Wednesday, 9 November 2011

ഒരു മഴപെയ്തൊഴിയുമ്പോള്‍....


യാത്രകള്‍ എത്രചെയ്താലും
മഴകാലത്തുള്ള യാത്ര,
അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും
ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.
കോരിച്ചൊരിയുന്ന മഴക്കാലത്ത്
തീവണ്ടിയിലും ബസ്സിലും സൈക്കളിലും സൈക്കള്‍റിക്ഷയിലും
എല്ലാമായി നടത്തിയ യാത്രകള്‍...       
കുട്ടിക്കാലത്ത് അമ്മയുടെ കണ്ണുവെട്ടിച്ച്
മഴനനഞ്ഞ് ചെളിവെള്ളം തട്ടിതെറിപ്പിച്ച്
കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കാട്ടികൂട്ടിയ  കുസൃതിത്തരങ്ങള്‍
പിന്നെ കൂട്ടുകാരിയോടൊപ്പം ഒരു കുടക്കീഴില്‍ പാതിമഴനനഞ്ഞ്  
പ്രണയത്തിന്‍റെ ചൂടും ചൂരും നുകര്‍ന്നുള്ള നടത്തം....           
അങ്ങനെ സുഖവും നൊമ്പരവും നല്‍കുന്ന മഴയാത്രകള്‍....
പിന്നെ കാഴ്ച്ചകള്‍ തേടി നടത്തിയയാത്രകളില്‍ ഏറെ ആകര്‍ഷിച്ചത് 
മഴക്കാലത്ത് ബസ്സുകളിലുള്ള യാത്രയാണ്.
പ്രത്യേകിച്ച് സര്‍ക്കാരിന്‍റെ ചകടത്തിലുള്ള മഴയാത്ര.   

കെഎസ്ആര്‍ടിസി ബസ്സില്‍ മഴയത്ത് ഒരു ദീര്‍ഘയാത്ര
ആര്‍ക്കും അത്രയ്ക്ക് സന്തോഷം നല്‍കുന്ന ഒന്നല്ല എന്നെനിക്കറിയാം
കാരണം നമ്മുടെ സര്‍ക്കാര്‍ ബസ്സുകളില്‍‍
മഴപെയ്താല്‍ ചോര്‍ച്ച സര്‍വ്വസാധാരണമാണെന്നത്
പകല്‍പോലെ വ്യക്തം..
ചോര്‍ച്ചയ്ക്കൊപ്പം അഴുക്കുകൂടി ഒലിച്ചിറങ്ങിയാലത്തെ സ്ഥിതി
പിന്നെ പറയണ്ടാലോ..
ഇതൊക്കെയാണെങ്കിലും
മഴയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുന്നതിന്‍റെ സുഖം
പലവട്ടം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്
ചെറുതായി ചോരുന്നുണ്ടെങ്കിലും
മഴയത്ത് ഷട്ടറുകള്‍ എല്ലാം ഇട്ട് ഇരുടണഞ്ഞ ബസ്സിലെ യാത്ര,               
അത് വല്ലാത്ത ഒരു അനുഭൂതിയാണ് നല്‍കുന്നത്

തൊടുപുഴയിലേക്ക്
സര്‍ക്കാരിന്‍റെ ചുവന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍
ഈമഴക്കാലത്തെ ഒരാഗ്രഹമാണ് സഫലമായത്.
ബസ്സില്‍ കയറി സീറ്റില്‍ ചാഞ്ഞിരുന്നു.    
ചുറ്റുമുള്ള ഷട്ടറുകള്‍ അടഞ്ഞുകിടക്കുകയാണ്.
ബസ്സിലെ മുന്‍വശത്തെ ഗ്ലാസില് നിന്നും ലൈറ്റുകളില്‍ നിന്നുമുള്ള വെളിച്ചം
മാത്രമാണ് ബസ്സിനകത്തുള്ളത്,    
ചുറ്റും ഷട്ടറുകള്‍ അടച്ചിരുന്നതിനാല്‍
മുന്നിലെ വലിയചില്ലിലൂടെ മാത്രമേ മഴയുടെ ഭംഗി
ആസ്വദിക്കാന്‍ നിര്‍വാഹമുള്ളു.
വലിയചില്ലില്‍ വന്നുപതിക്കുന്ന മഴതുള്ളികള്‍...     
അവയെ തുടച്ചുനീക്കി
കാഴ്ച്ച ചെറുങ്ങനെയെങ്കിലും വ്യക്തമാക്കിതരുന്ന
വലിയ വൈപ്പര്‍...
ചെറിയഗ്യാപ്പിലൂടെ ആണെങ്കിലും
അവ പകരുന്നമഴകാഴ്ച്ച മനോഹരമാണ്..    
ഗ്ലാസില്‍ മൂടല്‍ മഞ്ഞുമൂടിയതിനാല്‍
അവശേഷിക്കുന്ന ഭാഗത്തെ കാഴ്ച്ച അവ്യക്തമായിരിക്കുന്നു

