധിച്ച് നിരവധി ഉദ്യോഗസ്ഥർ റിപ്പോർട്ടുകൾ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. എങ്കിലും നടപടികൾ മാത്രമുണ്ടായില്ല. മാത്രവുമല്ല വിദേശ കമ്പനി ടാറ്റയ്ക്ക് ഭൂമി കൈമാറിയതിനെതിരേയും കേസുകൾ നിലനിൽക്കുന്നുണ്ട്.

മൂന്നാറിലെ കയ്യേറ്റങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല എന്ന് സാരം. മൂന്നാറിലെ ടൂറിസത്തിൻറെ സാധ്യതകൾ തിരിച്ചറിഞ്ഞ അന്നുമുതലുണ്ട് കയ്യേറ്റങ്ങളും. രാജൻ മധേക്കറും നിവേദിത പി ഹരനുമെല്ലാം മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളെ കുറിച്ചും വ്യാജപട്ടയങ്ങളെകുറിച്ചുമെല്ലാം വിശദമായ റിപ്പോർട്ട് തന്നെ സർക്കാരിനും കോടതിൾക്കുമെല്ലാം നൽകിയിട്ടുണ്ട്. കയ്യേറിയവരിൽ സാധാരണക്കാരേക്കാൾ കൂടുതൽ വൻകിടക്കാരാണ്. ഇവരിൽ രാഷ്ട്രീയനേതാക്കളും പെടും.

ഇൻറലിജൻസ് എഡിജിപിയായിരുന്ന രാജൻ മധേക്കർ നൽകിയ റിപ്പോർട്ട് കയ്യേറ്റക്കാരായ വമ്പൻമാരുടെ പേര് വിവരങ്ങൾ സുപ്രീംകോടതിയിൽ തന്നെ സമർപ്പിച്ചു. രാജ്യസഭ എംപി അടക്കമുള്ള ഉന്നതനേതാക്കളുടെ പേരുകളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്ന് ഉന്നതാധികാര സമിതിയെ സുപ്രീംകോടതി നിയോഗിക്കുകയും ചെയ്തു. റിപ്പോർട്ട് നൽകി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇവരുടെ കയ്യേറ്റങ്ങൾക്കെതിരെയൊന്നും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല.

ഏലമലക്കാടുകളിലും കയ്യേറ്റങ്ങൾ സജീവമാണ്. ഏലമലക്കാടുകൾ ഏലകൃഷിക്കല്ലാതെ മറ്റൊന്നിനും ഉപയോഗിക്കാൻ പാടില്ലെന്ന വ്യവസ്ഥകൾ അട്ടിമറിച്ചാണ് ഏലതോട്ടങ്ങളിൽ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം ഉയരുന്നത്.

2006 ലെ വിഎസ് അച്യുതാന്ദൻ സർക്കരാണ് മൂന്നാറിലെ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി ആദ്യമായി സ്വീകരിച്ചത്. കയ്യേറ്റങ്ങളൊഴിപ്പിക്കാൻ പൂച്ചകളെന്ന് വിശേഷിപ്പിക്കപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരെയായിരുന്നു വിഎസ് ജെസിബിയുമായി ചുരം കയറ്റിയത്. സുരേഷ് കുമാറും ഋഷിരാജ് സിങും രാജു നാരായണസ്വാമിയും. ഈ ദൌത്യസംഘം മൂന്നാറിലെ അനധികൃതമായ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. വൻകിട റിസോർട്ടുകൾക്കുപുറമെ പാർട്ടി ഓഫീസുകളുടെ കയ്യേറ്റങ്ങളേയും സംഘം തൊട്ടതോടെ കഥമാറി. ഒടുവിൽ സ്വന്തം പാർട്ടി തന്നെ വിഎസ്സിനെതിരെ തിരിഞ്ഞു. ദൌത്യംപാതിവഴിയിൽ അവസാനിപ്പിച്ച് പൂച്ചകൾക്ക് മലയിറങ്ങേണ്ടിവന്നു. പക്ഷെ പതിനായിരം ഏക്കറോളം സർക്കാർ ഭൂമിയായിരുന്നു ആദ്യദൌത്യസംഘം മൂന്നാറിൽ നിന്ന് വീണ്ടെടുത്തത്. പിന്നീടും പല ദൌത്യസംഘങ്ങൾ മൂന്നാർ മലനിരകളിലെത്തിയെങ്കിലും എല്ലാം പേരിന് മാത്രമായിരുന്നു. എന്നാൽ കോടതി കയറിയ ആദ്യ ദൌത്യസംഘത്തിൻറെ കയ്യേറ്റമൊഴിപ്പിക്കൽ കേസുകളിൽ സർക്കാരിന് വലിയ തിരിച്ചടി തന്നെ നേരിട്ടു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കെട്ടിടങ്ങൾ പൊളിച്ചതെന്ന് കണ്ടെത്തിയ ഹൈക്കോടതി റിസോർട്ട് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാനും ഉത്തരവിട്ടു.
നോട്ടീസ് നൽകുകയോ വിശദീകരണം നൽകാൻ വേണ്ടത്ര അവസരങ്ങൾ നൽകാതിരിക്കുകയോ ചെയ്തതാണ് കേസുകൾക്ക് തിരിച്ചടിയായത്. ഏലമലക്കാടുകളിലെ റിസോർട്ടുകൾ പൊളിക്കാൻ ഉത്തരവിടാൻ ജില്ലാകളക്ടർക്ക് അധികാരമില്ലെന്നവാദം അംഗീകരിച്ചാണ് ഹൈക്കോടതി റിസോർട്ട് ഉടമകൾക്ക് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.

