Sunday, 20 November 2011

മാളിയേക്കലിലെ മറിയുമ്മയും ബിച്ചുമ്മയും


തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്
മാളിയേക്കല്‍ തറവാട്, തലശ്ശേരിയുടെ ചരിത്രത്തിന്‍റെ ഭാഗമാണെന്ന് തന്നെ പറയാം. അത്രകകണ്ട് തലശ്ശേരിയുടെ ഓരോ സ്പന്ദനത്തിലും മാളിയേക്കലുകാരുടെ സംഭാവനയുണ്ട്. 100 വര്‍ഷത്തിന്‍റെ പഴക്കമുണ്ട് മാളിയേക്കല്‍ തറവാടിന്. തലശ്ശേരിയിലെ പ്രശസ്തവും പ്രമാണികളുമായിരുന്നു മാളിയേക്കലുകാര്‍. പ്രമാണികള്‍ എന്നുപറയുമ്പോല്‍ അതില്‍ അധികാരത്തിന്‍റെയും അഹങ്കാരത്തിന്‍റേയും അംശമുണ്ടാകാം, എന്നാല്‍ മാളിയേക്കലുകാര്‍ അങ്ങനെയായിരുന്നില്ല. നാട്ടുകാരുടേയും സമൂഹത്തിന്‍റെയും സമുദായത്തിന്‍റെയും നന്‍മ ലക്ഷ്യമാക്കി മാത്രം പ്രവര്‍ത്തിച്ചവരായിരുന്നു മാളിയേക്കലെ മുന്‍ഗാമികളും പിന്‍ഗാമികളുമെല്ലാം. മാളിയേക്കലെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം രാഷ്ട്രീയമായും സാമൂഹികമായും ഏവര്‍ക്കും ഏറെ സ്വീകാര്യരാണ്. തെറ്റ് എവിടെയായാലും അതിനെ എതിര്‍ക്കുന്നവര്‍. പാരമ്പര്യമായി തന്നെ കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുകയും നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ഇടത്താവളവുമായിരുന്നു മാളിയേക്കല്‍ തറവാട്. പണ്ട് മാളിയേക്കല്‍ തറവാടില്‍ ചെന്നാണ് സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ഫോമുകളും മറ്റും നാട്ടുകാര്‍ പൂരിപ്പിച്ചിരുന്നത്. ഇതൊക്കെ സേവനമായിട്ടല്ലാതെ വരുമാനമാര്ഗമായി മാളിയേക്കലിലെ ആരും കണ്ടിരുന്നില്ല, ചെറിയചെറിയ തര്‍ക്കങ്ങളെല്ലാം മാളിയേക്കലിന്‍റെ മുറ്റത്ത് തീര്‍പ്പാക്കപ്പെട്ടിരുന്നുവത്രേ. മാളിയേക്കല്‍ തറവാടിന്‍റെ മുകളിലത്തെ നിലയിലുള്ള ഹാളില് പട്ടം താണുപിള്ളമുതല്‍ ശങ്കര്‍ വരെയുള്ള നേതാക്കളും എസ് കെ പൊറ്റക്കാടും വലിയ വലിയ ഗായകരുമെല്ലാം വന്ന് വിവിധങ്ങളായി പരിപാടികളുടെ ഭാഗമായിട്ടുണ്ട്. തലശ്ശേരി നഗരസഭയുടെ ഭരണചക്രം ഇപ്പോള്‍ തിരിക്കുന്നത് മാളിയേക്കല്‍ തറവാട്ടില്‍ നിന്നുള്ള ആമി‍ന മാളിയേക്കലാണ്. ഇവരെകുടാതെ ഒരു കൗണ്‍സിലറും ഇപ്പോള്‍ തറവാട്ടില്‍ നിന്നുണ്ട്. ഡിവൈഎഫ്ഐ നേതാവായ എ.എന്‍ ഷംസീറും മാളിയേക്കല്‍ കുടുംബാംഗമാണ്.
വലിയ കൂട്ടുകുടുംബവ്യവസ്ഥിതിതന്നെയായിരുന്നു മാളിയേക്കല്‍ കുടുംബത്തിലേതും. മാളിയേക്കലിലെ അംഗങ്ങളിലുമുണ്ട് ഏറെ പ്രത്യേകതയുള്ളവര്‍. ചുവപ്പ് മാത്രം ധരിക്കുന്ന ബിച്ചുമ്മ, ഇംഗ്ലീഷുസംസാരിക്കുന്ന മറിയുമ്മ, അങ്ങനെയങ്ങനെ.... പിന്നെ അന്തരിച്ച നടന്‍ കൊച്ചിന്‍ ഫനീഫയുടെ ഭാര്യയുടെ തറവാടും മാളിയേക്കല്‍ തന്നെയാണ്.  

