Friday, 8 July 2011

സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്ക് താഴിടുന്ന നമ്മുടെ സര്‍ക്കാര്‍...


            പാട്ടുപാടാനും കൂട്ടുകൂടാനും ക്ലാസില്‍മാത്രമല്ല, സക്കൂളില്‍ തന്നെ മൂന്നാം ക്ലാസുകാരന്‍ ആദിത്തിന് ആകെയുള്ളത് ടീച്ചര്‍ ബേബി ലത മാത്രമാണ്. 1885 ല്‍ ആരംഭിച്ച തലശ്ശേരി എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളില്‍ ഈ വര്‍ഷം ആകെയുള്ളത് കെകെ ആദിത്ത് മാത്രമാണ്. കാലത്ത് സ്ക്കൂളിന്‍റെ വാതില്‍ ടീച്ചര്‍ തുറന്നാല്‍ പിന്നെ മണിയടിക്കുന്നതും ആദിത്ത് തന്നെ. എരഞ്ഞോളി ഈസ്റ്റ് എല്‍പിക്ക് താഴ് വീഴാതെ ഈ വര്‍ഷം കാത്തത് ആദിത്താണ്. സംസ്ഥാനത്ത് ഒരുപക്ഷെ ഒരു വിദ്യാര്‍ത്ഥിമാത്രം പഠിക്കുന്ന ഏക സ്ക്കൂളും എരഞ്ഞോളി ഈസ്റ്റ് എല്‍പി ആയിരിക്കും.  സ്ക്കൂളിനോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന  അങ്കനവാടിയിലെ 10 കുട്ടികളാണ് ഇടവേളകളില്‍ ആദിത്തിന് കളിക്കാനും കഥപറയാനുമുള്ള കൂട്ടുകാര്‍. കഴിഞ്ഞവര്‍ഷം 12 വിദ്യാര്‍ത്ഥികളുണ്ടായിരുന്നു സ്ക്കൂളില്‍. നാലാം ക്ലാസിലെ 7 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി വെറെ സ്ക്കൂളിലേക്ക് പോയപ്പോള്‍ ബാക്കി വന്ന 5 ല്‍ നാലുപേര്‍ ടിസി വാങ്ങി പോയി. ഇവരില്‍ ഈ സ്ക്കൂളില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ധ്യാപകന്‍റെ മക്കളും പെടും. സമീപത്തുള്ള അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കാണ് ഇവര്‍ ചേക്കേറിയത്. ഒറ്റക്കിരുന്ന് പാഠം പടിക്കുന്നതിന്‍റെ സങ്കടമൊന്നും പക്ഷെ ആദിത്തിനില്ല. പഠിച്ചാലല്ലേ വളരൂ, പഠിച്ച് വലിയ പോലീസുകാരനാകണ്ടേ എന്നാണ് സങ്കടമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഈ മിടുക്കന്‍റെ മറുപടി.  

സ്ക്കൂളിലെ ഏക ടീച്ചറായ ബേബിലത 1985 ല്‍ ഈ സ്ക്കൂളിലെത്തുമ്പോള്‍ 100 ലേറെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു ഇവിടെ. ഇപ്പോള്‍ തനിച്ചായെങ്കിലും വിദ്യാര്‍ത്ഥിയായി ആദിത്ത് മാത്രമായെങ്കിലും ബേബി ലത ടീച്ചര്‍ക്ക് മടുത്തിട്ടൊന്നുമില്ല. ഒറ്റ വിദ്യാര്‍ത്ഥിയാണെങ്കിലും പഠിപ്പിക്കുന്നകാര്യത്തില്‍ ടീച്ചര്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ല. പഠിപ്പിക്കുന്നതിനിടയില്‍ വേണം ടീച്ചര്‍ക്ക് ഓഫീസിലെ കാര്യവും പ്യൂണിന്‍റെ ജോലിയുമെല്ലാം നോക്കാന്‍. അടുത്തവര്‍ഷം കൂടി കഴിയുമ്പോള്‍ ഒട്ടുമിക്കതും ഈ സ്ക്കൂളിന് താഴ് വീഴും. അപ്പോള്‍ പിന്നെ താനെങ്ങോട്ട് എന്ന് ചോദ്യം ടീച്ചറെ അലട്ടുന്നുണ്ട്. ഇത് ബേബിലത ടീച്ചറുടെ മാത്രം നൊമ്പരമല്ല, സംസ്ഥാനത്ത് ഇത്തരത്തില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന നിരവധി സക്കൂളുകളിലെ ടീച്ചര്‍മാരുടെ വ്യഥയാണ്.

            ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ സര്‍ക്കാര്‍ അധികാരത്തിലേറി അധികനാള്‍ കഴിയുമ്പോള്‍ തന്നെ ഈ സര്‍ക്കാരിന്‍റെ വിദ്യാഭ്യാസനയം എന്താണെന്ന് പൂര്‍ണമായും വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് പുറത്ത് വന്നത്. ഇക്കാര്യത്തില്‍ ആര് അല്ലാ എന്ന് പറഞ്ഞാലും എതിര്‍ക്കാതിരിക്കാന്‍ സര്‍ക്കാരിന്‍റെ വക്താക്കള്‍ക്ക് മാത്രമേ കഴിയു. മടികുത്തിന് വല്ലാത്ത കനവും ആള്‍ബലവുമുള്ളവര്‍ക്ക് മുന്നില്‍ ഓച്ചാനിച്ചും വഴങ്ങിയും വണങ്ങിയും നില്‍ക്കുക. പൊതുവിദ്യാഭ്യാസമേഖലയേക്കാള്‍ പ്രിയവും പ്രിയങ്കരവും സ്വാശ്രയമാണെന്ന് പെരുമ്പറ കൊട്ടിപാടുക.  വിദ്യാലയങ്ങള്‍ കച്ചവടസ്ഥാപനങ്ങള്‍ ആക്കുകയെന്നതിന് വളം വെച്ചുകൊടുക്കുകയും ചെയ്യുക. ഇതാണ് തങ്ങളുടെ നയമെന്ന് സംശയത്തിന് ഇടനല്‍കാതെ തന്നെ സര്‍ക്കാര്‍ വ്യക്തമാക്കികഴിഞ്ഞതാണ്. നമ്മുടെ സര്‍ക്കാര്‍ സക്കൂളുകള്‍ നഷ്ടത്തിലോടുമ്പോള്‍ അവയ്ക്ക് താഴ് വീഴാതെ കാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യതയും ഉത്തരവാദിത്ത്വവുമാണ്. എന്നാല്‍ തൊട്ടുമുമ്പത്തെ ഇടത് സര്‍ക്കാര്‍ നടപ്പാക്കാന്‍ വിസമ്മതിച്ച കാര്യങ്ങള്‍ക്ക് സമ്മതം ഒപ്പിട്ടുനല്‍കി സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കാനുള്ള നീക്കമാണ് റബ്ബും കുഞ്ഞൂഞ്ഞുമെല്ലാം ചെയ്തത്, ഇത് വല്ലാത്ത ഒരു ചെയ്ത്തായിപോയെന്ന് ബുദ്ധിജീവികളും സാംസ്ക്കാരികനായകരും വിദ്യാഭ്യാസവിചക്ഷണന്‍മാരും കുഞ്ഞൂഞ്ഞിന്‍റേയും റബ്ബിന്‍റേയുമെല്ലാം ഇളം തലമുറക്കാരും അലമുറയിട്ടിട്ടൊന്നും കാര്യമില്ല. പുരോഗമനവാദികളായ കുട്ടികള്‍ തെരുവില്‍ കല്ലെറിഞ്ഞും കല്ലേറും തല്ലും വാങ്ങി തലപ്പൊട്ടിച്ചിട്ടൊന്നും ഒരു രക്ഷയുമില്ല. കുഞ്ഞുഞ്ഞും റബ്ബും പിടിച്ച മുയലിന് കൊമ്പ് മൂന്നല്ല, അഞ്ചാണ്.  തീരുമാനിച്ചാല്‍ തീരുമാനിച്ചത് നടപ്പാക്കാന്‍ ആര്‍ജ്ജവമുള്ളവരെ തന്നെയാണ് ഇത്തവണ ജനം ഭരണചക്രം ഏല്‍പിച്ചത്. അത് മറക്കണ്ട.
