Sunday, 18 July 2010

കടലും പുഴയും....

ഞാനിന്നൊരു കടലാണ്

പ്രണയത്തിന്‍റെ വിവിധ ഭാവങ്ങളുമായി നിരവധി പുഴകള്‍
എന്നിലേക്ക് ഒഴുകിയെത്തുന്നു...
ഇടയ്ക്ക് ശാന്തമായും ഇടയ്ക്ക് പ്രക്ഷുബ്ധമായും
ഞാനവയെ എന്നിലേക്ക് സ്വീകരിക്കുന്നു
എന്നിലേക്ക് എത്താനുള്ള വ്യഗ്രതയിലാണ് ഈ പുഴകളെല്ലാം ഒഴുകുന്നതെന്ന്
ഞാന്‍ അഹങ്കരിക്കുന്നു
ഞാനെത്ര ശാന്തമായാലും പ്രക്ഷുബ്ധമായാലും പുഴകള്‍ അവയുടെ
അടിയൊഴുക്കുക്ക് എന്നെ അറിയിക്കുന്നില്ല
എന്നെ അസ്വസ്ഥനാക്കുന്നില്ല,
ഞാന്‍ അവരെ സ്വീകരിക്കുമെന്ന് ഓരോ പുഴയും സ്വപ്നം കാണുന്നു
മനക്കോട്ട കെട്ടുന്നു.
ഞാനാകട്ടെ ഇതില്‍ അഹങ്കരിച്ച് തീരത്ത് വീണ്ടും സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിക്കുന്നു.
എങ്കിലും ഞാനിടയ്ക്കിടയ്ക്ക് ആകുലപ്പെടാറുണ്ട്.
ഇത്രയേറെ പ്രണയിനികളെ ഞാനങ്ങനെ ഉള്‍ക്കൊള്ളുന്നുവെന്ന്...!!!
അവപരസ്പരം എങ്ങനെ പോരടിക്കാതെ, കലഹിക്കാതെ
എന്നില്‍ അലിഞ്ഞ്ചേരുന്നുവെന്ന്....!!!!


ഞാനിന്ന് തിരിച്ചറിയുന്നു
ഞാന്‍ ഒരു വഞ്ചകനാണെന്ന്
നിരവധി പ്രണയിനികളെ ഒരുമിച്ച് വഞ്ചിക്കുന്നവന്‍...
ഒപ്പം പുഴകളെല്ലാം വിശാലമനസ്കതയുള്ള സോഷ്യലിസ്റ്റുകളാണെന്നും.....

Saturday, 17 July 2010

ചീങ്ങേരിക്കും തൃക്കുന്നത്തിനുമിടയിലെ ദൂരം.....


നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വിശ്വാസത്തിനൊപ്പം തന്നെ

വിശ്വാസത്തിന്‍റെ പേരിലുള്ള തര്‍ക്കവും ശക്തമാണ്.
വിശ്വാസത്തിന്‍റെ പേരില്‍ നാട്ടില്‍ നടന്ന അക്രമങ്ങളും
വിശ്വാസത്തിന്‍റെ മറവില്‍ നടക്കുന്ന തട്ടിപ്പുകളും അതിന്‍റെ ഒക്കെ തെളിവുകളാണ്. കപടസ്വാമികളും കപടദിവ്യന്‍മാരും നമ്മുടെ നാട്ടില്‍ പെരുകുന്നതും വിലസുന്നതും
ഇതേ വിശ്വാസത്തിന്‍റെ പേരിലാണ്.

ഇനി മറ്റൊരുകഥ പറയാം.
യേശുനാഥന്‍ പഠിപ്പിച്ചത്, യേശുവില്‍ വിശ്വസിക്കുന്നവര്‍ ആവര്‍ത്തിച്ച് പറയുന്നതും,
നിന്നെ പോലെ നിന്‍റെ അയല്‍വാസിയേയും സ്നേഹിക്കുക എന്നാണ്,
എന്നാല്‍ കൃസ്തുമതവിശ്വാസികളായ ചിലര്‍ തന്നെ പോലെയെന്നല്ല,
ശത്രുവിനോട് കാണിക്കുന്ന മര്യാദപോലും മറ്റുള്ളവരോട് കാണിക്കുന്നില്ല എന്നതാണ് സത്യം.
ഓര്‍ത്തഡോക്സ് സഭാവിശ്വാസികളും യാക്കോബായ വിശ്വാസികളും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
ആരാണ് വലുത്, ആരാണ് ശക്തന്‍ എന്ന സ്ഥിരം പ്രശ്നം തന്നെയാണ് ഈ സഭാതര്‍ക്കത്തിനും പിന്നില്‍.


