Tuesday, 10 April 2012

ആഘോഷങ്ങള്ക്കിടയിലെ ചില പരമ്പരാഗത ദൈന്യതകള്


മലയാളിക്ക് ഇത് വിഷുക്കാലം.
പൂത്തുനില്ക്കുന്ന കൊന്നയും വിളഞ്ഞുനില്ക്കുന്ന വെള്ളരിയും ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും വരവറിയിക്കുന്നകാലം.   
വിഷുകൈനീട്ടവും പുതിയ വസ്ത്രങ്ങളും പടക്കങ്ങളുമെല്ലാമായി മലയാളി വിഷുആഘോഷിക്കുന്ന തിരക്കിലാണ്.
വിഷുകാലം എല്ലാവര്ക്കും പക്ഷെ അത്രസുന്ദരമായ ഒന്നല്ല. പ്രത്യേകിച്ച് പരമ്പരാഗത തൊഴില് മേഖലയില് പണിയെടുക്കുന്നവര്ക്ക്. ആഘോഷത്തിന് പോയിട്ട് വിഷുദിനത്തില് സദ്യയൊരുക്കാനുള്ള വരായിയെങ്കിലും കിട്ടിയെങ്കിലെന്ന പ്രാര്ത്ഥനയിലാണ് ഈ രംഗത്തെ പാവങ്ങള്.

കണ്ണൂരില് നിന്നുള്ള ചില വിഷമകാഴ്ച്ചകളിലേക്ക്.

കണ്ണൂര് – കണ്ണന്റെ ഊര് മാത്രമല്ല, നെയ്ത്തുകാരുടേയും ബീഡിതെറുപ്പുകാരുടേയും സ്വന്തം ഊരുകൂടിയാണ്. രാഷ്ട്രീയ –തൊഴിലാളി സംഘടനകളുടെ ഈറ്റില്ലവും ശക്തികേന്ദ്രവും കൂടിയാണ് ഇരുമേഖലകളും. എന്നാല് അറുതിയുടേയും വറുതിയുടേയും വലിയ കഥകളാണ് ഇവിടങ്ങളിലുള്ളവര്ക്ക് പങ്കുവെക്കാനുള്ളത്.   

കൈത്തറി മേഖലയിലെ ആയിരക്കണക്കിന് വരുന്ന തൊഴിലാളികള്‍ ഓണക്കാലത്തെ വിപണിയെ മാത്രം മുന്നില്‍ കണ്ടാണ്  കാലങ്ങളായി തൊഴിലെടുക്കുന്നത്. അല്ലാത്ത സമയത്ത് കാര്യമായ തൊഴിലൊന്നും ഇവര്‍ക്കില്ല. ഖദര്‍ വസ്ത്രങ്ങള്‍ക്കെല്ലാം വര്‍ഷം മുഴുവനും സര്‍ക്കാര്‍ 30 ശതമാനം വരെ റിബേറ്റ് നല്‍കുമ്പോള്‍ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഓണവും വിഷുവും കൃസ്മസുംപോലുള്ള ആഘോഷവേളകളില്‍  മാത്രമാണ്  സര്‍ക്കാര്‍ റിബേറ്റ് നല്‍കുന്നത്. ഇതിലും ഓണക്കാലത്ത് മാത്രമാണ് കൈത്തറി വിപണി സജീവമാകുന്നത്. ബാക്കിയുള്ള 11 മാസവും ഓണക്കാലത്തെ വിപണിയെ മുന്നില്‍കണ്ട് വസ്ത്രങ്ങള്‍ നെയ്യുകയാണ് ഇവര്‍. സര്‍ക്കാര്‍ റിബേറ്റ് എല്ലാകാലവും നല്‍കുകയാണെങ്കില്‍ കൈത്തറിക്കും വലിയസ്വീകാര്യതതന്നെ സംസ്ഥാനത്ത് ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.

ആഘോഷകാലങ്ങളില് സംസ്ഥാനത്ത് തുറക്കുന്ന പ്രദര്‍ശന വിപണനമേളകള്‍ മാത്രമാണ് ഇവര്‍ക്ക് ഇവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള മുഖ്യമാര്‍ഗവും. ബാക്കിയുള്ള മാസങ്ങളിലെല്ലാം കയറ്റുമതിചെയ്യുന്നതിനുള്ള തുണിത്തരങ്ങള്‍ തയ്യാറാക്കുക എന്നത് മാത്രമാണ് ഇവര്ക്ക് ചെയ്യാനുള്ളത്. കോപറേറ്റീവ് സൊസൈറ്റികളുടെ കീഴില് പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇതും ഉള്ളു. ഒറ്റക്ക് സ്വന്തം വീട്ടിലെ തറിയില്‍ നൂല്‍നൂല്‍ക്കുന്ന നെയ്ത്തുകാരന് ഈ കാലയളവില്‍ പട്ടിണിമാത്രം ബാക്കി. കോപറേറ്റീവ് സൊസൈറ്റികള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമാത്രമാണ് ഓണക്കാല വിപണിയിലും കാര്യമായ നേട്ടം ലഭിക്കുന്നത്. കാര്യമായ വേതനമോ ഒന്നും തന്നെ ഇവര്‍ക്ക് ലഭിക്കുന്നില്ലയെന്നത് തൊഴിലാളികളുടെ കാലങ്ങളായുള്ള പരാതിയാണ്. ഈ മേഖലയെ സംരക്ഷിക്കാന് ബാധ്യസ്ഥരായ സര്ക്കാരുകളും ഈ പരമ്പരാഗത തൊഴിലിനെ സംരക്ഷിക്കാന് വേണ്ടുന്നത് ചെയ്യുന്നുമില്ല. ബജറ്റുകളില് വല്ലപ്പോഴും പിച്ചകാശ്മാത്രമാണ് ഈ മേഖലയെ സംരക്ഷിക്കാന് മാറ്റിവെക്കപ്പെടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ വേതനമാണ് പലര്‍ക്കും ലഭിക്കുന്നത്. എന്നാല്‍ഏറെ ശ്രമകരവും അധ്വാനവും വേണ്ടുന്ന ഈ തൊഴിലിനു ഇത് മതിയാകില്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം.

കൈത്തറിരംഗത്ത് ഇടക്കാലത്ത് യന്ത്രവത്കരണം വന്നത് പരമ്പരാഗത നെയ്ത്തുകാരുടെ അന്നം മുട്ടിച്ചിരുന്നു. പക്ഷെ യന്ത്രവത്കരണം മെല്ലെ ഈ മേഖലയില് നിന്ന് പിന്മാറുന്നതായാണ് കാണുന്നത്. ആവശ്യക്കാര് അധികമില്ലെങ്കിലും ഉള്ള ചെറിയവിഭാഗത്തിന് തറിയില് കയ്യുകൊണ്ട് നെയ്തെടുത്ത വസ്ത്രങ്ങള് മതിയെന്നതും യന്ത്രങ്ങളുടെ പ്രവര്ത്തനചെലവ് വര്ദ്ധിച്ചതും പവര് ലൂമിനെ പിന്നോട്ടടിച്ചു.  
 
മറ്റൊരു വിഷുവിപണി കൂടി സംസ്ഥാനത്ത് സജീവമായിരിക്കുകയാണ്. കാര്യമായ തിരക്കൊന്നും തന്നെ വിപണനകേന്ദ്രങ്ങളില് അനുഭവപ്പെടുന്നില്ല എന്നതാണ് വസ്തുത. വഴിതെറ്റിയെത്തുന്ന യാത്രക്കാരെപോലെയാണ് ചിലര്. വെറുതെ സമയംകൊല്ലാന് കയറി വിപണനമേളകളിലെ സ്റ്റാളുകളില് കയറിയിറങ്ങി മടങ്ങുന്നവര്. മേള അവസാനിക്കാന് ഏതാനും ദിവസങ്ങള് മാത്രം ബാക്കിനില്ക്കെ നൂലിന് ചിലവിട്ട പൈസയെങ്കിലും തിരികെകിട്ടിയെങ്കില് എന്ന് പ്രാര്ത്ഥിക്കുന്ന ചില പരമ്പരാഗത നെയ്ത്തുകാരേയും കണ്ടു മേളയില്.   


പുത്തന് തലമുറ വില്സിനും 555 നും പിന്നാലെ പോയപ്പോള് പട്ടിണിയുടെ സ്വാദറിഞ്ഞവരാണ് ബീഡി തെറുപ്പുകാര്. ബീഡിക്ക് ആവശ്യക്കാര് കുറഞ്ഞതോടെ പണിയും കുറഞ്ഞു. പുകയിലയുടെ ലഭ്യതകുറവുകൂടിയായപ്പോള് പതനം പൂര്ത്തിയായി. സഹകരണസംഘത്തിന് കീഴില് നിലകൊണ്ടചിലര്ക്ക് മാത്രമാണ് പതനത്തിനിടയിലും അല്പമെങ്കിലും പിടിച്ചുനില്ക്കാനായത്. കൈത്തറിമേഖലയോടെന്നപോലെ ഈ മേഖലയിലെ തൊഴിലാളികളേയും സര്ക്കാരുകള് മറവിയുടെ പിന്നാംപുറത്തേക്ക് ആട്ടിപായിച്ചിരിക്കുകയാണ്.

ഓരോ ഓണക്കാലം എത്തുമ്പോളും സര്ക്കാര് ഏതെങ്കിലും തരത്തില് എന്തെങ്കിലും ബത്തയായി നല്കുമെന്ന പ്രതീക്ഷയില് കഴിയുന്നവരായി മാറിയിരിക്കുകയാണ് ഇവര്. വേണമെങ്കില്, ജീവിക്കാനായി ആത്മാഭിമാനം നഷ്ടപ്പെട്ട് സര്ക്കാരുകള് നല്കുന്ന പിച്ചകാശിന് കൈനീട്ടിയിരിക്കുന്നവരായി നമ്മുടെ പരമ്പരാഗതതൊഴിലാളികള് മാറിയിരിക്കുന്നു, അഥവാ മാറ്റപ്പെട്ടിരിക്കുന്നുവെന്ന് പറയാം. ജനിച്ചുപോയില്ലേ, ഇനി ജീവിച്ചുപോയല്ലേ പറ്റൂ... 

