Friday, 18 March 2011

ഒരു പോലീസ് പീഢനത്തിന്‍റെ കഥ


മൂന്ന് പതിറ്റാണ്ടോളം പഴക്കമുള്ള ഒരു സംഭവകഥയാണ് ഇത്. അടിയന്തരാവസ്ഥാകാലത്തും അതിനുശേഷവും  ഏറെ ചര്‍ച്ചചെയ്യപ്പെട്ട പോലീസ് പീഢനത്തിന്‍റെ മറ്റൊരു കഥ, അധികാരമുള്ളവനും കയ്യൂക്കുള്ളവനും ചേര്‍ന്ന് സാധാരണക്കാരനെ തല്ലിചതച്ച കഥയാണ് ഇത്. മലയാളികള്‍ക്ക് ഏറെ പരിചിതരാണ് ഈ സംഭവകഥയിലെ വില്ലന്‍മാരും. അടിയന്തരാവസ്ഥകാലത്ത് യുവാക്കളുടെ പേടിസ്വപ്നമായിരുന്ന പുലിക്കോടന്‍ നാരായണനാണ് ഇതിലേയും മുഖ്യവില്ലന്‍. സഖാവ് വര്‍ഗീസ് വധകേസിലെ കുറ്റക്കാരെ നാല് പതിറ്റാണ്ടിന് ശേഷം നിയമത്തിന് മുന്നില്‍ എത്തിയതുപോലെ ഈ പോലീസ് ക്രൂരതയിലെ കുറ്റക്കാരും നീണ്ടകാത്തിരിപ്പിനൊടുവില്‍ നിയമത്തിന് മുന്നിലെത്തുകയാണ്.

സംഭവം ഇങ്ങനെ....

1983 മെയ് മാസം 20 -ാം തിയ്യതി. പന്തല്ലൂര്‍ ടൗണിലെ കുഞ്ഞികണ്ണന്‍ ടെക്സ്റ്റൈല്‍സിനുമുന്നില്‍ മെറ്റഡോര്‍ വാനില്‍ വന്ന് ഭാര്യാപിതാവിന്‍റെ സുഹൃത്തായ പുലികോടന്‍ നാരായണനും സംഘവും വന്നിറങ്ങുമ്പോള്‍ ജയരാജന് അതില്‍ അസ്വഭാവികമായി ഒന്നും തോന്നിയില്ല. ബുദ്ധിവികാസമില്ലാത്ത ഭാര്യയുമായുള്ള ബന്ധത്തിലെ താളപിഴ സംസാരിച്ച് പരിഹരിക്കാനായി ഭാര്യാപിതാവിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ എത്തിയതെന്ന് പുലിക്കോടന്‍ പറഞ്ഞപ്പോള്‍ മറിച്ച് ചിന്തിക്കാന്‍ ജയരാജനും ആയില്ല. അടിയന്തരാവസ്ഥ കാലത്തെ മലബാറിലെ ചെറുപ്പക്കാരുടെ പേടിസ്വപ്നമായിരുന്നു പുലിക്കോടന്‍ നാരായണന്‍ എന്ന പോലീസുകാരന്‍. ചെറുപ്പക്കാരുടെ മുടിമുറിക്കാന്‍ ലൈസെന്‍സെടുത്ത പുലിക്കോടന്‍റെ പേര് ഇന്നും പേടിയോടെ മാത്രമേ പലര്‍ക്കും ഓര്‍ക്കാന്‍ പറ്റു. കടയിലുന്ന് സംസാരിക്കേണ്ട വീട്ടിലിരുന്നാകാം എന്ന് പറഞ്ഞപ്പോള്‍ തന്‍റെ കടയിലെ തയ്യല്‍ക്കാരനായ കാളിയ പെരുമാളിനേയും ജയരാജന്‍ കൂട്ടി വാനില്‍ കയറി. വെറും 25 മീറ്റര്‍ മാത്രം അകലെയുള്ള വീട്ടിലേക്ക് പോകാനായി അന്ന് കണ്ണൂര്‍ സിഐ ആയിരുന്ന പുലിക്കോടനും തലശ്ശേരി സിഐ ആയിരുന്ന ശ്രീസുഗനും മറ്റ് രണ്ട് പോലീസുകാരും വാനില്‍ കയറാന്‍ ആവശ്യപ്പെട്ടപ്പോഴും ജയരാജന്‍റെ മനസില്‍ പ്രശ്നങ്ങള്‍ പറഞ്ഞ് പരിഹരിക്കാനാണ് എത്തിയതെന്ന വിശ്വസമായിരുന്നു. പക്ഷെ വീടെത്തിയിട്ടും വാന്‍ നിര്‍ത്താതെ മുന്നോട്ട് പോയപ്പോള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജയരാജനെ പുലിക്കോടന്‍ തലക്ക് അടിച്ചു, പിന്നാലെ കാളിയ പെരുമാളിനേ ശ്രീസുഗനും മര്‍ദ്ദിക്കാന്‍ തുടങ്ങി. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആ സംഭവം ഇപ്പോഴും കണ്ണുനിറയാതെ ഓര്‍ക്കാന്‍ ജയരാജിന് ആകില്ല.

സംഭവത്തിലേക്ക് നയിച്ച ജയരാജന്‍റെ കുടുംബപ്രശ്നം ഇങ്ങനെ.
ബുദ്ധിവൈകല്യം ഉള്ളകാര്യം മറച്ച് വെച്ച് മകളെ ജയരാജനെ കൊണ്ട വിവാഹം കഴിപ്പിക്കുകയായിരുന്നു കണ്ണൂര്‍ തലശ്ശേരി സ്വദേശി സി.ടി ഭാസ്ക്കരന്‍      . ഭാര്യയുടെ അസുഖത്തെ കുറിച്ചറിഞ്ഞ് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഭാര്യാപിതാവ് കുറേകാലം ജയരാജനെ കളിപ്പിച്ചു. രണ്ട് വര്‍ഷത്തോളം സഹിച്ച് ജീവിച്ച് ഒടുവില്‍ സഹിക്കവയ്യാതെയായപ്പോള്‍ വിവാഹമോചനം ആവശ്യപ്പെട്ട് ജയരാജന്‍ ഭാര്യ റീനയെ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കി. ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കാനാണ് പുലിക്കോടനും സംഘവും പന്തല്ലൂരില്‍ ജയരാജനെ തേടിയെത്തിയത്.