പിന്നീട് ഏറെ കുറെ നിലച്ചുപോയ മൂന്നാർ തിരിച്ചുപിടിക്കൽ ദൌത്യത്തിന് ഇപ്പോൾ വീണ്ടും ജീവൻ വെക്കുകയാണ്. ദേവികുളം സബ് കളക്ടറായ ശ്രീറാം വെങ്കിട്ടരമാൻ അനധികൃത  കെട്ടിടങ്ങൾക്കെതിരെ തുടങ്ങിയ നടപടികളാണ് വീണ്ടും ശ്രദ്ധാകേന്ദ്രം. നടപടിയെ എതിർത്ത് രംഗത്തെത്തിയ സിപിഎം സബ്കളക്ടറുടെ ഓഫീസിനുമുന്നിൽ സമരവും ആരംഭിച്ചു. പക്ഷെ സിപിഐ സബ് കളക്ടർക്ക് പിന്തുണപ്രഖ്യാപിച്ചതോടെ പ്രശ്നം ഭരണപക്ഷത്തെ പോരായി മാറി. പിന്നാലെ വിഎസ് അച്യുതാനന്ദൻ മൂന്നാർ കയ്യേറ്റങ്ങൾക്കെതിരെ വീണ്ടും രംഗത്തെത്തിയതോടെ വിവാദത്തിനും ചൂടേറി. ഇടുക്കിയിലെ സിപിഎം നേതൃത്വവും വിഎസ്സും വീണ്ടുമൊരിക്കൽ പോർമുഖം തുറക്കുന്നതിനിടെ കയ്യേറ്റങ്ങൾ പൊളിച്ചുമാറ്റികൊണ്ട് ദേവികുളം സബ് കളക്ടർ നടപടികളും ആരംഭിച്ചു. അതിനെ കയ്യൂക്കുകൊണ്ട് നേരിടാനാണ് സിപിഎമ്മിൻറെ നേതൃത്വത്തിൽ ശ്രമിക്കുന്നത്. ചിത്തിരപുരത്തും ചൊക്രമുടിയിലുമെല്ലാം കയ്യേറ്റമൊഴിപ്പിക്കാനായി എത്തിയ റവന്യുസംഘത്തിനെതിരെ പ്രാദേശിക സിപിഎം നേതാക്കൾ കയ്യേറ്റത്തിന് മുതിർന്നതും ഇതിന് പിന്തുണയുമായി എസ് രാജേന്ദ്രൻ എംഎൽഎ യും മന്ത്രി എംഎം മണിയുമൊക്കെ രംഗത്തെത്തുന്നതും ഇതിൻറെ തെളിവാണ്. സബ് കളക്ടറുടെ നിർദ്ദേശം മറികടന്ന് പ്രവർത്തിക്കുന്ന പ്രാദേശിക പൊലീസ് നേതൃത്വവും കയ്യേറ്റക്കാരോടുള്ള കൂറ് അനുദിനം വെളിപ്പെടുത്തുകയാണ്.