Wednesday, 4 April 2012

ദേവഭൂമിയും പിന്നിട്ട് ത്രിഹരിയിലേക്ക്....ആകസ്മികമായി നടത്തുന്ന യാത്രകള്‍‍, അത് സമ്മാനിക്കുന്ന കാഴ്ച്ചകള്‍, അറിവുകള്‍, മനസിന് വല്ലാത്ത ആശ്വാസവും ആനന്ദവും നല്‍കും. അത്തരമൊരു യാത്രയായിരുന്നു ഹിമാലയമലനിരകളിലൂടെയും ദേവഭൂമിയിലൂടെയും ഇന്ദ്രപ്രസ്ഥത്തിലൂടെയുമെല്ലാം നടത്തിയത്. കേന്ദ്ര ഊര്‍ജ മന്ത്രാലയം സംഘടിപ്പിച്ചതായിരുന്നു യാത്ര. മന്ത്രാലയത്തിന്‍റെ കീഴിലുള്ള ദാദ്രിയിലേയും തെഹരിയിലേയും പദ്ധതിപ്രദേശങ്ങളിലേ്ക്ക് ഒരു പഠനയാത്ര, അതായിരുന്നു ലക്ഷ്യം. ഞങ്ങള്‍ 19 മാധ്യമപ്രവര്‍ത്തകാരാണ് സംഘത്തിലുള്ളത്, ഒപ്പം എന്‍ടിപിസി കായംകുളത്തെ ഉദ്യേഗസ്ഥനായ ശ്രീകുമാര്‍ സാറും.

                     ആദ്യആകാശയാത്ര         (Photo: k. sasi kayoor)
കൊച്ചിയില്‍ നിന്ന് ആകാശമാര്‍ഗമാണ് ഡെല്‍ഹിയിലേക്ക്. ജെറ്റ് എയര്‍വെയ്സിന്‍റെ 9 W 2329 വിമാനത്തില്‍ ജീവിതത്തിലെ ആദ്യത്തെ വിമാനയാത്ര. ഫ്ലൈറ്റ് ഡിലൈ അയതിനാല്‍ തന്നെ ആദ്യയാത്രയുടെ ആകാംക്ഷയും നീളുകയാണ്. പിന്നെ സഹയാത്രികനായ മാത്തുകുട്ടിയുമൊത്ത് എയര്‍പോര്‍ട്ടിലെ ബുക്കസ്റ്റാളില്‍ ചെറിയ ഒരു പരതല്‍. ചേതന്‍ ഭഗത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ റെവല്യൂഷന്‍ 20 20 വാങ്ങി. പിന്നെ സെക്യൂരിറ്റി ചെക്കിങ്ങിനായി മുന്നോട്ട്. സെക്യൂരിറ്റി ചെക്കിങ്ങിനുള്ള നിരയില്‍ ഊഴം കാത്ത് നില്‍ക്കുമ്പോളാണ് ഗായകനും സംഗീതസംവിധായകനുമായ ജാസി ഗിഫ്റ്റിനെ കണ്ടത്. ഒരു തെലുങ്കുപടത്തിന്‍റെ പാട്ട് റെക്കോര്‍ഡ് ചെയ്യാനായി ബാംഗ്ലൂരിലേക്കുള്ള യാത്രയിലാണ് ജാസി ഗിഫ്റ്റ്. അല്‍പനേരം കുശലം പറഞ്ഞു, സെക്യൂരിററി ചെക്കിങ് കഴിഞ്ഞ് അകത്ത് കയറിയപ്പോളാണ് ആദാമിന്‍റെ മകന്‍ അബുവിന്‍റെ സംവിധായകന്‍ സലീം അഹമദിനെ കണ്ടത്. ഓസ്ക്കാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രത്തിന്‍റെ ശബ്ദമിശ്രണം റസൂല്‍ പൂക്കുട്ടിചെയ്യാമെന്നേറ്റിട്ടുണ്ടെന്നും റസൂലിനെ കാണാനായി മുംബൈയിലേക്കുള്ള യാത്രയിലാണ് സലീം. തിരികെ വന്നിട്ട് വിശദമായി കാണാമെന്ന് പറഞ്ഞ് സലീം യാത്രയായി. 2 മണിക്കൂര്‍ വൈകിയ വിമാനം 8.45 ഓടുകൂടി ഒടുവില്‍ ഞങ്ങളേയും വഹിച്ചുകൊണ്ട് ആകാശത്തേക്ക് പറന്നുയര്‍ന്നു. സീററ് ബെല്‍റ്റും മുറുക്കി ചെറിയ ജനലിലൂടെ പുറത്തെ ആകാശകാഴ്ച്ചയിലേക്ക് കണ്ണുംനട്ട് ഞങ്ങളിരുന്നു.
                        ആകാശ കാഴ്ച്ച           (Photo: k. sasi kayoor)
വിമനത്തിന്‍റെ ചെരിഞ്ഞുള്ള പറക്കലും മെല്ലെ പൊന്തുന്നതുമെല്ലാം വളരെ ഹൃദ്യമായി തോന്നി. ഒരുപക്ഷെ ആദ്യയാത്രയായതിനാലാവും. മേഘങ്ങളെ വകഞ്ഞുമാറ്റികൊണ്ട് വിമാനം ഉയരങ്ങളിലേക്ക്. ഒടുവില്‍ വിമാനം സ്റ്റെഡിയായപ്പോള്‍ ഫ്ലൈറ്റ് സൂപ്പര്‍വൈസറിന്‍റെ അറിയിപ്പ് എത്തി. ഇനി എല്ലാവര്‍ക്കും സീറ്റ് ബല്‍റ്റില്‍ നിന്ന് മോചിതരാകാം, പുറത്തെ കാഴ്ച്ചകള്‍ ആസ്വദിക്കാം.

ഭൂമിക്കുമുകളിലൂടെ വിമാനം ഇരമ്പിപായുകയാണ് (ഇരമ്പല്‍ അകത്തിരിക്കുന്ന ഞങ്ങള്‍ക്ക് കേള്‍ക്കാനാവില്ലെങ്കിലും). താഴെ പുഴകളും കായലുകളും റോഡുകളും പാടങ്ങളുമെല്ലാം നേര്‍രേഖയായി മാറിയിരിക്കുന്നു. ഒപ്പം മേഘകൂട്ടങ്ങള്‍ പവിഴപുറ്റുകളെ പോലെ ഒഴുകി നടക്കുന്ന സുന്ദരമായ കാഴ്ച്ചയും. കുടുതല്‍ ഉയരങ്ങളിലേക്ക് പോകുംതോറും ഭൂമി ചതുരാകൃതിയുള്ള പ്ലോട്ടുകളായി മാറുന്നപോലെ, അങ്ങിങ്ങ് പച്ചവിരിച്ച് കൃഷിസ്ഥലങ്ങളും കാടുകളുമെല്ലാം. കൂട്ടത്തില്‍ പലരുടേയും കന്നി വിമാനയാത്രയാണ്. അതിനാല്‍ തന്നെ പലരും ഫോട്ടോ എടുക്കുന്നതിരക്കിലുമാണ്. ഒരുമണിക്കൂര്‍ നീണ്ട പറക്കലിനുശേഷം വിമാനം ചെന്നൈയുടെ മുകളിലെത്തി. കടലിനുമുകളിലൂടെ വിമാനം താഴ്ന്ന് പറന്നപ്പോള്‍ തീരത്തോട് ചേര്‍ന്നുള്ള ചെന്നൈനഗരത്തിന്‍റെ ആകാശദൃശ്യം മനോഹരമായിരുന്നു. മീന്‍പിടുത്തം കഴിഞ്ഞ് തീരത്തേക്ക് കുതിക്കുന്ന ഫിഷിങ് ബോട്ടുകള്‍. മുക്കാല്‍ മണിക്കൂര്‍ നേരം ചെന്നെ വിമാനത്താവളത്തില്‍. ഇന്ധനം നിറച്ച് ചിലരെ ഇറക്കി കുറച്ച് പുതിയ യാത്രികരെ കയറ്റി. ഇനി രാജ്യതലസ്ഥാനത്തേക്ക്.
പവിഴപുറ്റുകളായി മേഘകൂട്ടങ്ങള്‍

ദില്ലി നഗരത്തോട് അടുക്കുന്നത് വളരെ അകലെ നിന്നുതന്നെ മനസിലായി. ചെറിയ വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങള്‍ പെടുന്നനെ വലിയ കെട്ടിടങ്ങള്‍ക്കും ഷോപ്പിങ് കോംപ്ലക്സുകള്‍ക്കും വലിയറോഡുകള്‍ക്കും വഴിമാറുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങളാല്‍ സമൃദ്ധമായ ഇന്ദ്രപ്രസ്ഥത്തിനുമുകളിലൂടെ വിമാനം താഴ്ന്ന് പറക്കാന്‍ തുടങ്ങി. യമുനാനദിയുടെ നീരൊഴുക്ക് കുറഞ്ഞിരിക്കുന്നു. മലിനമായ തീരങ്ങളില്‍ ചെറിയചെറിയ കുടിലുകള്‍. ഡല്‍ഹി വികസനത്തിന്‍റെ കോണ്‍ക്രീറ്റ് പുതപ്പിനടിയില്‍ മയങ്ങുമ്പോഴും അങ്ങ് യമുനയുടെ തീരത്ത് ദാരിദ്ര്യത്തിന്‍റെ വിത്തുകള്‍ ദൃശ്യമാണ്.
ഒടുവില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തില്‍ വിമാനമിറങ്ങി. ആദ്യപറക്കലിന് ലാന്‍റിങ്. കോമണ്‍വെല്‍ത്ത് ഗയിംസിന്‍റെ മറവില് കോടികളുടെ അഴിമതി നടത്തിയ മഹാന്‍മാരോട് എന്തായാലും നന്ദി പറയട്ടെ. ഗെയിംസിന്‍റെ പേരിലെങ്കിലും ദില്ലി വിമാനത്താവളത്തെ മനോഹരിയാക്കിയിരിക്കുന്നു. ഇതിനുപിന്നിലെ അഴിമതികഥകള്‍ പിന്നാലെ പുറത്തുവന്നേക്കാം (അവിടെയും ഉണ്ടെങ്കില്‍).  