ഇരുവരേയും തട്ടികാണ്ട് പോയ സംഘം നേരെ പോയത് ഊട്ടിയിലേക്കാണ്. അവിടെ  ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന റീനയുടെ 25 പവന്‍ സ്വര്‍ണവും പുലിക്കോടനും സംഘവും ഭീഷണിപ്പെടുത്തി കൈക്കലാക്കി. പിന്നീട് രാത്രിയോടെ  തിരിച്ച് പന്തല്ലൂരില്‍ എത്തിയ പുലിക്കോടനും സംഘവും ജയരാജിനോട് കടയില്‍ നിന്ന് അന്നത്തെ കളക്ഷനും ഒരു ലക്ഷം രൂപയുടെ ചെക്കും നല്‍കാന്‍ ആവശ്യപ്പെട്ടു. പന്തല്ലൂരില്‍ എത്തിയപ്പോഴേക്കും ജയരാജിനേയും കാളിയപെരുമാളിനേയും കാണാതായി തിരച്ചില്‍ തുടങ്ങിയ നാട്ടുകാര്‍ പകല്‍മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ പരാതിയുമായി സ്റ്റേഷനിലും എത്തിയിരുന്നു. ഇതിനിടെയാണ് പുലിക്കോടനും സംഘവും രാത്രി വീണ്ടും കടയുടെ മുന്നിലെത്തിയത്. നാട്ടുകാര്‍ വാന്‍ വളഞ്ഞ് ജയരാജിനേയും കാളിയ പെരുമാളിനേയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു. അപകടം മണത്ത പുലിക്കോടന്‍ ആളുകളെ ഇടിച്ചുതെറിപ്പിച്ച് വാഹനം മുന്നോട് എടുക്കാന്‍ ഡ്രൈവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാട്ടുകാര്‍ വാഹനം തടയാന്‍ ശ്രമിച്ചെങ്കിലും രണ്ടുപോരെ ഇടിച്ച് തെറിപ്പിച്ച് വാഹനം മുന്നോട്ട് പോയി. വാനിനെ ലോറിയിലും ജീപ്പിലുമായി പിന്തുടര്‍ന്ന നാട്ടുകാര്‍ തമിഴ്നാട് അതിര്‍ത്തിയായ ചോലാടിയിലെ ചെക്പോസ്റ്റില്‍ വച്ച് വാന്‍ തടഞ്ഞുനിര്‍ത്തി ജയരാജിനേയും കാളിയപെരുമാളിനേയും ബലമായി മോചിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ പുലിക്കോടനടക്കം നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ചേരമ്പാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ടെങ്കിലും ഫയര്‍ഫോഴ്സിലെ ചിലരെ സ്വാധീനിച്ച് രാത്രിക്ക് രാമാനം പുലിക്കോടനും സംഘവും ആംബുലന്‍സില്‍ ഒളിച്ചുകടന്നു.

അന്നത്തെ മര്‍ദ്ദനത്തില്‍ തലച്ചോറിന് കാര്യമായ പരിക്കേറ്റ ജയരാജ് പിന്നീട് ദീര്‍ഘകാലം ചികിത്സയിലായിരുന്നു. തന്‍റെ മുതലാളി വിലക്കിയതിനാല്‍ മാത്രമാണ് താന്‍ മര്‍ദ്ദനമേറ്റിട്ടും രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നിട്ടും അതിന് മുതിരാതിരുന്നതെന്ന് ടൈലര്‍ കാളിയപെരുമാള്‍ പറയുന്നു. ദിവസം മുഴുവന്‍ നീണ്ടുനിന്ന മര്‍ദ്ദനത്തിനിടെ തങ്ങള്‍ ജീവനോടെ ഇത് പറയാന്‍ ഉണ്ടാകുമെന്ന് ഇരുവരും കരുതിയിരുന്നില്ല.

വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങളായിരുന്നു പിന്നീട്. ഗൂഡലൂര്‍ കോടതി, ഊട്ടി സെഷന്‍സ് കോടതി, കേരള ഹൈക്കോടതി, മദ്രാസ് ഹൈക്കോടതി, സുപ്രീം കോടതി അങ്ങനെ കോടതികള്‍ പലതും കയറിയിറങ്ങി ജയരാജനും കാളയപെരുമാളുമൊക്കെ. ഇതിനിടെയിലും ശക്തരായ പുലിക്കോടനും ശ്രീസുഗനും അധികാരമുപയോഗിച്ച് ജയരാജന്‍റെ വീട്ടുകാരേയും ഇടയ്ക്കിടെ ഉപദ്രവിച്ച് കൊണ്ടേയിരുന്നു.  കേരളപോലീസ് തമിഴ്നാട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിയ ദേവാല സി ഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു. എന്നാല്‍ കേരളത്തിലെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ തമിഴ്നാട് സര്‍ക്കാരുമായി ചേര്‍ന്ന് ഈ കേസ് ഉപേക്ഷിക്കാനും ഒരുഘട്ടത്തില്‍ ധാരണയിലെത്തി. എന്നാല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിയാണ് ജയരാജന് പിന്നീട് പിടിവള്ളിയായത്.

ഒടുവില്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷം കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടെങ്കിലും ഇതുവരേയും പ്രതികളായ പുലിക്കോടനും ശ്രീസുഗനും മറ്റ് 3 പോലീസുകാര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടില്ല. ഇതും ഇവരുടെ സ്വാധീനത്തിന്‍റെ ഫലമാണെന്ന് ഇവര്‍ സംശയിക്കുന്നു. ഇതിനെതിരെ ഊട്ടി സെഷന്‍സ്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് വാദിഭാഗം.