മാളിയേക്കല്‍ മറിയുമ്മ

തൂവെള്ള വസ്ത്രമണിഞ്ഞ്, ആഭരണങ്ങളൊക്കെ അണിഞ്ഞ് തനി നാട്ടിന്‍പുറത്തുകാരിയായ ഉമ്മയെന്നെ ആദ്യകാഴ്ച്ചയില്‍ തോന്നു. തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ  ഏറ്റവും പ്രായം ചെന്നഅംഗമാണ് ഇന്ന് മറിയുമ്മ.
മാളിയേക്കല്‍ മറിയുമ്മ
പ്രായം 85 കഴിഞ്ഞെങ്കിലും ഇപ്പോഴും ഊര്‍ജ്ജസ്വലയാണ് തലശ്ശേരി മാളിയേക്കല്‍ തറവാട്ടിലെ ഈ തലമുതിര്‍ന്ന അംഗം. മറിയുമ്മ നാട്ടില്‍ അറിയപ്പെടുന്നത് ഇംഗ്ലീഷുമ്മയെന്നാണ്. നന്നായി ഇംഗ്ലീഷ് കൈകാര്യംചെയ്യുന്നതിനാലാണ് ഉമ്മായ്ക്ക് ഈ പേര് കിട്ടിയത്.  ഇതിലെന്താണ് ഇത്ര പുതുമയെന്ന് പുതിയ തലമുറക്കാര്‍ക്ക് തോന്നിയേക്കാം. പക്ഷെ ഏറെ പുതുമയുണ്ട് മറിയുമ്മയുടെ ഇംഗ്ലീഷ് പ്രാവീണ്യത്തിന് പിന്നില്‍. സ്വാതന്ത്യത്തിനുമുമ്പ് 1938 ലാണ് മറിയുമ്മ ഇംഗ്ലീഷ് പഠിച്ചത്. മുസ്ലീം സമുദായത്തില്‍ നിന്ന് ഒരു സ്ത്രീ വിദ്യാഭ്യാസം നേടുന്നത് തന്നെ വലിയ സംഭവമായിരുന്ന ആ കാലത്ത് കോണ്‍വന്‍റ് സ്ക്കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിക്കുകയെന്നത് വലിയ കാര്യം തന്നെയാണ്. മാത്രവുമല്ല ഏറെ ശ്രമകരവുമായിരുന്നു അത്. എലിമെന്‍ററി വിദ്യാഭ്യാസം കഴിഞ്ഞ മറിയുമ്മക്ക് പഠിപ്പിനോടുള്ള താല്‍പര്യം മനസിലാക്കിയ ബാപ്പയാണ് മറിയുമ്മയെ മംഗലാപുരം കന്യാസ്ത്രീകള്‍ നടത്തുന്ന തലശ്ശേരിയിലെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്‍റ് സ്ക്കൂളില്‍ ചേര്‍ത്തത്.
ഇന്നത്തെ പത്താം ക്ലാസിനുതുല്ല്യമായ ഫിഫ്ത് ഫോറം വരെ പഠിച്ചിട്ടുണ്ട് മറിയുമ്മ. പിന്നെ കല്ല്യാണം കഴിഞ്ഞ് ഗര്‍ഭിണി ആയതോടെയാണ് പഠനം നിര്‍ത്തിയത്.   മാളിയേക്കല്‍ തറവാടില്‍ നിന്ന് ഇംഗ്ലീഷ് പഠിച്ച ആദ്യവ്യക്തി എന്ന ബഹുമതിയുണ്ടെങ്കിലും അത്ര സുഖകരമായിരുന്നില്ല പഠനം. സ്വസമുദായത്തില്‍ നിന്ന് ഏറെ ആട്ടും തുപ്പും സഹിക്കേണ്ടിവന്നിട്ടുണ്ട് കൊച്ചുമറിയുമ്മക്ക്. ഉച്ചക്ക് ഊണുകഴിക്കാനായി ബാപ്പയുടെ വീട്ടിലേക്ക് വരുമ്പോള്‍ വഴി നീളെ കാര്‍ക്കിച്ചുതുപ്പുന്ന സ്വസമുദായക്കാര്‍ ഉണ്ടായിരുന്നകാര്യം ഇപ്പോളും മറിയുമ്മ വേദനയോടെ ഓര്‍മിക്കുന്നു. വിദ്യാലയത്തിലേക്ക് ബുര്‍ഖ ധരിച്ച്, ആകെ മൂടി പുതച്ച മനുഷ്യന്‍ വലിക്കുന്ന റിക്ഷയിലായിരുന്നു കൊച്ചുമറിയുമ്മയുടെ യാത്ര.
ദിവസവും ദ ഹിന്ദു പത്രം വായിക്കണം ഉമ്മയ്ക്ക്. ബാപ്പ പഠിപ്പിച്ചതാണ് ഈ ശീലം. ബാപ്പയുടെ പ്രിയപത്രവും ഹിന്ദുവായിരുന്നുവത്രേ. മാളിയേക്കല്‍ തറവാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മുസ്ലീം മഹിളാ സമാജത്തിന്‍റെ പ്രവര്‍ത്തനത്തില്‍ ഏറെ സജീവമായിരുന്നു മറിയുമ്മ. മാത്രവുമല്ല, നിരക്ഷരരായിരുന്ന് അയല്‍പക്കത്തെ സ്ത്രീകള്‍ക്ക് കത്തുകള്‍ എഴുതി നല്‍കിയിരുന്നതും കത്ത് വായിച്ച് നല്‍കിയിരുന്നതുമെല്ലാം മറിയുമ്മയായിരുന്നു. തനിക്ക് ചുറ്റുമുള്ളഭൂരിഭാഗവും നിരക്ഷരരാണെന്ന ചിന്ത പുതിയ ആശയത്തിനും വഴിവെച്ചു. സാക്ഷരതക്ലാസുകള്‍ സംഘടിപ്പിച്ച് തന്‍റെ അയല്‍പക്കത്തുള്ള സ്ത്രീകളേയും പുരുഷന്‍മാരേയുമെല്ലാം മറിയുമ്മ സാക്ഷരരാക്കി. സര്‍‍ക്കാരുകള്‍ പോലും അതേകുറിച്ച് ചിന്തിക്കുന്നതിനും ഏറെ മുമ്പായിരുന്നുഇതെന്നത് മറിയുമ്മയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും  തറവാട്ടിലെ മറ്റുള്ളവരെ ഏറെ ആക്ര്‍ഷിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമായ മാളിയേക്കല്‍ തറവാട്ടിലെ എല്ലാവര്‍ക്കും മറിയുമ്മ വലിയ പ്രചോദനം തന്നെയായിരുന്നു.