സഭ രണ്ടാവുകയും സ്വത്ത് പേരില്‍ തര്‍ക്കം മൂക്കുകയും
കോടതിവ്യവഹാരങ്ങളിലേക്ക് നീളുകയും ചെയ്തു.
ഇവിടെ തീരുന്നില്ല കാര്യങ്ങള്‍.
മേലേതട്ടില്‍ തുടങ്ങിയ തര്‍ക്കം പിന്നെ കീഴേതട്ടിലേക്ക്
കീഴെതട്ടിലെത്തിയ തര്‍ക്കം കയ്യാങ്കളിയിലേക്ക് വഴിമാറിയത് സ്വാഭാവികം മാത്രം
പള്ളികളുടേയും സ്ത്തിന്‍റേയുംമേല്‍ ഓരോപക്ഷവും അവകാശവാദം ഉന്നയിച്ചപ്പോള്‍
അത് സംഘര്‍ഷത്തിലേക്ക് വഴിമാറിയെനെന്നത് സ്വാഭാവികം മാത്രം.
പരസ്പരം കണ്ടാല്‍ തല്ലുന്ന അവസ്ഥയായി
സമാധാനത്തിന്‍റെ സങ്കീര്‍ത്തനങ്ങളും വചനങ്ങളും മുഴങ്ങികേട്ടിരുന്ന
പള്ളിമുറ്റങ്ങളില്‍ നിന്ന് പിന്നെ ഉയര്‍ന്നത് തെറിവിളിയും അടികൊണ്ട്വന്‍റെ രോദനങ്ങളുമാണ്.

ഏതെങ്കിലും ഒരിടത്ത്മാത്രം ഒതുങ്ങിനിന്നതായിരുന്നില്ല ഇത്.
വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മുറിവ് ഉണങ്ങാത്ത പകയുടെ കഥപറയുന്ന നിരവധി പള്ളികളുണ്ട്.
ഇരുവിഭാഗത്തിന്‍റേയും മുതിര്‍ന്ന ബാവമാര്‍ തന്നെ നേരിട്ട് ഇടപെട്ട
തൃക്കുന്നത്ത് സെമിനാരിയുടെ അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കം
ഇപ്പോഴും എങ്ങുമെത്താതെ കിടക്കുകയാണ്.
തര്‍ക്കത്തെതുടര്‍ന്ന് തൃക്കുന്നത് സെമിനാരിയില്‍ ഇപ്പോള്‍
പെരുന്നാള്‍ ദിവസം പ്രാര്‍ത്ഥന നടക്കുന്നത് പോലും പോലീസിന്‍റെ കാവലില്‍.
സമാനമായ അവസ്ഥപലയിടത്തും തുടരുന്നു.
ഈ സഭാതര്‍ക്കങ്ങള്‍ക്കിടയില്‍ പെട്ട് പോലീസ് ലാത്തിചാര്‍ജ്ജിനും
ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മരണത്തിനും വരെ വഴിവെച്ച പകയുടെ കഥയാണ്
വയനാട്ടിലെ ചീങ്ങേരി ഇടവകകാര്‍ക്കും പറയാനുള്ളത്.
ചീങ്ങേരി സെന്‍റ് മേരീസ് സുറിയാനി പള്ളി 36 വര്‍ഷങ്ങള്‍ക്കുമുമ്പാണ് സഭാതര്‍ക്കത്തെതുടര്‍ന്ന് അടച്ചിട്ടത്.
സഭാതര്‍ക്കത്തെ തുടര്‍ന്ന് കേരളത്തില്‍ അടച്ചിട്ട ആദ്യകാലപള്ളികളില്‍ ഒന്ന്.
ഏറെ രക്തചൊരിച്ചിലിനും പോലീസ് ലാത്തിചാര്‍ജ്ജിനും വരെ കാരണമായ സഭാതര്‍ക്കം. മറ്റിടങ്ങളിലേതുപോലെ ഓര്‍ത്തഡോക്സ് - യാക്കോബായ വിഭാഗത്തില്‍പെട്ടവര്‍ പരസ്പരം കണ്ടാല്‍ തമ്മില്‍തല്ലുന്ന അവസ്ഥതന്നെ ഇവിടേയും.
പ്രശ്നം രൂക്ഷമായതോടെ ഇരുവിഭാഗവും പ്രത്യേകം പ്രത്യേകം ചാപ്പലുകള്‍ പണിഞ്ഞ് പ്രര്‍ത്ഥന നടത്താന്‍ തുടങ്ങി.