ഓരോ സ്റ്റോപ്പില്‍ നിന്നും യാത്രക്കാര്‍
ബസ്സിലേക്ക് പ്രവേശിക്കുന്നു.
നനഞ്ഞൊല്ലിച്ച വസ്ത്രവും കുടയുമായി
ബസ്സിലേക്ക് കയറുമ്പോള്‍ എല്ലാവരും
ഈ നശിച്ചമഴയെ ശപിക്കുന്നുണ്ടായിരുന്നു.
തൃശ്ശൂരില്‍ നിന്ന് മഴയെ പ്രാകികൊണ്ട്
ഒരു നവദമ്പതികളും സഹയാത്രികരായി.       
ആകെ ഒഴിഞ്ഞുകിടന്ന സീറ്റില്‍ വെള്ളം കെട്ടികിടക്കുന്നു.
പോരാത്തതിന് ചോര്‍ച്ചയും.
പണവും കൊടുത്ത് കുടയുംനിവര്‍ത്തി ഇരിക്കേണ്ടിവരുമോ
ഈ സര്‍ക്കാര്‍ ബസ്സിലെന്നാണ്
ദേഷ്യവും സങ്കടവും കലര്‍ന്നസ്വരത്തില്‍ നവവധുവിന്‍റെ ചോദ്യം.

യാത്രയിലെ ചിലകൗതുകങ്ങല്‍ മാത്രമായിരുന്നു ഇവ എനിക്ക്.
അടഞ്ഞുകുടക്കുന്ന ഷട്ടറിനപ്പുറത്ത്
തോരാതെ പെയ്യുന്ന മഴയുടെ നേര്‍ത്തശ്ബദം
ഒരു സംഗീതം പോലെ...
മഴചിലപ്പോള്‍ കളിപ്പാട്ടത്തിനായി കരയുന്നകുഞ്ഞിനെ പോലൊണെന്ന്
എനിക്ക് തോന്നിയിട്ടുണ്ട്.   
ഇടയ്ക്ക് ചിണുങ്ങി,   
പിന്നെ പെട്ടെന്ന് ആര്‍ത്തിരമ്പി
വാശിപിടിച്ച് കരയുന്ന ഒരു കുഞ്ഞ്..
ചെറുനാരുകളായി പെയ്തിറങ്ങുന്ന മഴ
പെട്ടെന്ന് ഉഗ്രരൂപിണിയായി കനക്കുമ്പോള്‍
അങ്ങനെയാണ് എനിക്ക് തോന്നാറ്.
പിന്നെ ചെറുനാരുകളായി പെയ്തൊഴിയുന്ന
മഴയ്ക്ക് വല്ലാത്ത സൗന്ദര്യമാണ്.         
ഒരു കാല്‍പനികഭാവമാണ് മഴയ്ക്കപ്പോള്‍..
നേര്‍ത്തഇഴയായി പെയ്തൊഴിയുന്ന ചാറ്റല്‍മഴയത്ത്
പ്രിയപ്പെട്ടവരുമൊത്ത് കൈകോര്‍ത്ത് നടക്കാന്‍,
കളിപറയാന്‍, നനഞ്ഞമണ്ണിന്‍റെ ഗന്ധം ആസ്വദിക്കാന്‍,
കെട്ടികിടക്കുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍.....      
ഒരു വല്ലാത്ത അനുഭൂതിയാണ്
അത് പകരുന്നത്...       
അങ്ങനെ നമ്മെ മോഹിപ്പിക്കുന്ന പലതും
മഴ സമ്മാനിക്കും...

