Wednesday 6 March 2024

ജൻമശൈലത്തിൻറെ കൊടുമുടിയിൽ....

രാവിലെ മൂന്നരയോടെ തന്നെ ക്യാമ്പിലെ വിളക്കുകൾ തെളിഞ്ഞു.

പുറത്ത് നിന്ന് ഉച്ചത്തിൽ പാട്ട് കേൾക്കാം, ക്യാൻറീനിലെ തൊഴിലാളികൾ ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങിയതാണ്.

അഞ്ച് മണിയോടെതന്നെ ഡോർമെട്രിയിൽ നിന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി

പ്രഭാതകർമങ്ങൾ പൂർത്തിയാക്കി വേണം മലകയറാൻ. 

കുളിച്ചെത്തിയവരിൽ പലരും നെറ്റിയിൽ വലിയ ഭസ്മകുറിയെല്ലാം ചാർത്തിയിരിക്കുന്നു.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് അവർ.

അവർ വെറും സഞ്ചാരികളല്ല, വിശ്വാസികളാണ്.  

അവർക്ക് അഗസ്ത്യനെ തൊഴുന്നത് വിശ്വാസത്തിൻറെ ഭാഗമാണ്.

ശബരിമലയ്ക്ക് വ്രതമെടുത്ത് പോകുന്നത് പോലെ അഗസ്ത്യാർകൂടത്തിലേക്കും വ്രതമെടുത്താണ് അവരുടെ വരവ്

മുമ്പ് അഗസ്ത്യാർമലയിൽ പൂജ നടത്താനെല്ലാം അനുവദിച്ചിരുന്നുവത്രേ,ഇപ്പോൾ അതില്ല. 


ഭാഗ്യത്തിന് രാവിലെ രാത്രിയിലേത് പോലെ വലിയ കാറ്റില്ല. 

ആകാശം പക്ഷേ അപ്പോഴും കോട പുതച്ച് കിടക്കുന്നു. 

ബേസ് ക്യാമ്പിൽ നിന്ന് തെളിഞ്ഞ കാലാവസ്ഥയിൽ അഗസ്ത്യാർകൂടം കാണാവുന്നതാണ്,

കയറിപോകുന്ന വഴിയുമെല്ലാം നന്നായി തെളിഞ്ഞ് കാണാം.

എന്നാൽ ഇന്ന് അതല്ല സ്ഥിതി. 

ഇന്ന് മലകയറാൻ പ്രയാസം കാണില്ല, എന്നാൽ മുകളിലെത്തുമ്പോൾ എന്തായിരിക്കും അവസ്ഥയെന്ന് പറയാനാവില്ല

അപ്രതീക്ഷിതമായി മാറുമെന്നതാണ് മലമുകളിലെ കാലാവസ്ഥയുടെ സ്വഭാവം

ഫോറസ്റ്റ് റേഞ്ചർ അനൂപിൻറെയാണ് മുന്നറിയിപ്പ്.

ഇന്ന് പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെന്ന് സ്വയം ആശ്വസിപ്പിച്ചു തയ്യാറായി.

തലേന്ന് രാത്രിതന്നെ രണ്ട് പേർക്കുള്ള ബ്രേക്ക് ഫാസ്റ്റിനുള്ള കൂപ്പൺ വാങ്ങിവെച്ചിരുന്നു

പാഴ്സലായാണ് ബ്രേക്ക്ഫാസ്റ്റ് തരുക. 

കാട്ടിൽ നിന്ന് തന്നെ പറിച്ചെടുക്കുന്ന നീണ്ട ഇലയിൽ പൊതിഞ്ഞ പാക്കറ്റുകൾ

ഒരുപൊതി അവിടെ ഇരുന്ന് തന്നെ കഴിച്ചു. മറ്റേത് ബാഗിൽ എടുത്ത് വെച്ചു

അഗസ്ത്യാർകൂടത്തേക്കുള്ള യാത്രയിൽ ലഗേജുകൾ കഴിവതും കുറച്ച് വേണം എടുക്കാൻ

കഴിഞ്ഞദിവസത്തേത് പോലെയല്ല ഇനിയത്തെ കയറ്റം

എട്ട് കിലോമീറ്ററാണ് അതിരുമലയിൽ നിന്ന് അഗസ്ത്യാർകൂടത്തിലേക്കുള്ളത്.


ഏഴ്മണിയോടെ തന്നെ ചെറുസംഘങ്ങളായി ആളുകൾ മലകയാറാൻ ആരംഭിച്ചു.

ഏഴരയോടെ ഞങ്ങളും മലകയാറാൻ തുടങ്ങി.

ആദ്യം കാട് കയറണം. 

കഴിഞ്ഞദിവസം നടന്ന അതേ കാടിൻറെ മറ്റൊരുവശത്തേക്കാണ് ഇന്നത്തെ യാത്ര.

കാടിൻറെ ഉൾകാമ്പിലേക്കാണ് ആദ്യയാത്ര

നാടുകാണിയെന്നാണ് ആദിവാസികൾ ഈ പ്രദേശത്തെ വിളിക്കുന്നത്

നാടുകാണിയിലൂടെ നടക്കുമ്പോൾ ചെറിയ ചെറിയ അമ്പലങ്ങൾ കാണാം.

നാട്ടിലെ അമ്പലങ്ങൾ പോലെ പടുത്ത് കെട്ടിയവയല്ല, മറിച്ച് ഒരു മരത്തിൻറെ ചുവട്ടിൽ വെറും കല്ലുകൾ

ആ കല്ലുകൾക്ക് കറുപ്പിലും വെളുപ്പിലുമെല്ലാമുള്ള ഉടയാടകളും ഭസ്മവും കുങ്കുമവും മഞ്ഞളുമെല്ലാം പൂശിയിരിക്കുന്നു

എന്നും വിളക്കുകൊളുത്താറുണ്ടെന്ന് തോന്നുന്നു.

ഇവയൊന്നും വെറും കല്ലുകളല്ല, ഓരോരോ മൂർത്തികളാണ്. 

മൂർത്തിയെ വന്ദിച്ച്, തൊട്ടുമുമ്പിലെ പാത്രത്തിലിരുന്ന ഭസ്മം തൊട്ട് മലകയറി.

കൂട്ടത്തിൽ സിദ്ധവൈദ്യം ചെയ്യുന്ന ഡോക്ടർമാരുമുണ്ട്.

അവരിലൊരാൾ, തിരുവനന്തപുരത്ത് നിന്ന് തന്നെയുള്ള ആദർശ് ഇത് പതിനൊന്നാം തവണയാണ് അഗസ്ത്യാർകൂടം കയറുന്നത്

മലകയറ്റത്തിന് നിരോധനമുണ്ടായിരുന്ന കാലത്ത് ഗുരുക്കൻമാർക്കൊപ്പം മറ്റൊരുകാട്ടുവഴിയിലൂടെ ആയിരുന്നുവത്രേ യാത്ര

ഔഷധോദ്യാനത്തിൽ നിന്ന് മരുന്ന് ശേഖരിക്കാനും അതേകുറിച്ച് പഠിക്കാനും ഒപ്പം ഗുരുവിനെ വന്ദിക്കാനുമായിരുന്നു യാത്ര

വഴി നീളെ ഔഷധങ്ങളെ കുറിച്ചും മറ്റുമായിരുന്നു ആദർശ് സംസാരിച്ചത്.

കീഴാർനെല്ലിയുടെ പലതരത്തിലുള്ള വകഭേദങ്ങൾ ആദർശ് കാട്ടിതന്നു.

കാട് കയറി കുന്നുകളുടെ മുകളിലേക്ക് എത്തുമ്പോൾ ചുറ്റുമുള്ള കാഴ്ച്ചകളും മാറിതുടങ്ങി

ചോലവനത്തിലെ ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾക്ക് പകരം പൂവിട്ട്  നിൽക്കുന്ന കുറ്റച്ചെടികൾ

കാട്ട് പൂവുകൾക്ക് ഭംഗിയേറെയാണ് 

മഞ്ഞുതുള്ളികളിൽ കുളിച്ച് നിൽക്കുന്ന പൂക്കളുടെ കാഴ്ച്ച ആരേയും ഉൻമേഷവാൻമാരാക്കും.

നേരം ഒമ്പത് ആയിട്ടും സൂര്യൻ മറനീക്കി പുറത്തുവന്നിട്ടില്ല.