ഏറെനാള്‍ നീണ്ട തര്‍ക്കത്തിന്‍റേയും വിദ്വേഷത്തിന്‍റെയും കനലുകളണച്ച്
സമാധാനത്തിന്‍റെ പാതയിലേക്ക് എത്തിയിരിക്കുകയാണ് ചീങ്ങേരിയിലെ വിശ്വാസികള്‍.
അതിന് അവര്‍ക്ക് നീണ്ട 36 വര്‍ഷം വേണ്ടി വന്നുവെന്നുമാത്രം.
1974 ല്‍ തുടങ്ങിയ കോടതിവ്യവഹാരങ്ങള്‍ അവസാനിപ്പിച്ചു.
ഇരുവിഭാഗവും തമ്മില്‍ അനുരഞ്ജനചര്‍ച്ചകള്‍ക്ക് തയ്യാറായി.
അതോടെ 36 വര്‍ഷമായി കീറാമുട്ടിയായി കിടന്നതര്‍ക്കം രമ്യമായി പരിഹരിക്കപ്പെട്ടു

ജനങ്ങളുടെ നന്‍മയും ഒത്തൊരുമയുമാണ് ഒരുദേശത്തിന്‍റെ കരുത്ത്.
ഈ തിരിച്ചറിവാണ് നീണ്ടനാളത്തെ പകയും വിദ്വേഷവും മറന്ന് ഇവരെ വീണ്ടും ഒന്നിപ്പിച്ചത്.
മൂന്നരപതിറ്റാണ്ടിലേറെ നീണ്ട കോടതിവ്യവഹാരങ്ങള്‍ക്കും സ്പര്‍ദ്ധയ്ക്കും അറുതിവരുത്താന്‍ വെറും നാലേ നാല് കൂടിക്കാഴ്ച്ചമാത്രമേ ഇവര്‍ക്ക് വേണ്ടിവന്നുള്ളു.
ഈ നാലേനാല് കൂടിക്കാഴ്ച്ചയ്ക്കിടെ ഇവര്‍ സ്വത്ത് ഭാഗിച്ചു.
അതും ഏകകണ്ഠമായിതന്നെ.
1995 ല്‍ സുപ്രീംകോടതിവിധിവന്നിട്ടും സത്ബുദ്ധി ഉദിക്കാന്‍ തങ്ങള്‍ക്ക് ഏറെ കാലം വേണ്ടിവന്നുവെന്ന അഭിപ്രായമാണ് മിക്കഇടവകക്കാര്‍ക്കും.
ജനങ്ങള്‍ പ്രശ്നപരിഹാരത്തിന് നേതൃത്വം നല്‍കി തീരുമാനമെടുത്തശേഷം
അത് ബാവമാരെ അറിയിക്കുകയായിരുന്നു.
ഇവരുടെ തീരുമാനത്തെ ബാവമാര്‍ അങ്ങേയറ്റം സന്തോഷത്തോടെ സ്വീകരിച്ചു.
ഇടവകവികാരികളായ ഫാദര്‍ ജേക്കബ് മിഖായേലും ഫാദര്‍ ഗീവര്‍ഗീസ് സാമുവല്‍ ആറ്റുവയും നടത്തിയ ആത്മാര്‍ത്ഥമായ ശ്രമം തന്നെയാണ് പ്രശ്നപരിഹാരത്തിന് ഹേതുവായത്.
പക്ഷേ, അതിലുമേറെ ആത്മാര്‍ത്ഥമായസേവനം ഇടവകവിശ്വാസികളില്‍നിന്നാണ് ലഭിച്ചത്.
അവരുടെ ഇച്ചാശക്തിയില്ലായിരുന്നുവെങ്കില്‍ മൂന്ന് വര്‍ഷത്തെ സേവനത്തിനായി
ഇടവകയിലെത്തിയവികാരിമാര്‍ക്ക് ഇത് സാധ്യമാകുമായിരുന്നില്ല.
പ്രശ്നപരിഹാരത്തിനുശേഷം ഇടവകയിലെ ആദ്യശവസംസ്ക്കാര ചടങ്ങിന് ഇരു വിഭാഗത്തിലേയും വികാരികള്‍ ഒരുമിച്ചാണ് നേതൃത്വം നല്‍കിയത്.