ഊട്ടിയിലെ ബാങ്ക് ലോക്കറില്‍ നിന്ന് കൈവശപ്പെടുത്തിയ സ്വര്‍ണം സംഘര്‍ഷത്തിനിടെ ആരോ തട്ടിയെടുത്തുവെന്നാണ് പുലിക്കോടന്‍റെ വാദം, എന്നാല്‍ അതിപ്പോഴും പുലിക്കോടന്‍റെ കയ്യിലുണ്ടെന്ന് ജയരാജന്‍ പറയുന്നു.

ജയരാജന്‍റെ വക്കാലത്തെടുത്ത പ്രശസ്ത അഭിഭാഷകന്‍ ടി പി  കേളു നമ്പ്യാരേയും കേസിന്‍റെ ഒരുഘട്ടത്തില്‍ പ്രതികള്‍ സ്വാധീനിച്ചുവത്രേ. ജയരാജിന് ക്രൂരമായ മര്‍ദ്ദനമേറ്റതിന്‍റെ ഫലമായാണ് തലച്ചോറിന് കാര്യമായ പരിക്ക് പറ്റിയതെന്ന മെഡിക്കല്‍ സര്‍ട്ടീഫിക്കറ്റ് ഇദ്ദേഹത്തെ സ്വാധീനിച്ച് പ്രതികള്‍ കൈക്കലാക്കിയെന്ന് ജയരാജ്  പറയുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ട് മടക്കി ആവശ്യപ്പെട്ടപ്പോള്‍ അതിന്‍റെ ആവശ്യമില്ലെന്നും അത് കളഞ്ഞുപോയെന്നുമായിരുന്നത്രേ കേളു നമ്പ്യാരുടെ മറുപടി. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയില്‍ വക്കീല്‍ ഹാജരാക്കിയില്ല എന്നുമാത്രമല്ല, ലക്ഷങ്ങള്‍ വക്കീല്‍ ഫീസായി കൈപ്പറ്റിയശേഷം വക്കീല്‍  വൈകാതെ തന്നെ വക്കാലത്ത് ഒഴിയുകയും ചെയ്തു...!!!
പണവും കയ്യൂക്കുമുള്ളവന്‍ എങ്ങനെ കേസുകള്‍ അട്ടിമറിക്കുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണിത്.
സമീപകാലചരിത്രം....

ശ്രീസുഗനിപ്പോള്‍ ഉത്തരമേഖല വിജിലന്‍സ് എസ് പി യാണ്. കേസിലെ മറ്റ് പ്രതികളായ രവീന്ദ്രനും സുകുമാരനും പോലീസ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചു . എസ് പി യായി സര്‍വ്വീസില്‍ നിന്ന് വിരമിച്ച പുലിക്കോടനിപ്പോള്‍ ആത്മീയതയുടെ പാതയിലാണ്.  ജയരാജനാകട്ടെ അന്നത്തെ മര്‍ദ്ദനം ഏല്‍പ്പിച്ച രോഗങ്ങളില്‍ നിന്ന് മെല്ലെ കരകയറുന്നു. പണ്ടുണ്ടായിരുന്ന കച്ചവടസ്ഥാപനങ്ങളും സ്ഥലങ്ങളുമെല്ലാം വിറ്റ് കേസുനടത്തി എല്ലാം നഷ്ടമായ ജയരാജനിപ്പോള്‍ പന്തല്ലൂരില്‍ ചെറിയ ഒരു തുണിക്കടയുമായി കഴിയുന്നു.  ഇപ്പോഴും കേരളത്തിലേക്ക് വരാന്‍ ജയരാജിന് പേടിയാണ്.  പ്രായമേറെയായ കാളിയപെരുമാള്‍ ഇപ്പോള്‍ സ്വന്തമായി തയ്യല്‍കടയിട്ട്  ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു.

വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും നക്സല്‍ വര്‍ഗ്ഗീസ് കേസിലുണ്ടായതുപോലെ തങ്ങള്‍ക്കും നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ജയരാജനും കാളിയപെരുമാളുമെല്ലാം. നീതിദേവതയുടെ കണ്ണ് എല്ലാകാലത്തും അടച്ചുവെയ്ക്കാന്‍ ആര്‍ക്കും ആവില്ലെന്ന് ഇവര്‍ ഉറച്ച് വിശ്വസിക്കുന്നു.
കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് നമുക്കും പ്രതീക്ഷിക്കാം.....

Tuesday, 15 March 2011

"ഹാപ്പി ബര്‍ത്തിഡേ........"


ജന്‍മദിനം
ആദ്യമായി കരഞ്ഞതിന്‍റെ ആഘോഷം.  
നാവിനു രുചിപകരുന്ന
കേക്കിന്‍ കഷ്ണത്തിനും
ഊതിക്കെടുത്തിയ മെഴുകുനാളത്തിനുമപ്പുറം
തിരികെ വരാത്ത കാലത്തിന്‍റെ
നൊമ്പരം കലര്‍ന്ന ഓര്‍മപ്പെടുത്തല്‍ .
ആയുസിന്‍റെ കണക്കുപുസ്തകത്തില്‍ നിന്നും
ചീന്തിയെറിയപ്പെട്ട
മറ്റൊരുതാള്‍ കൂടി ചാരമാവുന്നതിന്‍റെ  നുരയുന്ന ആഘോഷം.
വയസിന്‍റെ കോളത്തില്‍ രേഖപ്പെടുത്തുന്ന
ഏറിയപ്രായത്തിനേക്കാള്‍
ഇനിയെത്ര ബാക്കിയെന്ന ചിന്ത
നമ്മെ പൊള്ളിക്കും.....