സാധാരണനിലയിൽ വെയിൽകൊണ്ട് ക്ഷീണിക്കേണ്ട സമയമായിരിക്കുന്നു. 

ദൂരം പകുതിയോട് അടുത്തപ്പോൾ ആണ് ആദ്യത്തെ അരുവി കാണുന്നത്

വലിയ പാറകെട്ടിൽ നിന്ന് ഒഴുകിയെത്തുന്ന ഉറവ തീർത്ത അരുവിയാണത്.

അതിന് തൊട്ടുതാഴെ വലിയ ഒരു വെള്ളച്ചാട്ടവും.

കടുത്ത കോടമഞ്ഞിൽ പക്ഷെ വഴിപോലും കൃത്യമായി കാണുന്നില്ല

അതുകൊണ്ട് തന്നെ മലയും പാറയുമെന്നും തന്നെ കാഴ്ച്ചയിലില്ല.

മഞ്ഞ് നിറയുന്നതിനൊപ്പം തന്നെ ശക്തമായകാറ്റും വീശുന്നു.

പൊങ്കാലപാറ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

മുമ്പ് ആളുകൾ ഇവിടെ ദേവിക്ക് പൊങ്കാലയിടുമായിരുന്നു. 

എന്നാലിപ്പോൾ അതിനെല്ലാം നിയന്ത്രണമുണ്ട്.

പൊങ്കാലപാറയിലെ അരുവിയിൽ നിന്ന് കുപ്പിയിൽ വെള്ളം ശേഖരിച്ച് നടത്തം തുടർന്നു

ഇന്ന് അധികം വിശ്രമിക്കാൻ സമയമില്ല

12 മണിക്ക് മുമ്പ് അഗസ്ത്യാർകൂടം കയറണം. അല്ലെങ്കിൽ അങ്ങോട്ട് പ്രവേശനമില്ല

ആളുകൾ വേഗത്തിൽ മലകയറുന്നു.

വിശ്രമം ഇനി അഗസ്ത്യനെ കണ്ടശേഷം മാത്രം.

പാറയിൽ മാർക്ക് ചെയ്തിരിക്കുന്ന ദിശാസൂചികകൾ നോക്കി മലകയറി.

ദുർഘടമാണ് മുന്നിലെ വഴികൾ

കുത്തനെയുള്ള കയറ്റം, നനഞ്ഞ് ചെളിപുരണ്ട് കിടക്കുന്ന വഴികൾ

ഇളകിയതും അല്ലാത്തതുമായ ഉരുണ്ട് പാറകൾ

നേരിയ, ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ മാത്രം പാകത്തിലുള്ള ഇടവഴികൾ

വഴികൾക്ക് ഇരുപുറവും വെളിച്ചം കടന്നെത്തിയിട്ടില്ലാത്ത കാട്.

കാട്ടിനുള്ളിൽ നിന്ന് ചിലപ്പോൾ ഇലകൾ ഇളകുന്ന ശബ്ദം കേൾക്കാം

മൃഗങ്ങളാവാം, വിഷപാമ്പുകളുമാവാം.

മനുഷ്യൻറെ കാൽപെരുമാറ്റം കേൾക്കുമ്പോൾ കാട്ടിനുള്ളിലേക്ക് വലിയുന്നതാവാം, അല്ലെങ്കിൽ പതുങ്ങുന്നതുമാവാം

ഇവയെല്ലാം അവഗണിച്ച് മനുഷ്യർ മലകയറുന്നു

രണ്ട് പാറയുടെ ഇടുക്കിലൂടെ വേണം മുകളിലേക്ക് കയറാൻ

പിടിച്ച് കയറാൻ വടം കെട്ടിയിട്ടുണ്ട്.

അതിൽ പിടിക്കാതെ കയറൽ അത്ര പ്രായോഗികമല്ല, കയർ പിടിച്ച്, ഊന്നുവടിയും ചുമന്ന് നടക്കുന്നതും ശ്രമകരമാണ്.

അതും താണ്ടി മുകളിലെത്തുമ്പോൾ പിന്നെയും കാട്. 

മലയിറങ്ങുന്നവരോട് ഇനിയെത്ര ദൂരം ശേഷിക്കുന്നുവെന്ന് ചോദിച്ച് ആശ്വാസത്തിനുള്ള വഴികണ്ടെത്തുകയാണ് പലരും

ഒന്നരകിലോമീറ്റർ, ഒരു കിലോമീറ്റർ എന്നിങ്ങനെ മലയിറങ്ങുന്നവർ ഊഹകണക്ക് പറയും

ആശ്വാസം അത്രയല്ലേ ഇനിയുള്ളുവെന്ന് യാത്രികർ.

പക്ഷെ പിന്നെയും നടന്ന് നടന്ന് ഒന്നും ഒന്നരയുമെല്ലാം വെറും പൊയ്ദൂരമായിരുന്നുവെന്ന് തിരിച്ചറിയും

അപ്പോഴും മുഖങ്ങളിൽ നിരാശയില്ല,മറിച്ച്   ഇത്രയും പിന്നിട്ടതിൻറെ സന്തോഷം മാത്രം

കാട് പിന്നിട്ട് എത്തുന്നത് മലമുകളിലേക്കാണ്

ഇതുവരെ വന്നത് പോലെയല്ല ഇനി

അഗസ്ത്യൻറെ അടുത്തേക്ക് ഇനി ദൂരം കുറവാണ്

പക്ഷെ അത് രണ്ട് മലകൾ കയറി വേണം

നടന്ന് അല്ല, കയറിൽ പിടിച്ച് തൂങ്ങി മലചവിട്ടണം

ഇടയ്ക്കിടെ വലിയ കെട്ടുകൾ ഇട്ട വലിയ വടം മുകളിൽ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നു

ശക്തമായ കാറ്റിനേയും പാറയുടെ നനവിനേയും വെല്ലുവിളിച്ച് വേണം മലകയറാൻ.

ശക്തമായ കാറ്റിലും തണുപ്പിലും മലകയറൽ കഠിനമാണ്.

പക്ഷെ അതിസാഹസികതയൊന്നും ഒരു യാത്രയുടേയും ഭംഗി ഇല്ലാതാക്കില്ല

അത് യാത്രയുടെ സൌന്ദര്യവും ആവേശവും കൂട്ടുകയേ ഉള്ളു

കയറിൽ തൂങ്ങി താഴേക്കും മുകളിലേക്കും ആളുകൾ ഇടവിട്ട് കയറുന്നു.

അപ്പോഴും മുകളിൽ നിന്നോ താഴേ നിന്നോ ആളുകൾ റോപ്പിൽ വരുന്നത് കാണാൻ ആകാത്തത്രയും മഞ്ഞ്.

ഒരു റോപ് കഴിയുമ്പോൾ തന്നെ അടുത്ത മലകയറാനുള്ള റോപ്പ് മുന്നിൽ തെളിയുന്നു.

ക്ഷീണിക്കാതെ തൻറെ ടേൺ കാത്ത് നിന്ന് എല്ലാവരും ഒന്നൊന്നായി മലകയറി.

മൂന്ന് വലിയ പാറയാണ് ഇങ്ങനെ കയറിൽ തൂങ്ങി കയറിയത്.

മൂന്നാമത്തെ പാറയും കീഴടക്കി സ്വൽപം മല നടന്ന് കയറുമ്പോൾ കാറ്റ് അതിൻറെ ഏറ്റവും പാരമ്യത്തിലെത്തുന്നു

മഞ്ഞ് വീണ് തലയും മുഖവും ശരീരവുമെല്ലാം മഞ്ഞിൻകണങ്ങളാൽ മൂടപ്പെടുന്നു

കാറ്റിനെ വെല്ലുവിളിച്ച് ആ മലയും കീഴടക്കിയെത്തുമ്പോൾ മുന്നിൽ അഗസ്ത്യൻ.

കാറ്റും മഞ്ഞും ആസ്വദിച്ച് അഗസ്ത്യൻറെ പ്രതിമയ്ക്ക് മുന്നിൽ ശരസ് നമിക്കുമ്പോൾ ഈ യാത്ര പൂർണമാകുന്നു...

