അത്മാവിനെ തളച്ച ചങ്ങലമരച്ചോട്ടില്‍......

ഇതൊരു വിശ്വാസത്തിന്‍റെ കഥയാണ്.
വിശ്വാസമുള്ളവര്‍ക്ക് വിശ്വസിക്കാം, മറ്റുള്ളവര്‍ക്ക് വെറുമൊരു കഥയായി മാത്രം വായിക്കാം, രസിക്കാം
ഇത്തരമൊരു മുന്‍കൂര്‍ ജാമ്യം എടുക്കാതെ ഇത് അവതരിപ്പിക്കാനാവില്ല.
അതുകൊണ്ടാണ്...
ദയവായി ക്ഷമിക്കുക

താമരശ്ശേരി ചുരം കയറി വയനാടിന്‍റെ ഭംഗി ആസ്വദിക്കാനെത്തുന്നവരെ ആദ്യം സ്വീകരിക്കുക വലിയ ജില്ലാ കവാടവും കവാടത്തിനരികിലെ ചിത്രങ്ങളുമാണ്. 
പിന്നെയും മുന്നോട്ട് വന്നാല്‍ റോഡിന്‍റെ ഇടതുവശത്തായുള്ള ചങ്ങലയില്‍ ബന്ധിച്ചനിലയിലുള്ള മരവും അതിനോട് ചേര്‍ന്നുള്ള അമ്പലവും ആരുടേയും ശ്രദ്ധയില്‍ പെടാതെപോവില്ല.
കാലമേറെയായി റോഡരികിലെ ഈ മരം ചങ്ങലയാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ നില്‍ക്കാന്‍ തുടങ്ങിയിട്ട്. 
ആരിലും ആശ്ചര്യം ഉണര്‍ത്തുന്ന ഈ ചങ്ങലമരത്തിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.
അതിന് താമരശ്ശേരി ചുരത്തിനോളം തന്നെ പഴക്കവുമുണ്ട്.
പണ്ട് ചുരത്തിലൂടെയുള്ള വഴി കണ്ടെത്താത്ത കാലം. 
വയനാട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ താഴേനാടില്‍ നിന്ന് മലമുകളിലെ വയനാട്ടിലേക്ക് വരാന്‍ ഒരു വഴിയുമില്ലാത്ത കാലം. 
ഒരു ബ്രട്ടീഷ് എഞ്ചിനീയറും കൂട്ടരും മലമുകളിലെത്താനുള്ള വഴികണ്ടെത്താനാവാതെ കുഴങ്ങി നില്‍ക്കുകയായിരുന്നുവത്രേ.
എത്രശ്രമിച്ചിട്ടും ചെങ്കുത്തായ മലകയറാനുള്ള മാര്‍ഗം കണ്ടെത്താനാവുന്നില്ല. 
ആകെ ക്ഷീണിച്ച് അല്‍പം ദേഷ്യവും സങ്കടവുമൊക്കെയായി സായിപ്പും സംഘവും താഴെ പരതി നടന്നു.
 മുകളിലെ നാട്ടില്‍ നിന്ന് ഏലം പോലുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ കൊണ്ടുവരിക എന്ന ഗൂഢലക്ഷ്യമായിരുന്നുവത്രേ സായിപ്പിന്.
ആകെ ഭ്രാന്ത് പിടിച്ച് നടക്കുമ്പോളാണ് മലമുകളില്‍ നിന്ന് ഒരു യുവാവ് കാലികളെ മെയ്ച്ച് വരുന്നത് സായിപ്പിന്‍റെ കണ്ണില്‍ പെട്ടത്.
ആദിവാസിയായ കരിന്തണ്ടനായിരുന്നു കാലികളേയും മെയ്ച്ച് വന്ന യുവാവ്.
 ഉടനെ സായിപ്പ് ചെന്ന് കരിന്തണ്ടനോട്  ചോദിച്ചു
 എങ്ങനെയാണ് മലമുകളില്‍ നിന്ന് അടിവാരത്തേക്ക് വന്നത് എന്ന്.
പിന്നെ കരിന്തണ്ടന്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ സായിപ്പും സംഘവും മലകയറി. 
ചുരം കണ്ടെത്തി.
 ചുരം കണ്ടെത്തിയതിന്‍റെ ക്രഡിറ്റ് സ്വന്തമാക്കാനായി മലകയറി മുകളിലെത്തിയ ഉടനെ സായിപ്പ് കരിന്തണ്ടനെ വെടിവെച്ച് കൊന്നുവത്രേ.