വിമാനത്താവളത്തിന് പുറത്ത് മനോഹരമായ റോഡകള്‍, പുല്‍ത്തകിടികള്‍, പല്‍ത്തകിടികള്‍ മനോഹരമാക്കി നിര്‍ത്തുന്ന പണിക്കാരെ എങ്ങും കാണാം. ചിലര്‍ തളര്‍ന്ന് മരത്തണലില്‍ വിശ്രമിക്കുന്നു, മറ്റുചിലര്‍ പൊരിവെയിലത്തും കര്‍മനിരതര്‍.
വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കുള്ള റോഡരികില്‍ ഓരോ സിഗ്നലിലും കളിപാട്ടങ്ങളുമായി കുട്ടികള്‍ ഉള്‍പ്പെടേയുള്ള കച്ചവടക്കാര്‍. വിമാനത്തിന്‍റെ മോഡല്‍ മുതല്‍ ചെറിയ കാറുകള്‍ വരെ. യഥാര്‍ത്ഥവിലയുടെ 10 ഇരട്ടിവരെ ആദ്യം പറയും പിന്നെ വിലപേശിപ്പേശി ന്യായമായ ലാഭത്തില്‍ അവര്‍ കളിപ്പാട്ടം വില്‍ക്കും. ഒരുപക്ഷെ ഡല്‍ഹിയുടെ യഥാര്‍ത്ഥ അവകാശികള്‍ ഇവരൊക്കെയല്ലേ? രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ഭാഗ്യം തേടി രാജ്യതലസ്ഥാനത്തേക്ക് കുടിയേറിയപാര്‍ത്തവര്‍ക്കും ലാഭകൊതിമൂത്ത് ഫ്ലാറ്റുകളും ഷോപ്പിങ് മോളുകളും പണിയാനായെത്തിയവര്‍ക്കുംവേണ്ടി ആട്ടിപായിക്കപെട്ടവര്‍. ഡല്‍ഹിക്ക് പുറത്ത് യമുനയുടെ തീരത്തും മറ്റും ദ്രാരിദ്ര്യത്തിന്‍റെ കഥയുമായി കഴിയുന്ന ഡല്‍ഹിയുടെ യഥാര്‍ത്ഥ ഉടമകള്‍.

ഡല്‍ഹിയിലെ റോഡുകളുടെ ഇരുവശവും വലിയ മരങ്ങള്‍ തണല്‍ വിരിച്ച് നില്‍ക്കുന്നുണ്ട്. മരങ്ങള്‍ നിലനിര്‍ത്തികൊണ്ടുതന്നെ റോഡുകള്‍ നിര്‍മിക്കാമെന്നതിന്‍റെ തെളിവാണ് ഇത്. മരത്തില്‍ നിന്നുള്ള മഴത്തുള്ളികള്‍ വീണ് റോഡ് നശിക്കുന്നുവെന്നും പറഞ്ഞ് കേരളത്തില്‍ മരങ്ങള്‍ മുറിച്ച് കളയുമ്പോളാണ് ഡല്‍ഹിയിലെ റോഡുകള്‍ ഇത്രയേറെ മരങ്ങളുടെ തണലിലായിട്ടും ഒന്നും സംഭവിക്കാതിരിക്കുന്നത്.
                       നീതുവിനൊപ്പം            (Photo: k. sasi kayoor)
ഡല്‍ഹിയിലെ രാജവീഥികളിലൂടെ ഡല്‍ഹി കാഴ്ച്ചയുടെ ആദ്യാനുഭവം നുകര്‍ന്ന് ഒടുവില്‍ കേരളാ ഹൗസിലെത്തി. ഇവിടെയാണ് ഉച്ചഭക്ഷണം. ഉച്ചഭക്ഷണത്തിനുശേഷം ഋഷികേശിലേക്ക്. യാത്രക്കായി ആദ്യം ഏര്‍പ്പെടുത്തിയ ബസ്സിലെ യാത്ര അസഹ്യമായതിനെ തുടര്‍ന്ന് ഇന്നോവാകാര്‍കള്‍ക്കായുള്ള കാത്തിരിപ്പ്. വാഹനം എത്താന്‍ ഉണ്ടായ കാലതാമസം മൂലം കാഴ്ച്ചകളുടെ വിലപ്പെട്ട 4 മണിക്കൂറാണ് ന്‍ഷ്ടമായത്. കേരളഹൗസിനുമുന്നിലെ തണല്‍മരത്തിലെ തത്തമ്മക്കൂട്ടം ബോറടിക്കാതെ നേരം കളയാന്‍ സഹായിച്ചു. ക്യാമറ കൈയിലുണ്ടായിരുന്നഎല്ലാവരും തത്തമ്മകളുടെ പിന്നാലെയായി. കേരളഹൗസില്‍ എന്നെ കാണാന്‍ നീതുവെത്തിയിരുന്നു. ഞങ്ങള്‍ സംസാരിക്കുന്നതിന്‍റെ വിവിധഭാവങ്ങള്‍  ഞങ്ങളറിയാതെ ചന്ദ്രികയുടെ ഫോട്ടോഗ്രാഫര്‍ ശശി കയ്യൂര്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ടേയിരുന്നു.

ഒടുവില്‍ വൈകുന്നേരം 6 മണിയോടെ ഋഷികേശിലേക്ക്. തമിഴ് സിനിമയിലെ വില്ലന്‍മാര്‍ വരുന്നതുപോലെ നീണ്ടനിരയായി 5 ഇന്നോവകാറുകളിലായി ഞങ്ങള്‍ യാത്രതിരിച്ചു. ഡല്‍ഹിയുടെ നിരത്തുകളില്‍ തിരക്കേറിയിരിക്കുന്നു.  ഓഫീസ് വിട്ട് വീടണയാനുള്ള തിരക്കിലാണ് എല്ലാവരും. തൊട്ടുതൊട്ടില്ല എന്നതരത്തില്‍ ചീറിപായുന്ന വിലയേറിയയതും കുറഞ്ഞതുമായ വാഹനങ്ങള്‍. ഏത് ആഢംബരവാഹനമാണെങ്കിലും ഡല്‍ഹിയിലെ തിരക്കിന്‍റെ ട്രേഡ് മാര്‍ക്കായി ഇടിച്ചതിന്‍റേയും ഉരഞ്ഞതിന്‍റേയും പാടുകള്‍ മിക്കവാഹനങ്ങളിലും കാണാം.

ദില്ലിയിലെ രാജവീഥികള്‍ വിട്ട് ഉത്തര്‍പ്രദേശിലെത്തിയപ്പോള്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന്‍റെ ചൂട് ഉത്തര്‍പ്രദേശിനെ ബാധിച്ച് തുടങ്ങിയിരിക്കുന്നു. എങ്ങും രാഷ്ട്രീയപാര്‍ട്ടികളുടേയും നേതാക്കളുടേയും പോസ്റ്ററുകള്‍. മുഖ്യമന്ത്രി കുമാരി മായാവതിയുടെ വലിയ പോസ്റ്ററുകളാണ് ഏറെയും. തോരണങ്ങളും മറ്റും കാണുമ്പോള്‍ സമാജ് വാദിയുള്‍പ്പടെയുള്ള പാര്‍ട്ടികള്‍ക്ക് അത്രസുഖമമല്ല പ്രവര്‍ത്തനം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്രമാത്രം ശുഷ്ക്കമാണ് അവരുടെ പോസ്റ്ററുകളും ബാനറുകളുമെല്ലാം.
വഴിമദ്ധ്യേ വിശ്രമത്തിനായി കാര്‍ നിര്‍ത്തിയപ്പോള്‍ വഴിയരികില്‍ നിറയെ പഴകച്ചവടക്കാര്‍ നിരന്നിരിക്കുന്നു. ഉന്തുവണ്ടികളില്‍ ആപ്പിള്‍ മുതല്‍ ഓറഞ്ചുവരെയുണ്ട്. എല്ലാം ഉത്തര്‍പ്രദേശിലും ഉത്തരാഘണ്ടിലും വിളഞ്ഞവ. കുറച്ചുനേരം അവരെ ശ്രദ്ധിച്ചുനിന്നു. നല്ല ചുവന്നുതുടുത്ത ആപ്പിളുകള്‍. സാമാന്യം നല്ല വലിപ്പവുമുണ്ട്. ഒരുകിലോ ആപ്പിളിന് വില 70 രൂപ.. ആ വിലയ്ക്ക് നാട്ടില്‍കിട്ടില്ലെന്നകാര്യം മാതൃഭൂമിയിലെ മാത്തുകുട്ടിയാണ് സൂചിപ്പിച്ചത്. ഇവിടെ വിളവെടുക്കുന്നതിനാല്‍ വിലകുറയുന്നുവെന്ന സാമ്പത്തികവശം പറഞ്ഞത് വീക്ഷണത്തിലെ സജിത്തും. എന്നാല്‍ വാങ്ങിഉത്തരേന്ത്യന്‍ ആപ്പിളിന്‍റെ രുചി നുകരാമെന്നായി. ഒരു കിലോ എടുക്കാന്‍ വില്‍പ്പനക്കാരനോട് പറഞ്ഞു. നല്ല വലിയ ആപ്പിളുകള്‍ തന്നെ തൂക്കി തന്നു. പിന്നെ പൈസകൊടുക്കുമ്പോളാണ് ഞങ്ങള്‍ ഞെട്ടിയത്. വില നിമിഷനേരം കൊണ്ട് 100 രൂപയായി ഉയര്‍ന്നിരിക്കുന്നു..!!! തൊട്ടുമുമ്പ് തദ്ദേശവാസിക്ക് 70 രൂപയ്ക്ക് നല്‍കിയത് സഞ്ചാരികളാണെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിറ്റത് 30 രൂപ കൂട്ടി... ഉത്തരേന്ത്യക്കാരന്‍റെ സാമ്പത്തികശാസ്ത്രം നമ്മളേക്കാള്‍ മികച്ചതെന്ന് ഞങ്ങള്‍ അനുഭവിച്ചറിഞ്ഞു.

