Sunday 20 February 2011

ഒരു ഉയിര്‍പ്പിന്‍റെ കഥ


ഒരു മുത്തശ്ശി കഥപോലെയാണ് വയനാട്ടിലെ പ്രയദര്‍ശിനി തേയില തോട്ടത്തിന്‍റെ കഥ.  പ്രയദര്‍ശിനിയുടെ തളര്‍ച്ചയുടേയും വളര്‍ച്ചയുടേയും കഥ തെല്ലൊരു ആശ്ചര്യത്തോടെമാത്രമേ കേട്ടിരിക്കാനാവു. നശിച്ച് നാറാണകല്ലെടുത്ത ഒരു സര്‍ക്കാര്‍ സ്ഥാപനം, പട്ടിണിമരണങ്ങളുടേയും സമരങ്ങളുടേയും വാര്‍ത്തകള്‍ മാത്രം പുറത്തേക്ക് വന്ന തേയിലതോട്ടവും അതിനുള്ളിലെ ഫാക്ടറിയും. തിരുവോണനാളില്‍ പോലും അരിമേടിക്കാന്‍ വല്ലതും തരണേയെന്ന് യാചിച്ച് കളക്ട്രേറ്റിനും സെക്രട്ടേറിയറ്റിനും മുമ്പില്‍ സമരം നടത്തിയകാലമുണ്ടായിരുന്നു പ്രിയദര്‍ശിനിയിലെ തൊഴിലാളികളായ ആദിവാസികള്‍ക്ക്. എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കുന്നു. പ്രിയദര്‍ശിനിയില്‍ നിന്ന് ഇപ്പോള്‍ ലോകം കേള്‍ക്കുന്നത് വിജയത്തിന്‍റെ നേട്ടങ്ങളുടെ കഥയാണ്.


ഒരിക്കലും നന്നാകില്ലെന്ന് വിധിയെഴുതി പലരും പലവട്ടം എഴുതിതള്ളിയ സ്ഥാപനം. അതാണ് വയനാട് പ‍ഞ്ചാരകൊല്ലിയിലെ പ്രിയദര്‍ശിനി എസ്റ്റേറ്റ്. 1984 ല്‍ ആദിവാസികളെ സംരക്ഷിക്കുന്നതിനുവേണ്ടി തുടങ്ങിയ തേയില എസ്റ്റേറ്റ് നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ അധികം കാലതാമസമെടുത്തില്ല. പട്ടിണിമരണങ്ങളുടേയും വ്യാജമദ്യത്തിന്‍റേയും പേരില്‍ ഒരിക്കല്‍ അറിയപ്പെട്ട പ്രിയദര്‍ശിനിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ലാഭത്തിന്‍റേയും സന്തോഷത്തിന്‍റേയും വാര്‍ത്തകളാണ്. കഴിഞ്ഞ 2 വര്‍ഷത്തിനിടെ പ്രിയദര്‍ശിനി കൈവരിച്ചനേട്ടം ചില്ലറയല്ല, തേയില തോട്ടത്തില്‍ നിന്ന് കഴിഞ്ഞവര്‍ഷം മാത്രം നുള്ളിയത് പത്ത് ലക്ഷം കിലോ ചപ്പാണ്. പ്രിയദര്‍ശിനിയുടെ വിജയഗാഥയ്ക്ക് കാരണം ഇവിടുത്തെ തൊഴിലാളികള്‍ തന്നെയാണെന്നാണ് പ്രയദര്‍ശിനി എസ്റ്റേറ്റിന്‍റെ എംഡി കൂടിയായ വയനാട് സബ് കളക്ടര്‍ എന്‍ പ്രശാന്തിന്‍റെ അഭിപ്രായം. തൊഴിലാളികളുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് അധികൃതര്‍ പ്രിയദര്‍ശിനിയില്‍ നടപ്പാക്കിയത്. അതിന്‍റെ ഫലം തന്നെയാണ് ഇപ്പോള്‍ ഇവിടെ കാണുന്നത് എന്ന് പറയാതെവയ്യ. തൊഴിലാളികളായ ആദിവാസികള്‍ക്ക് ഉച്ചക്ക് സൗജന്യ ഉച്ചഭക്ഷണവും മറ്റും നല്‍കി അവരുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയതാണ് ഈ വിജയത്തിന് പിന്നിലെന്നാണ് പ്രശാന്ത് പറയുന്നത്. 