കാറ്റിലും മഞ്ഞിലും അഗസ്ത്യരുടെ മുന്നിൽ പ്രാർത്ഥനയോടെ ഇരിക്കുന്ന വിശ്വാസികൾ

അഗസ്ത്യരുടെ ക്ഷേത്രത്തിലേക്ക് ആരും അതിക്രമിച്ച് കയറുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന വാച്ചർ ഷിബു

ചെരിപ്പിടാതെ വിശ്വാസത്തിൻറെ ഭാഗമായി മലകയറിയ അമ്പത് പിന്നിട്ട ട്രിച്ചി സ്വദേശി അരുൾമൊഴി

പ്രായ്തിൻറെ അവശതകളെയെല്ലാം മറികടന്ന് മല കയറിയതിൻറെ ആവേശത്തിൽ ചിരിക്കുന്ന തൃശ്ശൂരിലെ ചേച്ചിമാർ

മലയുടെ മറുവശത്ത് കാറ്റ് കുറഞ്ഞ ഭാഗത്ത് കാഴ്ച്ചകൾ പരതുന്ന സഞ്ചാരികൾ

മലമുകളിൽ മലർന്ന് കിടന്ന് അതിവേഗത്തിൽ കടന്നുപോകുന്ന മേഘങ്ങളെ നോക്കി ആവേശത്തോടെ അലറുന്നവർ

പടങ്ങൾ പകർത്തുന്നവർ

കാലാവസ്ഥ തെളിയാത്തത് കൊണ്ടുവമാത്രം നഷ്ടമായ കാടിൻറേയും നാടിൻറേയും മലമുകളിലെ ദൃശ്യഭംഗിയെ കുറിച്ച് സങ്കടപ്പെടുന്നവർ

തിരിച്ചിറങ്ങാൻ മനസ് സമ്മതിക്കാതെ വിഷമിച്ചിരിക്കുന്നവർ

ഇനിയെന്ന് തിരികെ വീണ്ടുമിവിടെയിങ്ങനെ എന്നചോദ്യത്തിന് ഉത്തരം തേടുന്നവർ

ഭക്തിയിൽ അഗസ്ത്യനെ കണ്ട് പുണ്യം തേടിയെന്ന് ആശ്വാസം പൂണ്ട വിശ്വാസികൾ....

അഗസ്ത്യമലയിൽ ഞാൻ കണ്ടമനുഷ്യരെല്ലാവരും സന്തുഷ്ടരാണ്

ഞാനെന്ന ഭാവമില്ലാതെ ഈ കാട്ടിലും മലയിലും നമ്മളാണ് ഉള്ളത്, നമ്മളെല്ലാം തുല്യരാണ് എന്ന് സ്വയം തിരിച്ചറിയുന്നവർ...

ഇനി മടക്കമാണ്, 

മനസിലെ ഭാരമിറക്കിയല്ല, യാത്രയുടെ സൌന്ദര്യവും ആവേശവും നെഞ്ചിൽ നിറച്ചുവെച്ച്. 

ചൂണ്ടിലപ്പോഴും അഗസ്ത്യഹൃദയത്തിലെ വരികൾ ഉച്ചത്തിൽ നിറയുന്നു...


...........

ആദ്യഭാഗം ഇവിടെ വായിക്കാം

യാത്ര തീരുന്നില്ല..... 

Tuesday 5 March 2024

നാരായബിന്ദുവിൽ അഗസ്ത്യനെ കാണാൻ...

കാട്ടിലേക്കുള്ള ഓരോ യാത്രയ്ക്കും അതിൻറേതായ ഭംഗിയുണ്ട്. വേരുകൊണ്ടും ശിഖരങ്ങൾകൊണ്ടും പരസ്പരം പുണർന്ന് നിൽക്കുന്ന മരങ്ങൾ. പലവർണത്തിൽ, പലരൂപത്തിൽ തളിരണിഞ്ഞുനിൽക്കുന്ന ചെടികൾ. 

ഉരുൾപൊട്ടലിലും മലവെള്ളപാച്ചിലിലും വന്നടിഞ്ഞ ഉരുളൻ കല്ലുകൾ നിരന്ന് സ്വയംരൂപംകൊണ്ട പാതകൾ. 

പാറയിടുക്കുകളിലൂടെ ഒഴുകിയെത്തുന്ന തെളിനീരുറവകൾ, ചെറുവെള്ളച്ചാട്ടങ്ങൾ, കാട്ടരുവികൾ...

അവിചാരിതമായി, മറ്റൊരാൾക്ക് പകരക്കാരാനായാണ് അഗസ്ത്യാർകൂടം നടന്ന് കയറാനുള്ള വഴി തുറന്നത്. 

അഗസ്ത്യനെ തേടിയുള്ള യാത്ര മധുസൂദനൻ നായരുടെ 'രാമ രഘുരാമ' എന്ന് തുടങ്ങുന്ന അഗസ്ത്യഹൃദയം കവിതയിലൂടെ കുട്ടിക്കാലത്തെ അറിഞ്ഞതാണ്. മലകയറി അഗസ്ത്യനെ തേടിയുള്ള യാത്രയെ, അഗസ്ത്യനെ, ആ മലനിരയെ വരികളിലൂടെ കവി വരച്ചിട്ടത് അന്നേ മനസിൽ പതിഞ്ഞതാണ്.

സപ്തർഷികളിൽ പ്രമുഖനായ അഗസ്ത്യർ തപസിരുന്ന മലയിലേക്ക് പുണ്യം തേടിയും ഔഷധങ്ങൾ തേടിയും വരുന്നവർ നിരവധിയാണ്.

ഔഷധസസ്യങ്ങളുടെ ഉദ്യാനവുമാണ് അഗസ്ത്യാർമല. അപൂർവ്വങ്ങളായ ഔഷധസസ്യങ്ങളുടേയും ജീവജാലങ്ങളുടേയും വീട്.  

അതിരാവിലെ നഗരം ഉണരും മുമ്പേ ബോണക്കാട്ടിലേക്ക് യാത്രതിരിക്കുമ്പോൾ മനസിൽ നിറയെ വഴിയളന്ന്, വെയിലിന് മുന്നേ കാടും പുൽമൈതാനവുമെല്ലാം താണ്ടുന്നതായിരുന്നു.

ഒരു മനോഹരയാത്രയുടെ തുടക്കമെന്ന ചിന്തയും സന്തോഷവും മനസിൽ നിറഞ്ഞു.

വഴുവന്തോളിൽ നിന്ന് ഹെയർപിൻ വളവുകൾ ഒന്നൊന്നായി തിരിഞ്ഞും വളഞ്ഞും പുളഞ്ഞും ബോണക്കാടേക്ക് ചുരം കയറിയപ്പോൾ പുറത്ത് നനുത്ത കാറ്റ് വീശിക്കൊണ്ടിരുന്നു.

മുകളിലെത്തുമ്പോൾ താഴെ വളവുകൾ പിന്നിട്ട് ഇരച്ച്, കിതച്ച് കയറി വരുന്ന സർക്കാർ ബസ്.

അതിൽ നിറയെ നാരായ ബിന്ദുവിലെ അഗസ്ത്യനെ മാത്രം ധ്യാനിച്ചിരിക്കുന്നവർ...

ബോണക്കാട് എസ്റ്റേറ്റിന് സമീപത്തെ ചെറുകടയിൽ നിന്ന് പ്രാതൽ കഴിക്കുമ്പോൾ ബസ്സിൽ നിന്നിറങ്ങിയവർ നടന്നെത്തി.

ചെറുസംഘമായും ഒറ്റയ്ക്കുമെത്തിചേർന്നവർ പിന്നെ ഒറ്റ കൂട്ടമായി ഫോറസ്റ്റ് സ്റ്റേഷനിലേക്കുള്ള ആൾക്കൂട്ടത്തിൽ ലയിച്ചു.

അകാശം തെളിഞ്ഞതെങ്കിലും അതിശക്തമായ കാറ്റിൽ മരങ്ങൾ ചാഞ്ഞുലയുന്നത് തെല്ല് ആശങ്ക ഉയർത്തി.

ഇരുപത് പേരടങ്ങുന്ന ചെറുസംഘങ്ങളായാണ് മലമുകളിലേക്കുള്ള യാത്ര. ഓരോ സംഘത്തിനും ഓരോ ഗൈഡുകൾ.

തൊട്ടടുത്തെ സെറ്റിൽമെൻറ് കോളനിയിലെ ആദിവാസി വിഭാഗത്തിൽ നിന്നുള്ളവരാണ് ഗൈഡുകളായി ഒപ്പം ചേരുന്നത്.

രേഖകൾ പരിശോധിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി കടത്തിവിടുമ്പോൾ സമയം ഒമ്പതര കഴിഞ്ഞു.