പിന്നെ ചുരത്തിലൂടെ താഴേനാട്ടിലേക്ക് പോവുകയായീരുന്നവരെയൊക്കെ കരിന്തണ്ടന്‍റെ ആത്മാവ്  ശല്യപ്പെടുത്തികൊണ്ടേയിരുന്നു.
 കച്ചവടസാധനങ്ങള്‍ കയറ്റിയ വാഹനം കരിന്തണ്ടന്‍ മറിച്ചിട്ടുവെന്നും  ചുരമിറങ്ങിയിരുന്നപലരും അങ്ങനെ അപകടത്തില്‍ പെട്ട് മരിച്ചു.
 പിന്നെ അതുവഴിവന്ന ഒരു പുരോഹിതന്‍ കരിന്തണ്ടന്‍റെ ആത്മാവിനെ സമീപത്തെ മരത്തില്‍ കാട്ടുവള്ളികൊണ്ട് ബന്ധിച്ചു
 അന്നുമുതലാണത്രേ യാത്രക്കാര്‍ സമാധാനത്തോടെ ചുരമിറങ്ങാന്‍ തുടങ്ങിയത്. 
പിന്നീട് ബ്രട്ടീഷുകാര്‍ കാട്ടുവള്ളിമാറ്റി ഇരുമ്പ് ചങ്ങലയാക്കി.
ഇതിന് സമീപത്തായിതന്നെയാണ് കരിന്തണ്ടന്‍റെ ശവകുടീരവും ഉള്ളത്. 
നിത്യവും ഇവിടെ വിളക്ക് വെച്ച് പൂജയും പ്രാര്‍ത്ഥനയുമൊക്കെ നടത്തുന്നുമുണ്ട്.
 ചങ്ങലമരത്തിന് കാര്യമായ മാറ്റമൊന്നും ഇതുവരേയും സംഭവിച്ചിട്ടില്ലെന്നാണ് ഇവിടെ പൂജനടത്തുന്നവര്‍ പറയുന്നത്.
മാത്രവുമല്ല, ചങ്ങലയിട്ട മരകൊമ്പിന് അന്നും ഇന്നും ഒരേവലിപ്പവും തടിയും മാത്രം.
കേട്ടറിഞ്ഞ കഥയാണെങ്കിലും സംഭവത്തിന് ആക്കം കൂടുന്നരീതിയില്‍ ചിലഅനുഭവങ്ങള്‍ തങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളതായും ഇവര്‍ പറയുന്നു.
ഇലക്ട്രിക്ക് ലൈന്‍ വലിക്കുമ്പോള്‍ ചങ്ങലമരത്തിന്‍റെ ഒരുകൊമ്പ് മുറിച്ചുമാറ്റിയത്രേ.
 പിന്നെ എത്രശ്രമിച്ചിട്ടും ലൈന്‍ ചാര്‍ജ് ചെയ്യാന്‍ പറ്റിയില്ലാത്രേ.
പിന്നെ കരിന്തണ്ടന് പ്രത്യേകവഴിപാടുകളും മറ്റും നടത്തിയശേഷമാണത്രേ
 ലൈന്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചത്.
ബാക്കിയെല്ലാം വെറും കഥയാണെന്ന് പറഞ്ഞാലും ഇത് തങ്ങളുടെ അനുഭവമാണെന്നും അതിനാല്‍ ഇത് അന്ധവിശ്വാസം മാത്രമാണെന്ന് പറഞ്ഞ് തള്ളികളായാന്‍ ഇവര്‍ തയ്യാറുമല്ല.

കരിന്തണ്ടന്‍റെ  ആത്മാവ് ചുരമിറങ്ങിയിരുന്നവരെ ആക്രമിച്ചിരുന്നുവെന്നും  ആത്മാവിനെ  പിന്നീട് ഈ മരത്തില്‍ കാട്ടുവള്ളികൊണ്ട് ഒരു പുരോഹിതന്‍ തളച്ചുവെന്നതും കഥമാത്രമാണ്. 
എന്നാല്‍  ഇപ്പോഴും ചുരമിറങ്ങുന്ന യാത്രക്കാര്‍ കരിന്തണ്ടന് നേര്‍ച്ച ഇട്ടാണ് പോവാറ്.
അത് അവരുടെ വിശ്വാസം .




Comments

  1. changala kandittund, athinu pinnile ikkatha ariyillaayirunnu..........

    ReplyDelete
  2. ingane oru katha ee marathinu pinnilundennu ithuvare arinjirunnilla. adhikamarkkum ariyatha oru katha... sathyamano atho verum mythano ennu samsayichupokum..... pinee viswasam athalle sir ellam...

    ReplyDelete
  3. wonderful article................I loved it

    ReplyDelete

Post a Comment