ഉത്തര്‍പ്രദേശ് കടന്ന് ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെത്തിയപ്പോള്‍ പാതിരാത്രിയായിരുന്നു. ഉത്തരാഘണ്ഡ് ദൈവങ്ങളുടെ പ്രിയഭൂമിയാണെന്ന് വേണമെങ്കില്‍ പറയാം. ദേവഭൂമികളായ കൈലാസവും ബദ്രിനാഥും ഹരിദ്വാരും ഋഷികേശുമെല്ലാം സ്ഥിതിചെയ്യുന്ന ഈ മലനാടിനെ അങ്ങനെമത്രമേ വിശേഷിപ്പിക്കാന്‍ പറ്റു. സംസ്ഥാനത്തെ ജനങ്ങളുടെ അവസ്ഥവെച്ച് നോക്കുമ്പോള്‍ ദൈവത്തിന് പക്ഷെ അത്രപ്രിയങ്കരല്ല അവരെന്ന് വ്യക്തം. ജീവിതനിലവാരം ഏറെ താഴെയാണ് ഇവരുടേതെന്ന് ഗ്രാമങ്ങളിലൂടെയും പട്ടണങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാവും. ശൈത്യകാലത്തിന്‍റെ ആരംഭമാണെന്ന് അറിയിച്ചുകൊണ്ട് രാത്രിയിലെ കാറ്റിനും തണുപ്പ് ശക്തമായിതുടങ്ങിയിരിക്കുകയാണ്. 12 മണികഴിഞ്ഞിരുന്നു ഹരിദ്വാറിലെത്തിയപ്പോള്‍. രാത്രിയില്‍ സോഡിയം വേപ്പര്‍ ലാംമ്പുകളുടേയും നിയോണ്‍ ബള്‍ബുകളുടേയും വെളിച്ചം ഹരിദ്വാറിനെ പകലണിയിച്ചിരിക്കുന്നു. വിളക്കുകളുടെ പ്രകാശത്തില്‍ ശിവന്‍റെ വലിയ പ്രതിമയുടെ രാത്രി കാഴ്ച്ച ഏറെ ഹൃദ്യമായിരിക്കുന്നു. തെരുവിലും കടത്തിണ്ണയിലുമെല്ലാം നെരിപ്പോടൊരുക്കി ഭാങ്കും പുകച്ച് സന്ന്യാസിമാര്‍ നിരന്നിരിക്കുന്നു. ഈ ലോകത്തെ കാഴ്ച്ചകളില്‍ നിന്നും ഇല്ലായ്മകളില്‍ നിന്നും തണുപ്പില്‍ നിന്നും രക്ഷതേടിയോ അതോ ഭാങ്ക് നല്‍കുന്ന ലോകമാണ് ആത്മീയതയുടെതെന്ന തോന്നലോ എന്താണെന്നറിയില്ല ആലോകത്താണ് നമ്മുടെ മിക്ക സന്യാസിവര്യന്‍മാരും. പിന്നെയും കിലോമീറ്ററുകള്‍ താണ്ടി ഒരു മണിയോടെ ഋഷികേശിലെത്തി. ഹരിദ്വാര്‍പോലെത്തന്നെ ഋഷികേശും ദേവഭൂമിയാണ്. അതിനാല്‍ തന്നെ പ്യുര്‍ വെജിറ്റേറിയന്‍ നഗരവും. മദ്യം ഇവിടെ വര്‍ജ്യമാണ്. എന്നാല്‍ ഹരിദ്വാറിനും ഋഷികേശിനും മധ്യേയുള്ള ചെറിയ സ്ഥലത്ത് ഇവയെല്ലാം ലഭ്യമാണ്. അവിടെയാണ് മദ്യപന്‍മാരുടെ കേന്ദ്രവും.
തെഹരി ഹൈഡ്രോ പവര്‍ കോര്‍പറേഷന്‍റെ ഋഷികേശിലുള്ള ഗസ്റ്റ് ഹൗസിലാണ് ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. തിങ്ങിനിറഞ്ഞ മരങ്ങള്‍ക്കിടിയിലുള്ള മനോഹരമായ ഗസ്റ്റ് ഹൗസ്. രാത്രിയില്‍ പറഞ്ഞതിലും 4 മണിക്കൂര്‍ വൈകിയെത്തിയ ഞങ്ങളെയും കാത്ത് ഭക്ഷണവുമൊരുക്കി ഒരു സംഘം പേര്‍ ഭക്ഷണം പോലും കഴിക്കാതെ കാത്തുനില്‍ക്കുകയായിരുന്നു. സംസ്ഥാനത്തിനുപുറത്ത്, പ്രത്യേകിച്ച് വടക്കേ ഇന്ത്യയില്‍, വയറിന് പിടിക്കുന്ന നല്ല ഭക്ഷണം ലഭിക്കുമോയെന്ന ഭീതി യാത്രയിലുടനീളം ഞങ്ങളെ അലട്ടിയിരുന്നു. എന്നാല്‍ ആ സംശയം പൂര്‍ണമായും ഇല്ലാതാക്കുന്നതായിരുന്നു ഋഷികേശിലെ പേരറിയാത്ത വടക്കേയിന്ത്യന്‍ ആതിഥേയര്‍ ഒരുക്കിയത്. രാത്രി ഏറെ വൈകിയെങ്കിലും യാത്രയുടെ ക്ഷീണമൊന്നും ഞങ്ങളെ അശേഷം ബാധിച്ചിരുന്നില്ല. ഭക്ഷണശേഷം ഞാനും കയ്യൂര്‍ ശശിയേട്ടനും അന്നെടുത്ത ഫോട്ടോകളില്‍ മിനുക്ക് പണി നടത്തിയും കഥകള്‍ പറഞ്ഞും നേരം കളഞ്ഞു. പിന്നെ പുലര്‍ച്ചയ്ക്ക് എപ്പോഴോ ഉറങ്ങി..

പിറ്റേന്ന് കാലത്ത് ഞങ്ങള്‍ യാത്രതിരിക്കുമ്പോഴേക്കും നേരം 9.30 കഴിഞ്ഞിരുന്നു. കാലത്ത് 7 മണിക്ക് മുമ്പ് തെഹരിക്ക് പുറപ്പെടാനായിരുന്നു പദ്ധതി. ഋഷികേശിലെ തണുപ്പ് കാലത്ത് ഉണരുന്നതിന് ചെറിയ തടസമുണ്ടാക്കി എന്നതാണ് സത്യം. പുറപ്പെടുന്നതിനുമുമ്പ് നല്ല ഇഡലിയും സാമ്പാറും ഉള്‍പ്പെട്ട നല്ല സൗത്ത് ഇന്ത്യന്‍ പ്രാതല്‍. ഇഡലിയും സാമ്പാറും വടയുമെല്ലാം കണ്ട് വണ്ടറടിച്ച ഞങ്ങളോട് തെക്കേഇന്ത്യക്കാരായതിനാല്‍ തെക്കേ ഇന്ത്യയുടെ ഭക്ഷണം തന്നെ വിളമ്പുകയാണെന്നാണ് തെഹരി ഹൈഡ്രോ പ്രൊജക്ട് കോര്‍പറേഷനിലെ ജീവനക്കാരനായ മങ്കീഷ്ജി ചിരിച്ചുകൊണ്ട് മറുപടി. ഡല്‍ഹി മുതലുള്ള ഞങ്ങളുടെ യാത്രയിലെ വഴികാട്ടികൂടിയാണ് മങ്കീഷാണ്.

തെഹരിയിലേക്കുള്ള വഴമദ്ധ്യേ ഡെറാഡൂണില്‍വെച്ച് ഗംഗാനദിയെ ഒരിക്കല്‍കൂടി കണ്ടു. പക്ഷെ ജോളിഗ്രാന്‍റിന് സമീപത്തായി കണ്ട ഗംഗാനദി ആകെ വറ്റിവരണ്ടിരിക്കുന്നു.  എതോകാലത്ത് വെള്ളത്തിന്‍റെ കുത്തൊഴുക്കില്‍ തേയ്മാനം വന്ന് മിനുസമാര്ന്ന ഉരുളന്‍കല്ലുകള്‍ മാത്രമാണ് നീരൊഴുക്ക് നിലച്ച ഗംഗയിലിപ്പോള്‍ ഉള്ളത്. ഗംഗാനദിയുടെ ചിലഭാഗങ്ങള്‍ ലോറികളുടെ പാര്‍ക്കിങ് ഏരിയ ആയിമാറിയിരിക്കുന്നു. തെഹരിയിലേക്കുള്ള വഴിമദ്ധ്യേയാണ് ഡെറാഡൂണും മസൂരിയുമെല്ലാം. ഇന്ത്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കേന്ദ്രമാണ് ഡെറാഡൂണ്‍. രാജ്യത്തെ വിഐപികളുടെ മക്കളില്‍ പലരും അറിവിന്‍റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചത് ഇവിടത്തെ പ്രശസ്തമായ വിദ്യാലയങ്ങളില്‍ നിന്നാണ്. മലയാളിക്ക് ഊട്ടിപൊലെത്തന്നെയാണ് ഡെറാഡൂണും. നിരവധി സിനിമകളിലൂടെ മലയാളി കേള്‍ക്കുകയും ചിലപ്പോള്‍ കാണുകയും ചെയ്തിട്ടുണ്ട് ഡെറാഡൂണ്‍. പക്ഷെ ഡെറാഡൂണിലെത്തിയപ്പോള്‍ എന്‍റെ മനസിലേക്കോടിയെത്തിയത് കോണ്ടസകോണ്ടസ എന്ന കുതിരവട്ടം പപ്പുവിന്‍റെ പ്രശസ്തമായ ഡയലോഗാണ്..!!!