കാതോലിക്കാബാവമാര്‍ നേരിട്ട് ഇടപെട്ടിട്ടും തൃക്കുന്നത്ത് സെമിനാരി ഉള്‍പ്പടെ
നിരവധി പള്ളികള്‍ സഭാതര്‍ക്കത്തെ തുടര്‍ന്ന് അടഞ്ഞ്തന്നെ കിടക്കുമ്പോളാണ് വിശ്വാസികളുടെ ഇച്ഛാശക്തി ഒന്നുകൊണ്ടുമാത്രം ചീങ്ങേരി പള്ളി പ്രശ്നം ഒത്തുതീര്‍ന്നത്.
തൃക്കുന്നത് സെമിനാരി ഉള്‍പ്പടെ എല്ലാ പള്ളികളും തുറക്കാന്‍
തങ്ങളുടെ പാതപിന്തുടര്‍ന്നാല്‍ മതിയെന്നും ഇപ്പോള്‍ ചീങ്ങേരിക്കാര്‍
അഭിമാനത്തോടെ പറയുന്നു.
പ്രശ്നങ്ങള്‍ നാം സ്വയം ഉണ്ടാക്കുന്നതാണെന്നും ഇവപരിഹരിക്കാന്‍
പരസ്പരം മനസുതുറന്ന് സംസാരിച്ചാല്‍മതിയെന്നും ചീങ്ങേരിക്കാര്‍ നമ്മെ പഠിപ്പിക്കുന്നു.
ബാവമാര്‍ ആശീര്‍വദിച്ച ചീങ്ങേരിഇടവകക്കാരുടെ മാതൃക ബാവമാര്‍ പിന്തുടരുമോ?
തൃക്കുന്നത്ത് ഉള്‍പ്പടെ കര്‍ത്താവിന്‍റെ (?) സ്വത്തിനുവേണ്ടിയുള്ള തര്‍ക്കത്തില്‍പെട്ട
പള്ളികളില്‍ ഇനിയും സമാധാനത്തിന്‍റെ സങ്കീര്‍ത്തനങ്ങള്‍ കേള്‍ക്കുമോ?
കാതോര്‍ക്കാം, കാത്തിരിക്കാം....






“പിതാവേ, അവരോട് ക്ഷമിക്കേണമേ
എന്തെന്നാല്‍ അവര്‍ചെയ്യുന്നത് എന്തെന്ന് അവര്‍ അറിയുന്നില്ല....”
(ലൂക്ക 23:34-35)


Friday, 16 July 2010

ഇവരും ഭൂമിയുടെ അവകാശികളാണ്

ആനകളെ എത്രകണ്ടാലും ആര്‍ക്കും മതിവരില്ല
കരിമ്പനാണെങ്കിലും ആനയിങ്ങനെ മസ്തകവും കുലുക്കി പനയും പട്ടയുമൊക്കെ തിന്നുന്നത് കാണുന്നത് തന്നെ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു അനുഭവമാണ്.
ആനയെകാണുമ്പോള്‍ അതിയായി സന്തോഷിക്കുന്ന ഒരു ശരാശരി മലയാളിയാണ് ഞാന്‍
എല്ലാദിവസവും ആനകളെ കാണാനായാല്‍ ഞാന്‍ കൂടുതല്‍ സന്തോഷവാനാകും


അതിനാല്‍തന്നെയാണ് വയനാട്ടിലെ കാടുകളിലൂടെ യാത്രചെയ്യുമ്പോള്‍
എന്‍റെ കണ്ണുകള്‍ ആനകള്‍ക്കായി തിരയുന്നതും





കുറ്റിക്കാടിനുള്ളില്‍ പതുങ്ങിനിന്ന് ഇളംമുളകള്‍ കടിച്ച് ചവച്ച് തിന്നുന്ന ആനകൂട്ടത്തെകാണുമ്പോള്‍ അവര്‍ എന്തിനേയോ ഭയക്കുന്നില്ലേ എന്ന് തോന്നിപോകാറുണ്ട്.