കയ്യേറ്റങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം

മൂന്നാറിൽ കയ്യേറ്റങ്ങൾ ഉണ്ടോയെന്നത് സംബന്ധിച്ച് വലിയ തർക്കമാണ് നിലനിൽക്കുന്നത്. മൂന്നാറിൽ കയ്യേറ്റങ്ങളിലില്ലെന്നാണ് ഇടുക്കിയിലെ സിപിഎമ്മിൻറെ നിലപാട്. ഏറെകുറെ ജില്ലയിലെ കോൺഗ്രസും ഇതിനോട് അടുത്തുനിൽക്കുന്ന നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. 2007 ലെ വിഎസ് സർക്കാർ മൂന്നാറിലേക്ക് കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനായി ദൌത്യസംഘത്തെ അയച്ചപ്പോൾ ശക്തമായ എതിർപ്പുമായെത്തിയത് ഇതേ രാഷ്ട്രീയകക്ഷികൾ തന്നെയാണ്.

 മൂന്നാറിൽ വലിയ കയ്യേറ്റങ്ങളൊന്നുമില്ല. രണ്ടും മൂന്നും നിലയുള്ള കെട്ടിടങ്ങൾ പണിയാനൊന്നും തോട്ടം തൊഴിലാളികളായ മൂന്നാറുകാരുടെ കയ്യിൽ എവിടെന്നാ പണം?. പിന്നെ തോട്ടം തൊഴിലാളിയുടെ മക്കൾ ടൂറിസവുമായി ബന്ധപ്പെട്ട് ഇവിടെ ഓട്ടോ ഓടിച്ചും ഹോട്ടലുകളിൽ ജോലിചെയ്തുമൊക്കെ പുതിയ തൊഴിൽ മേഖല കണ്ടെത്തുകയാണ്
കയ്യേറ്റങ്ങളെ കുറിച്ച് എസ് രാജേന്ദ്രൻ എംഎൽഎയുടെ പ്രതികരണം ഇങ്ങനെയാണ്. അതേസമയം തോട്ടം തൊഴിലാളികളുടെ കയ്യിൽ പണമില്ലെങ്കിൽ ആരാണ് ബഹുനിലകെട്ടിടങ്ങൾ പണിതുയർത്തിയതെന്ന ചോദ്യത്തിനോട് ഒരിക്കലും കൃത്യമായി പ്രതികരിക്കില്ല ജനപ്രതിനിധി. മാത്രവുമല്ല, സർക്കാർ ഭൂമി കയ്യേറി വ്യാജപട്ടയം ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന നേതാവ് കൂടിയാണ് രാജേന്ദ്രൻ. ഭൂമാഫിയയുടെ സ്വന്തം ആളാണ് രാജേന്ദ്രനെന്ന് തുറന്ന് പറഞ്ഞത് രാജേന്ദ്രൻറെ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ വിഎസ്സുമാണ്.
സമാനമായ നിലപാട് തന്നെയാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും. സ്വന്തമായി ഭൂമിയല്ലാതെ കടത്തിണ്ണയിൽ കിടക്കേണ്ടിവന്ന പാവങ്ങളാണ് 5 ഉം പത്തും സെൻറ് കയ്യേറിയതെന്നാണ് കെപിസിസി വൈസ് പ്രസിഡൻറായ എ കെ മണിയുടെ വാദം.

മൂന്നാറിൽ വൻകിട കയ്യേറ്റങ്ങളൊന്നുമില്ല. മൂന്നാറിന് പുറത്താണ് എല്ലാം. പറയുമ്പോൾ എല്ലാവരും മൂന്നാറെന്ന് പറയുന്നതാണ്. ഇവിടെ റിസോർട്ടുകളോ വൻകിടകെട്ടിടങ്ങളോയില്ല. ടാറ്റയുടെ കാലത്ത് നൽകിയ ഭൂമിയിലാണ് കെട്ടിടങ്ങളുള്ളത്. ശേഷിക്കുന്ന യഥാർത്ഥ മൂന്നാറുകാർക്കിപ്പോഴും ഭൂമി ലഭിച്ചിട്ടില്ല.