Friday, 11 March 2011

ചരിത്രമുറങ്ങുന്ന മണ്ഡോവി നദികരയിലെ കാഴ്ച്ചകള്‍


11-1-11
2011 ലെ രണ്ടാമത്തെ മാന്ത്രിക ദിനം
മഡ്ഗാവിലെ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങുമ്പോള്‍ സമയം പുലര്‍ച്ചെ 4 മണി.
കറുത്ത കരിമ്പടത്തിനുള്ളില്‍ പുതച്ച് മൂടി തങ്ങള്‍ക്കുള്ള തീവണ്ടിയേയും കാത്ത് കൊങ്കണ്‍ റെയില്‍വേസ്റ്റേഷനില്‍ നിരവധി പേര്‍ അപ്പോഴും ഉണ്ട്.
ഉത്തരേന്ത്യ അതിശൈത്യത്തിന്‍റെ പിടിയല്‍ അമര്‍ന്നിരിക്കുമ്പോള്‍ തന്നെ യാത്ര നടത്തുന്നതിനെ പലരും എതിര്‍ത്തിരുന്നു
എന്നിരുന്നാലും ഈ തണുപ്പത്ത് ഒറ്റതിരിഞ്ഞ് നടക്കുന്നത് അഭംഗിയായി എനിക്ക് അനുഭവപ്പെട്ടില്ല.

റെയില്‍വേസ്റ്റേഷനില്‍ നിന്ന് തന്നെ തുടങ്ങുന്നു ഗോവന്‍ ടൂറിസത്തിന്‍റെ അലയൊലികള്‍
സ്റ്റേഷനിലെ വെയിറ്റിങ് റൂമില്‍ തങ്ങിയവരെല്ലാം
ഗോവന്‍ ബീച്ചുകളില്‍ കണ്ടകാഴ്ച്ചകളെകുറിച്ചും
കാണാനിരിക്കുന്ന കാഴ്ച്ചകളെകുറിച്ചും വാചാലരാകുന്നു
മറ്റുചിലര്‍ തങ്ങാന്‍ പറ്റിയ റിസോര്‍ട്ടുകള്‍ അന്വേഷിച്ച് തലപുകയ്ക്കുന്നു.

പക്ഷെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഗോവന്‍ ടൂറിസത്തിന് റെയില്‍വേസ്റ്റേഷനിലെ വെയിറ്റിങ് റൂം അപമാനമാണെന്ന് പറയാതെ വയ്യ.
ടൂറിസം കേന്ദ്രങ്ങളുടേയും ടൂറിസ്റ്റുകളുടേയും രേഖാചിത്രങ്ങള്‍ ഭിത്തികളില്‍ ആലേഖനം ചെയ്തിട്ടുണ്ടെങ്കിലും ഏറെ വൃത്തിഹീനമാണ് വെയിറ്റിങ് റൂം.
എങ്ങും മുറുക്കി തുപ്പിയും പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ നിക്ഷേപിച്ചും വൃത്തികേടാക്കിയിരിക്കുന്നു.
വിദേശികളടക്കമുള്ള ടൂറിസ്റ്റുകള്‍ വെറുപ്പോടെ മുഖം തിരിക്കുന്നത് കാണാമായിരുന്നു.

മഡ്ഗാവ് സ്റ്റേഷനു പുറത്തെത്തിയപ്പോഴാണ് മറ്റിടങ്ങളില്‍ ഒന്നും കണ്ടിട്ടില്ലാത്ത
ഒരു പ്രത്യേകത ശ്രദ്ധിച്ചത്
ടൂറിസ്റ്റ് കാറുകള്‍ക്കും ഓട്ടോറിക്ഷയ്ക്കും പുറമേ മഞ്ഞ നമ്പര്‍ പ്ലേറ്റുള്ള ബൈക്കുകള്‍.
ടാക്സി ബൈക്കുകള്‍.
പക്ഷെ വല്ലാത്ത മുറിയാണ്, അരകിലോമീറ്ററില്‍ താഴെ സഞ്ചരിച്ചതിന്
50 രൂപയാണ് ചാര്‍ജ് ചെയ്തത്.!!
അധികമല്ലേന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം പെട്രോള്‍ ലിറ്ററിന് 54 രൂപയാണ് എന്നായിരുന്നു.
പുറത്തുനിന്ന് വന്നവരില്‍ നിന്ന് മാത്രമാണ് ഇങ്ങനെ കാശ് പിടുങ്ങുന്നതെന്ന് പിന്നീട് അറിഞ്ഞു.

നമുക്കും ഇത്തരം പുതിയപരീക്ഷണങ്ങള്‍ ഗതാഗതരംഗത്ത് കൊണ്ടുവരാവുന്നതാണ്.
നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലുമാവും.


ഇനി ഗോവയുടെ കാഴ്ച്ചകളിലേക്ക്
എല്ലാ സഞ്ചാരികളും ഗോവന്‍ ബീച്ചുകളിലേക്ക് ഒഴുകുമ്പോള്‍ എനിക്ക് താല്‍പര്യം സംസ്ക്കാരവും ചരിത്രവും ഇഴചേര്‍ന്ന് കിടക്കുന്ന വെല്‍ഹോ ഗോവ എന്നറിയപ്പെട്ടിരുന്ന ഓള്‍ഡ് ഗോവയിലായിരുന്നു....
           
മഡ്ഗാവില്‍ നിന്ന് ടെംബോ വാനിലായിരുന്നു ഓള്‍ഡ് ഗോവയിലേക്കുള്ള യാത്ര
before Bom Jesus Basilica
ഇവിടെ സര്‍ക്കാര്‍ ബസ്സുകളേക്കാള്‍ അധികം പ്രൈവറ്റ് ടെംബോ വാനുകളാണ്
സര്‍വ്വീസ് നടത്തുന്നത്, പ്രൈവറ്റ് ബസ്സുകള്‍ പോലും നിരത്തില്‍ വിരളം.