കാട്ടിലേക്കുള്ള പാത, അഗസ്ത്യമലയിലേക്കുള്ള പാത ഇതാ മുന്നിൽ തുറന്നിരിക്കുന്നു.

ഇനി കാടിൻറെ വന്യതയിലേക്കാണ് വശ്യതയിലേക്കാണ് ഓരോ കാൽവെപ്പും.

തലയ്ക്ക് മീതെ പൊള്ളുന്ന വെയിൽ, ചുറ്റിലുമുള്ള മരശിഖരങ്ങളെ ശക്തമായി ഉലച്ച് വീശുന്ന ശക്തമായ കാറ്റ്... 

കിളികളുടെ ആരവം, ചീവീടിൻറെ കരച്ചിലുകൾ, ഇലകൾ ഇളകുന്ന ശബ്ദം...

കാടിൻറെ ഉള്ളിലേക്കുള്ള ഓരോ അടിയും ഹൃദയത്തോട് ചേർന്നുനിൽക്കുന്നവയാണ്.

കൈപിടിച്ച്, കഥകൾ പറഞ്ഞ്, കാടിലലിഞ്ഞ്, ഊന്നുവടിയൂന്നി കാട്ടുവഴിതാണ്ടുമ്പോൾ

വഴിയരികിൽ പാറകെട്ടിന് ഇടയിലൂടെ ഊർന്നൊഴുകിയെത്തുന്ന ഉറവകൾ..

ഓരോ രണ്ട് കിലോമീറ്റർ പിന്നീടുമ്പോഴും ഫോറസ്റ്റിൻറെ ചെറിയ റസ്റ്റിങ് സെൻററുകളും വാച്ച് ടവറുകളും കാണാം

രണ്ട് മീറ്ററോളം വീതിയിൽ ചുറ്റും ട്രഞ്ച് അടിച്ച് മരത്തിൻറെ കൊമ്പ് കൊണ്ടുമാത്രം സ്ഥാപിച്ച് നേരിയ പാലം മാത്രമാണ് അപ്പുറത്തേക്ക് കടക്കാനുള്ള മാർഗം.

ഇലകളിലും പൂക്കളിലുമെല്ലാം വിസ്മയങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുണ്ട് ഓരോ കാടും, ഒപ്പം അപകടവും. 

വിഷപാമ്പുകൾ, ആനയും കരടിയുമടക്കമുള്ള വന്യമൃഗങ്ങൾ,

കുത്തനെയുള്ള ചരിവുകളിൽ കാലൊന്ന് തെറ്റിയാൽ പിന്നെ തിരിച്ചുകയറാൻ വല്ലാതെ പണിപ്പെടേണ്ടിവരും

ഇടയിൽ പരപ്പാർന്നും ചിലയിടങ്ങളിൽ പാറകൾ നിറഞ്ഞ് ചെങ്കുത്തായ കയറ്റവും ഇറക്കവും.

താണ്ടിയുള്ള യാത്രയിൽ കണ്ണിന് കുളിർമയാണ് ഒരു കുഞ്ഞുപൊട്ടിൻറെ മുതൽ വലുപ്പമുള്ള വിവിധ വർണത്തിലുള്ള കാട്ടുപൂക്കൾ

കൂട്ടത്തിൽ ഒറ്റ ചെടികൊണ്ട് ഒരുവനം തന്നെ തീർത്ത പിങ്ക് പൂക്കൾ നിറഞ്ഞ കുറ്റിച്ചെടികൾ

അവ മഞ്ഞയും ചുവപ്പും പച്ചയും നിറത്തിലുള്ള ഒരു ചോലവനത്തിന് താഴെ കാഴ്ച്ചയുടെ മറ്റൊരു കാട് തീർക്കുന്നു.

ഇലകളിൽ പോലും കാഴ്ച്ചയുടെ വസന്തം തീർത്തവയാണ് ചോലവനങ്ങൾ

ശിശിരകാലത്തിൻറെ തിരുശേഷിപ്പായി ഇലപൊഴിഞ്ഞ് ശിഖരങ്ങൾ മാത്രമായി നിൽക്കുന്ന മരങ്ങൾ മറ്റൊരു വസന്തത്തിൻെറ വരവും കാത്തുള്ള നിൽപ്പാണ്.

യാത്രയിൽ ഒഴുക്കുവെള്ളത്തിൻറെ അരിക് പറ്റി നടക്കവെ ചറുതും വലുതുമായ വെള്ളച്ചാട്ടങ്ങൾ..

കടുത്ത വെയിലിലും പക്ഷെ എത്തിച്ചേരാനുള്ള ഇടത്തെ കുറിച്ചുള്ള ചിന്ത ക്ഷീണമെല്ലാം പമ്പകടത്തും

കാട്ടരുവിയുടെ തീരത്ത് ഒഴുകിയകലുന്ന ജലത്തിൽ കാൽ നാട്ടി അൽപം വിശ്രമം.

ഇനിയും അതിരുമലയിലെ ബേസ് ക്യാമ്പിലേക്ക് ദൂരം ഏറെയുണ്ട്.

ഇവിടെ,നാല് കിലോമീറ്റർ പിന്നിടുമ്പോൾ, ആദ്യത്തെ ഗൈഡിൻറെ ജോലി അവസാനിക്കുന്നു

ഞങ്ങളെ സുരക്ഷിതമായി ആദ്യഘട്ടം പൂർത്തിയാക്കി എത്തിച്ച ചാരിതാർത്ഥ്യത്തോടെ കവിൻ യാത്രപറഞ്ഞ് കവിൻ പാറപ്പുറത്ത് വിശ്രമിക്കാനിരുന്നു.

ഈ വിശ്രമം താൽക്കാലികം മാത്രമാണ്, മലയിറങ്ങുന്ന മറ്റൊരു സംഘത്തെ തിരികെ എത്തിക്കണം.


കുറച്ചുനേരം വിശ്രമിച്ചശേഷം വീണ്ടും മലകയറ്റമാരംഭിച്ചു

വെയിൽ കനക്കുംമുമ്പ് പുൽമൈതാനം കടക്കണം.

കത്തിനിൽക്കുന്ന സൂര്യന് കീഴിൽ ഏറ്റവും കഠിനവമാവുന്നതും ഈ ഭാഗമാണ്.

പിന്നെയും കാടിൻറെ ഭംഗി അസ്വദിച്ച്, കൂട്ടുകാരിയുമൊത്ത് ചിരിയും ചിന്തയും പങ്കുവെച്ച് നടത്തം തുടർന്നു.

ദൂരം പകുതി പിന്നിട്ടപ്പോൾ വീണ്ടും അരുവി.

അവിടെ യാത്രക്കാർ തണുത്ത, കാട്ടരുവിയിൽ ഇറങ്ങി ശരീരം തണുപ്പിക്കുന്നു

കയ്യിൽ കരുതിയ ഭക്ഷണം പങ്കിട്ട് കഴിച്ചു. അൽപനേരം പാറപുറത്ത് അരുവിയിലേക്ക് കാൽനീട്ടി വിശ്രമം.

തലയ്ക്ക് മേലെ ഇലപൊഴിഞ്ഞ മരശിഖരങ്ങൾക്കും മീതെ വേഗത്തിൽ പാഞ്ഞൊഴിയുന്ന മേഘപാടങ്ങൾ

വിരൽ തുമ്പിൽ സ്നേഹത്തിൻറെ ചൂട്, പാദത്തിൽ പ്രകൃതിയുടെ തണുപ്പ്....

നേരം രണ്ടരകഴിഞ്ഞു.

സൂര്യൻ കത്തിജ്വലിച്ച് തലയ്ക്ക് മീതെ തന്നെ.

ഇനി മൂന്ന് കിലോമീറ്ററോളം നടക്കേണ്ടത് പുൽമേടിലൂടെയാണ്.

മൊട്ടക്കുന്നിനുമേൽ പരന്ന് കിടക്കുന്ന തീറ്റപ്പുൽപോലെ അഗ്രം മൂർച്ചയേറിയ പുല്ലുകൾ.

അതിനിടെയിൽ അങ്ങിങ്ങായി പല്ലുകൊഴിഞ്ഞ മോണപോലത്തെ ശിഖരങ്ങൾ വിരിച്ച് മരങ്ങൾ.

പേരിന് പോലും തണലില്ലാത്ത പാതയാണ് മുന്നിൽ.