മസൂരി
ഇനി പര്‍വ്വതങ്ങളുടെ രാജ്ഞിയായ ഹിമാലയത്തിനുമുകളിലൂടെയാണ് യാത്ര. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡുകള്‍. നമ്മുടെ മലകളില്‍ നിന്ന് ഏറെ വ്യത്യസ്ഥമാണ് ഹിമാലയം. കറുത്തകഠിനമേറിയ പാറയല്ല ഹിമാലയത്തിലേത്. മണ്ണ് നിറഞ്ഞമലയാണ് ഹിമാലത്തിലേത്. റോഡില്‍ എപ്പോഴും വാഹനങ്ങളുടെ നീണ്ടനിരയാണ്. വിനോദസഞ്ചാരകേന്ദ്രമായ മസൂരിയിലേക്കുള്ള സഞ്ചാരികള്‍. ഏറെയും ബൈക്കില്‍ മസൂരിയിലേക്ക് പോകുന്ന കോളേജ് വിദ്യാര്‍ത്ഥികളായ കമിതാക്കളാണ്. സ്വസ്ഥമായി പ്രണയിക്കാന്‍ ഒരിടം തേടിയുള്ള യാത്ര.

നമ്മുടെ ഐഎഎസ് ട്രൈനിങ്ങ് സ്ക്കൂള്‍ മസൂരിയിലാണ്. ഇവിടെയാണ് നമ്മുടെ ഐഎഎസ്സുകാര്‍ക്കും ഐപിഎസ്സുകാര്‍ക്കുമെല്ലാം പരിശീലനം നല്‍കുന്നത്.  മസൂരിയിലെത്തുമ്പോള് സമയം ഉച്ചകഴി‍ഞ്ഞിരുന്നു. ഉച്ചഭക്ഷണത്തിന് മുമ്പായി മസൂരിയിലൂടെ വെറുതെ ചുറ്റിതിരിഞ്ഞു. കൊടൈക്കനാലിലെ കോക്കേഴ്സ് വാക്ക് പോലെയാണ് മസൂരിയെ എനിക്ക് അനുഭവപ്പെട്ടത്. ഒരു ചെറിയ നടപ്പാത..അതിലൂടെ കൈകോര്‍ത്തും അല്ലാതെയും നടക്കുന്നനിരവധി പേര്‍. പാതയ്ക്കിരുവശവുമുള്ള സിമന്‍റ് ബെഞ്ചില്‍ ഇരുന്ന് പ്രണയിക്കുന്ന അസംഖ്യം കമിതാക്കള്‍. കുറേ കച്ചവടക്കാര്‍... ഇതാണ് മസൂരി.
റസ്ക്കിന്‍ ബോണ്ടിന്‍റെ പുസ്തകങ്ങളിലൂടെയും ബാംഗ്ലൂരിലെ കോളേജ്മേറ്റായിരുന്ന മസൂരിക്കാരി നേഹയുടെ വാക്കുകളിലൂടെയും ഏറെ പരിചയിച്ച മസൂരി. പക്ഷെ നേര്‍ക്കാഴ്ച്ചയില്‍ മസൂരി എന്നെ നിരാശപ്പെടുത്തി. മസൂരിയുടെ മറ്റുപ്രദേശങ്ങള്‍ ഒരുപക്ഷെ മനോഹരി ആയിരിക്കാം.

മസൂരിയിലെ നടപ്പാതയിലൂടെ കുറേ നേരം അലഞ്ഞു. വശങ്ങളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന വസ്തുക്കള്‍ കണ്ട് അല്‍പ്പം അത്ഭുതപ്പെട്ടു. നീളത്തില്‍ മുറിച്ചുവെച്ച തേങ്ങയുടെകഷ്ണം വരെയുണ്ട് വില്‍പ്പനചരക്കായിട്ട്. ജന്‍മഭൂമി ഫോട്ടോഗ്രാഫറായ രഞ്ചിത്തുമൊത്ത് വീണ്ടും മുന്നോട്ട് നടന്നു. റോഡിന്‍റെ ഒരുവശത്ത് വസ്ത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന കുറേ കടകള്‍. ഇന്ത്യയിലെ വിവിധസംസ്ഥാനങ്ങളുടെ ജനങ്ങളുടെ തനതായ വേഷങ്ങളും രാജക്കന്‍മാരുടേയും തീവ്രവാദികളുടേയുമെല്ലാം വേഷങ്ങളും ആഭരണങ്ങളും ആയുധങ്ങളുമെല്ലാം കടയില്‍ തൂക്കിയിട്ടിരിക്കുന്നു. ആവശ്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട വേഷം ധരിച്ച് ഫോട്ടോയെടുക്കാം. ഒരു ഫോട്ടോയ്ക്ക് 30 രൂപ. ഞങ്ങള് ചെല്ലുമ്പോള്‍ ഒരു വിദേശദമ്പതിമാര്‍ കശ്മീരി വസ്ത്രമണിഞ്ഞ് ഫോട്ടോയെടുക്കുന്ന തിരക്കിലായിരുന്നു. പിന്നെ  രാജസ്ഥാനി വസ്ത്രമണിഞ്ഞും ശിവജിയുടെ വേഷമണിഞ്ഞുമെല്ലാം ഫോട്ടോ എടുത്തു, പിന്നാലെ എത്തിയ യുവാക്കള്‍ക്ക് പക്ഷെ പ്രിയം തീവ്രവാദികളുടെ വേഷത്തിനോടും ആയുധത്തിനോടുമായിരുന്നു.

മസൂരിയിലെ ഭക്ഷണത്തിനും ചെറിയവിശ്രമത്തിനുംശേഷം  വീണ്ടും ഹിമാലയത്തിന്‍റെ നെറുകയിലൂടെ യാത്രതുടര്‍ന്നു. തണുപ്പിനെ തൃണവല്‍ക്കരിച്ച് ഹിമാലയത്തിനുമുകളിലൂടെ യാത്രചെയ്യുമ്പോള്‍ മനസില്‍ ലോകത്തിന്‍റെ നെറുകയിലെത്തിയെന്ന അഹങ്കാരം ഉണ്ടായിരുന്നില്ലേയെന്ന സംശയം ഇപ്പോഴും ബാക്കിനില്‍ക്കുന്നു. വായിച്ചും പറഞ്ഞും സിനിമയിലും ടിവിയിലുമെല്ലാം കണ്ട് ആസ്വദിച്ച ഹിമാലയത്തിലൂടെ യാത്രചെയ്യുന്നത് വിദൂരസ്വപനത്തില്‍പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. യാത്രക്കിടയില്‍ പുരാനാസ്ഖണ്ട എന്നസ്ഥലത്ത് ചെറിയവിശ്രമം. പുരാനാസ്ഖണ്ടയില്‍ ഒരു വ്യൂ പോയിന്‍റുണ്ട്. അവിടെ നിന്നുനോക്കുമ്പോള്‍ പിന്നിട്ട മലമ്പാതവെറും നേര്‍രേഖയായി മലയിടിക്കുകളില്‍ കാണാം. ഹിമാലയപര്‍വ്വതിനിരകളുടെ തന്നെ മനോഹരമായ കാഴ്ച്ചയും ആസ്വദിച്ച് ചുടുചായയും കുടിച്ച് വീണ്ടും കാറിലേക്ക്. വളഞ്ഞുപുളഞ്ഞ് പോകുന്നറോഡിലൂടെ അമിതവേഗതയിലാണ് ഡ്രൈവര്‍ വേദപ്രകാശ് വാഹനം ഓടിക്കുന്നത്. അമിതവേഗതയിലൂടെയുള്ള യാത്ര വല്ലാത്ത അസ്വസ്ഥത ഞങ്ങളില്‍ നിറച്ചിരുന്നു. ഒടുവില്‍ സജിത്തൊഴികെ എല്ലാവരും ശര്‍ദ്ദിച്ചതോടെ യാത്രയുടെ നിറവും ചെറുതായി മങ്ങി.
അസ്തമയത്തിന്‍റെ ഹിമാലയന്‍കാഴ്ച്ച

തെഹരി ഡാം സ്ഥിതിചെയ്യുന്ന ഭാഗീരഥീപുരത്തെത്തിയപ്പോള്‍ സമയം രാത്രി 8 മണി കഴിഞ്ഞു. ഹിമാലയത്തിലൂടെയുള്ള ആദ്യദിവസത്തെ യാത്രയ്ക്കും ഭാഗീരഥിപുരത്ത് അവസാനമായി. ഭാഗീരഥിപുരമെത്തുന്നതിന് തൊട്ടുമുമ്പായി ചെറിയ ഒരു ടൗണുണ്ട്. ന്യൂ തെഹരി ടൗണ്‍ഷിപ്പ്. ഡാം നിര്‍മിക്കുന്നതിനായി പഴയ തെഹരിപട്ടണത്തില്‍ നിന്ന് കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിച്ചത് ഇവിടെയാണ്. പുനരധിവാസത്തിന്‍റെ കഥയിലേക്കും പ്രക്ഷോഭത്തിലേക്കും പിന്നീട് വരാം.  കാറില്‍ നിന്നിറങ്ങിയപ്പോളാണ് പുറത്തെ തണുപ്പിന്‍റെ കാഠിന്യം അറിഞ്ഞത്.
തെഹരിക്ക് ആ പേരുലഭിച്ചതിനുപിന്നില്‍ ഒരു കഥയുണ്ട്. ത്രിഹരിഎന്നതില്‍ നിന്നാണത്രേ തെഹരി ഉണ്ടായത്. മൂന്ന് പാപങ്ങളിള്‍ നിന്ന് മോക്ഷം നല്‍കുന്ന സ്ഥലമാണ് ത്രിഹരി. ചിന്തകൊണ്ടും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ഉണ്ടാകുന്ന പാപങ്ങള്‍ക്ക് ഭാഗീരഥിയുടെ ഈ തിരത്ത് നിന്ന്  മോക്ഷം ലഭിക്കുമെന്നാണത്രേ വിശ്വാസം.