അധികം വീതിയില്ലാത്ത ഗോവന്‍ നിരത്തുകളിലൂടെ യാത്രചെയ്യുമ്പോള്‍
കേരളത്തിലെ റോഡുകളിലൂടെയാണ് യാത്രയെന്ന് തോന്നി.
റോഡിന്‍റെ വീതികുറവ് മാത്രമല്ല, മറിച്ച് പാതയ്ക്കിരുവശത്തുമുള്ള വീടുകളും
ഭൂപ്രകൃതിയുമെല്ലാം കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്.

പഴയ ഗോവയിലേക്ക് പോകുന്നവഴിയില്‍ പോണ്ടയിലെ കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ചതുപ്പുനിലവും ചെറിയപുഴയും അവിടെ പടര്‍ന്ന് പന്തലിച്ച കണ്ടല്‍ക്കാടുകളും കണ്ടപ്പോള്‍ വല്ലാത്ത സന്തോഷവും അതിശയവും തോന്നി.
ഇന്ത്യയില്‍ ടൂറിസത്തിന്‍റെ അപ്പോസ്തലന്‍മാരായ ഗോവക്കാര്‍ എന്തുകൊണ്ട് കേരളത്തിലെ പരിസ്ഥിതി സ്നേഹികളായ സിപിഎം തിരിച്ചറിഞ്ഞ
കണ്ടല്‍കാട് ടൂറിസത്തിന്‍റെ സാധ്യതകള്‍ തിരിച്ചറിയാതെ പോയതെന്തേ..?
നമ്മുടെ പാപ്പിനിശ്ശേരിയും പോണ്ടയിലെ ഈ കണ്ടല്‍കാടും തമ്മിലുള്ള ടൂറിസം രംഗത്തെ വ്യത്യാസം കേരളത്തില്‍ നിന്നുള്ള ഏതൊരാളേയും ആശ്ചര്യപ്പെടുത്തുമെന്നുറപ്പ്.

മഡ്ഗാവില്‍ നിന്ന് ഒരുമണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ്
വെല്‍ഹോ ഗോവയിലെത്തിയത്.
ചരിത്രവും സംസ്ക്കാരവും ഇഴചേര്‍ന്ന് കിടക്കുന്ന പഴയ ഗോവ.
യഥാര്‍ത്ഥ ഗോവയുടെ സൗന്ദര്യം ബീച്ചുകളാണെങ്കില്‍,
അവിടുത്തെ ആഢംബരവും ആഘോഷങ്ങളുമാണെങ്കില്‍ ഓള്‍ഡ് ഗോവ ഇതിനെല്ലാം വിപരീതമാണ്.
വിശ്വാസവും ചരിത്രവും മാത്രമാണ് മണ്ഡോവ നദിയുടെ ഈ തീരത്തുള്ളത്.
വേണമെങ്കില്‍  മയക്കുമരുന്നും അധോലോകവും വാഴുന്ന  ഗോവയുടെ മുഴുവന്‍ കളങ്കവും കഴുകികളഞ്ഞ് സന്തുലിതമാക്കിനിര്‍ത്തുന്നത് വിശ്വാസത്തിന്‍റെ കൊടുമുടിയിലെ ഓള്‍ഡ് ഗോവയാണ് എന്ന് പറയാം.

വിജയനഗരവും ബഹ്മനി രാജാക്കന്‍മാരും ഒരു തുറമുഖമെന്നനിലയിലാണ്
ഓള്‍ഡ് ഗോവയെ വളര്‍ത്തിയെടുത്തത്.
പിന്നീട് ഈ  നഗരം ബീജാപൂര്‍ രാജാവായ ആദില്‍ഷായുടെ
രണ്ടാമത്തെ തലസ്ഥാനനഗരിയായി മാറി.
അക്കാലത്ത് ഈ നഗരം ഒരു ചുറ്റുമതിലില്‍ ഒതുക്കപ്പെട്ടിരുന്നു.
രാജാവിന്‍റെ കൊട്ടാരവും പള്ളികളും കുറച്ച് അമ്പലങ്ങളും മാത്രമായിരുന്നു
മതില്‍കെട്ടിനകത്ത്.
ഇപ്പോള്‍ ഇവയില്‍ അവശേഷിക്കുന്നത് ഓള്‍ഡ് ഗോവയിലേക്കുള്ള പ്രവേശനകവാടം മാത്രമാണ്.
1510 ലാണ് പോര്‍ച്ചുഗീസ് സൈനികമേധാവിയായിരുന്ന
അഫോണ്‍സോ ഡി അല്‍ബുക്വാര്‍ക്വായാണ് ഗോവയെ ആക്രമിച്ച് കീഴടക്കി തലസ്ഥാനമാക്കിയത്
ഇന്ത്യയില്‍ യൂറോപ്യന്‍കാര്‍ ആദ്യം കോളനിയാക്കിയതും അവസാനം മാത്രം
ഒഴിഞ്ഞുകൊടുക്കുകയും ചെയ്തത് ഈ നാടിനെയാണ്.
1947 ല്‍ ഇന്ത്യ സ്വതന്ത്രയായെങ്കിലും 1961 ല്‍ നടത്തിയ സൈനികനീക്കത്തിനൊടുവില്‍ മാത്രമാണ് ഗോവയെ സ്വതന്ത്രയാക്കാന്‍ പോര്‍ച്ചുഗീസ് തയ്യാറായത്.
പോര്‍ച്ചുഗീസുകാരുടെ ഈ അധിനിവേശത്തിന്‍റെ പ്രതിഫലനം ഇപ്പോഴും ഗോവയിലും ഗോവക്കാരിലും പ്രകടമാണ്.
Bon Jesus Basilica 
വേഷവിധാനം മുതല്‍ ഭക്ഷണം വരെ, പാട്ടുമുതല്‍ നൃത്തം വരെ
എന്തിന് മദ്യപാനരീതിയില്‍ പോലും പോര്‍ച്ചുഗീസ് അധിനിവേശം പ്രകടമാണ്.