ഇത്രയും നേരം പിന്നിട്ടതിന് വിഭിന്നമായി ഇനി പാറക്കെട്ടുകളില്ല, മറിച്ച് ഇളകിയ മണ്ണും ചരലുംമാത്രം. 

ഫോറസ്റ്റിൻറ ക്യാമ്പിൽ കയറി ഭാണ്ഡക്കെട്ടിറക്കിവെച്ചു.

വെയിൽ ഒന്നുതാഴ്ന്നാകാം ബാക്കികയറ്റം.

അവിടെ അപ്പോൾ തന്നെ കുറച്ചുപേർ വെയിൽകായുന്നുണ്ട്.

പൊരിവെയിൽ ഒന്നു താഴ്ന്ന് ശേഷിക്കുന്ന യാത്രയ്ക്ക് മുമ്പായി കരുതിയ ബാക്കി ഭക്ഷണവും കഴിച്ചു.

മൊബൈൽ ഫോണുകൾക്ക് നെറ്റുവർക്കില്ലെന്നതിനാൽ തന്നെ കാടിൻറെ മിടിപ്പിനും വിരൽതുമ്പിലെ സ്നേഹത്തിനും മാത്രം സ്വയം സമർപ്പിച്ച മണിക്കൂറുകൾ...

വെയിൽ ഒന്നു ശമിച്ചപ്പോൾ പിന്നെയും കയറ്റം.

മൊട്ടക്കുന്നിന് മുകളിൽ സൂര്യൻ പൊള്ളിക്കുന്നു.

വല്ലപ്പോഴും വീശുന്ന കാറ്റ്പോലും ചൂടിന് ആശ്വാസം പകർന്നില്ല.

പുൽമേട് പിന്നിട്ട് വീണ്ടും കാടിൻറെ ഉള്ളിലേക്ക് 

താഴത്തെ ക്യമ്പിൽ വെച്ച് പരിചയപ്പെട്ട പ്രവീണും രഞ്ജിനിയും ആൻസിയും ആര്യനും കൂടെ ചേർന്നു.

വിശേഷങ്ങൾ പറഞ്ഞും പരസ്പരം അറിഞ്ഞും നടത്തം തുടർന്നു

ദുർഘടമായ കയറ്റമാണ് ഇനിയങ്ങോട്ട്.

ബേസ് ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടെ ഏറ്റവും ദുർഘടം പിടിച്ച ഭാഗവും ഇതാണ്.

കാടിൻറെ ഉള്ളിലേയ്ക്ക് കടന്നപ്പോൾ മുന്നിൽ ആന പിണ്ഡം

അധികം പഴക്കമില്ല, ഏറിയാൽ ഒന്നോ രണ്ടോ ദിവസത്തെ പഴക്കം മാത്രം

കാടിൻറെ ചൂരിനൊപ്പം ആനയുടെ ചൂരിന് മൂക്ക് പരതി

ഇല്ലിമുളകളും അരുവികളും നിറയെയുള്ള ആ കാട്ടിനുള്ളിൽ മരങ്ങൾക്കിടയിൽ എവിടെയോ അവൻ/അവൾ ഒളിച്ചിരിപ്പുണ്ടാകാം.

വയനാട്ടിലെ കാടുകൾ കയറിയപ്പോൾ പലപ്പോഴും ആനയെ അധികദൂരത്തിലല്ലാതെ കണ്ടിട്ടുണ്ട്  

അശാന്തമായും ശാന്തമായും മസ്തകം കുലുക്കി നീൽക്കുന്ന ആനകളെ. 


നേരം നാലര മണി കഴിഞ്ഞിരിക്കുന്നു.

ഈ കാട് കടന്നാൽ അതിരുമലയിലെ ബേസ് ക്യാമ്പിലെത്തും.

കാടിൻറെ നിറം മാറിതുടങ്ങി.

അരിച്ചരിച്ചിറങ്ങുന്ന സൂര്യവെളിച്ചം താഴ്ന്നുതുടങ്ങി

കുത്തനെയുള്ള കയറ്റം പലരേയും ക്ഷീണിപ്പിച്ചു.

കയ്യിൽ കരുതിയ എനർജി ബാറുകളും ഡ്രൈഫ്രൂട്സുമെല്ലാം പകർന്ന ഊർജത്തിൽ ഏന്തി നടന്നു.

കയറ്റം കഴിഞ്ഞ് നിരപ്പായ ഒരിടത്ത് കാറ്റത്ത് വീണ മരത്തിനുമുകളിൽ പലരും വിശ്രമിക്കുന്നു.

പുതിയ യാത്രികരെ പരിചയപ്പെടാനുള്ള സമയം കൂടിയാണ് ഈ ചെറു ഇടവേളകൾ

അയൽവാസിയായ മുഖ്താദിറിനെയും പങ്കാളി രചനയേയും പരിചയപ്പെട്ടത്. അപ്പോഴാണ്. ഇവിടെനിന്ന് അവരും ഒപ്പം ചേർന്നു.

രണ്ട് പേരിൽ നിന്ന് എട്ടുപേരിലേക്ക് യാത്രാ സംഘം വളർന്നു.

യാത്രകളുടെ ഭംഗി ഇത്തരം പുതിയ പരിചയപ്പെടലുകൾ കൂടി ചേരുന്നതാണ്.

എട്ടു മണിക്കൂറോളം നീണ്ട നടത്തത്തിനൊടുവിൽ അഞ്ചരയോടെ ആദ്യദിവസത്തെ യാത്ര അവസാനിക്കുകയായി.

ആദ്യദിനം പിന്നിട്ടത് പതിനാല് കിലോമീറ്ററോളം.

ക്യാമ്പിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നേരെ ക്യാൻറിനിലേക്ക്

ചൂടു ചുക്കുകാപ്പി - ഗോത്രവിഭാഗത്തിൻറെ സ്വന്തം രൂചികൂട്ടിൽ തയ്യാറാക്കിയ - കുടിച്ച് വിശ്രമം.

ഇനി കുളിക്കണം.

ക്യാമ്പിന് അധികം അകലെയല്ലാതെ ഒരു അരുവിയുണ്ട്.

അവിടെ പോയി ഒന്നുമുങ്ങി കുളിക്കാനുള്ള ഓട്ടമായി പിന്നെ.

ആറ് മണിവരെ മാത്രമാണ് ട്രഞ്ച് ചാടികടന്നുള്ള ആ അരുവിയിലേക്ക് പ്രവേശനം.

ഇരുട്ടായാൽ കരടിയിറങ്ങും, ചിലപ്പോൾ ആനയും.

നടന്നു വന്നശേഷം കാട്ടരുവിയുടെ തണുപ്പിൽ ഒന്നു മുങ്ങിനിവർന്നപ്പോൾ ക്ഷീണമെല്ലാം ക്ഷണനേരംകൊണ്ട് മാറി. 

പ്രകൃതിയുടെ മറ്റൊരു അത്ഭുതമാണത്.

ഇരുൾ പരന്നുതുടങ്ങിയപ്പോഴേക്കും കാറ്റിനും ശക്തി കൂടാൻ തുടങ്ങി, തണുപ്പും.

രാത്രിയിൽ കഞ്ഞിയും പപ്പടവും പയറുമാണ് ഭക്ഷണം.

ആദിവാസി സെറ്റിൽമെൻറ് കോളനിയിലുള്ളവരാണ് ഭക്ഷണമൊരുക്കുന്നത്.

താഴെ നിന്ന് തലചുമടായാണ് സാധനങ്ങൾ എത്തിക്കുന്നത്.

അത് സാധാരണയുള്ള വഴിക്ക് പകരം ആറര കിലോമീറ്റർ മാത്രം ദൂരമുള്ള അതീവ ദുർഘടമായ മറ്റൊരു വഴിയിലൂടെ.  

പത്ത് കിലോ സാധനം മുകളിലെത്തിക്കാൻ 950 രൂപയാണ് കൂലി.

അങ്ങനെ തലചുമടായി എത്തിച്ച കമ്പിയും ഇരുമ്പ് ഷീറ്റുമെല്ലാം ഉപയോഗിച്ചാണ് അതിരുമല ക്യാമ്പ് നിർമിച്ചത്.

രാവിലെ 7 മണിക്ക് തന്നെ പ്രാതൽ കഴിച്ച് മലകയറണം

ഉച്ചക്ക് 12 മണിവരെ മാത്രമേ മുകളിൽ പ്രവേശനം അനുവദിക്കു.

12 ന് എല്ലാവരേയും മുകളിൽ നിന്ന് താഴേക്കിറക്കും.