മറിയുമ്മ ഹജ്ജിനുപോയതിനുപിന്നിലും രസകരമായ ഒരുകഥയുണ്ട്.  ഹജ്ജിനുപോകാനായി മദ്രാസിലെത്തിയപ്പോഴാണ് വിസ വേണമെന്നകാര്യം മറിയുമ്മയും ഒപ്പമുണ്ടായിരുന്ന സ്ത്രീയും അറിഞ്ഞത്. വിസയില്ലാത്തതിനാല്‍ ഇവരെ അധികൃതര്‍ തടഞ്ഞുവെച്ചു. ഇതിനിടെ മറിയുമ്മ ഒരു സൂത്രം പ്രയോഗിച്ചു. അന്ന് തമിഴ്നാട് ഗവര്‍ണറായിരുന്ന ഫാത്തിമ ബീവി ഒപ്പം പഠിച്ചതാണെന്നും അവരെ കാണണമെന്ന് മറിയുമ്മ അധികൃതരോട് ആവശ്പ്പെട്ടു. ഉമ്മയുടെ ഇംഗ്ലീഷും അറിവും കണ്ട് അത്ഭുതപ്പെട്ട അധികൃതര്‍ സംഭവം സത്യമാകുമെന്ന് തെറ്റദ്ധരിച്ചു. ഉ്ടന്‍ത്തം ഗവര്‍ണറുമായി ബന്ധപ്പെട്ടുവത്രേ. പിന്നെ ഉമ്മയുമായി നേരിട്ട് ഫോണിലൂടെ സംസാരിച്ച ഫാത്തിമാ ബീവി ഉമ്മയുടെ ഇംഗ്ലീഷിലെ  സംസാരം കേട്ട് പേപ്പറുകള്‍ ശരിയാക്കി നല്‍കുകയായിരുന്നുവത്രേ!!!. ഇതോടെ മക്കയിലും മദീനയിലും ഉമ്മയ്ക്ക് ലഭിച്ചത് വിഐപി പരിഗണനയും.
നല്ലൊരു പാചകക്കാരികൂടിയാണ് മറിയുമ്മ. ഇന്ന് തന്‍റെ സമുദായത്തതില്‍ നിന്ന് സ്ത്രീകളടക്കം നല്ല വിദ്യാഭ്യാസം നേടുന്നുണ്ട് എന്നതില്‍ ഏറെ അഭിമാനമുണ്ട് മറിയുമ്മയ്ക്ക്. അന്ന് തന്നെ പരിഹസിച്ച സമുദായത്തിന്‍റെ  കാഴ്ച്ചപാടിലുണ്ടായ മാറ്റവും ഈ ഉമ്മയെ ഏറെ സന്തോഷിപ്പിക്കുന്നു. ഇന്നത്തെ കേരളത്തിലെ കുട്ടികളുടെ ഇംഗ്ലീഷ് പാണ്ഡിത്യത്തില്‍ പക്ഷെ ഉമ്മയത്ര സന്തുഷ്ടയല്ല. മറ്റുസംസ്ഥാനത്തുനിന്നുള്ളവര്‍ മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുമ്പോള്‍ നമുക്കതിനാവുന്നില്ലെന്നാണ് ഉമ്മയുടെ സങ്കടം.
മാളിയേക്കല്‍ ബിച്ചുമ്മ
മറിയുമ്മ തൂവെള്ള വസ്ത്രമാണ് ധരിക്കുകയെങ്കില്‍ ബിച്ചുമ്മ ചുവപ്പുമാത്രമേ ധരിക്കു. ചുവപ്പ് വളയും ചുവപ്പ് കമ്മലും ചുവപ്പ് സാരിയും.....അങ്ങനെ സര്‍വത്ര ചുവപ്പ്. നാട്ടുകാരുടെ ചുവപ്പുസാരിക്കാരിക്ക്  ചെറുപ്പത്തിലേ തുടങ്ങിയതാണ് ചുവപ്പിനോടുള്ള ഭ്രമം. അതെങ്ങനെ സംഭവിച്ചുവെന്നാല്‍ കൃത്യമായ ഉത്തരമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടുള്ള അഭിനിവേശമാണെന്നാണ് പലരും അടക്കം പറയുന്നത്. മാളിയേക്കല്‍ തറവാട്ടുകാര്‍ക്ക് പുരോഗമനപ്രസ്ഥാനത്തോടുള്ള അഭിനിവേശം, കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരായിരുന്ന എകെജിയുടേയും പാട്യം ഗോപാലന്‍റേയും സിഎച്ച് കണാരന്‍റേയും നായനാരുടേയുമെല്ലാം തറവാടുമായുണ്ടായിരുന്ന ബന്ധവും കുഞ്ഞായിരുന്ന ബിച്ചുമ്മയെ ഏറെ സ്വാധീനിച്ചുകാണാം. നന്നായി വിപ്ലവഗാനങ്ങളും പാടും ബിച്ചുമ്മ. പാര്‍ട്ടിപരിപാടികളിലെല്ലാം ചെറുപ്പത്തില്‍ ഏറെ സജീവമായിരുന്നു ബിച്ചുമ്മ. ബിച്ചുമ്മയുടെ മകള്‍ ഫാത്തിമ്മയിപ്പോള്‍ തലശ്ശേരി നഗരസഭയിലെ കൗണ്‍സിലറാണ്.  