തങ്ങളുടെ സ്വൈര്യവിഹാരത്തിന് അലോസരമുണ്ടാക്കി കടന്നുവരുന്ന മനുഷ്യനെയാണ്

അവര്‍ ഭയക്കുന്നത് എന്ന് വ്യക്തം.
വാരിക്കുഴി തീര്‍ത്ത് തങ്ങളെ തങ്ങളുടെ ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും
അടര്‍ത്തിമാറ്റി ഉത്സവപറമ്പിലേക്ക് വിലങ്ങും ചാര്‍ത്തി ആനയിച്ച് ആഘോഷിക്കുന്ന
ഈ മനുഷ്യനെന്ന കരുണയില്ലാത്തവര്‍ഗത്തെ അവര്‍ക്ക് പേടിയാണ്,


ആനകളുടെ മാത്രം കാര്യമല്ല ഇത്
മാനും കുരങ്ങും പുലിയുമെല്ലാം ഇന്ന് മനുഷ്യനെ പേടിച്ചാണ് കഴിയുന്നത്.
രാത്രികാലങ്ങളിലുള്ള ഇവയുടെ സഞ്ചാരം പലകാട്ടിനുള്ളിലും മനുഷ്യനെ ഭയന്നാണ്.
ഇരട്ടകുഴല്‍തോക്കുമായി പതിയിരിക്കുന്ന നായാട്ടുകാര്‍ക്ക് പുറമേ
കാട്ടിനുനടുവിലൂടെ പോകുന്ന റോഡിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങളേയും ഭയക്കണം.

കോഴിക്കോട് - ബാംഗ്ലൂര്‍ ദേശിയപാത 212 ലൂടെ പാഞ്ഞ്പോയ ഒരുലോറി

ഒരിക്കല്‍ ചത്തച്ചരച്ചത് ഒരു പാവം ആനയുടെ ജീവിതമാണ്.
റോഡ് മുറിച്ചുകടക്കുകയായിരുന്ന പാവം കുട്ടികൊമ്പനെ ഇടിച്ചുതെറിപ്പിച്ച ലോറി
അവനെ വലിച്ചിഴച്ചുകൊണ്ടുപോയത് മീറ്ററുകളോളമാണ്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.
ഇത്തരത്തില്‍ നിരവധി മൃഗങ്ങളുടെ ജീവിതമാണ് കാടുകളിലെ റോഡുകളില്‍ ചതഞ്ഞരത് .

ഇതിനെതുടര്‍ന്നാണ് ദേശിയപാത 212 ലൂടെയുള്ള രാത്രികാല ഗതാഗതം നിരോധിച്ചത്.
കേരളത്തിനെ ഒന്നാകെ തടവിലാക്കുന്നതുപോലെയായി
ചാരാജ് നഗര്‍ ഡെപ്യൂട്ടി കമ്മീഷ്ണര്‍ മനോജ് കുമാര്‍ മീണയുടെ ഉത്തരവ്.
പക്ഷെ , കേരളത്തിന്‍റേയും ബാംഗ്ലൂരിലെ മലയാളികളുടേയും അഭ്യര്‍ത്ഥനമാനിച്ച്
കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ നിരോധനം നീക്കി.
പക്ഷെ, പരിസ്ഥിതി പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍
കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവെച്ചു
അതോടെ മൂലഹൊള മുതല്‍ മദൂര്‍ വരെയുള്ള 20 കിലോമീറ്റര്‍ ദൂരം രാത്രിയില്‍
വന്യജീവികള്‍ക്ക് സ്വന്തമായി.

ബദല്‍ സംവിധാനങ്ങള്‍ പലതും നിര്‍ദേശിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