മുകളിലെ കാലാവസ്ഥ മോശമായതിനാൽ ഭൂരിഭാഗം പേർക്കും അന്ന് പാതിയിൽ യാത്ര അവസാനിപ്പിക്കേണ്ടി വന്നിരുന്നു.

നാളെ കാലത്തെ കാലാവസ്ഥ എന്താകുമെന്ന ആശങ്ക പരസ്പരം പങ്കിട്ടു.

ചുറ്റിലും കോടമഞ്ഞ് പുതപ്പ് തീർക്കുമ്പോൾ ഇരുമ്പ് ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ സൌഹൃദത്തിൻറെ ചൂട് പങ്കിട്ടു.

ഒമ്പത് മണിക്ക് ക്യാമ്പിലെ വിളക്കണച്ചപ്പോൾ എല്ലാവരും ഡോർമെട്രികളിലേക്ക്.

രാത്രിയിൽ ഇടയ്ക്ക് പടക്കം പൊട്ടുന്ന ശബ്ദം കേൾക്കാം.  

കരടിയെ ഭയപ്പെടുത്തി തുരത്തുന്നതാണ്.  

രാത്രിയിൽ ശക്തമായി വീശിയ കാറ്റിൽ ഡോർമെട്രിയുടെ മേൽക്കൂര പല തവണ വലിയ ശബ്ദമുണ്ടാക്കി ഭയം വിതറി.

നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്ത് കൂടുക്കൂട്ടിയ മേഘങ്ങൾ കാറ്റിനൊപ്പം അപ്പോഴും അതിവേഗത്തിൽ മറഞ്ഞുകൊണ്ടേയിരുന്നു...

......

തീരുന്നില്ല,....

Wednesday 3 January 2024

ഉറവയിലേക്കൊരു ഒഴുക്ക്

ഓഫീസിൽ നിന്ന് ടാക്സി കാറിൽ ഫ്ലാറ്റിലേക്കുള്ള യാത്രയിൽ പതിവുപോലെ അവൾക്കന്ന് ഉറക്കം വന്നില്ല. നഗരത്തിലെ മണിക്കൂറുകൾ നീളുന്ന ട്രാഫിക്ക് ബ്ലോക്കുകൾ അവൾക്ക് വിശ്രമത്തിനുള്ള സമയമാണ്. വീട്ടിലെത്തിയാൽ നിറയെ പണിയുണ്ടാകും. മകനെ പഠിപ്പിക്കലും വീട്ടുപണിയുമെല്ലാം അവളെ തളച്ചിടും. അതിനാൽ തന്നെ മടുപ്പിക്കുന്നതെങ്കിലും നഗരത്തിലെ ട്രാഫിക്ക് ബ്ലോക്കുകളെ അവൾ ഗൂഢമായി ഇഷ്ടപ്പെട്ടിരുന്നു. കറുത്ത പ്രീമിയർ പത്മിനി കാറിലിരുന്ന് അവൾ  പുറത്തേക്ക് അലക്ഷ്യമായി കണ്ണുകൾ പായിച്ചു. വഴിയരികിലെ പാനിപൂരി കടയ്ക്ക് മുമ്പിലെല്ലാം നിറയെ ആളുകൾ.  കാശുള്ളവനും ഇല്ലാത്തവനും ഈ നഗരം ഒരുപോലെ സ്വർഗം. ആധുനികവും പുരാതനവുമായ നിർമിതികളാണ് നഗരം നിറയെ. കെട്ടിടങ്ങളുടെ ചുമരുകളിൽ ചിലത് മങ്ങിയും മറ്റ് ചിലത് വർണ്ണങ്ങളിൽ കുളിച്ചും നിൽക്കുന്നു. ഈ നിറവ്യത്യാസം നഗരവാസികളുടെ  വസ്ത്രധാരണത്തിലും ജീവിതത്തിലും പ്രകടമാണ്.


കാഴ്ച്ചകളും അനുഭവങ്ങളും കൊണ്ട് സമ്പന്നമാണ് എങ്കിലും ഈ നാഗരികത വല്ലാതെ ശ്വാസംമുട്ടിക്കുമ്പോളെല്ലാം  അവൾ ചുമതലകളിൽനിന്ന് ഒരു ഇടവേളയെടുക്കും.  മകനേയും വീടുമെല്ലാം ഭർത്താവിനെ ഏല്പിച്ച്   നാട്ടിലേക്ക്  വണ്ടി കയറും. വീടിനും ജോലിക്കുമെല്ലാം  അവധി നല്‍കി   അവൾ അവളിലേക്ക് സ്വതന്ത്രയായി പരന്നൊഴുകുന്നതും  അപ്പോൾ മാത്രമാണ്.

നാട്ടിലെത്തുമ്പോഴെല്ലാം അവള്‍ നഗരത്തിലെ ആ ബാറിലെ സന്ദർശകയാണ്. മണിക്കൂറുകളോളം അരണ്ടവെളിച്ചത്തിലിരുന്ന് പാട്ടും ആസ്വദിച്ച് മാജിക്ക് മൊമെന്റ്‌സ് സിപ്പ് ചെയ്തിരിക്കും. സ്റ്റാര്‍ ഹോട്ടൽ ആയതിനാല്‍ തന്നെ അധികം തിരക്കും ശല്യവും ഉണ്ടാകാറില്ല. എന്നിരുന്നാലും ബാറിലേക്ക് ഒരു സ്ത്രീ തനിയെ മദ്യപിക്കാന്‍ വരുന്നതിനെ ആശ്ചര്യത്തോടെയും സംശയത്തോടെയും നോക്കുന്നവരാകും മിക്കപ്പോഴും ചുറ്റിലും. ആ നോട്ടങ്ങള്‍ അസഹ്യമാണെങ്കിലും സഹിക്കാതെ വയ്യ.


ബാറിന്റെ വാതില്‍ തള്ളി തുറന്ന് കയറുമ്പോള്‍ ചിരിയുമായി വെയിറ്റര്‍ സ്വാഗതം ചെയ്തു. അടിക്കടി വരുന്നതുകൊണ്ടുതന്നെ വെയിറ്റര്‍മാര്‍ക്കെല്ലാം അവള്‍ പരിചിതയാണ്. തിരക്ക് തീരെയില്ല. അങ്ങിങ് ഒഴിഞ്ഞ ടേബിളുകളും കസേരകളും. ചുറ്റുമൊന്ന് കണ്ണോടിച്ച അവളുടെ കണ്ണുകള്‍ ഒറ്റക്കിരുന്ന് മദ്യപിക്കുന്ന മധ്യവയസ്‌ക്കനിലവസാനിച്ചു. പകുതി നിറഞ്ഞ ഗ്ലാസിലെ ഐസ് ക്യൂബുകള്‍ ബാറിലെ അരണ്ടവെളിച്ചം പ്രതിഫലിക്കുന്നുണ്ട്. അയഞ്ഞ വസ്ത്രം ധരിച്ച അയാളുടെ കാലന്‍ കുട കസേരയുടെ പിന്‍ഭാഗത്ത് ഞാത്തിയിട്ടിരിക്കുന്നു. കണ്ണുകളടച്ച് ഏതോ ലോകത്തെന്നപോലെ ലഹരി ആസ്വദിക്കുകയാണ് അയാള്‍.


'ബുദ്ധിമുട്ടില്ലെങ്കില്‍ ഞാനിവിടെ ഇരുന്നോട്ടെ...'

മെല്ലെ കണ്ണുതുറന്ന് അയാള്‍ അവളെ നോക്കി. ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തന്നോടാണോയെന്ന ഭാവത്തിൽ അയാള്‍ നെറ്റി ചുളിച്ചു

'ബുദ്ധിമുട്ടില്ലെങ്കില്‍....' അവള്‍ വീണ്ടും

'യെസ...വൈ നോട്ട്...'


തൊട്ടടുത്ത കസേരയിലുരുന്ന തന്റെ  ബാഗ് എടുത്ത് മാറ്റി അയാള്‍ സൗകര്യമൊരുക്കി.

പരസ്പരം നോക്കി ഇരുവരും ഒന്നു ചിരിച്ചു. അയാള്‍ പിന്നെയും തന്റെ ഗ്ലാസിലെ പാതി വിസ്‌ക്കിയുടെ ലഹരിയിലേക്ക് മടങ്ങി. വീണ്ടുമൊരു സിപ്പെടുത്ത്  കണ്ണുകളടച്ച് കസേരയില്‍ പിന്നിലേക്ക് ചാഞ്ഞിരുന്നു. വലതുകയ്യിലെ വിരലുകള്‍ക്കിടയില്‍ ഒരു സിഗരറ്റ് പുകഞ്ഞുകൊണ്ടിരിക്കുന്നു. അവള്‍ അയാളെ തന്നെ നോക്കിയിരുന്നു.