ഓള്‍ഡ് ഗോവയിലെത്തുമ്പോള്‍ അകലെ നിന്ന് തന്നെ സഞ്ചാരികളുടെ
തിരക്ക് കാണാം
സെന്‍റ് ഫ്രാന്‍സിസ് അസീസി ചത്വരത്തിന് മുന്നില്‍ വണ്ടിയിറങ്ങി.
തൊട്ടുമുന്നില്‍ പ്രശ്സതമായ സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ച്
ഇടതുഭാഗത്തായി ചരിത്രത്തിന്‍റേയും സംസ്ക്കാരത്തിന്‍റെയും പ്രൗഢിയോടെ  പ്രശസ്തമായ ബോണ്‍ ജീസസ് ബസിലിക്ക തലയുയര്‍ത്തി നില്‍ക്കുന്നു.

ബസിലിക്കയുടെ മതില്‍കെട്ടിന് പുറത്ത് മെഴുകുതിരികച്ചവടക്കാരും പൂജാസാധനങ്ങള്‍ വില്‍ക്കുന്നവരുമെല്ലാം നിരന്നിരിക്കുന്നു
4 മെഴുകുതിരിയും വാങ്ങി ഞാന്‍ ബസിലിക്കയിലേക്ക് നടന്നു.
കത്തീഡ്രലിനുമുന്നില്‍ ഫോട്ടോയെടുക്കാനും കാഴ്ച്ചകള്‍ കാണാനുമായി
വിദേശികളും സ്വദേശികളുമായ സഞ്ചാcരികളുടേയും വിശ്വാസികളുടേയും
നല്ല തിരക്ക്.
Altar of Bom Jesus Basilica
ബോം ജീസസ് എന്നാല്‍ ഗുഡ് ജീസസ് എന്നര്‍ത്ഥം
ഉണ്ണിയേശുവിനെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്.

സാധാരണ സാധാരണ ivrs എന്നാണ് പള്ളികളില്‍ ആലേഖനം ചെയ്യുക
എന്നാല്‍ ബോംജീസസ് ബസിലിക്കയുടെ പ്രധാനകവാടത്തിനുമുകളില്‍ ihsഎന്നാണ്എഴുതിയിരിക്കുന്നത്
ihs എന്നാല്‍ പഴയ ഗ്രീക്ക് ഭാഷയില്‍ jesus എന്നതിന്‍റെ ആദ്യത്തെ അക്ഷരങ്ങളാണ്.
ihsus എന്നാല്‍ ഗ്രീക്ക് ഭാഷയില്‍ jesus .
പണ്ട്കാലത്ത് j എന്നഅക്ഷരത്തിന് i എന്നഅക്ഷരമാണ് ഉപയോഗിച്ചിരുന്നത്.
h എന്നാല്‍ e യും

തിരക്കിനടിയിലൂടെ ഞാന്‍ ബസിലിക്കയുടെ ഉള്ളിലേക്ക് പ്രവേശിച്ചു.
കുരിശിന്‍റെ മാതൃകയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.
1594 ല്‍ ആണ് മണ്ഡോവി നദിക്കരയില്‍ ഡച്ചുകാര്‍ ഈ പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്
11 വര്‍ഷം നീണ്ട നിര്‍മാണത്തിനൊടുവില്‍ 1605 ല്‍
അന്നത്തെ ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഡോം അലെക്സിയ ഡി മെനസെസ് ആണ് ബോം ജീസസ് പള്ളിയുടെ വെഞ്ചിരിപ്പ് നടത്തിയത്.

ഇന്ത്യയിലെ തന്നെ പ്രഥമ മൈനര്‍ ബസിലിക്കയാണ് യുനസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടം നേടിയ ഈ പൈതൃകമന്ദിരം
പഴയ ഗോവയില്‍ പുറം ചുവര്‍ തേക്കാത്ത ഏകപള്ളിയും ഇതാണ്.
പള്ളിയുടെ പുറംഭാഗത്തെ പ്ലാസ്റ്ററിങ് 1952 ല്‍ പോര്‍ച്ചുഗീസ് സര്‍ക്കാരിന്‍റെ
പുരാവസ്തുവകുപ്പുകാര്‍ ഇളക്കിമാറ്റുകയായിരുന്നു.
സൂര്യപ്രാകാശം നേരിട്ട് അടിക്കുമ്പോള്‍ കല്ലുകളുടെ കാഠിന്യം വര്‍ദ്ധിക്കുമെന്നായിരുന്നു ഇതിന്‍റെ പിന്നിലെ വിശദീകരണം.
സങ്കടവശാല്‍, കാറ്റില്‍ ഉപ്പിന്‍റെ അംശം കലര്‍ന്നതിനാല്‍ ബസിലിക്കയുടെ ചെങ്കല്ലുകള്‍ മെല്ലെ നാശോന്‍മുഖമായിതുടങ്ങി.

56 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയും 18.6 മീറ്റര്‍ ഉയരവുമുള്ള
relics of Saint Francis Xaviour
ബോം ജീസസ് ബസിലിക്കയുടെ ഉള്‍ഭാഗവും ഏതൊരാളെയും വിസ്മയിപ്പിക്കുന്ന കാഴ്ച്ചകളുടെ കലവറയാണ്.