ഇനി കാലത്തിന് പിന്നിലേക്ക് നടക്കാം.
തെഹരിയുടെ പഴയകാല ചരിത്രത്തിലേക്ക്.

എഡി 888 മുമ്പ് തെഹരി പ്രദേശം 52 കോട്ടകള്‍ അടങ്ങിയതായിരുന്നു. ഓരോ കോട്ടയും ഭരിച്ചിരുന്നത് സ്വതന്ത്രരായിരുന്ന രാജാക്കന്‍മാരും. എന്നാല്‍ എഡി 888 ല്‍ മാല്‍വയിലെ രാജാവായിരുന്ന കനക്പാല്‍ ബദരിനഥിലേക്കുള്ള യാത്രാമധ്യേ 52 കോട്ടകളേയും ചോര്‍ത്ത് ഗഡ് വാള്‍ എന്ന ഒറ്റ രാജ്യമാക്കി മാറ്റി. പിന്നെ നീണ്ട 915 വര്‍ഷത്തോളം കനക്പാലിന്‍റെ പന്‍വര്‍ഷാ വംശമാണ് ഗഡ് വാള്‍ രാജ്യം ഭരിച്ചത്. പിന്നീടിങ്ങോട്ട് 12 വര്‍ഷക്കാലം ഖൂര്‍ഖകളുടെ അധീനതയിലായിരുന്നു ഗഡ് വാള്‍ രാജ്യം. പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി ഗഡ് വാളിലെ സ്ഥലങ്ങള്‍ കീഴടക്കിതുടങ്ങിയതോടെ ബ്രട്ടീഷുകാരുമായി രൂക്ഷയുദ്ധത്തിലേര്‍പ്പെട്ട ഖൂര്‍ഖകള്‍ക്ക് സ്വന്തം സ്ഥലം പോലും അവസാനം അടിയറവെക്കേണ്ടിവന്നു. ഇതോടെ ബ്രട്ടീഷുകാരുടെ അധിനതയില്‍ ആദ്യമായി തെഹരി റിയാസത്ത് നിലവില്‍ വന്നു. ഇന്ന് തെഹരി ഗഡ് വാള്‍ ഇന്ത്യയിലെ പിന്നാക്കം നില്‍ക്കുന്ന 250 ജില്ലകളില്‍ ഒന്നാണ്. ഇതിന്‍റെ തെളിവുകല്‍ തെഹരിയിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്നതാണ്. വികസനം എത്തിനോക്കിയിട്ടില്ലാത്ത ഗ്രാമങ്ങള്‍,പൊട്ടിപൊളിഞ്ഞ റോഡുകള്‍, വൃത്തിഹീനമായ പരിസരം. മലയിടുക്കുകളിലും മറ്റും സ്ഥിതിചെയ്യുന്ന നിവര്‍ന്ന് നില്‍ക്കാന്‍പോലും ആവാത്തത്ര ഇടുങ്ങിയ വീടുകള്‍, അതില്‍ അന്തിയുറങ്ങുന്നത് എത്രയോ ജീവിതങ്ങളാണ്.

യാത്രാസംഘം
തെഹരിയിലെ ടിഡിഎച്ച് സി യുടെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. ഗസ്റ്റ് ഹൗസിന്‍റെ മാനേജര്‍ ഒരു ഓള്‍‍ഡ് തെഹരിക്കാരനാണ്. ദിലീപ് നെഗി. രാത്രിയില്‍ ഭക്ഷണത്തിനുമുമ്പ് പാട്ടും ആട്ടവും കുടിയുമായി ഒരു ചെറിയ കൂട്ടായ്മ. കൂട്ടായ്മയ്ക്കിടെ ദിലീപുമായി നടത്തിയ സംഭാഷണത്തിനിടെ ദിലീപ് ഏറെ വികാരാധീനനായി. തിരിച്ചുപറയാനറിയില്ലെങ്കിലും ദിലീപ് ഹിന്ദിയില്‍ പറഞ്ഞവ ശരിക്കും ഹൃദയത്തില്‍ തട്ടുന്നവയായിരുന്നു. ഇംഗ്ലീഷില്‍ താങ്ക്യു, സോറി, ഹലോ തുടങ്ങിയ ഔപചാരികതയുടെ വാക്കുകളല്ലാതെ ഒന്നുംതന്നെ പറയാന്‍ ദിലീപിന് അറിയില്ല. ഇംഗ്ലീഷ് പഠിക്കാനുള്ള സാഹചര്യം ദിലീപിന് ഉണ്ടായിട്ടില്ല. കേരളം സാക്ഷരതയില്‍ നൂറുമേനിയാണെന്ന് ദിലീപ് പറഞ്ഞത് തെല്ല് സങ്കടത്തോടെയാണ്. ഉത്താരഖണ്ഡില്‍ അത് 50 ശതമാനം പോലുമെത്തിയിട്ടില്ല എന്ന് സമ്മതിക്കുമ്പോള്‍ ദിലീപിന്‍റെ കണ്ണുകളിലെ തിളക്കം നഷ്ടമായിരുന്നു. വികസനത്തിലും സാക്ഷരതയിലും തന്‍റെ സംസ്ഥാനം ഏറെ പിന്നിലാണെന്ന് പറയുമ്പോളും തെഹരി പദ്ധതി കൊണ്ടുവന്ന വികസനത്തെും തങ്ങളുടെ വളര്‍ന്നുവരുന്ന തലമുറക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടെന്നും പറയുമ്പോള്‍ നഷ്ടമായ കണ്ണുകളിലെ തിളക്കം തിരികെ വരുന്നുണ്ടായിരുന്നു. തെഹരി പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലൊന്നാണ് ദിലീപിന്‍റേതും.

ഹിമാലയന്‍‍ മലനിരകളിലെ മലമടക്കുകളില്‍ താമസിക്കുന്ന ഗര്‍വാളികള്‍ ഇന്തോ-ആര്യന്‍ പരമ്പരാഗതവംശത്തില്‍‍പെട്ടവരാണ്. ഗര്‍വാളി ബ്രാഹ്മിണ്‍സ്, ഗര്‍വാളി രജ്പുത്, പട്ടികവര്‍ഗവിഭാഗമായ ശില്‍പികര്‍ എന്നിങ്ങനെ ഗര്‍വാളികളെ മൂന്ന് ജാതികളായി തിരിച്ചിട്ടുണ്ട്. ഗര്‍വാളികള്‍ സ്വന്തം പേരിനൊപ്പം ചേര്‍ക്കുന്നത് സ്വന്തം ഗ്രാമത്തിന്‍റെ പേരോ തൊഴിലിനെ പ്രതിനിധീകരിക്കുന്ന പേരോ ആണ്. പലപ്പോഴായി പലയിടത്തുനിന്നായി കുടിയേറി പാര്‍ത്തതിനാല്‍ തന്നെ ഇപ്പോഴത്തെ ഗര്‍വാളികളുടെ സംസ്ക്കാരം എല്ലാകുടിയേറ്റക്കാരുടേയും നല്ലതും ചീത്തയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു മിശ്രിതസംസ്ക്കാരമാണ്. സംസാരഭാഷയില്‍ പോലും വിവിധ ഗോത്രഭാഷകളുടെ സ്വാധീനം ശക്തമാണ്. യുനസ്കോ തയ്യാറാക്കിയ ലോകത്ത് സംരക്ഷിക്കപെടേണ്ട ഭാഷകളുടെ പട്ടികയായ അറ്റലസ് ഓഫ് ദ വേള്‍ഡ് ലാംഗ്വേജസ് ഇന്‍ ഡേഞ്ചര്‍ പട്ടികയില്‍  ഉള്‍പ്പെടിട്ടുണ്ട് ഗര്‍വാളി ഭാഷ. ഈ ഭാഷ സംരക്ഷിക്കാന്‍ തുടര്‍ച്ചയായ ഇടപെടലുകള്‍ വേണമെന്നാണ് യുനസ്കോ നിര്‍ദേശിക്കുന്നത്.