ബാറിലെ സംഗീതത്തില്‍ ലയിച്ച് തലയാട്ടിയിരിക്കുകയാണ് അയാള്‍. കസേരകയ്യിലിരുന്ന് വിരലുകള്‍ താളം പിടിക്കുന്നു. പാനപാത്രത്തിലെ വിസ്‌ക്കിയേക്കാള്‍ കാതിലേക്കൊഴുകിയത്തുന്ന സംഗീതത്തിന്റെ ലഹരിയാണ് അയാളെ കൂടുതല്‍ ഉന്‍മത്തനാക്കുന്നതെന്ന് അവള്‍ക്ക് തോന്നി. പ്രായം 60 നോട് അടുത്തെത്തിയിരിക്കണം. അലസമായി മുഖത്തേക്ക് പാറികിടക്കുന്ന നരകയറിയ മുടിയിഴകള്‍. വെള്ളകയറിയ മീശയും താടിയുമെല്ലാം ഭംഗിയായി തന്നെ വെട്ടിയൊതുക്കിയിരിക്കുന്നു. മുഖത്ത് പ്രായത്തിന്റെ അടയാളപ്പെടുത്തലുണ്ടെങ്കിലും സൗന്ദര്യത്തിന് കുറവൊന്നുമില്ല. ഷര്‍ട്ടിന്റെ നീല നിറത്തിനനുസരിച്ച് കരയുള്ള വെളുത്തമുണ്ട്.


'യെസ് മേം...'

പെട്ടെന്ന് വെയിറ്ററുടെ ശബ്ദം കേട്ട് അവള്‍ അയാളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.

ഓർഡര്‍ എടുക്കാന്‍ വന്ന വെയിറ്ററാണ്. പതിവ് പോലെ മാജിക്ക് മൊമെന്റ് ഓർഡര്‍ ചെയ്തു. ഓറഞ്ച് ഫ്ലേവര്‍.

വെയിറ്റര്‍ പോയ ഉടനെ അവള്‍ വീണ്ടും ചുറ്റുമൊന്ന് നോക്കി. ആരെങ്കിലും കണ്ടുകാണുമോ താന്‍ അയാളെ തന്നെ നോക്കിയിരുന്നത് എന്നായി അവളുടെ ചിന്ത.


'എന്താണ് പേര്...' സിഗരറ്റ് പുകയെടുത്ത് വശത്തേക്ക് നീട്ടിയുതി അയാള്‍ ചോദിച്ചു.

'ങേ..ആ...'

പെട്ടെന്നുള്ള ചോദ്യത്തില്‍ അവള്‍ ഒന്നു പകച്ചു.

ചിരിച്ചുകൊണ്ട് അയാള്‍ അവളെ തന്നെ നോക്കിയിരിക്കുന്നു.

മുഖത്ത് ഒരു ചിരിവരുത്തിക്കൊണ്ട് അവള്‍ പേര് പറഞ്ഞു.


'ഇവിടെ ഒറ്റക്ക് സ്ത്രീകള്‍ വന്നുകണ്ടിട്ടില്ല. അതാണ് എല്ലാവരും ഇങ്ങനെ ഇടയ്ക്കിടയ്ക്ക് നോക്കുന്നത്. പരിഭ്രമിക്കേണ്ട. മദ്യപാനികള്‍ എല്ലാവരും മോശമൊന്നുമല്ലാട്ടോ...' അയാള്‍ പൊട്ടിച്ചിരിച്ചു.

'ഇടയ്ക്ക് വരാറുണ്ട്, ഒറ്റക്ക് തന്നെ'

അവള്‍ പുഞ്ചിരിച്ചുകൊണ്ട്  മറുപടി നല്‍കി

'അതുശരി. ഗുഡ്. സമൂഹത്തില്‍ പുരുഷന്‍മാർക്ക് മാത്രമല്ല ഒറ്റക്ക് ബാറില്‍ വരാന്‍ സാധിക്കേണ്ടത്. എല്ലാവര്‍ക്കും സാധിക്കണം. അതും തുല്യതയാണ്.'

അയാൾ തുടരുന്നതിനിടെ വെയിറ്റര്‍ അവള്‍ക്കുള്ള വോഡ്ക്കയുമായെത്തി.

ചിരിച്ചുകൊണ്ട് അവള്‍ അയാള്‍ക്കുനേരെ ഗ്ലാസ് നീട്ടി ചിയേഴ്സ്സ് പറഞ്ഞു.

ഒരു സിപ്പ് എടുത്തശേഷം  അവള്‍ സംസാരമാരംഭിച്ചു.

അയാള്‍ സ്വയം പരിചയപ്പെടുത്തി.

ചെന്നൈയിലാണ് താമസം. അവിടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുന്നു. മാസത്തിലൊരിക്കല്‍ നാട്ടില്‍ സഹോദരിയേയും മക്കളേയും കാണാന്‍ വരും. വരുമ്പോള്‍ ഒരിക്കലെങ്കിലും ഇവിടെ വന്ന് മദ്യപിക്കുന്നത് ഒരു ശീലമാണ്. വീട്ടില്‍ നിന്ന് മാറി, പരിചയക്കാരുടെ ശല്യമില്ലാതെ സ്വസ്ഥമായി ഇരിക്കാമെന്നത് കൊണ്ടാണ് നഗരത്തിലെ ബാറിലേക്ക് വരുന്നത്. ഇന്ന് തിരികെ മടങ്ങുകയാണ്.

വീണ്ടുമയാള്‍ സംഗീതത്തില്‍ ലയിച്ചെന്നപോലെ കസേരിയിലേക്ക് ചാഞ്ഞ് കണ്ണുകളടച്ചിരുന്നു.


ഓരോ തവണയും അസുഖബാധിതയായ സഹോദരിയെ കണ്ട് മടങ്ങുന്നത് അയാള്‍ക്ക് വേദനയാണ്. പ്രായമാകുന്നുവെന്നതിനൊപ്പം സഹോദരിയുടെ ആരോഗ്യനിലയും മോശമായികൊണ്ടിരിക്കുകയാണ്. വിവാഹമോചിതനായ ശേഷം ഒറ്റക്ക് ദൂരെ നാട്ടില്‍ കഴിയുന്ന അയാളെ കുറിച്ചോര്‍ത്ത് സഹോദരിക്കും സങ്കടമാണ്.

'എന്തിനാ ഇനിയും മദിരാശിയില്‍ ഇങ്ങനെ ഒറ്റക്ക് കഴിയുന്നത്...ഇവിടെ വന്ന് നിന്നൂടെ നിനക്ക്...' പതിവ് പരിഭവം പറഞ്ഞാണ് ഇത്തവണയും സഹോദരി  യാത്രയാക്കിയത്.


വിവാഹമോചിതനായതോടെയാണ് അയാള്‍ മദ്രാസിലേക്ക് തീവണ്ടികയറിയത്. എഗ്മോറിലെ ഒറ്റമുറി വാടകവീട്ടില്‍ ഒതുങ്ങിക്കൂടി. ഏകാന്തയില്‍ പുസ്തകങ്ങളും സംഗീതവുമായി തന്നിലേക്ക് മാത്രമായി ഒതുങ്ങി കഴിയുന്നതിനേക്കാള്‍ നല്ല ജീവിതം വേറെയില്ല. തെരുവിലെ ലക്ഷ്മി അക്കായുടെ ഇഡ്ഡലികടയില്‍ നിന്നുള്ള ഇഡ്ഡലിയും ദോശയും സബ് അര്‍ബന്‍ ട്രെയിനിലെ യാത്രയുമെല്ലാം അയാളുടെ ജീവിതത്തെ ഏറെക്കുറെ യാന്ത്രികമായി ചലിപ്പിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ആല്‍ബര്‍ട്ട് തിയ്യേറ്ററില്‍ നിന്നും സിനിമ കാണുന്നത് മാത്രമായി  എൻറ്റര്‍ടെയിന്‍മെന്റ്. 30 വര്‍ഷത്തോളമായി ഈ യാന്ത്രികജീവിതം. എന്തിനായിരുന്നു വിവാഹമോചനം.. അവളിപ്പോള്‍ എവിടെയായിരിക്കും. സുഖമായിരിക്കുന്നുണ്ടാവില്ലേ.. പുനര്‍വിവാഹിതയായ അവളുടെ മറ്റ് മക്കള്‍ക്കൊപ്പം തന്റെ പ്രിയപ്പെട്ട അമ്മാളുവും വളര്‍ന്ന് വലുതായിരിക്കും. അമ്മാളു ഒരുപക്ഷ വിവാഹിതയായിരിക്കുമോ... തൊട്ടരികില്‍ ഓരാള്‍ ഇരിക്കുന്നത് മറന്നെന്നപ്പോലെ അയാള്‍ സ്വയം തന്നിലേക്ക് ചുരുങ്ങി.

