Sunday 30 August 2015

കറുത്തജൻമങ്ങൾ....

ജീവിതം അങ്ങനെയാണ്
മഴവില്ലിൻറ്റെ ഏഴ് വർണങ്ങൾ മാത്രമല്ല
ഇരുളിൻറ്റെ കറുപ്പും
വീഴ്ത്തും.
എല്ലാം ആഗിരണം ചെയ്യുന്ന
കറുപ്പ്

സമയം അങ്ങനെയാണ്
പ്രതീക്ഷിക്കാത്ത നേരത്ത്
നിലച്ചുപോയേക്കും
ആർക്കും പങ്കുവെക്കാനില്ലാത്ത
സമയം

പങ്കുവെക്കാനില്ലാത്ത
സമയത്തേയും സാന്ത്വനത്തേയും പോലെ
നിരർത്ഥകമായ മറ്റൊന്നില്ല ലോകത്ത്

ഘടികാരസൂചിപോലെ
സമയവേഗത്തിൽ
ചലിക്കാത്ത ബന്ധങ്ങൾ
ഇരുളിൻറ്റെ നിഴലാണ്.

(250815)

Tuesday 25 August 2015

നിഷേധം

തിരസ്ക്കരിക്കപെടുന്നതിന്‍റെ
വേദന
തിരസ്ക്കരിക്കപെടുന്നവനേ
അറിയു

ജീവിതത്തിൽ
വിജയിക്കാത്തവനേ
പരാജയത്തിന്‍റെ
ഭാരം അറിയു

കാളപൂട്ടിനെത്തിയ
കാളയുടെ
അവസ്ഥയാണ്
മനസിനിപ്പോൾ

അടികൊണ്ട്
ശരീരവും
പരാജയഭാരംകൊണ്ട്
ശിരസും
തളർന്നിരിക്കുന്നു
ഇറച്ചികടയിലേക്ക്
ഇനിയെത്ര നാഴിക

അവസാനയാത്രയ്ക്ക്
സമയംകുറിക്കും മുമ്പ്,
നന്ദിയും
ക്ഷമയുമില്ല
ചോദിക്കാൻ

പറയാൻ
രണ്ടുവാക്ക് മാത്രം
രണ്ടേ രണ്ട് വാക്ക്
മറക്കില്ല,
മടുത്തില്ല...

240815





Sunday 23 August 2015

ഒന്നുപോകണം, ഒറ്റക്ക്....

ഒന്നു പോകണം
ഒറ്റക്ക്.
ഇടവഴികളും
നടവഴികളും
താണ്ടി
ദൂരേക്ക്,
അങ്ങ് ദൂരേക്ക്
പൂമരങ്ങൾ
വിരിയാത്ത,
മഴമരങ്ങൾ
തണൽ
വിരിക്കാത്ത,
മിന്നാമിനുങ്ങുകൾ
വഴികാട്ടാത്ത,
പുല്ലുകൾ
കിളിർക്കാത്ത
പാതയിലൂടെ
ആത്മാക്കളുറങ്ങാത്ത
ദേശത്തേക്ക്...
അവിടേക്ക്
ഒറ്റക്ക്
പോകണം...



230815

Wednesday 19 August 2015

ഒടുവിലത്തെ സ്നേഹാക്ഷരങ്ങള്‍...

ഇനി നിനക്കായി കുറിക്കാന്‍ കവിതയൊന്നും
എന്‍റെ തൂലികതുമ്പില്‍ അവശേഷിക്കുന്നില്ല.
മേഘമായി, മഴയായി, മഞ്ഞായി
ഹൃദയാക്ഷരങ്ങള്‍ ഇനി പെയ്തിറങ്ങില്ല.

നിനക്കായുള്ള അവസാനത്തെ
സ്നേഹാക്ഷരവും ഇടറിവീഴുമ്പോഴും
അറിയുന്നു നിന്നെ ഞാന്‍ അത്രമേല്‍
സ്നേഹിച്ചിരുന്നെന്ന്..
നീയുമറിയുക നീയെനിക്ക് നീയായിരുന്നില്ല
ഞാന്‍ തന്നെയായിരുന്നുവെന്ന്





(ആഗസ്റ്റ് 15, 2015)