ഗോണിക്കുപ്പ- കുട്ട – മാനന്തവാടി റോഡിലൂടെ ബദല്‍ യാത്രയാകാമെന്നായി കോടതി
പക്ഷെ കഷ്ടിച്ച് ഒരു ബസ്സിന് മാത്രം പോകാവുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ എങ്ങനെ ?
ആറ് മാസത്തിനുള്ളില്‍ ഇത് ഗതാഗതയോഗ്യമാക്കണമെന്നും ഹൈക്കോടതി കര്‍ണാടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും സ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല.
അതിനിടെ കര്‍ണാടക ഹൈക്കോടതിവിധിക്കെതിരെ കേരളം പരമോന്നതകോടതിയിലെത്തി.
കേസ് പരിഗണിക്കുന്നതിനുമുമ്പ് പ്രശ്നപരിഹാരത്തിന് ഇരുസംസ്ഥാനങ്ങളും ചേര്‍ന്ന് പദ്ധതിതയ്യാറാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
ഇതിന്‍റെ ഭാഗമായി ബാംഗ്ലൂരിലേക്ക് കത്തയച്ചതല്ലാതെ നമ്മുടെസര്‍ക്കാര്‍ ഒന്നും ചെയ്തില്ല. രാത്രിയാത്ര നിരോധിക്കുമ്പോള്‍ കോടതി ഒരു ആനുകൂല്യം ഇരുസര്‍ക്കാരിനും നല്‍കിയിരുന്നു. അതായത്, 2 ബസ്സുകള്‍ വീതം ഇരുകൂട്ടര്‍ക്കും രാത്രിയില്‍ സര്‍വ്വീസ് നടത്താം.
കര്‍ണാടകം ഇത് പ്രയോജനപ്പെടുത്തി. പക്ഷെ, അവിടെയും കേരളം പിറകോട്ട് ഓടി.
കോടതി ഉത്തരവോടെ കഴിഞ്ഞ (2009) തിരുവോണ നാള്‍ മുതല്‍ രാത്രിയാത്ര ഇല്ലാതായി.
വനത്തിനുള്ളിലെ കര്‍ണാടകയുടെ ചെക്ക് പോസ്റ്റില്‍ ആയിരക്കണക്കിന് വരുന്ന സ്വകാര്യവാഹനങ്ങളും ചരക്ക് വാഹനങ്ങളും ബസ്സുകളുമെല്ലാം പെരുവഴിയിലായി. കൊടുവനത്തിനുള്ളില്‍ തണുത്തുവിറച്ച് വന്യജീവികളെ പേടിച്ച് എല്ലാവരും നേരം പുലരുന്നതും കാത്ത് കെട്ടികിടന്നു.
രാത്രി കാട്ടാനകള്‍ തങ്ങളുടെ വഴിമുടക്കി കിടന്ന വാഹനങ്ങളെ ആക്രമിക്കുകയും ചെയ്തു. ചരക്കുവാഹനങ്ങള്‍ വഴിയില്‍ കിടന്നതോടെ പച്ചക്കറിയും മറ്റും ചിലവേറിയതായിമാറി.
നിരോധനം വന്നശേഷം കാട്ടില്‍ വന്യജീവികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി
ഇത് സംബന്ധിച്ച് ഈ കാലയളവില്‍ പഠനം നടത്തിയ സംഘടനകള്‍ പറയുന്നു.

പാറ്റയും ഈച്ചയും പുഴുവും എലിയുമെല്ലാം ഭൂമിയുടെ അവകാശികളാണ് എന്നത്

ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞത് നാം അംഗീകരിക്കാന്‍ മടിക്കേണ്ടതില്ല.

നമ്മെ പോലെതന്നെ അവയും പ്രകൃതിയുടെ, ദൈവത്തിന്‍റെ സൃഷ്ടിയാണ്.
അവയ്ക്കും നമ്മെ പോലെതന്നെ സ്വതന്ത്രമായി അവരുടെ വാസസ്ഥലത്ത് താമസിക്കാന്‍
അര്‍ഹതയുണ്ട്.
നമ്മുടെ വീട്ടിനകത്തൂടെ നാട്ടുകാര്‍ ഇടയ്ക്കിടയ്ക്ക് കയറിയിറങ്ങിയാല്‍
നമ്മുടെ സ്വകാര്യ ജീവിതം എത്രമാത്രം ദുസ്സഹമാകുമെന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ?
അതുമാത്രമാണ് വന്യജീവികളുടെ കാര്യത്തിലും സംഭവിക്കുന്നത്.


നമ്മെ പോലെ വന്യജീവികളും ഭൂമിയുടെ അവകാശികളാണെന്ന് അംഗീകരിച്ച് അവരെ സ്വൈര്യമായി ജീവിക്കാന്‍ എന്തുകൊണ്ട് നമുക്ക്അനുവദിച്ചുകൂട?