സ്വാശ്രയവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ശവകുഴിതോണ്ടാന്‍ സിബിഎസ്ഇ ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തെ കുറിച്ചാണ്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് ഒറ്റ് സിബിഎസ്ഇ ഐസിഎസ്ഇ വിദ്യാലയങ്ങള്‍ക്കും എന്‍ ഓ സി ഇടത് സര്‍ക്കാര്‍ നല്‍കാതിരുന്നത് ഒപ്പിടാന്‍ പേനയില്‍ മഷിയില്ലാഞ്ഞിട്ടോ വിദ്യാഭ്യാസ വ്യവസായത്തില്‍ കണ്ണുള്ള സമുദായക്കാര്‍ സര്‍ക്കാരിനെ വിറപ്പിക്കാഞ്ഞിട്ടോ അല്ല. മറിച്ച് അത് ന്യായമായ ഒരു നയത്തിന്‍റെ ഭാഗമായായിരുന്നു. പൊതുവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തേണ്ടത് നാടിന്‍റേയും നാട്ടാരുടേയും നന്‍മയ്ക്ക് അത്യന്താപേക്ഷിതമാണെന്ന ചിന്ത, വിശ്വാസം.അതിന്‍റെ ഭാഗമായിരുന്നു ആ മാനിക്കപ്പെടേണ്ട തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാരിന് പ്രതിബദ്ധത നാട്ടാരോടല്ല, മറിച്ച് അറിവിനെ പോലും കച്ചവടചരക്കായി കാണുന്ന ഒരു വിഭാഗത്തോടായി പൊയെന്നത് ആരുടെ തെറ്റ്? പല സര്‍ക്കാര്‍ സ്ക്കൂളുകളുടേയും പരിസരത്ത് ഇന്നലെ പെയ്ത മഴയ്ക്ക് മുളച്ച തകരയായി സിബിഎസ്ഇ ഐസിഎസ്ഇ വിദ്യാലയങ്ങള്‍ ഉയര്‍ന്നപ്പോള്‍ തകര്‍ന്നത് സര്‍ക്കാരിന്‍റെ സാമൂഹിക പ്രതിബദ്ധതതന്നെയാണെന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലായപ്പോളാണ് ഇവയക്കുചുറ്റുമുള്ള അണ്‍ എയ്ഡഡ് മേഖലയിലും പിറന്ന സിബിഎസ്ഇ ഐസിഎസ്ഇ വിദ്യാലയങ്ങള്‍ ലാഭത്തിന്‍റെ ബാലന്‍സ് ഷീറ്റുമായി ചിരിക്കുന്നത്.