മുൻ ദേവികുളം എംഎൽഎ കൂടിയായ എ കെ മണി പറയുന്നു.
മൂന്നാറിലെത് വൻകിട കയ്യേറ്റങ്ങൾ അല്ല എന്ന് ഇരുപക്ഷവും വാദിക്കുന്നത് ഒറ്റവാദം ഉയർത്തിയാണ്. അതായത് ഏക്കറുക്കണക്കിന് ഭൂമിയൊന്നും കയ്യേറാൻ മൂന്നാറിലില്ല എന്ന്. എന്നാൽ 2 ഉം 3 ഉം സെൻറുകളിൽ ബഹുനില കെട്ടിടങ്ങൾ ഉയർത്തിയ റിസോർട്ട് മാഫിയകളുടെ കയ്യേറ്റങ്ങളെ സംബന്ധിച്ച് ഇരുപക്ഷവും മൌനം പാലിക്കുന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികൾക്ക് 2 ഉം 3 ഉം നിലകളുള്ള കെട്ടിടം പണിയാൻ ആസ്ഥിയില്ലെന്ന് ആവർത്തിക്കുമ്പോളാണ് ഈ ബഹുനില കെട്ടിടങ്ങൾ കയ്യേറ്റങ്ങളല്ല എന്ന ഇവരുടെ വിചിത്രമായനവാദം. 2007 ലെ കയ്യേറ്റമൊഴിപ്പിക്കൽ കാലത്ത് ദൌത്യസംഘവും അതിനെ അനുകൂലിച്ചിരുന്നവരും ചൂണ്ടികാണിച്ചതും ഇത് തന്നെയാണ്.

കയ്യേറ്റക്കാരും കുടിയേറ്റക്കാരും

മൂന്നാറിലെ കയ്യേറ്റക്കാരേയും കുടിയേറ്റക്കാരേയും രണ്ടായി തന്നെ കാണണം. കണ്ണൻ ദേവൻറെ തോട്ടത്തിലും ഏലക്കാടുകളിലും പണിയെടുപ്പിക്കാനായി പുറമേ നിന്ന് കൊണ്ടുവന്നവരാണ് യഥാർത്ഥ മൂന്നാറുകാർ. ഇവരാണ് യഥാർത്ഥ കുടിയേറ്റക്കാർ. എന്നാൽ എത്ര കുടിയേറ്റക്കാർക്ക് സ്വന്തമായി ഭൂമി ലഭിച്ചിട്ടുണ്ട് എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. ഒപ്പം തന്നെ കയ്യേറിയെത്തിയവർക്ക് എത്ര ഭൂമി ലഭിച്ചുവെന്നും.
മൂന്നാറിൽ ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്താണ് വീണ്ടും കയ്യേറ്റങ്ങൾ ഉയർന്നതെന്നും കഴിഞ്ഞ സർക്കാർ നടപടിയെടുക്കാത്തതാണ് കയ്യേറ്റങ്ങൾ വ്യാപകമായതിന് പിന്നിലെന്നുമാണ് ആരോപണങ്ങളെ പ്രതിരോധിക്കാനായി സിപിഎം ഉയർത്തുന്ന വാദങ്ങൾ.
2014 ൽ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മൂന്നാറിലെ കയ്യേറ്റങ്ങൾ­ സംബന്ധിച്ചും പട്ടയങ്ങളെ കുറിച്ചും വിദഗ്ധമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2016 ൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ദേവികുളം ആർഡിഓ ഓഫീസിൻറെ വരാന്തവരേയുള്ള ഭൂമിക്കുവരെ സ്വകാര്യവ്യക്തികൾ പട്ടയം സ്വന്തമാക്കി കഴിഞ്ഞിരിക്കുന്നു ! സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ ആൽബിയുടെ വീട്ടിൽ വെച്ച് വരെ പട്ടയം ഉണ്ടാക്കി നൽകുന്നു. തഹസിൽദാറുടെ സീലും തണ്ടപേർ രജിസ്റ്ററുമെല്ലാം ആൽബിയെന്ന സിപിഎം പ്രാദേശിക നേതാവിൻറെ വീട്ടിലുണ്ട്. പട്ടയങ്ങൾ സംബന്ധിച്ച രേഖകൾ കെഡിഎച്ച് വില്ലേജിൽ നിന്നും താലൂക്ക് ഓഫീസിൽ നിന്നും നഷ്ടപ്പെട്ടത് പോലെ ഈ റിപ്പോർട്ടെന്തായാലും നഷ്ടമായിട്ടില്ല. ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾ നടത്തിയ റിപ്പോർട്ട് സർക്കാരിൻറെ മേശയ്ക്കകത്ത് ഇപ്പോഴും ഭദ്രമാണ്.