അയാളുടെ കണ്ണില്‍ നനവ് പടരുന്നത് ഇരുണ്ട വെളിച്ചത്തിലും അവള്‍ തെളിഞ്ഞു കണ്ടു.

കയ്യിലിരുന്ന സിഗരറ്റ് എരിഞ്ഞുതീര്‍ന്ന് വിരലുകള്‍ പൊള്ളിയപ്പോഴാണ് അയാള്‍ ചിന്തയില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.

അയാള്‍ അവളെ നോക്കി ചിരിച്ചു. ഓര്‍മകളിലേക്ക് പോയതിന് ക്ഷമ ചോദിക്കുന്നതുപോലെ. എന്തിനാണ് താനിപ്പോള്‍ ഇതെല്ലാം ഓര്‍ത്തതെന്ന് അയാള്‍ക്ക് മനസിലായില്ല.

 

മുംബൈയിലെ തിരക്കില്‍ നിന്ന് ഇടയ്ക്കിടെ വീട്ടിലെ കിണറ്റിലെ ശുദ്ധവെള്ളം കുടിക്കാനാണ് അവളെത്താറ് എന്ന് കേട്ടപ്പോള് അയാള്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ശുദ്ധവെള്ളം ഈ ചില്ലുകുപ്പിയിലാണോയെന്ന് കളിയാക്കി ചോദിച്ചെങ്കിലും വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ തണുപ്പും രുചിയുമെല്ലാം അയാളുടെ ഓര്‍മകളേയും കുളിരണിയിക്കുന്നതായിരുന്നു. ഇപ്പോഴും നാട്ടിലെത്തുമ്പോള്‍ തറവാട്ട് മുറ്റത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരി ബക്കറ്റോടെ തലവഴി ഒഴിച്ചുകുളിക്കുമ്പോള്‍ കിട്ടുന്ന സുഖം. അതൊരിക്കലും മറ്റെവിടെനിന്നും അനുഭവിച്ചിട്ടില്ലെന്ന് അയാള്‍ ഓര്‍ത്തു. മദ്രാസിലെ വെള്ളത്തിലെ കുളി ശരീരത്തെ മാത്രമല്ല മനസിനേയും വരണ്ടുണക്കിയതോര്‍ത്താവണം അയാള്‍ കൈകളില്‍ തലോടി.

 

കിണറ്റിലെ വെളളത്തിൻറ്റെ തെളിമയ്ക്കപ്പുറം അടിക്കടിക്കുള്ള നാട്ടിലേക്കുള്ള പറക്കലുകള്‍ക്ക് പിന്നില്‍ ആരോടും അധികം പങ്കുവെച്ചിട്ടില്ലാത്ത കാരണവും അവള്‍ക്കുണ്ട്. എന്നോ മുറിഞ്ഞുപോയ വേരുകള്‍ തേടിയുള്ളതുകൂടിയാണ് പലപ്പോഴും ആ മടക്കയാത്രകള്‍.


വീട്ടുവിശേഷങ്ങളും നാട്ടുവിശേഷങ്ങളുമെല്ലാം കടന്ന് സംസാരം  സംഗീതത്തിലും പുസ്തകങ്ങളിലും സിനിമയിലുമെല്ലാം എത്തിനിന്നു. ഇടയ്ക്ക് ഉച്ചത്തിലായ അവരുടെ ചിരികേട്ട് മറ്റുള്ളവര്‍ അവരെ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നതൊന്നും അവരറിഞ്ഞില്ല. അവളുടെ  മൊബൈൽ ചിലച്ചപ്പോളാണ്  സമയം ഏറെ ആയത് അവർ ശ്രദ്ധിച്ചത്.

അയാള്‍ തിരിഞ്ഞ് വെയിറ്ററിന് നേരെ കൈവീശി.


വാഷ് റൂമില്‍ പോയി വരാമെന്ന് പറഞ്ഞ് അയാള്‍ എണീറ്റപ്പോള്‍ അവള്‍ തിടുക്കത്തില്‍ കയ്യിലിരുന്ന ഡ്രിങ്ക്‌സ് തീര്‍ത്തു. വെയിറ്റര്‍ ഇരുവരുടേയും ബില്ലുമായെത്തി. അവള്‍ പേഴ്‌സില്‍ നിന്ന് പൈസയെടുത്ത് നല്‍കി.

''ചെയ്ഞ്ച് വെച്ചുകൊള്ളു..''

 വെയിറ്ററോട് അവള്‍ പറഞ്ഞു.

വെയിറ്റര്‍ അവളെ നോക്കി നന്ദിയോടെ പുഞ്ചിരിച്ചു.

വെയിറ്റർ  കൗണ്ടറിൽ  ബിൽ  സെറ്റിൽ  ചെയ്തുകൊണ്ടിരിക്കുന്നതിനിടെ  അവൾ ബാഗുമെടുത്ത് എണീറ്റു.

''ഇത് അയാള്‍ വരുമ്പോള്‍ കൊടുക്കണം.''

മടക്കിയ ഒരു പേപ്പര്‍ വെയിറ്ററിന് നേരെ നീട്ടി അവൾ വാതിൽ തുറന്ന് പുറത്തിറങ്ങി.


വാഷ് റൂമില്‍ നിന്ന് മടങ്ങിയെത്തിയ അയാള്‍ക്ക് നേരെ വെയിറ്റര്‍ പേപ്പര്‍ നീട്ടി.

''മാഡം തരാന്‍ ഏല്‍പ്പിച്ചതാണ്''

നെറ്റി ചുളിച്ച് പേപ്പര്‍ വാങ്ങിയ അയാള്‍ അവളെ തിരഞ്ഞു

ബില്‍ അടയ്ക്കാന്‍ പഴ്‌സ് എടുത്ത അയാളോട് ബില്‍ പേ ചെയ്‌തെന്നും പറഞ്ഞ് വെയിറ്റര്‍ മടങ്ങി

അയാള്‍ ബാറിന്റെ വാതില്‍ തുറന്ന് പുറത്ത് വന്ന് നോക്കിയെങ്കിലും അവൾ പോയിക്കഴിഞ്ഞിരുന്നു. തിരികെ ടേബിളിലേക്ക് നടക്കുന്നതിനിടെ അയാള്‍ കയ്യിലെ പേപ്പര്‍ തുറന്നുനോക്കി.

മനോഹരമായ കൈപ്പടയില്‍ നാലുവരി മാത്രം.


'ഏറെ നാളത്തെ ശ്രമത്തിനൊടുവില്‍ ഒടുവില്‍ ഞാന്‍ അച്ചനെ കണ്ടു, സംസാരിച്ചു. ഇനിയും മുറിഞ്ഞുപോയ വേരു തേടി വരില്ല.

എന്ന് അച്ചന്റെ സ്വന്തം അമ്മാളു..'


അയാളുടെ കയ്യിലിരുന്ന് ആ പേപ്പര്‍ വിറച്ചു. കണ്ണീര്‍ ആ പേപ്പറിലെ അക്ഷരങ്ങളെ നനച്ചു.


പുറത്തിറങ്ങിയ അവള്‍ ആദ്യം കണ്ട ഓട്ടോയില്‍ കയറി യാത്രയായി. കണ്ണുകള്‍ ഇറുക്കനെ അടച്ച് സീറ്റില്‍ ചാരിക്കിടന്നു. കടലിനെ കണ്ടെത്തിയ പുഴപോലെ ശാന്തമായിരുന്നു അവളുടെ മനസപ്പോൾ ....

......
(2023 ലെ ഇ- മലയാളി സാഹിത്യ മത്സരത്തിൽ ജൂറി പരാമർശത്തിന് അർഹമായ കഥ )