നഷ്ടത്തിലായി കഷ്ടത്തിലായ എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളിന്‍റെ പടി നമുക്ക് ഒരിക്കല്‍ കൂടി ചവിട്ടാം.

2010 ല്‍ രണ്ട് അദ്ധ്യാപകര്‍ വിരമിച്ചതോടെയാണ് എരഞ്ഞോളി ഈസ്റ്റ എല്‍പി സ്ക്കുളിന്‍റെ കണ്ടകശനി തുടങ്ങിയത്. അനാദായകരമായ സ്ക്കൂളുകളുടെ പട്ടികയിലായതിനാല്‍ തന്നെ പുതിയ നിയമനത്തിന് അംഗീകാരം ലഭിച്ചില്ല. സ്ക്കൂളിന്‍റെ ചുറ്റുവട്ടത് നൂറുകണക്കിന് വീടുകളുണ്ടെങ്കിലും അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലേക്കാണ് എല്ലാവരും കുട്ടികളെ അയക്കുന്നത്. സമീപവാസികളെല്ലാം ആദ്യാക്ഷരം അഭ്യസിച്ചത് 130 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ സ്ക്കൂളില്‍ തന്നെയാണ്. പക്ഷെ സ്ക്കൂള്‍ നിലനില്‍പ്പിനായി കഷ്ടപ്പെടുമ്പോള്‍ ഈ സ്ക്കൂളിനെ ആരം തിരിഞ്ഞുനോക്കുന്നില്ല. എല്ലാവര്‍ക്കും സമൂഹത്തില്‍ തങ്ങളുടെ സ്റ്റാറ്റസ് കാക്കാന്‍ മക്കളെ അണ്‍ എയിഡഡില്‍ അയച്ചേ മതിയാകു. അവിടെയിനി പഠിപ്പിത്തിരി മോശമായാലെന്താ? തങ്ങളുടെ സ്റ്റാറ്റസ് കുറയില്ലാലോ എന്നാണ് ഇത്തരക്കാരുടെ ചിന്ത. പ്രദേശത്ത് കൂടുതലായി സിബിഎസ്ഇ സ്ക്കൂളുകള്‍ തുറന്നതാണ് സക്കൂളിന്‍റെ കഷ്ടകാലത്തിന് വഴിവെച്ചതെന്ന് സ്ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ സമീപവാസികള്‍ തന്നെ തുറന്ന് സമ്മതിക്കും.   

എന്ത് തന്നെവന്നാലും തന്‍റെ മകനെ സ്ക്കൂളില്‍ നിന്ന് മാറ്റില്ലെന്നാണ് ആദിത്തിന്‍റെ ര്കഷിതാക്കളുടെ ഉറച്ച തീരുമാനം. തങ്ങള്‍ക്ക് അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നുതന്നെ സ്ക്കൂളിന് അങ്ങനെ താഴ് വീഴാന്‍ അടുത്തവര്‍ഷവും അനുവദിക്കില്ലെന്ന് പറയുന്ന ആദിത്തിന്‍റെ അമ്മയക്ക് പക്ഷെ ഒരു സങ്കടമുണ്ട്. താന്‍ പഠിപ്പിക്കുന്ന അങ്കനവാടിയിലെ കൂട്ടികളാരും ഒന്നാം ക്ലാസില്‍ ചേരാന്‍  അടുത്തവര്‍ഷം ഇവിടേക്ക് വരില്ലെന്നതാണ്. എല്ലാവര്‍ക്കും ഇംഗ്ലീഷ് മീഡിയം സ്ക്കൂളിനോടാണത്രേ താല്‍പര്യം. ഭാഗ്യം ഒരാള്‍ക്കെങ്കിലും പഠിച്ച് സ്ക്കൂളിനോട് ഇപ്പോളും സ്നേഹം അവശേഷിക്കുന്നുണ്ടല്ലോ..!!

നല്ല കെട്ടിടവും കളിസ്ഥലവുമുള്ള എരഞ്ഞോളി ഈസ്റ്റ് എല്‍പി സ്ക്കൂളിന് എന്നന്നേക്കുമായി താഴ് വീഴാന്‍ ഇനി അധികകാലമെടുക്കില്ല. കൂടുതല്‍ സിബിഎസ്ഇ ഐസിഎസ്ഇ സ്ക്കൂളുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഓസി നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ എരഞ്ഞോളി ഈസ്റ്റ് പോലുള്ള സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കൊന്നും നിലനില്‍ക്കാമെന്ന വ്യാമോഹവും ഇനി  വേണ്ട. പ്രത്യേകിച്ച് സര്‍ക്കാര്‍ നയം വ്യക്തമായും വ്യക്തമാക്കിയ സാഹചര്യത്തില്‍ .