എപ്പോഴും ചുവപ്പ് വസ്ത്രം ധരിക്കുന്നത് മാത്രമല്ല ബിച്ചുമ്മയുടെ പ്രത്യേകത. നല്ലൊരു സിനിമാ ഭ്രാന്തികൂടിയാണ് ബിച്ചുമ്മ. ഇതും ചെറുപ്പത്തിലേ തുടങ്ങിയതാണ്. പടം റിലീസ് ചെയ്യുന്നദിവസം തന്നെ ബിച്ചുമ്മയ്ക്ക് കാണണം. അന്നും ഇന്നും അതിനൊരുമാറ്റവുമില്ല. മുസ്ലീം സമുദായത്തില്‍ ടെലിവിഷന്‍ കാണുന്നതിനുപോലും വിലക്ക് നിലനിന്നിരുന്ന കാലത്താണ് ഇതിനെയെല്ലാം വെല്ലുവിളിച്ചുകൊണ്ട സധൈര്യം ബിച്ചുമ്മ തിയ്യേറ്ററുകളിലേക്ക് നടന്നിരുന്നത് എന്നോര്‍ക്കുക. ചലച്ചിത്രങ്ങളും സര്‍ക്കസും എല്ലാം ഏവര്‍ക്കും ആസ്വദിക്കാനുള്ളതാണെന്നും അവ വിശ്വാസത്തിന്‍റെ പേരില്‍ അകറ്റരിനിര്‍ത്തപെടേണ്ടതല്ലാ എന്നുമാണ് എതിര്‍ക്കുന്നവര്‍ക്ക് ബിച്ചുമ്മയുടെ മറുപടി. തലശ്ശേരിയിലെ എല്ലാ തിയ്യേറ്ററുകളിലും അന്ന് ബിച്ചുമ്മയ്ക്കായി ഒരു സീറ്റ് ഉടമകള്‍ മാറ്റിവെച്ചിരിക്കും. പടച്ചോന്‍ അനുവദിച്ചാല്‍ ഏത് പടത്തിന്‍റെയും ആദ്യഷോകാണാന്‍ മുന്‍നിരയില് തന്നെ ബിച്ചുമ്മ ഉണ്ടാവുകയും ചെയ്യും. അത് ഇനി ഏത് സന്തോഷ് പണ്ഡിറ്റുമാരുടെ പടമായാലും ശരി.
                                                                     മാളിയേക്കല്‍ തറവാട്
നൂറ്റാണ്ടിന്‍റെ പെരുമയുമായി തലയുയര്‍ത്തി നില്‍ക്കുന്ന മാളിയേക്കല്‍ തറവാടില്‍ ഇനിയുംമുണ്ട് പലതരത്തില്‍ കഴിവുതെളിയിച്ച, വ്യത്യസ്ഥരായ അംഗങ്ങള്‍.  നന്നായി പാട്ടുപാടുന്നവര്‍, പഠനത്തിലൂടെ പ്രസിഡന്‍റിന്‍റെ കയ്യില്‍ നിന്ന് സ്വര്‍ണപതക്കം വാങ്ങിച്ചവര്‍, രാഷ്ട്രീയ സാംസ്ക്കാരിക വ്യാവസായിക രംഗത്ത് തിളങ്ങിയവര്‍, വളര്‍ന്നുവരുന്നവര്‍.പക്ഷെ അവരില്‍ നിന്നെല്ലാം ഇവര്‍ വ്യത്യസ്ഥരാണ്. സ്വസമുദായം ചിന്താഗതികൊണ്ട് അത്രകണ്ട് പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് മറിയുമ്മയും ബിച്ചുമ്മയുമെല്ലാം പുരോഗമനആശയം കൈക്കൊണ്ടത്, അത് പലതരത്തിലാണെങ്കിലും. ഇന്ന് മുസ്ലീം സമുദായത്തില്‍ ഒരുവിഭാഗം തീവ്രനിലപാടുകളിലേക്ക് തിരിഞ്ഞുകൊണ്ടിരക്കുമ്പോള്‍ ഇവര്‍ ഉയര്‍ത്തിപിടിക്കുന്ന മൂല്യങ്ങളും അറിവും പകര്‍ന്നുനല്‍കിയ ചിന്താഗതിയും ഏറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. സ്വന്തം കാര്യം മാത്രം നോക്കി സമുദായത്തിന്‍റെ വാശികള്‍ക്കും ദുര്‍വാശികള്‍ക്കും വഴങ്ങി ഇവര്‍ക്കും ജീവിക്കാമായിരുന്നു. എന്നാല്‍ സ്വന്തം ഉയര്‍ച്ചയേക്കാള്‍ മറ്റുള്ളവരും ഉയരണമെന്ന കാഴ്ച്ചപ്പാടും അതിനുള്ള പരിശ്രമവും അതാണ് ഇരുവരേയും വ്യത്യസ്ഥരാക്കുന്നത്. ബിച്ചുമ്മ വിനോദോപാധികളും മറ്റും വിലക്കേര്‍പ്പെടുത്തിയ സമുദായത്തിന്‍റെ പ്രമാണങ്ങളെ വെല്ലുവിളിച്ചപ്പോള്‍ മറിയുമ്മ വിദ്യാഭ്യാസം തന്നെ പാടില്ലെന്ന അനാചാരത്തെ ചെറുത്തുതോല്‍പിച്ചവളാണ്. സമുദായത്തിലെ അനാചാരങ്ങളെ എതിര്‍ത്തിരുന്നപ്പോഴും തികഞ്ഞമതവിശ്വാസിയായി തന്നെയാണ് ഇരുവരും വളര്‍ന്നത്. പുരോഗമനപ്രസ്ഥാനങ്ങളുടെ ആശയങ്ങളാണ് ബിച്ചുമ്മയെ സ്വാധിനിച്ചത് എങ്കില്‍ മറിയുമ്മയ്ക്കത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ നല്ലവശങ്ങളാണ്. ഇവരുടെ രാഷ്ട്രീയപക്ഷം എന്തുമായികൊള്ളട്ടെ അവര്‍ നടത്തിയ ചെറുതും വലുതുമായ ചെറുത്തുനില്‍പ്പുകളാണ് മറ്റുള്ളവര്‍ക്ക് വഴികാട്ടിയായത്. വിശ്വാസത്തിന്‍റെ മറവില്‍ അന്ധവിശ്വാസം പരത്തുന്ന, തീവ്രവാദനിലപാടുകള്‍ സ്വീകരിക്കുന്ന ഇനിയുള്ള തലമുറയിലെ ആര്‍ക്കും ഇവര്‍ മാതൃകയാകേണ്ടവരാണ്.