മഴ പലപ്പോഴും എന്നെ പഴയകാലത്തിലേക്ക്
വലിച്ചിഴയ്ക്കാറുണ്ട്.   
എന്‍റെ അനുമതി ചോദിക്കാതെ അനാവശ്യമായിതന്നെ...
പഴയകലാലയവും പഴയപ്രണയവുമെല്ലാം
മഴയുമായി ബന്ധപ്പെട്ട് കെട്ടുപിണഞ്ഞ് കിടക്കുന്നതിലാവാം  
നിരവധി നൊമ്പരങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്  
ഓരോ മഴയും എന്നിലേക്ക് പെയ്തിറങ്ങുന്നത്.
പഠനകാലത്ത് ചിലരാത്രികളില്‍ പെയ്തിറങ്ങിയ മഴയല്ലെ
എന്നെയും അവളേയും അടുപ്പിച്ചത്....?    
മഴയെകുറിച്ച് ഞങ്ങള്‍ പങ്കുവെച്ച ചില സങ്കല്‍പങ്ങള്‍,
ഭാവനകള്‍, ആഗ്രഹങ്ങള്‍... അങ്ങനെയങ്ങനെ....
നനഞ്ഞമണ്ണിന്‍റെ ഗന്ധവും
നേര്‍ത്തുപെയ്യുന്ന മഴയുടെ കാല്‍പനികഭാവവും
ഞങ്ങളിലേക്കും പകരുകയായിരുന്നില്ലേ...
മഴയത്ത് കൈകോര്‍ത്ത്
ചെളിവെള്ളവും തെറിപ്പിച്ച് നടക്കാനുള്ള ആഗ്രഹം
ആദ്യം ആരാണ് പറഞ്ഞത്...?  
ഞാനോ അതോ അവളോ? ഓര്‍മയില്ല..         
ഒന്നുമാത്രം ഇന്നും കൃത്യമായോര്‍ക്കുന്നു      
മഴ നനഞ്ഞ് നടക്കാമെന്നത് തിരുത്തി
കൈകോര്‍ത്ത്  ഒരു കുടക്കീഴിലാകാം യാത്ര എന്നത്
അവളുടെ ആശയമായിരുന്നു...
അതൊരുതുടക്കമായിരുന്നു,
പുതിയ പ്രണയത്തിന്‍റെ, ജീവിതത്തിന്‍റെ,
ഒരു മഴയാത്രയുടെ....
 
മഴ പിന്നെയും ഒരുപാട് പെയ്തിറങ്ങി ജിവിതവും.....
പ്രണയത്തിന്‍റെ മഴയാത്രയും
പാതിയിലെങ്ങോ പെയ്തൊഴിഞ്ഞു.         
പെരുമഴപെയ്ത ഒരു ദിവസത്തിലായിരുന്നു അത്.
അവിചാരിതമായി കടന്നുവന്ന ആ സുഹൃത്ത്
തോരാത്തമഴയെ സാക്ഷിയാക്കി
ആ കടത്തിണ്ണയില്‍ നിന്ന് ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്?
അവന്‍റെ വാക്കുകള്‍ തന്‍റേതുകൂടിയാണെന്ന് ആവര്‍ത്തിക്കുമ്പോള്‍
എല്ലാം അവസാനിച്ചുവെന്ന് പറയുമ്പോള്‍
അവളുടെ മനസിലും വലിയൊരുമഴ
പെയ്തൊഴിയുകയായിരുന്നോ?
പക്ഷെ അപ്പോള‍് എന്‍റെ മനസില്‍
മഴ പെയ്യാന്‍ തുടങ്ങുന്നതേയുള്ളായിരുന്നു..
അതൊരു ബന്ധങ്ങളെ ഇഴമുറിയാതെചേര്‍ത്ത
ചാറ്റല്‍മഴയായിരുന്നില്ല,
നനഞ്ഞമണ്ണിന്‍റെ ഗന്ധം നഷ്ടമാക്കിയ,
പ്രണയഭാവം വെടിഞ്ഞ..,
സംഹാരരുദ്രയായ ഇടവപാതിയിലെ
പെരുമഴയായിരുന്നു അത്....
എന്തിനെന്നോ ഏതിനെന്നോ വിശദീകരിക്കാതെ
പാതിയില്‍ ഒറ്റക്കാക്കിയിട്ട്
സഹയാത്രിക പിന്‍വാങ്ങുമ്പോള്‍
ഇനിയെന്ത് എന്നചോദ്യം പ്രസക്തമാവുന്നു.     
പക്ഷെ പ്രതീക്ഷയുടെ മഴയപ്പോളും
മനസിനെ നനയിച്ചിരുന്നു….

പിന്നെ  വര്‍ഷങ്ങള്‍ക്കിപ്പുറം
ജാലകത്തിനപ്പുറത്ത് കാലംതെറ്റി
ഒരു വേനല്‍മഴ പെയ്തൊഴിയുമ്പോളാണ്
കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് അവളുടെ കൂട്ടുകാരി
അക്കാര്യം പറഞ്ഞത്.         
കഴിഞ്ഞ തുലാവര്‍ഷക്കാലത്ത്
എന്‍റെ പഴയ കൂട്ടുകാരി വിവാഹിതയായെന്ന്....
കൃത്രിമമായി ഒരു ചിരിയും ആശ്ചര്യവും മുഖത്ത് വരുത്തി
അവള്‍ അറിയിച്ചില്ലല്ലോ എന്ന പരിഭവം പറഞ്ഞ്
സംസാരം മറ്റൊരുവിഷയത്തിലേക്ക് മാറ്റുമ്പോളും
മനസില്‍ ആര്‍ത്തിരമ്പി മറ്റൊരുമഴയും പെയ്യുകയായിരുന്നില്ലേ...
ഏറെ കാലമായി മനസില്‍
നിശബ്ദമായി പെയ്തും തോര്‍ന്നും വീണ്ടും പെയ്തും നിന്ന മഴ
ഒടുവില്‍ ഒരു വരള്‍ച്ചക്ക് വഴിതുറക്കുന്നത്
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍...
വേദനമാത്രംപകര്‍ന്ന് നല്‍കിയ
മഴയുടെ ഓര്‍മപെയ്ത്തില്‍ മനസ് വീണ്ടും അസ്വസ്ഥമാകുന്നുവോ..?
ഇല്ല, അര്‍ദ്ധവിരാമത്തേക്കാള്‍ നല്ലത്
പൂര്‍ണവിരാമം തന്നെയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു...       
ആ മഴ എന്നെന്നേക്കുമായി പെയ്തൊഴിഞ്ഞിരിക്കുന്നു,
ഇടിയും മിന്നലുമൊന്നും ബാക്കിയാക്കാതെ...  

എന്‍റെ യാത്ര അതിന്‍റെ അവസാന സ്റ്റോപ്പിലെത്തിയിരിക്കുന്നു.
ബസ്സ് തൊടുപുഴ സ്റ്റാന്‍റിലേക്ക്.
പുറത്തും ഇപ്പോള്‍ മഴയില്ല
കാറും കോളുമെല്ലാം മാറി നീലാകാശം
തെളിഞ്ഞുനില്‍ക്കുന്നു 
എന്‍റെ പ്രണയത്തിന്‍റെ മഴയാത്രയും
ഇവിടെ പൂര്‍ണമാവുന്നു,
ചിന്തകള്‍ക്കും ഓര്‍മകള്‍ക്കും  അര്‍ദ്ധവിരമമിടാതെതന്നെ.... 


13 comments:

 1. കൊള്ളാം..!! :)

  ReplyDelete
 2. anusreeattassery9 November 2011 at 22:32

  നിറഞ്ഞു പെയ്യുന്ന മഴ എന്നും ഓര്‍മകളാണ് സമ്മാനിക്കുന്നത് , നിന്റെ ഓര്‍മ്മകള്‍ , ഞാന്‍ ഇവിടെ ഏകയാണ് എന്ന ഓര്‍മപെടുത്തല്‍

  ReplyDelete
 3. gud one.... took me back to the lane of memories..

  ഞാന്‍ കണ്ട മഴയ്ക്ക്‌ എന്നും വാശി ആയിരുന്നു ....

  .മഴയ്ക്ക്‌ എന്നും വാശിയാണ്
  എല്ലാം നനഞ്ഞു കുതിര്‍പ്പിക്കാനും
  എറിഞ്ഞുടയ്ക്കാനും ഉള്ള വാശി....

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. ആകാശത്തിന്റെ ഇരുള്‍ ഹൃദയങ്ങളില്‍ നിന്ന്‌ ഉതിര്‍ന്ന്‌ വീഴുന്ന നിലാനൂലുകളാണ്‌ മഴ..... ഈ മഴനൂലുകളില്‍ പിടിച്ചു കയറി മഴയുടെ അറ്റത്ത്‌ ചെല്ലണം എന്നിട്ട്‌ ഈ ആകാശവും കാറ്റുമൊന്നും തൊടുന്നതിന്‌ മുന്‍പ്‌ ആ മഴതുള്ളിയുടെ ചുണ്ടില്‍ ഒരു മുത്തം കൊടുക്കണം... മഴ നിന്റെ കണ്ണുകള്‍ പോലെയാണ്‌, അതില്‍ സ്വപ്‌നങ്ങളുടെ നീല നിറം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്‌. പ്രണയം മഴനാരുകള്‍ക്കിടയില്‍ ദൈവം ദൈവം ഒളിപ്പിച്ചു പിടിപ്പിക്കുന്ന ഒരു രഹസ്യം, ഭൂമിക്കാഴ്‌ചകളെ നിറങ്ങളാല്‍ പുനര്‍ജനിപ്പിക്കുന്ന ദേവകാരുണ്യം..

  ReplyDelete
 7. എനിക്കും വളരെ ഇഷ്ടമാണ് നല്ല മഴയുള്ള തണുപ്പുള്ള ദിവസങ്ങളില്‍ ദീര്‍ഘ ദൂരം ബസില്‍ ഇങ്ങനെ ഇരുന്നു യാത്ര ചെയ്യാന്‍ അത് സര്‍ക്കാര്‍ വണ്ടി ആണെന്കില്‍ ആ ഇരുട്ട് നന്നായി ആസ്വദിക്കാനും പറ്റും വെളിച്ചം നന്നേ കമ്മി ആയിരിക്കുമല്ലോ ....ഓരോ വരികളിലും ഒരു സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്ന ഒരു അനുഭവം.....മാറി മാറി വരുന്ന യാത്രക്കാര്‍ ഓരോ സ്റ്റോപ്പ്‌ കഴിയുംബോളും അടുത്ത സ്റ്റോപ്പില്‍ മഴ മാറാന്‍ പ്രാര്‍ത്ഥിച്ചു മഴ നനയാന്‍ ഇറങ്ങുന്ന യാത്രക്കാരും കുട മടക്കാന്‍ പാട് പെട്ട് മഴ നനയാതെ ഉള്ളിലേക്ക് കയറാന്‍ വെമ്പല്‍ കൊള്ളുന്ന പുതിയ യാത്രക്കാരെയും കണ്ടു ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യാന്‍ എനിക്ക് വളരെ ഇഷ്ടമാണ് പക്ഷെ അത് പോലെ തന്നെ മഴയുള്ള സമയം അഗ്രെഹിച്ചിരുന്നു വണ്ടിയില്‍ കയറുമ്പോള്‍ എങ്ങാനും സീറ്റ്‌ ഇല്ല എങ്കില്‍ ഈ ഞാന്‍ അഗ്രെഹിച്ച എല്ലാ സുഖങ്ങളും അവിടെ തീരും .......ഞാന്‍ ഈ യാത്ര നന്നായി ആസ്വദിച്ചു ............

  ReplyDelete
 8. nicee...it gave nostalgic experience good ya.......

  ReplyDelete
 9. മഴ ദു:ഖമാണു.. വിരഹിണിയായ കാമുകിയെപ്പോലെ, ഇരുള് മൂടി പെയ്യാനൊരുങ്ങുമ്പോള്. മഴ ആഹ്ലാദമാണു.. ക്ഷണിക്കപ്പെടാതെ വിരുന്നിനെത്തുന്ന, സുഹ്രുത്തിനെപ്പോലെ അപ്രതീക്ഷിതമായി- പെയ്തിറിങ്ങുമ്പോള്.

  ReplyDelete
 10. bus thodupuzha standil ethendiyirunnilla..

  ReplyDelete
 11. thanx all for your valuable comments

  ReplyDelete