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടപ്പിലാക്കിയ ഇരുപതിന പരിപാടിയുടെ ഭാഗമായി അടിമവേലയില്‍ നിന്ന് ആദിവാസികളെ മോചിപ്പിച്ച് പുനരധിവസിപ്പിക്കുന്നതിനായി ആരംഭിച്ച പ്രിയദര്‍ശിനി പിന്നീട് നാഥനില്ലാ കളരിയായി മാറുകയായിരുന്നു. കോടികള്‍ മുടക്കിയ തേയില തോട്ടവും ഫാക്ടറിയും നശിച്ചതോടെ പട്ടിണിമരണത്തിന് വരെ പ്രയദര്‍ശിനി സാക്ഷ്യം വഹിച്ചു. 2000 - 2005 കാലഘട്ടത്തില്‍ അടഞ്ഞുകിടന്ന പ്രിയദര്‍ശിനി പിന്നീട് തുറന്ന് ലാഭത്തിലെത്തിച്ചതില്‍ ലാഭേച്ച പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ്. തൊഴിലാളികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണപദ്ധതി നടപ്പാക്കിയതിലൂടെ തൊഴിലാളി കളുടെ പോഷാകാഹാരകുറവ് നികത്തി അവരുടെ പ്രവര്‍ത്തനക്ഷമത ഉയര്‍ത്തിയതും പ്രിയദര്‍ശിനിയുടെ വിജയത്തിന്‍റെ രഹസ്യമാണ്.
 
തേയില കൃഷിക്കുപുറമേ ടൂറിസം രംഗത്തേക്കും കടന്നിരിക്കുകയാണ് പ്രിയദര്‍ശിനി ഇപ്പോള്‍. സായിപ്പ് തോട്ടങ്ങളില്‍ വാണ രീതിയില്‍ പ്രിയദര്‍ശിനി തേയില ഫാക്ടറിയുടെ നടുവില്‍ പണിതീര്‍ത്ത മാനേജിങ് ഡയറക്ടറുടെ ബംഗ്ലാവ് നവീകരിച്ചാണ് വയനാട് ടീ കൗണ്ടി എന്നപേരില്‍ ടൂറിസം രംഗത്തേക്കും കാലെടുത്തുവെച്ചിരിക്കുന്നത്. ഈ ടൂറിസം രംഗത്ത് നിന്നുള്ള വരുമാനമാണ് 300 ഓളം വരുന്ന തൊഴിലാളികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം നല്‍കുന്നതിനായി ഉപയോഗിക്കുന്നത്. വിശ്വാസ് പോയന്‍റ് എന്ന് പേരിട്ടിട്ടുള്ള പ്രയദര്‍ശിനിയിലെ മുനമ്പില്‍ നിന്ന് നോക്കിയാല്‍ കാഴ്ച്ചകാരനെ കാത്തിരിക്കുന്നത് പക്ഷെ അവിശ്വസനീയമായ കാഴ്ച്ചകളാണ്.

അടഞ്ഞുകിടക്കുന്ന തേയില ഫാക്ടറി തുറന്ന് ലീസിന് നല്‍കി പ്രവര്‍ത്തിപ്പിക്കുന്നതിനും മാനേജ്മെന്‍റ് പദ്ധതി തയ്യാറാക്കുന്നുണ്ട്. പ്രിയദര്‍ശിനി നേരിട്ട് ഫാക്ടറിയുടെ പ്രവര്‍ത്തനം നടത്തിയാല്‍ അത് പ്രധാനലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് ഫാക്ടറി ലീസിന് കൊടുക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

നഷ്ടത്തിന്‍റെ കണക്കുപുസ്തകത്തില്‍ നിന്ന് പ്രിയദര്‍ശിനി പുതിയ ഉയരങ്ങള്‍ താണ്ടുകയാണ്. അതിന്‍റെ ലക്ഷണമാണ് പ്രയദര്‍ശിനിയിലെ ചോര്‍ന്നൊലിച്ചിരുന്ന തൊഴിലാളികളുടെ പാഡികള്‍ വീടുകള്‍ക്കും ആദിവാസിയുടെ മുഖത്തെ ദയനീയ ഭാവം സന്തോഷത്തിന് വഴിമാറിയതും. 

Saturday 5 February 2011

ജീവിതം....


ജീവിതം
ചിലര്‍ക്കത് നീണ്ടുപരന്ന് കടല്‍പോലെയാണ്
ആഘോഷങ്ങളുടെ വിവിധവര്‍ണങ്ങള്‍ നിറഞ്ഞ
ഒരു കടല്‍ ജീവിതം

വേറെ ചിലര്‍ക്കിത് നൂല്‍പാലത്തിലൂടെയുള്ള നടത്തമാണ്
ഒരു ചാണ്‍ വയര്‍ നിറക്കാനായുള്ള ഞാണിന്‍മേല്‍ കളി
മനസ്സും ശരീരവും ഒരു വടിയുടെ ബാലന്‍സിലും
കണ്ണ് കയറിന്‍റെ അഗ്രത്തിലും ഊന്നിയുള്ള നടത്തം


മറ്റു ചിലര്‍ക്കിത് വട്ടത്തിലുള്ള കറക്കമാണ്
മരണകിണറിന്‍റെ ചെരിഞ്ഞവട്ടത്തില്‍
മരപലകയുടെ മുകളില്‍ ഏത് നിമിഷവും പടരാവുന്ന
ചോരയുടെ കടുംവര്‍ണം മാത്രം

കതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കോടിക്കുമ്പോഴും
നൂല്‍ പാലത്തില്‍ നിശബ്ദനായി നടക്കുമ്പോഴും
ഇവര്‍ മുറുക്കെ പിടിക്കുന്നത്
സ്വന്തം പ്രാണനേയോ സ്വപ്നങ്ങളേയോ അല്ല
വിശ്വാസങ്ങളെയാണ് ,പല ജീവനുകളെയാണ്

കാണികള്‍ക്കിടിയില്‍ നിന്നുയരുന്ന കയ്യടിക്കുമപ്പുറം
അവര്‍ കൊതിക്കുന്ന ഒന്നുണ്ട്
കാണികള്‍ എറിഞ്ഞുകൊടുക്കുന്ന നാണയതുട്ടുകള്‍
കരുപിടിപ്പിക്കുന്ന മറ്റ് ജീവിതങ്ങള്‍......