ഇന്ത്യയുടെ അപ്പോസ്തലന്‍ എന്നറിയപ്പെടുന്ന സെന്‍റ് ഫ്രാന്‍സിസ് സേവ്യാറിന്‍റെ ഭൗതിക ശരീരം കേടുവരാതെ ഈ ബസിലിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഇപ്പോഴത്തെ സ്പെയിനിന്‍റെ ഭാഗമായ നവാരെയിലാണ് സെന്‍റ് ഫ്രാന്‍സിസ് സേവ്യാറിന്‍റെ ജനനം
ജെസ്യൂട്ട്സ് എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് ജീസസിന്‍റെ സ്ഥാപകരില്‍ ഒരാളാണ് ഈ വിശുദ്ധന്‍.
1542 ല്‍ ഗോവയിലെത്തിയ അദ്ദേഹം പിന്നെ ഇവിടം കേന്ദ്രീകരിച്ചായിരുന്നു
മിഷിനറി പ്രവര്‍ത്തനം നടത്തിയത്.
1552 ല്‍ ചൈനയില്‍ മിഷിനറി പ്രവര്‍ത്തനം നടത്താനായി പോകവെയായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം
സാന്‍ഡിയന്‍ ദ്വീപിലെ ബീച്ചില്‍ ആദ്യം മറവുചെയ്ത അദ്ദേഹത്തിന്‍റെ
ഭൗതികശരീരം പിന്നീട് മലാക്കയിലെ സെന്‍റ് പോള്‍സ് പള്ളിയില്‍ താല്‍ക്കാലികമായി മറവുചെയ്തു,
പിന്നീട് 1553 ഡിസംബറില്‍ ഭൗതികശരീരം ഗോവയിലെത്തിച്ചു.


പ്രധാനഅള്‍ത്താരയുടെ വലതുവശത്തായാണ് സെന്‍റ് ഫ്രാന്‍സിസ് സേവ്യാറിന്‍റെ ഭൗതികശരീരം പ്രത്യേകം തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് വിശ്വാസികള്‍ ഭക്ത്യാധരപൂര്‍വ്വം ദര്‍ശിക്കാനെത്തുന്ന ഈ തിരുശേഷിപ്പ് 10 വര്‍ഷത്തിലൊരിക്കല്‍ പൊതുദര്‍ശനത്തിനായി വെക്കും.
ഈ പൊതുദര്‍ശനത്തിന് വെക്കുന്നതിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്
ജെസ്യൂട്ട് പിതാക്കന്‍മാരെ ബസിലിക്കയില്‍ നിന്ന് പുറത്താക്കുമ്പോള്‍ അവര്‍തങ്ങളുടെ സതീര്‍ത്ഥ്യന്‍റെ ഭൗതികരശരീരവും കടത്തികൊണ്ടുപോയ് എന്ന കഥ ഗോവയിലെങ്ങും പരന്നു
എന്നാല്‍ ഇത് കളവാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായാണ്
ആദ്യമായി സെന്‍റ് ഫ്രാന്‍സിസ് സേവ്യാറിന്‍റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചത്.
പിന്നെ അത് ഒരു തുടര്‍ച്ചയായി.
2004 ലാണ് അവസാനമായി പൊതുദര്‍ശനത്തിനായി ഭൗതികശരീരം പുറത്തെടുത്തത്.
Arch Bishop's Canon
ഇത്രയേറെ പ്രാധാന്യത്തോടെയും വിശ്വാസത്തോടെയും വിശുദ്ധന്‍റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന ഗോവക്കാര്‍ പക്ഷെ, അദ്ദേഹത്തിന്‍റെ 500-ാം പിറന്നാള്‍ ആഘോഷിക്കാന്‍ മറന്നുപോയി...
വിശുദ്ധന്‍റെ ഭൗതികശരീരം വഹിച്ചുകൊണ്ടുവന്ന ശവപ്പെട്ടികളും ബസിലിക്കയിലെ പ്രത്യേകമ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ബസിലിക്കയോട് ചേര്‍ന്ന് തന്നെയാണ്  casa professa സ്ഥിതിചെയ്യുന്നത്
ജെസ്യൂട്ട് പിതാക്കന്‍മാരുടെ ആലയമാണ് casa professa ബസിലിക്കയ്ക്കും മുമ്പാണ് ഇത് പണിതത്
ഇന്നിത് ചെറിയ മ്യൂസിയമാണ്.
കൃസ്തുവിന്‍റെയും കൃസ്ത്യന്‍മിഷിനറിമാരുടേയും പള്ളികളുടേയും ഫോട്ടോകളും രൂപങ്ങളുമെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ദില്ലി സ്വദേശിയായ പ്രശസ്തഫോട്ടോഗ്രാഫര്‍ ബിനോയ് കെ ബഹല്‍ പകര്‍ത്തിയ
ഗോവയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.
മഴയിലും നിലാവിലും ഇരുളിലുമെല്ലാമുള്ള ബോം ജീസസിന്‍റെ മനോഹരങ്ങളായ കുറേ ചിത്രങ്ങള്‍.....
23 വര്‍ഷത്തോളം ഗോവയുടെ മാറ്റങ്ങളെ സസൂക്ഷമം നിരീക്ഷിച്ച്
ക്യാമറയുടെ നാല് വരകള്‍ക്കിടയില്‍ ഒപ്പിയെടുത്ത ബിനോയ് ഒരു ഡോക്യുമെന്‍ററി നിര്‍മാതാവുംകൂടിയാണ്.

ബോം ജീസസ് ബസിലിക്കയുടെ മായക്കാഴ്ച്ചകളില്‍ നിന്ന് പിന്‍വാങ്ങി
റോഡിനപ്പുറത്തെ സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസി പള്ളിഅങ്കണത്തിലേക്ക്.
ഇവിടെയാണ് പ്രശസ്തമായ സെ കത്തീഡ്രലും സെന്‍റ് കാതറിന്‍ ചാപ്പലും
ആര്‍ച്ച് ബിഷപ്പിന്‍റെ കൊട്ടാരവുമെല്ലാം സ്ഥിതിചെയ്യുന്നത്,
Se' Cathedral

