Sunday, 8 November 2009

മാപ്പ് ലക്ഷ്മി...മാപ്പ്....

2009 സെപ്തംബര്‍ 14 ന്, തിങ്കളാഴ്ച്ച കാലത്ത് 8 മണിക്കാണ്
പെരുമ്പാവൂരിനടുത്തെ ഇരിങ്ങോള്‍ കാവിലെ ലക്ഷ്മി എന്ന ആന ചരിഞ്ഞത്.
വയസ് 70 നും 80 നുമിടയില്‍ (കൃത്യമായി ഉറപ്പില്ല)
1988 ല്‍ കട്ടപ്പനയില്‍ നിന്ന് കൊണ്ടുവന്ന നാട്ടുകാര്‍ നടയ്ക്കിരുത്തിയതാണ് ലക്ഷ്മിയെ.
നാട്ടുകാരുടെ പൊന്നോമനയായിരുന്നു ലക്ഷ്മി.
ഉച്ചക്കും വൈകീട്ടും സ്ക്കൂള്‍ വിട്ടെത്തുന്ന കുട്ടികളുടെ കളിക്കൂട്ടുകാരി.
ഇതൊക്കെയാണെങ്കിലും മനുഷ്യന്‍ മനുഷ്യന്‍ തന്നെയാണല്ലോ...!
ലക്ഷ്മി ചരിഞ്ഞത് നാട്ടുകാര്‍ക്കെല്ലാം വല്ലാത്തവിഷമം സമ്മാനിച്ചാണ്.
എന്നാല്‍ മരണശേഷം സംസ്ക്കരിക്കാന്‍ ഒരുങ്ങിയപ്പോഴാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആനയെ വനത്തില്‍
സംസ്ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് ഡിഎഫ്ഓ നിര്‍ബന്ധം പിടിച്ചു.
തുടര്‍ന്ന് വനംമന്ത്രി ബിനോയ് വിശ്വം, ദേവസ്വം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുടങ്ങിയ ജനപ്രതിനിധികല്‍ ഇടപെട്ടെങ്കിലും പ്രശ്നപരിഹാരമായില്ല.
ആന തങ്ങളുടേതാണെന്ന് എഴുതിനല്‍കാമെന്ന് ദേവസ്വം കമ്മീഷണര്‍.
പോരെന്ന് വനം വകുപ്പ്.
മൂവാറ്റുപുഴയിലെ ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ്
സാധാരണ ചരിഞ്ഞ ആനകളെ മറവ് ചെയ്യാറ്.
എന്നാല്‍ ഈയിടെ ഇവിടെ മറവുചെയ്ത ആനയ്ക്ക്
ആന്ത്രാക്സ് രോഗം ഉണ്ടായിരുന്നുവെന്ന അഭ്യൂഹത്തെതുടര്‍ന്ന് നാട്ടുകാര്‍ എതിര്‍ത്തിരുന്നു,
ഇതോടെ ഇവിടെയും മറവുചെയ്യാന്‍ വയ്യാത്ത അവസ്ഥയായിരു്ന്നു.
തുടര്‍ന്ന് പാലക്കാട്ടെ മംഗലം ഡാമിനടുത്തുള്ള ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്
ആനയെ സംസ്ക്കാരിക്കാന്‍ ധാരണയായി.
രാത്രി 12 മണിയോടെ ലോറിയില്‍ ആനയേയും കയറ്റി നാട്ടുകാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെയെത്തി. പക്ഷെ, നാട്ടുകാര്‍ക്ക് എതിര്‍പ്പുണ്ടെന്ന് പറഞ്ഞ് പോലീസ് ആ നീക്കവും തടഞ്ഞു.