                      തെഹരി ഡാം           (Photo: k. sasi kayoor)
പിറ്റേന്ന് പുലര്‍‍ച്ചെ കോടമഞ്ഞിറങ്ങിയ ഹിമാലയത്തിന്‍റെ ഭംഗി ആസ്വദിക്കാനായി പുറത്തിറങ്ങിയപ്പോളാണ് തെഹരി ഡാം ആദ്യമായി കണ്ടത്. ഭഗീരഥിനദിക്കും  ഭിലംഗന നദിക്കും കുറുകെപണിത തെഹരി ഡാമിന്‍റെ വിദൂരകാഴ്ച്ച മനോഹരമായിരുന്നു. മഞ്ഞൊഴിഞ്ഞുതുടങ്ങിയതോടെ തെഹരിയിലെ കാഴ്ച്ചകള്‍ ഏറെ വ്യക്തമായി തുടങ്ങിയിരുന്നു. മലമടക്കിലൂടെ വളഞ്ഞ് പുളഞ്ഞ് പോകുന്ന റോഡിലൂടെ ഗ്രാമീണരും കുട്ടികളും നടന്നുനീങ്ങുന്നു. ദൂരെ കേന്ദ്രീയവിദ്യാലയത്തില്‍ നിന്ന് ബാന്‍റ് മേളം കോള്‍ക്കുന്നു. സ്ക്കൂളില്‍ അസംബ്ലിചേരുന്നതിന്‍റെയാണ്. രാവിലത്തെ പ്രാതലും കഴിഞ്ഞ് ഞങ്ങള്‍ തെഹരിഡാമിലേക്കിറങ്ങി. ഡാമിന്‍റെ വാതില്‍ക്കല്‍വരെമാത്രമേ ക്യാമറകള്‍ക്ക് പ്രവേശനമുള്ളു. സിആര്‍പിഎഫിന്‍റെ നിയന്ത്രണത്തിലാണ് തെഹരി ഡാമിന്‍റെ സുരക്ഷ. നല്ല ഒഴുക്കുണ്ടായിരുന്ന ഭഗീരഥിയേയും ഭിലംഗനയേയും രണ്ട് തുരങ്കങ്ങള്‍ പണിത് വഴിമാറ്റിയാണ് തെഹരി ഡാമിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എര്‍ത്ത് ഡാമാണ് തെഹരിയിലേത്. അടിത്തട്ടില്‍ 1.25 കിലോമീറ്റര്‍ നീളമുള്ള ഡാമിന്‍റെ മുകള്‍ഭാഗത്ത് 575 മീറ്റര്‍ നീളമുണ്ട്. റിവര്‍ബെഡില്‍ നിന്ന് 260.5 അടി ഉയരമുണ്ട് ഡാമിന്. വിവിധോദ്യേശപദ്ധതിയാണ് തെഹരിയിലേത്. വടക്കന്‍ മേഖലയ്ക്ക് വൈദ്യുതി, ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് വെള്ളം, ഉത്തര്‍പ്രദേശിലേയും ദില്ലിയിലേയും ജനങ്ങള്‍ക്ക് കുടിവെള്ളം. ഇങ്ങനെ മൂന്ന് ധര്‍മങ്ങളാണ് തെഹരിക്ക് നിര്‍വഹിക്കുന്നത്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റേയും കേന്ദ്രസര്‍ക്കാരിന്‍റേയും സംയുക്തസംരംഭമായാണ് തെഹരി പദ്ധതിക്ക് സര്‍ക്കാര്‍  1988 ലാണ് തെഹരി ഹൈഡ്രോ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ ലിമിറ്റഡ് കമ്പനിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 1000 മെഗാവാട്ട് ശേഷിയുള്ള തെഹരി പദ്ധതി 2006-2007 വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്തത്. അന്നുമുതലിങ്ങോട്ട് ലാഭത്തില്‍മാത്രം പ്രവര്‍ത്തിക്കുന്ന THDC  ക്ക് സര്‍ക്കാര്‍ മിനിരത്ന പദവി നല്‍കിയിട്ടുണ്ട്.
തെഹരിയില്‍ വൈദ്യുതി ഉത്പാദനത്തിനുശേഷം പുറം തള്ളുന്ന ജലം പൂര്‍ണമായും റീസൈക്കിള്‍ചെയ്തശേഷം ഹരിദ്വാര്‍ ടൗണ്‍ഷിപ്പിലെ ജനങ്ങളുടെ ഉപയോഗത്തിനാണ് വിനിയോഗിക്കുന്നത്. തെഹരി പദ്ധതി കൊണ്ട് നിരവധി ഗുണമുണ്ടെങ്കിലും അതിന്‍റെ നിര്‍മാണത്തിനായി കുടിയിറക്കപ്പെട്ടവരുടെ വേദനകളും ചെറുതല്ല. 6000 ചെറുടൗണുകളാണ് വെള്ളത്തിനടിയിലായത്. പഴയ തെഹരി പട്ടണത്തില്‍ നിന്നായി കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ എണ്ണം 14,530 ആണ്. അവരെ ഡെറാഡൂണിലേക്കും പുതിയ തെഹരിപട്ടണങ്ങളിലേക്കുമായാണ് മാറ്റിപാര്‍പ്പിച്ചത്. 1,380 കോടിരൂപയാണ് പുനരധിവാസത്തിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. കുടിയിറക്കപ്പെട്ടകുടുംബങ്ങളിലെ ചിലര്‍ക്ക് തെഹരിപദ്ധതിയുമായി ബന്ധപ്പെട്ട് ജോലി നല്‍കുകയും ചെയ്തിരുന്നു. പദ്ധതിയുണ്ടാക്കുന്ന പാരിസ്ഥിതിക-സാമൂഹികപ്രശ്നങ്ങളുയര്‍ത്തി സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സമരം ചെയ്തുവെങ്കിലും വിജയം കണ്ടില്ല.

ഉച്ചഭക്ഷണത്തിന് ശേഷം തെഹരിയുടെ കാഴ്ച്ചകള്‍ക്ക് വിട. ഇനി മലയിറക്കം.
ഹിമാലയത്തിന്‍റെ മറ്റൊരുവശത്തുകൂടി ഇറക്കം. റോഡ് മുഴുവനും വശങ്ങളിലെ മലയിടിഞ്ഞ് മണ്ണ് നിറഞ്ഞ് കിടക്കുകയാണ്. പൊടിപാറി യാത്ര അസഹ്യമായി തുടങ്ങിയിരിക്കുന്നു. മഴക്കാലത്ത് മലയിടിച്ചില്‍ ഉണ്ടായതിന്‍റെ പാടുകള്‍ റോഡരുകിലെ മലകളില്‍ ദൃശ്യമാണ്. ഹിമാലയത്തിനുമുകളിലെ പര്‍വ്വതകാഴ്ചകള്‍ക്ക് വിട. ഇനി ഹരിദ്വാരിലെ ഭക്തികാഴ്ച്ചകളിലേക്ക്.

ഹരിദ്വാര്‍
ദേവഭൂമിയായ ഹരിദ്വാര്‍
ഗംഗയുടെ തീരത്ത് സന്യാസിമാരുടെ മറ്റൊരുപുണ്യകേന്ദ്രം. പുണ്യഭൂമിയില്‍ ഗംഗാനദിക്ക് നടുവിലായി ഉയര്‍ന്ന് നില്‍ക്കുന്ന ശിവപ്രതിമ. പിന്നെ മാനസദേവിയുടെ പ്രതിമയും. പാപമോക്ഷം തേടി ഗംഗയില്‍ സ്നാനം ചെയ്യാന്‍ ആയിരങ്ങളാണ് ഗംഗയുടെ തീരത്തുണ്ട്. നദികടന്ന് അപ്പുറത്തെത്തിയപ്പോഴെ യൂണിഫോം ധരിച്ച ഔദ്യോഗിക പിരിവുകാരെത്തി. അന്നാധാനത്തിന് പിരിവ് തേടിയെത്തിയതാണ്. 100 ഉം 200 ഉം ഒന്നും വേണ്ട ഇവര്‍ക്ക്. കുറഞ്ഞത് 5000 മെങ്കിലും വേണം ഈ നക്ഷത്രപിരിവുകാര്‍ക്ക്. 200 രൂപ സംഭാവനയായി നല്‍കിയപ്പോള്‍ രസീതി ബുക്കിന്‍റെ പഴയ താളുകള്‍ മറിച്ചുകാണിച്ചു. 5000,10000, എന്നിങ്ങനെയാണ് ഓരോരുത്തരുടെ സംഭാവനകള്‍. പിന്നെ ഹിന്ദിയില്‍ എന്തൊക്കെയോ പ്രാകിയശേഷം കിട്ടിയകാശും വാങ്ങി നക്ഷത്രപിരിവുകാര്‍ അടുത്ത ഇരയെ തേടി പോയി.
ദേവഭൂമി ഹരിദ്വാര്‍

പിന്നെ ഗംഗയുടെ തീരത്തേക്ക്. സന്യാസിമാരും വിശ്വാസികളും നിറഞ്ഞിരിക്കുകയാണ് ഗംഗയുടെ കുറുകെ പണിതിരിക്കുന്ന വീതിയേറിയ നടപ്പാതയില്‍. കുളിക്കുവാന്‍ കല്‍പടവില്‍ നിരവധി ഭക്തര്‍. പ്ലാസ്റ്റിക്ക് കുപ്പികളിലും കന്നാസുകളിലും പുണ്യമായ ഗംഗാതീര്‍ത്ഥം ശേഖരിക്കുന്നവര്‍. പിന്നെ വിശ്വാസത്തിന്‍റെ മറവില്‍ വിശ്വാസികളെ തട്ടിപ്പിന് ഇരയാക്കുന്ന മറ്റ് ചില വിരുതന്‍മാരേയും കണ്ടു ഗംഗയുടെ തീരത്ത്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെയുണ്ട് പാല്‍ വില്‍പ്പനയ്ക്കായി തീരത്ത് തമ്പടിച്ചവരില്‍. ഗംഗാമാതക്ക് പാല്‍ അര്‍പ്പിക്കുക എന്ന വഴിപാടുണ്ടെന്നും പറഞ്ഞ് വിശ്വാസികളെ തെറ്റദ്ധരിപ്പിക്കുന്ന ഒരു സംഘം ആളുകള്‍. പാത്രത്തില്‍ പാലുമായി കല്‍പടവുകളില്‍ വിശ്വാസികള്‍ കുളിക്കുന്നിടത്ത് തന്നെ അവരുണ്ട്. മുങ്ങി കുളിക്കുമ്പോള്‍ ഗംഗാമാതയ്ക്ക് പാല്‍ അര്‍പ്പിക്കണമത്രേ. അത് പാപങ്ങളില്‍ നിന്ന് മുക്തിനേടാനുള്ള മാര്‍ഗമാണത്രേ. ശുദ്ധ അസംബന്ധമാണിതെന്ന് വ്യക്തം. അന്ധമായ ദൈവഭയം വച്ചുപുലര്‍ത്തുന്ന  കുറേപേര്‍ പാല്‍ വാങ്ങി ഗംഗയിലൊഴുക്കി.
ഗംഗയിലെ വെള്ളത്തിന് നല്ല തണുപ്പായിരുന്നു. ശക്തമായ ഒഴുക്കും. പക്ഷെ, ആഴം അധികമുണ്ടായിരുന്നില്ല. മുട്ടറ്റംമാത്രം വെള്ളം. വിശ്വാസത്തിന്‍റെ ഭാഗമായി ഗംഗയില്‍ ഭക്തര്‍ ഒഴുകിയിരുന്ന കൃഷ്ണവിഗ്രഹങ്ങളും മറ്റും ഓടിപ്പോയി നദിയില്‍ നിന്ന് എടുക്കാന്‍ മത്സരിക്കുന്ന ഏതാനും കുട്ടികളേയും കണ്ടു. ഇങ്ങനെ ശേഖരിക്കുന്ന വിഗ്രഹങ്ങള്‍ ഇവര്‍ വീണ്ടും വിശ്വാസികള്‍ക്ക് മറിച്ചുനല്‍കും. കച്ചവടക്കാര്‍ തന്നെയാണ് കുട്ടികളെ ഒഴുക്കികളയുന്ന വിഗ്രഹങ്ങള്‍ ശേഖരിക്കാനായി നിയോഗിച്ചിരിക്കുന്നത്.

ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം പുണ്യനദിയായ ഗംഗയില്‍ മുങ്ങി സ്നാനം ചെയ്താല്‍ ലഭിക്കുമെന്ന ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമായിട്ടായിരുന്നില്ല ഞാന്‍ ഗംഗയില്‍ മുങ്ങിയത്. ഒരു കൗതുകം. അത്രമാത്രം. ഇത്രയിടം വന്നിട്ട് ഗംഗയില്‍ മുങ്ങാതെ പോകുന്നത് ശരിയല്ലലോ. ഗംഗാജലത്തിന് നല്ല തണുപ്പെന്നാല്‍ നല്ല തണുപ്പ്. ഹിമവാന്‍റെ അടിവാര്തതില്‍ ഗംഗയ്ക്ക് സ്വാഭാവികമായും ഇത്രയും തണുപ്പ് കാണും. വെള്ളം മലിനമായിരുന്നെങ്കിലും അത് പുണ്യം തന്നെയാണ് ഭക്തര്‍ക്ക്.

ആരതിയുമായി വിശ്വാസി
മുങ്ങി കുളിച്ചശേഷം കടവത്ത് തന്നെ ഇരിപ്പുറപ്പിച്ചു. ഗംഗാ ആരതിക്ക് സമയമാവുന്നു. ഗംഗാമാതയെ ദീപങ്ങള്‍കൊണ്ട് പൂജിക്കുക എന്നത് ഇവിടുത്തെ വലിയ വഴിപാടാണ്. മാനസദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷമാണ് ഗംഗാ ആരതി. ദീപാരാധനയ്ക്ക് ഇനിയും സമയമുണ്ട്. തീരത്ത് ഇരിപ്പുറപ്പിച്ച ഭക്തരെല്ലാം ചിരാത് തെളിയിച്ച് പുഴയില്‍ ഒഴുക്കുന്ന തിരക്കിലാണ്. പിതൃതര്‍പ്പണത്തിന്‍റെ ഭാഗമാണ് ഇതെന്ന് പറയാം. ദര്‍ഭപുല്ല് വിരലില്‍ ധരിച്ച് പൂവ് പൂജിച്ച് ചിരാതും തെളിയിച്ച്  ഗംഗയിലൊഴുക്കും. ഇതിനായി പരികര്‍മികളും ഏറെയുണ്ട്. ഹിന്ദിയിലും സംസ്കൃതത്തിലും മന്ത്രങ്ങള്‍ ചൊല്ലി ആരതിക്ക് 10 രൂപ എന്ന് പറഞ്ഞുതുടങ്ങി ഒടുവില്‍ ഉപഭോക്താവില്‍ നിന്ന് ആയിരങ്ങള്‍വരെ തട്ടിയെടുക്കുന്ന സൂത്രമാണ് പരികര്‍മിമാരുടേത്. ചിലര്‍ ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്നു ചിലര്‍ വലയില്‍ വീഴുന്നു. ഞങ്ങളുടെ സംഘത്തിലെ ചിലരും ചെറുതായിട്ട് തട്ടിപ്പിന് ഇരയായി.
ഒരു തളികയില്‍ പൂക്കളര്‍പ്പിച്ച് അതില്‍ തിരിതെളിയിച്ചുമാണ് ആരതി തയ്യാറാക്കുന്നത്. വിദേശികളടക്കം നിരവധിപേര്‍ ആരതി ഗംഗയില്‍ ഒഴുക്കാനുണ്ട്. ഞങ്ങളും അവര്‍ക്കൊപ്പം പങ്കുചേര്‍ന്നു. ദീപാരാധനയ്ക്ക് ശേഷം നദിയുടെ മറുകരയില്‍ വലിയവിളക്കുകളുമായി പൂജാരിമാരെത്തി. ഗംഗാപൂജയ്ക്ക് സമയമായി. പൂജാരിമാര്‍ ഗംഗാമാതാവിനെ വലിയവിളക്കുകാണ്ട് ഉഴിഞ്ഞു. അകമ്പടിയായി വിശ്വാസികളുടെ പ്രാര്‍ത്ഥനകളും മംഗളാദേവി ക്ഷേത്രത്തില്‍ നിന്നുള്ള മണിമുഴക്കവും. ഗംഗാമാതാ ചിരാതുകളുടെ സ്വര്‍ണവെളിച്ചത്തില്‍ അപ്പോള്‍ കൂടുതല്‍ മനോഹരിയായിരിക്കുന്നു.
ആരതിയില്‍ സ്വര്‍ണവര്‍ണമണിഞ്ഞ് ഗംഗാമാതാ (Photo: k. sasi kayoor)
ഇതിനിടയില്‍ ഒരു സന്യാസിവര്യനെ കാണാനിടയായി. ആരതിക്കുള്ള നെയ് വിളക്കുകള്‍ വില്‍ക്കുകയാണ് കക്ഷി. നീട്ടിവളര്‍ത്തി ജഢപിടിച്ച മുടിയും താടിയും. നെറ്റിയില്‍ ഭസ്മവും ചന്ദനവും വാരിതേച്ചിരിക്കുന്നു. പ്രായം അമ്പതില്‍ താഴെമാത്രം. ആവശ്യക്കാര്‍ക്ക് വിളക്കുകള്‍ എടുത്തുകൊടുക്കുന്നതിനിടയില്‍ കീറിയ തന്‍റെ തുണിസഞ്ചിയിലേക്ക് ഇടക്കിടെ നോക്കുന്നുണ്ട് സന്യാസി. കുറച്ചുനേരം ഞങ്ങള്‍ സന്യാസിയെതന്നെ നോക്കി നിന്നു. വില്‍പനയുടെ ഒരു ചെറിയ ഇടവേളയില്‍ സന്യാസി തന്‍റെ തുണിസഞ്ചിയില്‍ നിന്ന് തന്‍റെ മൊബൈല്‍ ഫോണ്‍ പുറത്തെടുത്തു. ആപ്പിളിന്‍റെ ഐ ഫോണ്‍..! ആശ്ചര്യം പൂണ്ട് ഞങ്ങള്‍ നോക്കിനില്‍ക്കുന്നതിനിടെ അല്‍പ്പം കഴിഞ്ഞ് ആപ്പിളിന്‍റെ ഐ പാഡും സന്യാസി പുറത്തെടുത്തു. ഇ-മെയില്‍ ചെക്ക് ചെയ്തശേഷം ഐ പാഡ് അതേപോലെ സന്യാസി സഞ്ചിയില്‍ തിരികെവെച്ചു...!!!

സന്യാസിമാരെല്ലാം ലൗകികസുഖങ്ങള്‍ വെടിഞ്ഞവരാണെന്നത് പഴയ മിഥ്യാധാരണയാണെന്നും ബോധ്യമായി. ഹൈടെക്ക് യുഗത്തില്‍ എല്ലാവരും ഹൈടെക്ക് തന്നെയാണ്. അത് സന്യാസിമാരായാലും യാചകരായാലും.

ഹരിദ്വാരിലെത്തിയെങ്കിലും നേരമില്ലാത്തതിനാല്‍ മാനസദേവിക്ഷേത്രം കാണാനായില്ല. ദു:ഖമില്ല. വീണ്ടുമൊരിക്കല്‍ യോഗമുണ്ടെങ്കില്‍ വരാം. ഹരിദ്വാര്‍ വിട്ട് രാജ്യതലസ്ഥാനത്തേക്ക് പിറ്റേന്ന് പുലര്‍ച്ചെ മടങ്ങുമ്പോള്‍ ഭാങ്കും പുകച്ച് തീക്ക് ചുറ്റുമിരിക്കുന്ന ഒരുകൂട്ടം സന്യാസിമാരെ കണ്ടു. ഒരുപക്ഷെ ഈ പുലര്‍കാല കാഴ്ച്ചതന്നെയാകണം ഹരിദ്വാറിന്‍റെ ഏറ്റവും വലിയ ഐഡന്‍റിറ്റിയും.  
സംസ്ക്കാരങ്ങളുടെ പണ്യതീരമായ  ഗംഗാനദിയും ഭാഗീരഥിയും യമുനയുമെല്ലാം വളരെ അടുത്ത് കണ്ടശേഷം ഞങ്ങള്‍ മടങ്ങുകയാണ്. മനസില്‍ ഒരുപിടി നല്ല ഓര്‍മകളും കുറേ അറിവുകളും കാഴ്ച്ചകളും നിറച്ച് തിരികെ നാട്ടിലേക്ക്...