കയ്യേറ്റം കഴുവേറ്റിയ പരിസ്ഥിതി

ഇത്തരം കയ്യേറ്റങ്ങൾ മൂന്നാറിൻറെ പരിസ്ഥിതിയെ ചെറുതായൊന്നുമല്ല മാറ്റിമറിച്ചത്. കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾക്ക് തന്നെ മൂന്നാർ വിധേയമായി. ദുർബലമായ പ്രതലങ്ങളിൽ അനുമതിയില്ലാതെ ഉയർന്നുപൊങ്ങുന്നത് ബഹുനില കെട്ടിടങ്ങളാണ്. മണ്ണിടിച്ചിലടക്കമുള്ള പ്രകൃതിദുരന്തങ്ങൾക്ക് പലവട്ടം ഇരയായിട്ടുള്ള ഈ പ്രദേശത്തിന് താങ്ങാവുന്നതിലുമപ്പുറമാണ് ഈ വൻകിടകെട്ടിടങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നം. ഇത്തരത്തിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2009 ലെ ഊട്ടിയിലുണ്ടായ പ്രകൃതിദുരന്തം മൂന്നാറിലും സംഭവിച്ചേക്കാം.

മൂന്നാറിൻറെ ഭൂപ്രകൃതിക്ക് തന്നെ വലിയ മാറ്റങ്ങളാണ് അനധികൃത നിർമാണങ്ങൾ വരുത്തിവെച്ചത്. കുന്നായ കുന്നെല്ലാം ഇടിച്ചിറക്കി ബഹുനിലകെട്ടിടങ്ങൾ പടുത്തുയർത്തി. ടൂറിസത്തിൻറെ പേരിൽ മൂന്നാറിലും പരിസരപ്രദേശങ്ങളിലും ഉയർന്നുപൊന്തിയത് ആയിരക്കണക്കിന് റിസോർട്ടുകളാണ്. ചെങ്കുത്തായപ്രദേശങ്ങളിലും കെട്ടിടങ്ങൾ ഉയർന്നുകഴിഞ്ഞു. നികത്തൽ വ്യാപകമായതോടെ ആറുകളും ശോഷിച്ചു. ശേഷിക്കുന്ന ആറിലെ വെള്ളമെല്ലാം റിസോർട്ടുകളിൽ നിന്നുള്ള വിസർജ്യങ്ങളാൽ മാലിനമായി കഴിഞ്ഞു. ബലമില്ലാത്ത പ്രതലങ്ങളിൽ ഉയരുന്ന ബഹുനിലകെട്ടിടങ്ങൾക്കെല്ലാം അധികൃതർ കെട്ടിടനമ്പറും വൈദ്യുതികണക്ഷനുമെല്ലാം നൽകുകയും ചെയ്യുന്നു. ഇത്തരം വൻകിട നിർമാണങ്ങൾ ഭൂമിക്ക് ഉണ്ടാക്കുന്ന സമ്മർദ്ദം ചില്ലറയൊന്നുമല്ല. ഊട്ടിയിലുണ്ടായ പ്രകൃതിക്ഷോഭത്തിൽ 2009 ൽ ഇത്തരത്തിൽ കെട്ടിപ്പൊക്കിയ വൻകിട നിർമാണങ്ങൾ തകർന്നിടിഞ്ഞത് മൂന്നാറിന് ഒരു മുന്നറിയിപ്പാണ്. വലിയ മണ്ണിടിച്ചിലിനും പ്രകൃതിക്ഷോഭത്തിൻറേയും ചരിത്രം മൂന്നാറിനുമുണ്ടെന്നത് മറക്കരുത്.

മൂന്നാറിലെ കയ്യേറ്റങ്ങൾക്ക് അറുതിവരുത്തിയേപറ്റു. ടൂറിസത്തിൻറെ മറവിൽ നടക്കുന്ന ഈ കയ്യേറ്റങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ടൂറിസം മാത്രമല്ല മൂന്നാർ തന്നെ ഇല്ലാതാകുമെന്ന് തിരിച്ചറിഞ്ഞേപറ്റു. സർക്കാർ സംവിധാനങ്ങൾ മാത്രമല്ല, നമ്മുടെ രാഷ്ട്രീയപാർട്ടികളും നാട്ടുകാരും ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കണം. അല്ലെങ്കിൽ ഊട്ടിക്ക് സംഭവിച്ചത് മൂന്നാറിനും സംഭവിച്ചേക്കാം.

..........
മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് മീഡിയ വൺ നേർക്കാഴ്ച്ച  പ്രോഗ്രാം കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക