Sunday 25 September 2011

മോക്ഷക്രിയ


മരണാനന്തരം
എന്തെന്ന് ആര്‍ക്കറിയാം?
അവിടെ പാപങ്ങളുണ്ടോ?
പുണ്യങ്ങളുണ്ടോ?
മരണാനന്തരക്രിയകളുടെ ഫലം
ആര്‍ക്കാണ് ലഭിക്കുന്നത്?
അഗ്നിക്കും മണ്ണിരക്കും ഭക്ഷണമായവന്
ഇനി
എന്തിന് മോക്ഷം?
എന്തിന് പുണ്യം?
പവിത്രമോതിരം ധരിച്ച്
ബലിദര്‍പ്പണം എന്തിന്?
കാക്കകള്‍ക്ക് വയറുനിറച്ച്
എള്ളും ചോറും
എന്നതിനപ്പുറം
കര്‍മിക്ക് വെറ്റിലടക്കയും
നൂറിന്‍റെ ഗുണിതവും നല്‍കാമെന്നുമാത്രം

സത്യസന്ധതയുടെ ബാലപാഠവുമായി വില്‍പ്പനക്കാരനില്ലാത്ത കട


നമ്മൂടെ രാജ്യത്ത് അവശ്യവസ്തുക്കളുടെ വില നാള്‍ക്കുനാള്‍ കയറികൊണ്ടിരിക്കുമ്പോഴും വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന ഒന്നുണ്ട്.  സത്യസന്ധതയുടെ വില.  അതുകൊണ്ടാണല്ലോ 2 ജിയും കോമണ്‍വെല്‍ത്തും എസ് ബാന്‍ഡുമെല്ലാം കച്ചവടത്തിനും വികസനത്തിനും നേട്ടത്തിനുമപ്പുറം അഴിമതിയുടെ മാലിന്യകൂമ്പാരമായി മാറിയത്. നമ്മുടെ രാഷ്ട്രീയകാരുടെ സത്യസന്ധതയില്ലായ്മകാരണം അപഹാസ്യരാകുന്നത് നാമെല്ലാമാണ്. ലക്ഷക്കണക്കിന് ആയിരങ്ങളുടെ അഴിമതി കാണിക്കാന്‍ ഒറ്റനാള്‍കൊണ്ടല്ല ഒരുത്തന്‍റെ മനസ്സ് പാകപ്പെടുന്നത്. പലപ്പോഴും വിജയിച്ചും പരാജയപ്പെട്ടും ഒരുവന്‍ നേടിയ കഴിവ് ഫലപ്രദമായി ഉപയോഗിക്കുമ്പോളാണ് വലിയ അഴിമതികള്‍ ചെയ്യാന്‍ അവന് സാധിക്കുന്നത്. ജനിച്ചപ്പോളെ ആരും കള്ളനാകുന്നില്ല, പക്ഷെ ജീവിതത്തിന്‍റെ വിവിധഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോളാണ് ഒരുവന്‍ കള്ളനാവുന്നതും സത്യവാനാവുന്നതും.
     ചൊട്ടയിലെ ശീലം ചുടലവരെയെന്നാണ് പഴമൊഴി. അങ്ങനെയാണെങ്കില്‍ നാളത്തെ പൗരന്‍മാരെ, അതായത് ഇന്നത്തെ കുട്ടികളെ സത്യസന്ധതയുടെ ബാലപാഠം ഇപ്പോളെ പഠിപ്പിക്കണം. ഭാവിയെകുറിച്ച് നമുക്കിപ്പോഴേ പ്രവചിക്കാനാവില്ലെങ്കിലും നമ്മുടെ കുട്ടികള്‍ ചെറുപ്പത്തിലേ അഭ്യസിക്കുന്ന സത്യസന്ധതയുടെ ബാലപാഠം എന്നും അവരില്‍ നിലനില്‍ക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കുട്ടികളില്‍ ചെറുപ്പത്തിലേ പഠനത്തിനൊപ്പം തന്നെ സത്യസന്ധതയും സ്വാശ്രയശീലവും അഭ്യസിപ്പിക്കേണ്ടതുണ്ട്. സത്യസന്ധതയോടെ കുട്ടികള്‍ പെരുമാറുന്നതിന് വേണ്ടി രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച ഒരു കടയുണ്ട് കണ്ണൂര്‍ പയ്യാവൂരിലെ എടനാട് ഈസ്റ്റ് എല്‍ പി സ്ക്കൂളില്‍. കടയുടെ പ്രത്യേകത എന്താണെന്നുവെച്ചാല്‍ കടയില്‍ വില്‍പ്പനക്കാരനില്ല എന്നത് തന്നെയാണ്.
പയ്യന്നൂര്‍  ദേശിയപാതയരികിലാണ് എടനാട് ഈസ്റ്റ് എല്‍പി സ്ക്കൂള്‍. ഈ കൊച്ചുവിദ്യാലയത്തിലെ കുട്ടികള്‍ സമീപവാസികള്‍ക്കെല്ലാം വലിയമാതൃകയാണ്. പഠനകാര്യത്തില്‍മാത്രമല്ല, സത്യസന്ധത പുലര്‍ത്തുന്നകാര്യത്തിലും. രാവിലെ കുളിച്ചൊരുങ്ങി തിരക്കിട്ട് വിദ്യാലയത്തിലേക്കിറങ്ങുന്ന കുരുന്നുകള്‍ പലപ്പോഴും പെന്‍സിലോ പേനയോ കാണാതെ കരയുന്നത് നമ്മുടെ ഒക്കെ വീടുകളിലെ നിത്യകാഴ്ച്ചയാണ്. പിന്നെ പെന്‍സില്‍ തിരഞ്ഞ് നടക്കുന്നതിനിടെ അമ്മയുടെ കയ്യില്‍ നിന്നും വഴക്കും അടിയും ചിലപ്പോള്‍ വാങ്ങേണ്ടിയുംവരുന്നു. പിന്നെ അമ്മമാര്‍തന്നെ പെന്‍സില്‍ വാങ്ങാന്‍ കടയിലേക്ക് ഓടണം. പിന്നെ കരഞ്ഞുകൊണ്ടാവും സ്ക്കൂലിലേക്ക് യാത്രയാവുക. എന്നാല്‍ എടനാട് ഈസ്റ്റ് എല്‍പി സ്ക്കൂളിലെ കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും ഈ ടെന്‍ഷന്‍ വേണ്ട. കാരണം സ്ക്കൂളില്‍ തന്നെയുണ്ട് കുട്ടികള്‍ക്കുവേണ്ട സാധനങ്ങള്‍ വില്‍ക്കുന്ന കട. ചില്ലറ പൈസ നല്‍കി വിടണമെന്നേയുള്ളു. ഇനി സ്ക്കൂളിലെ കടയ്ക്കാണ് പ്രത്യേകത. കടയില്‍ വില്‍പ്പനക്കാരനില്ല. ഇവിടെ വില്‍പ്പനക്കാരനും ഉപഭോക്താവുമെല്ലാം വിദ്യാര്‍ത്ഥിതന്നെ. സ്ക്കൂളിന്‍റെ വരാന്തയില്‍ ഒരു ഡെസ്ക്കില്‍ പെന്‍സിലും പുസ്തകവും റബ്ബറുമെല്ലാം നിരത്തിവെച്ചിട്ടുണ്ട്. ഭിത്തിയില്‍ വിലനിലവാരവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തനിക്ക് വേണ്ടതെന്താണെന്നുവെച്ചാല്‍ വിദ്യാര്‍ത്ഥിക്ക് സ്വയം എടുക്കാം. സാധനങ്ങള്‍ക്കൊപ്പമുള്ള പുസ്തകത്തില്‍ പേരും ക്ലാസും വാങ്ങിയ സാധനവും വിലയും രേഖപ്പെടുത്തി തൊട്ടടുത്തുള്ള പെട്ടില്‍ വില നിക്ഷേപിച്ചാല്‍ മാത്രം മതി. ബാക്കി തുക പെട്ടിയില്‍ നിന്ന് എടുക്കുകയും ആവാം. മേല്‍നോട്ടം വഹിക്കാനോ സാധനങ്ങള്‍ എടുത്തുനോക്കാനോ ആരും ഇല്ല.
ഡിപിഇപിയും വിദ്യാഭ്യാസപരിഷ്കരണവുമെല്ലാം വരുന്നതിന് മുമ്പ് പാഠ്യവിഷയമല്ലാത്ത സത്യസന്ധത പഠിപ്പിക്കാന്‍ ഗാന്ധിയന്‍ കൂടിയായ ജനാര്‍ദ്ദനന്‍ മാഷ് 1991 ല്‍ സ്ക്കൂളില്‍ വില്‍പ്പനക്കാരനില്ലാ കട ആരംഭിച്ചത്. മികച്ച സ്കൗട്ടിനുള്ള അവാര്‍ഡും പരിസ്ഥിതി മാസികയായിരുന്ന സൂചിമുഖിയുടെ പത്രാധിപരുമായിരുന്ന മാഷുടെ ആശയം പിഴ്ച്ചില്ലെന്നറിയുന്നത് ഇത്രകാലമായിട്ടും കടയില്‍ നിന്ന് ഒരു പെന്‍സിലുപോലും കളവ് പോയിട്ടില്ലെന്നത് മനസിലാകുമ്പോളാണ്. കടയിലേക്ക് വേണ്ട സാധനങ്ങള്‍ ആഴ്ച്ചകളിലാണ് അധ്യാപകര്‍ വാങ്ങാറ്. എല്ലാദിവസവും സാധനങ്ങള്‍ കടയില്‍ നിരത്തിവെക്കാറ് കുട്ടികളാണ്. പിന്നെ വൈകുന്നേരം സാധനങ്ങളും അന്നത്തെ കണക്കും നോക്കി പണം എണ്ണിതിട്ടപ്പെടുത്തും.
സത്യസന്ധതമാത്രമല്ല വില്‍പ്പനക്കാരനില്ലാത്ത ഈ കടയിലൂടെ എടനാട് ഈസ്റ്റ് എല്‍ പി കുട്ടികള്‍ പഠിക്കുന്നത്. കുട്ടികള്‍ സ്വന്തം പേരെഴുതാനും കണക്കുകൂട്ടാനും പഠിക്കുന്നു. ഒന്നാം ക്ലാസിലെ കുഞ്ഞനുജന്‍മാരേയും കുഞ്ഞനുജത്തിമാരേയും മാത്രമേ ഇക്കാര്യത്തില്‍ മറ്റ് കുട്ടികള്‍ സഹായിക്കു. ഒപ്പം സ്വാശ്രയശീലത്തിന്‍റെ ആദ്യപാഠവും പകരുന്നുണ്ട് ഈ വില്‍പ്പനക്കാരനില്ലാത്ത കട.  
കള്ളവും ചതിയുമെല്ലാം പെരുകുന്ന നമ്മുടെ നാട്ടില്‍ സത്യസന്ധതയുടെ ബാലപാഠം സ്ക്കൂളില്‍വെച്ച് തന്നെ പഠിപ്പിക്കുന്ന ഈ വില്‍പ്പനക്കാരനില്ലാത്ത കട തീര്‍ച്ചയായും മറ്റുളളവര്‍ക്കും മാതൃകയാക്കാവുന്നതാണ്.