Wednesday, 9 November 2011

ഒരു മഴപെയ്തൊഴിയുമ്പോള്‍....


യാത്രകള്‍ എത്രചെയ്താലും
മഴകാലത്തുള്ള യാത്ര,
അതെന്നും മനസിനെ ഏറെ സാന്ത്വനപ്പെടുത്തുകയും
ഒരുപോലെ നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്.
കോരിച്ചൊരിയുന്ന മഴക്കാലത്ത്
തീവണ്ടിയിലും ബസ്സിലും സൈക്കളിലും സൈക്കള്‍റിക്ഷയിലും
എല്ലാമായി നടത്തിയ യാത്രകള്‍...       
കുട്ടിക്കാലത്ത് അമ്മയുടെ കണ്ണുവെട്ടിച്ച്
മഴനനഞ്ഞ് ചെളിവെള്ളം തട്ടിതെറിപ്പിച്ച്
കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് കാട്ടികൂട്ടിയ  കുസൃതിത്തരങ്ങള്‍
പിന്നെ കൂട്ടുകാരിയോടൊപ്പം ഒരു കുടക്കീഴില്‍ പാതിമഴനനഞ്ഞ്  
പ്രണയത്തിന്‍റെ ചൂടും ചൂരും നുകര്‍ന്നുള്ള നടത്തം....           
അങ്ങനെ സുഖവും നൊമ്പരവും നല്‍കുന്ന മഴയാത്രകള്‍....
പിന്നെ കാഴ്ച്ചകള്‍ തേടി നടത്തിയയാത്രകളില്‍ ഏറെ ആകര്‍ഷിച്ചത് 
മഴക്കാലത്ത് ബസ്സുകളിലുള്ള യാത്രയാണ്.
പ്രത്യേകിച്ച് സര്‍ക്കാരിന്‍റെ ചകടത്തിലുള്ള മഴയാത്ര.   