Sunday 16 August 2015

വിപ്ലവഭൂമികയിലെ പാര്‍ട്ടി സമ്മേളനം

സിപിഎം സമ്മേളനം ആലപ്പുഴയിൽ അവസാനിച്ചപ്പോൾ ചില കാര്യങ്ങൾ.....
1.വി.എസ് അവസാനമായി സെക്രട്ടറിയായത് 88ലെ ആലപ്പുഴ സമ്മേളനത്തിൽ
അന്ന് അത് ബദൽ രേഖയ്ക്കുശേഷമുള്ള സമ്മേളനം
ആലപ്പുഴ 2015ൽ സമ്മേളനമെത്തിയപ്പോൾ സംസ്ഥാനസമിതി അംഗമായി വി.എസ് പങ്കെടുത്ത അവസാനസമ്മേളനമായി.
88 ലേത് ബദൽ രേഖയ്ക്ക് ശേഷമുള്ളതെങ്കിൽ ആലപ്പുഴയിലേത് "പ്രമേയ"ത്തിനുശേഷമുള്ളതായി,
2. 1991 ൽ കോഴിക്കോട് നടന്നസമ്മേളനത്തിൽ ഇ.കെ നായനാർ പാർട്ടി അമരക്കാരനായി.
ആശയഭിന്നത വിഭാഗീയതയിലേക്ക്..
കർകശകാരനായ സെക്രട്ടറിയിൽ നിന്ന് തമാശക്കാരനായ സെക്രട്ടറിയിലേക്ക്
3. 96 ൽ നായനാരിനെ മുഖ്യമന്ത്രിയാക്കി പകരം ചടയൻ ഗോവിന്ദൻ സെക്രട്ടറി സ്ഥാനത്തേക്ക്.
(വി.എസിനെ മാരാരികുളത്ത് വിഭാഗീയത കളിച്ച് തോൽപിച്ചില്ലായിരുന്നേൽ വി.എസ് അന്നേ മുഖ്യമന്ത്രിയായേനെ.)
വെട്ടിനിരത്തൽ വിട്ട് വി.എസ് ജനകീയ വിഷയങ്ങളിലേക്ക്.
4. 1998 ൽ ചടയൻ അന്തരിച്ചപ്പോൾ പിണറായിയെ സെക്രട്ടറിയാക്കി.
ഇതിന് നേതൃത്വം കൊടുത്തത് വി.എസ്.
പിന്നെ പിണറായി യുഗം.
വി.എസ്-പിണറായി പോര് വൈകാതെതുടങ്ങി.
വിഭാഗീയത എവറസ്റ്റ് കൊടുമുടി കയറി.
കാർക്കശ്യവും ധാർഷ്ട്യവും കൊമ്പ് കോർക്കുന്നു.
സൗമ്യനായ പിണറായി കർക്കശക്കാരനായപ്പോൾ വി.എസ് ജനകീയനായി മാറി.
5. വീണ്ടും സമ്മേളനം പുന്നപ്രയുടെ മണ്ണിലെത്തിയപ്പോൾ പിണറായിക്ക് പകരം കോടിയേരി സെക്രട്ടറിയാകുന്നു.
ചിരിക്കാത്ത പിണറായിയിൽ നിന്ന് ചിരിക്കുന്ന കോടിയേരിയിലേക്ക്.
ചുരുക്കത്തിൽ പാർട്ടി കണ്ണൂരിൽ തന്നെ.
വി.എസ് പുറത്തേക്കുള്ള വഴിയിലും.
വി.എസിനെ പാർട്ടിവിരുദ്ധനെന്ന് മുദ്രകുത്തി പുകയ്ക്കുന്നതിന് നേതൃത്വം പിണറായി വക.


വി.എസ് ഇറങ്ങിപോയ സമ്മേളനം.
സ്ഥാപകരിലൊരാളായ വി.എസ് ഇല്ലാത്ത cpm ൻറ്റെ ആദ്യത്തെ സമാപനസമ്മേളനം.
വിഭാഗീയത ഇല്ലാതാക്കി (അടിച്ചമർത്തി) എന്ന് ടീം കണ്ണൂരിൻറ്റെ അവകാശവാദവും....
1991 മുതൽ പാർട്ടി "കണ്ണൂരിൽ" തന്നെ എന്ന് ചുരുക്കം.
So called കണ്ണൂർ ലോബിയുടെ കയ്യിൽ എന്നും പറയാം....

(nb: സമ്മേളനം കഴിഞ്ഞദിവസം ഫെയ്സ് ബുക്ക് പേജില്‍ എഴുതിയത്)