പിന്നെ വീണ്ടും ഇരിങ്ങോലിലേക്ക്.
കാവില്‍ സംസ്ക്കരിക്കാമെന്ന് തീരുമാനത്തിലാണ് നാട്ടുകാര്‍ ഇരിങ്ങോളിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ കാവില്‍വച്ച് പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതിനെ എതിര്‍ത്തതോടെ വീണ്ടും വഴിമുട്ടി.
പോസ്റ്റ്മോര്‍ട്ടം നടത്താതെ മറവ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഫോറസ്റ്റുകാര്‍.
ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെതുടര്‍ന്ന്
മലയാറ്റൂരിനടുത്തെ പെരുന്തോട് വനത്തില്‍ സ്ഥലം അനുവദിക്കാമെന്നായി വനംവകുപ്പ് .
പ്രശ്നങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല.
ആദ്യം വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ട് നല്‍കിയാല്‍മതിയെന്നു പറഞ്ഞ ഫോറസ്റ്റുകാര്‍
പിന്നെ മുദ്രപത്രത്തില്‍ എഴുതി തരണമെന്ന് ആവശ്യപ്പെട്ടു.
വനത്തിന് നടുവില്‍ എവിടെനിന്ന് കിട്ടാനാണ് മുദ്രപത്രമെന്ന ചോദ്യത്തിന് ഫോറസ്റ്റ് കാര്‍ക്ക് മറുപടിയില്ല.
ഒടുവില്‍ ആ കടമ്പയും ഒരുവിധം കടന്നു.
സംസ്ക്കരിക്കാന്‍ കാടിനുനടുവില്‍ സ്ഥലമായി.

എന്നാല്‍ കാട്ടില്‍ കിലോമീറ്ററുകളുള്ളില്‍ ഫോറസ്റ്റുകാര്‍ ആദ്യം നല്‍കിയ സ്ഥലം
പാറകല്ലുകള്‍ നിറഞ്ഞതായത് വീണ്ടും പ്രതിഷേധത്തിനിടയാക്കി.
മൂന്നിടങ്ങളില്‍ മാറിമാറി കുഴിച്ച ശേഷമാണ് മറവുചെയ്യാന്‍ പറ്റുന്ന സ്ഥലം കണ്ടെത്താന്‍ ആയത്.
ഒരുഘട്ടത്തില്‍ ഫോറസ്റ്റുകാരുടെ പെരുമാറ്റത്തില്‍ മനം മടുത്ത്
ആനയെ കാട്ടില്‍ ഉപേക്ഷിച്ച് മടങ്ങാനും നാട്ടുകാര്‍ ശ്രമിച്ചു.
ഒടുവില്‍ നീണ്ട തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഉച്ചക്ക് 2 മണിയോടെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തി
ലക്ഷ്മിയെ മറവ് ചെയ്തത്.
അതും ചരിഞ്ഞ് 30 മണിക്കൂറുകള്‍ പിന്നിട്ടശേഷം....!

മിണ്ടാപ്രാണികളോട് ക്രൂരതകാട്ടി രസിക്കുന്ന ചിലരെകുറിച്ച് കേട്ടിട്ടുണ്ട്,
പത്രതാളുകളില്‍ വായിച്ചിട്ടുമുണ്ട്.
എന്നാല്‍ ജീവനില്ലാത്ത ഒരു മിണ്ടാപ്രാണിയോട്
ഇത്തരത്തില്‍ പെരുമാറിയതിന് ആരെയാണ് നാം പഴിക്കേണ്ടത്?
നമ്മിലെ വറ്റിയ മനുഷ്യത്വത്തെയോ...?
അതോ ഒരുകൂട്ടം ഉദ്യോഗസ്ഥവൃന്ദത്തെയോ...?
അതുമല്ലെങ്കില്‍ ആചാരങ്ങളുടെ പേരില്‍ ആ പാവത്തെ ദ്രോഹിച്ച് നമ്മളെതന്നെയോ?
അതും അമ്മയില്‍ നിന്ന് വേര്‍പെടുത്തി ഉപയോഗിച്ച ഒരുപാവത്തിനോട്...
മാപ്പ് ലക്ഷ്മി...മാപ്പ്....