കെഎസ്ആര്‍ടിസി ബസ്സില്‍ മഴയത്ത് ഒരു ദീര്‍ഘയാത്ര
ആര്‍ക്കും അത്രയ്ക്ക് സന്തോഷം നല്‍കുന്ന ഒന്നല്ല എന്നെനിക്കറിയാം
കാരണം നമ്മുടെ സര്‍ക്കാര്‍ ബസ്സുകളില്‍‍
മഴപെയ്താല്‍ ചോര്‍ച്ച സര്‍വ്വസാധാരണമാണെന്നത്
പകല്‍പോലെ വ്യക്തം..
ചോര്‍ച്ചയ്ക്കൊപ്പം അഴുക്കുകൂടി ഒലിച്ചിറങ്ങിയാലത്തെ സ്ഥിതി
പിന്നെ പറയണ്ടാലോ..
ഇതൊക്കെയാണെങ്കിലും
മഴയത്ത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്രചെയ്യുന്നതിന്‍റെ സുഖം
പലവട്ടം ഞാന്‍ ആസ്വദിച്ചിട്ടുണ്ട്
ചെറുതായി ചോരുന്നുണ്ടെങ്കിലും
മഴയത്ത് ഷട്ടറുകള്‍ എല്ലാം ഇട്ട് ഇരുടണഞ്ഞ ബസ്സിലെ യാത്ര,               
അത് വല്ലാത്ത ഒരു അനുഭൂതിയാണ് നല്‍കുന്നത്

തൊടുപുഴയിലേക്ക്
സര്‍ക്കാരിന്‍റെ ചുവന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ യാത്രചെയ്യുമ്പോള്‍
ഈമഴക്കാലത്തെ ഒരാഗ്രഹമാണ് സഫലമായത്.
ബസ്സില്‍ കയറി സീറ്റില്‍ ചാഞ്ഞിരുന്നു.    
ചുറ്റുമുള്ള ഷട്ടറുകള്‍ അടഞ്ഞുകിടക്കുകയാണ്.
ബസ്സിലെ മുന്‍വശത്തെ ഗ്ലാസില് നിന്നും ലൈറ്റുകളില്‍ നിന്നുമുള്ള വെളിച്ചം
മാത്രമാണ് ബസ്സിനകത്തുള്ളത്,    
ചുറ്റും ഷട്ടറുകള്‍ അടച്ചിരുന്നതിനാല്‍
മുന്നിലെ വലിയചില്ലിലൂടെ മാത്രമേ മഴയുടെ ഭംഗി
ആസ്വദിക്കാന്‍ നിര്‍വാഹമുള്ളു.
വലിയചില്ലില്‍ വന്നുപതിക്കുന്ന മഴതുള്ളികള്‍...     
അവയെ തുടച്ചുനീക്കി
കാഴ്ച്ച ചെറുങ്ങനെയെങ്കിലും വ്യക്തമാക്കിതരുന്ന
വലിയ വൈപ്പര്‍...
ചെറിയഗ്യാപ്പിലൂടെ ആണെങ്കിലും
അവ പകരുന്നമഴകാഴ്ച്ച മനോഹരമാണ്..    
ഗ്ലാസില്‍ മൂടല്‍ മഞ്ഞുമൂടിയതിനാല്‍
അവശേഷിക്കുന്ന ഭാഗത്തെ കാഴ്ച്ച അവ്യക്തമായിരിക്കുന്നു

ഓരോ സ്റ്റോപ്പില്‍ നിന്നും യാത്രക്കാര്‍
ബസ്സിലേക്ക് പ്രവേശിക്കുന്നു.
നനഞ്ഞൊല്ലിച്ച വസ്ത്രവും കുടയുമായി
ബസ്സിലേക്ക് കയറുമ്പോള്‍ എല്ലാവരും
ഈ നശിച്ചമഴയെ ശപിക്കുന്നുണ്ടായിരുന്നു.
തൃശ്ശൂരില്‍ നിന്ന് മഴയെ പ്രാകികൊണ്ട്
ഒരു നവദമ്പതികളും സഹയാത്രികരായി.       
ആകെ ഒഴിഞ്ഞുകിടന്ന സീറ്റില്‍ വെള്ളം കെട്ടികിടക്കുന്നു.
പോരാത്തതിന് ചോര്‍ച്ചയും.
പണവും കൊടുത്ത് കുടയുംനിവര്‍ത്തി ഇരിക്കേണ്ടിവരുമോ
ഈ സര്‍ക്കാര്‍ ബസ്സിലെന്നാണ്
ദേഷ്യവും സങ്കടവും കലര്‍ന്നസ്വരത്തില്‍ നവവധുവിന്‍റെ ചോദ്യം.