മുമ്പ് ആര്‍ച്ച് ബിഷപ്പിന്‍റെ ഔദ്യോഗികവസതിയായിരുന്ന കെട്ടിടം ഇപ്പോള്‍
ആര്‍ട്ട് ഗ്യാലറിയാണ്.
ആര്‍ച്ച് ബിഷപ്പിന്‍റെ കൗണ്‍സില്‍ ആയിരുന്ന കാനന്‍ സഭ ചേര്‍ന്നിരുന്ന സ്ഥലം
ഇപ്പോളും അതേപോലെ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
1608 ല്‍ നിര്‍മിച്ച ഈ കൊട്ടാരത്തില്‍ കൃസ്ത്യാനികളല്ലാത്തവരുടെ ചിത്രങ്ങളാണ് കൂടുതലായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ആര്‍ട്ട് ഗ്യാലറിയിലെ ചിത്രകാഴ്ച്ചകള്‍ക്കുശേഷം നേരെ പോയത്
സെ കത്തീഡ്രലിലേക്കാണ്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കത്തീഡ്രലാണ് ഇത്.
Inside Se' Cathedral
1562 ല്‍ നിര്‍മ്മാണം തുടങ്ങിയ സെ കത്തീഡ്രലിന്‍റെ നിര്‍മ്മാണം 1619 ല്‍  പൂര്‍ത്തിയായെങ്കിലും അള്‍ത്താരയുടെ നിര്‍മ്മാണം 1652 ലാണ് കഴിഞ്ഞത്
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പള്ളിമണിയും  ഇവിടെയാണ്.
4 ചാപ്പലുകളുള്ള സെ കത്തീഡ്രലിലെ മുഖ്യഅള്‍ത്താരയ്ക്ക് സമീപമാണ്
 ആര്‍ച്ച് ബിഷപ്പിന്‍റെ സിംഹാസനം സ്ഥിതിചെയ്യുന്നത്.

തൊട്ടടുത്ത് തന്നെയുള്ള സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസി പള്ളി 
ഇപ്പോള്‍‍ പുരാവസ്തുവകുപ്പിന്‍റെ കീഴിലാണ്.
1517 ല്‍ ചെറുതായിരുന്ന പള്ളി പിന്നീട് 1661 ല്‍ പൊളിച്ച് മാറ്റിയാണ് ഇന്നത്തെ പള്ളി പണിഞ്ഞത്.
മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്ഥമായി നിറയെ ചിത്രങ്ങളും പെയിന്‍റിങ്ങുകളും ചെറിയ അള്‍ത്താരയുമാണ് സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചിലേത്.
St Francis of Assisi Church
ചര്‍ച്ചിന്‍റെ തറയില്‍ കാലംചെയ്തുപോയ വിശുദ്ധരുടെ പേരുകള്‍ ആലേഖനം ചെയ്ത കല്ലുകള്‍ പാകിയിരിക്കുന്നു.
1972 ല്‍ പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ചര്‍ച്ചിനോട് ചേര്‍ന്നുള്ള കോണ്‍വെന്‍റ് ഇപ്പോള്‍ പുരാവസ്തു മ്യൂസിയമാണ്.

സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസി ചര്‍ച്ചിന്‍റെ പടിഞ്ഞാറുവശത്തായി സ്ഥിതിചെയ്യുന്ന സെന്‍റ് കാതറിന്‍സ് ചാപ്പലിലേക്കാണ് ഇനി.
1510 ല്‍ പോര്‍ച്ചുഗീസുകാര്‍ മുസ്ലീം നഗരമായ പഴയഗോവയിലേക്ക് പ്രവേശിച്ചത്
ഇവിടെ സ്ഥിതിചെയ്തിരുന്ന കവാടത്തിലൂടെയായിരുന്നുവത്രേ.
മുഹമ്മദന്‍സും ഡച്ചുകാരും തമ്മില്‍  യുദ്ധം നടന്നതും ഇതേ സ്ഥലത്തുവെച്ചാണ്.

1995 ല്‍ പൂന്തോട്ടം നനക്കാനായി ചാപ്പലിനോട് ചേര്‍ന്ന് പുരാവസ്തുവകുപ്പ് അധികൃതര്‍ ഒരു ടാങ്ക് പണിതത് അന്ന് ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.
തൊട്ടടുത്തവര്‍ഷത്തെ കനത്തപേമാരിയില്‍ ടാങ്കിന്‍റെ ഭിത്തികള്‍ തകര്‍ന്നുപോവുകയും ചെയ്തു.
ഇപ്പോള്‍ മാലിന്യകൂമ്പാരമായി ഈ ടാങ്കും അനാസ്ഥയുടെ ഒരു തിരുശേഷിപ്പായി തുടരുന്നു.

Chapel of St. Catherine 
മത-സാംസ്ക്കാരിക-ചരിത്ര ഭൂമികയിലെ മൂന്ന് മണിക്കൂറുകള്‍ നീണ്ട കാഴ്ച്ചകള്‍ക്ക് ഇനി വിട.
ഓള്‍ഡ് ഗോവയില്‍ ഇനിയുമുണ്ട് ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍
അവകാണാന്‍ പക്ഷേ സമയമില്ല.

ഗോവയുടെ- ചരിത്രമുറങ്ങുന്ന പഴയ ഗോവയുടെ - കാഴ്ച്ചകള്‍ക്ക്
നന്ദി പറഞ്ഞുകൊണ്ട് ഇനിമടക്കം
നിറയെ യാത്രക്കാരുമായി ഒരു ടെംബോ വാന്‍ കിതച്ചെത്തി
കയറും മുമ്പ് മരത്തില്‍ കൊത്തിയ യേശുവിന്‍റെ ക്രൂശിതരൂപം വാങ്ങി

ടെംബോ മെല്ലെ നീങ്ങി തുടങ്ങി
ബോം ജീസസ് ബസിലിക്കയും സെന്‍റ് ഫ്രാന്‍സിസ് ചത്വരവുമെല്ലാം
സോഡിയം വേപ്പര്‍ ലാമ്പിന്‍റെ മഞ്ഞപ്രാകാശത്തില്‍ ഇപ്പോള്‍ കൂടുതല്‍ സുന്ദരികളായിരിക്കുന്നു.......