പ്രതീക്ഷ

ഇന്നലത്തെ വാര്‍ത്തയിലും
കശ്മീരിന്‍റെ ദൈന്യമുഖം നിറഞ്ഞുനിന്നു
നിലയ്ക്കാത്ത രോദനങ്ങളും
വെടിയൊച്ചകളും
അവളുടെ അന്തരീക്ഷത്തില്‍
മാറ്റൊലികൊണ്ടേയിരിക്കുന്നു
'ഭൂമിയിലെ പറുദീസ'യിലിപ്പോള്‍
ദേവന്‍മാരുടെ സാനിധ്യമില്ല
ദേവാംഗനകളുടെ നൃത്തവുമില്ല.
ഇന്നിവിടം സാത്താന്‍റെ ഇടത്താവളം മാത്രം
കശ്മീരിലെ മഞ്ഞിനും പനീര്‍പൂവിനും
ഇപ്പോള്‍ ചോരയുടെ നിറവും മണവും മാത്രം.
ഒരിക്കല്‍, ദാലിന്‍റെ തീരത്ത്
ഷിക്കാരകളെ കാത്തുകിടന്ന
സഞ്ചാരികളുണ്ടായിരുന്നു.
എന്നാലിന്ന് ബന്ധുക്കളെ കാത്തുകിടക്കുന്ന
അഴിഞ്ഞുനാറിയ മൃതദേഹങ്ങള്‍ മാത്രം.
"......എന്ന് പേരുള്ള യുവാവിനെ കാണ്‍മാനില്ല"
കശ്മീരിലെ പത്രങ്ങളും റേഡിയോയും ആവര്‍ത്തിക്കുന്നു.
മാറ്റം പേരുകളില്‍ മാത്രം
ഒടുവിലവനും താഴ്വരയിലേതെങ്കിലും
തണുത്തുറഞ്ഞ നദിയിലെ
ഓളങ്ങളിലുലഞ്ഞുലഞ്ഞ് ഒരു
പൊങ്ങുതടിയായി തീരമണയും

എങ്കിലും, ഇവര്‍ പ്രതീക്ഷയിലാണ്.
കശ്മീരിന്‍റെ മഞ്ഞിന്
വെളുത്തനിറം തിരികെവരുമെന്ന്
പനീര്‍പൂക്കള്‍ വീണ്ടും സുഗന്ധം പരത്തുമെന്ന്
ജഹാംഗീറിന്‍റെ പൂന്തോട്ടങ്ങളില്‍
വസന്തം തിരികെയണയുമെന്ന്
കശ്മീരിനുമേല്‍
വെള്ളരിപ്രാവുകള്‍ പറന്നുനടക്കുമെന്ന്
വരാനിരിക്കുന്ന തലമുറകള്‍
മരണത്തിനുപകരം ജീവിതത്തെകുറിച്ച്
സ്വപ്നങ്ങള്‍ നെയ്യുമെന്ന്...


നമുക്കിടയില്‍ ....

നമുക്കിടയില്‍
ഒരോര്‍മ്മയുടെ
നിഴല്‍പാടുണ്ട്...


മൊഴിയാതെപോയ
വാക്കുകളുടെ
മാറ്റൊലിയുണ്ട്...


ദര്‍ശിക്കാതെപോയ
വേദനകളുടെ(കാഴ്ച്ചകളുടെ)
മായാത്തവര്‍ണങ്ങളുണ്ട്...


അറിയാതെപോയ
ദുരന്തങ്ങളുടെ
ആര്‍ത്തനാദങ്ങളുണ്ട്....


ഉടഞ്ഞുമണ്ണടിഞ്ഞുപോയ
മണ്‍പാത്രങ്ങളുടെ
തുടിതാളമുണ്ട്...


എഴുതാതെപോയ
കവിതയുടെ
അര്‍ത്ഥതലങ്ങളുണ്ട്...


തെളിയാതെപോയ
സ്വപ്നങ്ങളുടെ
മാധുര്യമുണ്ട്...


പറയാതെപോയ
പ്രണയത്തിന്‍റെ
നഖപാടുകളുണ്ട്...


അതിലുമുപരിയായി
നമുക്കിടയില്‍
'ഞാനും' 'നീ'യുമുണ്ട്...