യാത്രയിലെ ചിലകൗതുകങ്ങല്‍ മാത്രമായിരുന്നു ഇവ എനിക്ക്.
അടഞ്ഞുകുടക്കുന്ന ഷട്ടറിനപ്പുറത്ത്
തോരാതെ പെയ്യുന്ന മഴയുടെ നേര്‍ത്തശ്ബദം
ഒരു സംഗീതം പോലെ...
മഴചിലപ്പോള്‍ കളിപ്പാട്ടത്തിനായി കരയുന്നകുഞ്ഞിനെ പോലൊണെന്ന്
എനിക്ക് തോന്നിയിട്ടുണ്ട്.   
ഇടയ്ക്ക് ചിണുങ്ങി,   
പിന്നെ പെട്ടെന്ന് ആര്‍ത്തിരമ്പി
വാശിപിടിച്ച് കരയുന്ന ഒരു കുഞ്ഞ്..
ചെറുനാരുകളായി പെയ്തിറങ്ങുന്ന മഴ
പെട്ടെന്ന് ഉഗ്രരൂപിണിയായി കനക്കുമ്പോള്‍
അങ്ങനെയാണ് എനിക്ക് തോന്നാറ്.
പിന്നെ ചെറുനാരുകളായി പെയ്തൊഴിയുന്ന
മഴയ്ക്ക് വല്ലാത്ത സൗന്ദര്യമാണ്.         
ഒരു കാല്‍പനികഭാവമാണ് മഴയ്ക്കപ്പോള്‍..
നേര്‍ത്തഇഴയായി പെയ്തൊഴിയുന്ന ചാറ്റല്‍മഴയത്ത്
പ്രിയപ്പെട്ടവരുമൊത്ത് കൈകോര്‍ത്ത് നടക്കാന്‍,
കളിപറയാന്‍, നനഞ്ഞമണ്ണിന്‍റെ ഗന്ധം ആസ്വദിക്കാന്‍,
കെട്ടികിടക്കുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍.....      
ഒരു വല്ലാത്ത അനുഭൂതിയാണ്
അത് പകരുന്നത്...       
അങ്ങനെ നമ്മെ മോഹിപ്പിക്കുന്ന പലതും
മഴ സമ്മാനിക്കും...

മഴ പലപ്പോഴും എന്നെ പഴയകാലത്തിലേക്ക്
വലിച്ചിഴയ്ക്കാറുണ്ട്.   
എന്‍റെ അനുമതി ചോദിക്കാതെ അനാവശ്യമായിതന്നെ...
പഴയകലാലയവും പഴയപ്രണയവുമെല്ലാം
മഴയുമായി ബന്ധപ്പെട്ട് കെട്ടുപിണഞ്ഞ് കിടക്കുന്നതിലാവാം  
നിരവധി നൊമ്പരങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ്  
ഓരോ മഴയും എന്നിലേക്ക് പെയ്തിറങ്ങുന്നത്.
പഠനകാലത്ത് ചിലരാത്രികളില്‍ പെയ്തിറങ്ങിയ മഴയല്ലെ
എന്നെയും അവളേയും അടുപ്പിച്ചത്....?    
മഴയെകുറിച്ച് ഞങ്ങള്‍ പങ്കുവെച്ച ചില സങ്കല്‍പങ്ങള്‍,
ഭാവനകള്‍, ആഗ്രഹങ്ങള്‍... അങ്ങനെയങ്ങനെ....
നനഞ്ഞമണ്ണിന്‍റെ ഗന്ധവും
നേര്‍ത്തുപെയ്യുന്ന മഴയുടെ കാല്‍പനികഭാവവും
ഞങ്ങളിലേക്കും പകരുകയായിരുന്നില്ലേ...
മഴയത്ത് കൈകോര്‍ത്ത്
ചെളിവെള്ളവും തെറിപ്പിച്ച് നടക്കാനുള്ള ആഗ്രഹം
ആദ്യം ആരാണ് പറഞ്ഞത്...?  
ഞാനോ അതോ അവളോ? ഓര്‍മയില്ല..         
ഒന്നുമാത്രം ഇന്നും കൃത്യമായോര്‍ക്കുന്നു      
മഴ നനഞ്ഞ് നടക്കാമെന്നത് തിരുത്തി
കൈകോര്‍ത്ത്  ഒരു കുടക്കീഴിലാകാം യാത്ര എന്നത്
അവളുടെ ആശയമായിരുന്നു...
അതൊരുതുടക്കമായിരുന്നു,
പുതിയ പ്രണയത്തിന്‍റെ, ജീവിതത്തിന്‍റെ,
ഒരു മഴയാത്രയുടെ....
 