Friday 4 February 2011

ഉള്ളി കരയിപ്പിക്കുമ്പോള്‍.....




     ഉള്ളിയുടെ വിലവര്‍ദ്ധന എങ്ങനെയെല്ലാം സാധാരണക്കാരനെ ബാധിച്ചിരിക്കുന്നു?

തട്ടുകട
..........
     രാത്രിയില്‍ നിന്ന് പലപ്പോഴും ഭക്ഷണം തട്ടുകടയില്‍ നിന്നായത് യാദൃശ്ചികം മാത്രം. ഭക്ഷണം കഴിക്കുന്നതിനിടെ എന്നത്തേയും പോലെ ഡബിള്‍ ഓംലെറ്റിന് ഓഡര്‍ നല്‍കി.
 ചേട്ടാ ഉള്ളിയില്ല, അതൊണ്ട് ഓലംറ്റില്‍ മുളക്മാത്രേയുള്ളൂട്ടോ... ഓംലറ്റുണ്ടാക്കുന്ന പയ്യന്‍റെ മറുപടി.

സവാളയ്ക്ക് തീവില, കിട്ടാനുമില്ല പന്നെ വാങ്ങിയാല്‍ തന്നെ മുതലാവത്തുമില്ലെന്ന് പയ്യന്‍സിന്‍റെ വിശദീകരണം തൊട്ടുപിന്നാലെ....

ഹോട്ടല്‍
...................
     രാവിലെ പ്രാതല്‍ കഴിക്കാനായി എന്നത്തേയും പോലെ ഉടുപ്പി ഹോട്ടലിലെത്തി. ഒരു മസാലദേശയ്ക്ക് ഓര്‍ഡറും നല്‍കി സുഹൃത്തുക്കള്‍ക്ക് ഗുഡ്മോണിങ് എസ് എം എസും അയച്ച് കാത്തിരുന്നു. അല്‍പസമയത്തിനകം തീന്‍മേശയില്‍ മസാലദോശ റെഡി.
മസാലയില്‍ ഉരുളകിഴങ്ങും കറിവേപ്പിലയും കടുകും മാത്രം...
     ഉള്ളിക്ക് വിലകയറിയതോടെ മസാലദോശയില്‍ നിന്നും ഉള്ളിയെ ഹോട്ടലുകാരും പടിയിറക്കി....

തീവണ്ടി
..............
     തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്കുള്ള തീവണ്ടിയാത്ര. ജനശതാബ്ധി എക്സ്പ്രസില്‍ ഇഡലി വട, മസാലദോശ, ബ്രഡ് ഓംലെറ്റ് തുടങ്ങി നിരവധി പ്രാതല്‍ വിഭവങ്ങളുമായി കച്ചവടക്കാര്‍ റെഡി. ഒരു ചേഞ്ച് ആവട്ടെ എന്നുകരുതി ബ്രഡ് ഓംലെറ്റ് വാങ്ങി. കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് ശ്രദ്ധിച്ചത് ഓംലെറ്റില്‍ ഉള്ളിക്കുപകരം ക്യാബേജാണ് ഉപയോഗിച്ചിരിക്കുന്നത്....!!!

ഉച്ചക്ക് ഉണിനൊപ്പം മീന്‍ വറുത്തതിന്‍റെ  മുകളില്‍ ഉണ്ണിയേട്ടന്‍റെ കടയില്‍ റീത്ത് വെക്കാറ് ഉള്ളിയും ചെറുനാരങ്ങയും കൊണ്ടായിരുന്നു. എന്നാലതും ഇപ്പോള്‍ ക്യാബേജിന് വഴിമാറിയിരിക്കുന്നു. !!!
ആകെ മൊത്തം ടോട്ടല്‍ ക്യാബേജ് മയം.





പിന്‍കുറിപ്പ്
...............
           സവാള          80/-
                   വെളുത്തുള്ളി     200/-
           പയര്‍           80/-
           തക്കാളി         60/-
           തേങ്ങ           24/-
           ഉരുളകിഴങ്ങ്     40/-
           ക്യാരറ്റ്          60/-
           ബീറ്റ് റൂട്ട്        55/-

ദൈവമേ....ഒരു ലോട്ടറി അടിച്ചിരുന്നേല്‍ വീട്ടില്‍ സാമ്പാറ് വെക്കാമായിരുന്നു.....