മഴ പിന്നെയും ഒരുപാട് പെയ്തിറങ്ങി ജിവിതവും.....
പ്രണയത്തിന്‍റെ മഴയാത്രയും
പാതിയിലെങ്ങോ പെയ്തൊഴിഞ്ഞു.         
പെരുമഴപെയ്ത ഒരു ദിവസത്തിലായിരുന്നു അത്.
അവിചാരിതമായി കടന്നുവന്ന ആ സുഹൃത്ത്
തോരാത്തമഴയെ സാക്ഷിയാക്കി
ആ കടത്തിണ്ണയില്‍ നിന്ന് ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്?
അവന്‍റെ വാക്കുകള്‍ തന്‍റേതുകൂടിയാണെന്ന് ആവര്‍ത്തിക്കുമ്പോള്‍
എല്ലാം അവസാനിച്ചുവെന്ന് പറയുമ്പോള്‍
അവളുടെ മനസിലും വലിയൊരുമഴ
പെയ്തൊഴിയുകയായിരുന്നോ?
പക്ഷെ അപ്പോള‍് എന്‍റെ മനസില്‍
മഴ പെയ്യാന്‍ തുടങ്ങുന്നതേയുള്ളായിരുന്നു..
അതൊരു ബന്ധങ്ങളെ ഇഴമുറിയാതെചേര്‍ത്ത
ചാറ്റല്‍മഴയായിരുന്നില്ല,
നനഞ്ഞമണ്ണിന്‍റെ ഗന്ധം നഷ്ടമാക്കിയ,
പ്രണയഭാവം വെടിഞ്ഞ..,
സംഹാരരുദ്രയായ ഇടവപാതിയിലെ
പെരുമഴയായിരുന്നു അത്....
എന്തിനെന്നോ ഏതിനെന്നോ വിശദീകരിക്കാതെ
പാതിയില്‍ ഒറ്റക്കാക്കിയിട്ട്
സഹയാത്രിക പിന്‍വാങ്ങുമ്പോള്‍
ഇനിയെന്ത് എന്നചോദ്യം പ്രസക്തമാവുന്നു.     
പക്ഷെ പ്രതീക്ഷയുടെ മഴയപ്പോളും
മനസിനെ നനയിച്ചിരുന്നു….

പിന്നെ  വര്‍ഷങ്ങള്‍ക്കിപ്പുറം
ജാലകത്തിനപ്പുറത്ത് കാലംതെറ്റി
ഒരു വേനല്‍മഴ പെയ്തൊഴിയുമ്പോളാണ്
കൊച്ചിയിലെ ഫ്ലാറ്റിലിരുന്ന് അവളുടെ കൂട്ടുകാരി
അക്കാര്യം പറഞ്ഞത്.         
കഴിഞ്ഞ തുലാവര്‍ഷക്കാലത്ത്
എന്‍റെ പഴയ കൂട്ടുകാരി വിവാഹിതയായെന്ന്....
കൃത്രിമമായി ഒരു ചിരിയും ആശ്ചര്യവും മുഖത്ത് വരുത്തി
അവള്‍ അറിയിച്ചില്ലല്ലോ എന്ന പരിഭവം പറഞ്ഞ്
സംസാരം മറ്റൊരുവിഷയത്തിലേക്ക് മാറ്റുമ്പോളും
മനസില്‍ ആര്‍ത്തിരമ്പി മറ്റൊരുമഴയും പെയ്യുകയായിരുന്നില്ലേ...
ഏറെ കാലമായി മനസില്‍
നിശബ്ദമായി പെയ്തും തോര്‍ന്നും വീണ്ടും പെയ്തും നിന്ന മഴ
ഒടുവില്‍ ഒരു വരള്‍ച്ചക്ക് വഴിതുറക്കുന്നത്
തിരിച്ചറിഞ്ഞ നിമിഷങ്ങള്‍...
വേദനമാത്രംപകര്‍ന്ന് നല്‍കിയ
മഴയുടെ ഓര്‍മപെയ്ത്തില്‍ മനസ് വീണ്ടും അസ്വസ്ഥമാകുന്നുവോ..?
ഇല്ല, അര്‍ദ്ധവിരാമത്തേക്കാള്‍ നല്ലത്
പൂര്‍ണവിരാമം തന്നെയാണെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു...       
ആ മഴ എന്നെന്നേക്കുമായി പെയ്തൊഴിഞ്ഞിരിക്കുന്നു,
ഇടിയും മിന്നലുമൊന്നും ബാക്കിയാക്കാതെ...  

എന്‍റെ യാത്ര അതിന്‍റെ അവസാന സ്റ്റോപ്പിലെത്തിയിരിക്കുന്നു.
ബസ്സ് തൊടുപുഴ സ്റ്റാന്‍റിലേക്ക്.
പുറത്തും ഇപ്പോള്‍ മഴയില്ല
കാറും കോളുമെല്ലാം മാറി നീലാകാശം
തെളിഞ്ഞുനില്‍ക്കുന്നു 
എന്‍റെ പ്രണയത്തിന്‍റെ മഴയാത്രയും
ഇവിടെ പൂര്‍ണമാവുന്നു,
ചിന്തകള്‍ക്കും ഓര്‍മകള്‍ക്കും  അര്‍ദ്ധവിരമമിടാതെതന്നെ....